Posts

Showing posts from 2023

അമ്മിണിക്കുട്ടിയുടെ ലോകം 18 - അമ്മിണിക്കുട്ടിയും മൂന്ന് അമ്മമാരും

Image
അമ്മിണിക്കുട്ടിയുടെ ലോകം 18 - അമ്മിണിക്കുട്ടിയും മൂന്ന് അമ്മമാരും അമ്മിണിക്കുട്ടിയുടെ ലോകത്തിന് ഭംഗിയേകുന്നത് അവൾക്കു ചുറ്റുമുള്ള ആളുകളാണ് എന്നവൾക്ക് അറിയാം. അതിൽ അമ്മയുമച്ഛനും ഏടത്തിമാരും മുത്തശ്ശിയും മറ്റു ബന്ധുക്കളും മാത്രമല്ല. പാറുവമ്മയും ഭാസ്കരൻനായരും ശങ്കുണ്ണ്യാരും മാണിക്കനും ചാത്തൻകുട്ടിയും ഒക്കെയുണ്ട്. പിന്നെ പല കാര്യങ്ങൾ കൂടിയാലോചിക്കുന്നതിനായി അച്ഛനെ കാണാൻ വരുന്നവരും  നാട്ടുകാരും എല്ലാം കൂടി ഓരോ ദിവസവും ചെറിയൊരു ആഘോഷം പോലെയാണ് അമ്മിണിക്കുട്ടിക്ക് തോന്നാറ്. പൂമുഖത്ത് ആരെങ്കിലും വന്നെന്ന് അറിഞ്ഞാൽ ഓടിച്ചെല്ലും. അവിടെയൊക്കെ ചുറ്റിപ്പറ്റി നിൽക്കും. ചിലപ്പോൾ സന്ദർശകർക്കുള്ള ചായ, സംഭാരം, വെള്ളം തുടങ്ങി പലതും പൂമുഖത്തേക്ക് എത്തിക്കാൻ അമ്മയെ  സഹായിക്കും. ഗൌരവമുള്ള കാര്യങ്ങളാണ് ചർച്ച ചെയ്യുന്നതെങ്കിൽ അവിടെ അധികം ചുറ്റിപ്പറ്റി നിൽക്കാറില്ല. അല്ലെങ്കിൽ വരുന്ന ആളുകളുടെ നാട്യവും ഭാവവും ഒക്കെ നോക്കി നിൽക്കും.    എന്നും കാണുന്ന ചിലരൊക്കെ ബന്ധുക്കൾ അല്ലെങ്കിൽ പോലും അമ്മിണിക്കുട്ടിയുടെ ഹൃദയത്തിൽ സ്ഥാനം പിടിച്ചവരാണ്. എല്ലാവർക്കും എപ്പോൾ വേണമെങ്കിലും കടന്നു വരാവുന്ന തറവാട്ടിലാണ് താമസമെന്നതു കൊണ