അലയുന്ന ആത്മാക്കൾആഴവും പരപ്പുമില്ലാതൊഴുകുന്ന, ഒരു ചെറു വേനൽ വന്നാൽ വറ്റിപ്പോകുന്ന പുഴയാണത്രെ ഞാൻ. കാളിന്ദിയോളം ആഴമില്ലാത്ത എന്നിലെങ്ങനെ നീന്തിത്തുടിയ്ക്കാനാണെന്ന ചോദ്യം നിന്റെ മൗനത്തിൽ നിന്നും വായിച്ചെടുത്തു ഞാൻ.

ഒരു തിരയായ് വന്നെന്നെ ആഴക്കടലിലേയ്ക്ക് കൂട്ടിക്കൊണ്ടുപോകാൻ ആശിച്ചാലും കരവിട്ടുവരാനെനിയ്ക്ക് കഴിയില്ല. കരയ്ക്കൊരിക്കലും കടലിന്നാഴം കാണാനാവില്ലെന്നു പറയാതെ പറഞ്ഞപ്പോൾ കടലാഴത്തിന് ആകാശപ്പരപ്പും കാണാനാവില്ലെന്നു ഞാൻ തർക്കിച്ചു.

കൈനീട്ടിയെന്നെ കെട്ടിപ്പിടിയ്ക്കാൻ നോക്കുന്ന കാറ്റിൽ നിന്നും മുഖം തിരിച്ചു നടന്നു ഞാനെൻ പടിവാതിൽ കൊട്ടിയടച്ചു. ഇരമ്പുന്ന കനത്ത  ശബ്ദത്തിൽ കാറ്റെന്തോ പറഞ്ഞെങ്കിലും കേൾക്കുവാൻ ചെവിവട്ടം പിടിച്ചതേയില്ല.

പാട്ടിൻ വരികൾ മൂളിയെൻ ഹൃദയത്തിലൊരു പാൽക്കടൽ തീർക്കാമെന്ന് വ്യാമോഹിക്കണ്ട -ശ്രുതിയുമീണവും മാത്രമല്ല,  എനിക്കിനിയഗ്നിപർവ്വതത്തിൻ പൊട്ടിത്തെറികൾ പോലും കേൾക്കില്ല. 

വള്ളിയായ് വരിഞ്ഞെന്നിൽനിന്നുമകലാതെ കെട്ടിപ്പിടിച്ചു നിൽക്കാമെന്ന് കരുതേണ്ട. പടർന്നു കയറാനോരു  മരമല്ല  ഞാൻ, വെറുമൊരിതൾ മാത്രമാണിന്നല്ലെങ്കിൽ നാളെ പൊഴിഞ്ഞു വീഴുമവനിയിൽ...

ഞാനെന്ന സ്വപ്ന സങ്കല്പവും നീയെന്ന സുന്ദര യാത്രാർത്ഥ്യവും ആകാശക്കീറിനു കീഴെയൊന്നിക്കാൻ നോക്കുന്നതെത്ര വ്യർത്ഥം! അസ്തമയസൂര്യനാഴിയിൽ മുങ്ങവേ മലമേലുദിയ്ക്കും തിങ്കളെയെങ്ങനെ സ്വന്തമാക്കും?

ആകാശത്തിന്നതിരിൽ കാണാം - ദൂരക്കാഴ്ചയുടെ നൊമ്പരമേന്തിയ ചെഞ്ചുവപ്പ് വാനിൽ പടർത്തിയൊന്നു കൈനീട്ടിത്തൊടാം. ചക്രവാളമിരുട്ടുന്ന വേളയിൽ സിന്ദൂരമൊരു തരിയുള്ളിൽ ബാക്കിനിർത്തി ഇരവിലലിയാം - ചിലപ്പോൾ ചന്ദ്രികയായ് പുഞ്ചിരി തൂകാം. അല്ലാത്തപ്പോൾ  വേനൽച്ചൂടായി വെന്തുരുകാം. പിന്നെയൊരു മഴ വന്നു തഴുകുമെന്ന മോഹത്തിലങ്ങനെ....

അപ്പോഴുമെനിക്കറിയാം  മരുപ്പച്ച തേടിയലയും യാത്രികനെപ്പോലെ ആയിരമായിരമാത്മാക്കൾ പരസ്പരം തേടിയലയുന്നുണ്ടാവുമിവിടെ...  

Comments

Popular posts from this blog

സൗഹൃദം

കൊഴിയുന്ന പൂക്കള്‍....

ദേഹാന്തരയാത്രകള്‍ - ഒരു ആസ്വാദനക്കുറിപ്പ്