യമുനോത്രിയിലേക്ക്
യാത്രയുടെ ആദ്യ ഭാഗം ദാ ഇവിടെയുണ്ട്: ഹിമവാന്റെ മടിത്തട്ടിലേയ്ക്ക് ഒരു യാത്ര യാത്രയുടെ വീഡിയോ കാണാൻ ഇവിടെ ക്ലിക്ക് ചെയ്യുക പിറ്റേന്ന് അതികാലത്ത് ഞങ്ങളുണര്‍ന്ന് തയ്യാറായി - പല്ലുതേപ്പും പ്രഭാതകര്‍മ്മങ്ങളും കഴിഞ്ഞ് നാലരയോടെ ബസ്സിനടുത്തെത്തിയപോഴേയ്ക്കും ചായ തയ്യാറായിരുന്നു. വേഗം തന്നെ അത് കുടിച്ച്, സമയം ഒട്ടും പാഴാക്കാതെ ഞങ്ങള്‍ ബസ്സില്‍ കയറി. കെംപ്റ്റി വെള്ളച്ചാട്ടത്തില്‍ നിന്നും ബട്ക്കോട്ടിലേക്ക് ഏതാണ്ട് എണ്‍പത് കിലോമീറ്റര്‍ ദൂരമുണ്ട്. മലയിടുക്കുകള്‍ക്കിടയിലൂടെയുള്ള വീതി കുറഞ്ഞ, വളഞ്ഞു പുളഞ്ഞു പോകുന്ന വഴികളിലൂടെ ഡ്രൈവര്‍ വിദഗ്ദ്ധമായി വണ്ടിയോടിച്ചു. നേരം പുലര്‍ന്നതോടെ ചുറ്റുമുള്ള കാഴ്ചകള്‍ തെളിഞ്ഞു തുടങ്ങി. എങ്ങും മലനിരകള്‍ തന്നെ. ഒരു വശത്ത് അഗാധമായ താഴ്ച്ച, മറുവശത്ത് ഉയര്‍ന്നു നില്‍ക്കുന്ന പാറക്കൂട്ടം. അതിനിടയിലൂടെയാണ് ഈ വീതി കുറഞ്ഞ പൊട്ടിപ്പൊളിഞ്ഞ റോഡ്! വളരെ ദുര്‍ഘടം പിടിച്ച ഈ വഴിയിലൂടെയാണല്ലോ ഇന്നലെ രാത്രി കൂരിരുട്ടത്ത് ഞങ്ങളെ കൊണ്ടു പോകാം എന്ന് ഡ്രൈവര്‍ പറഞ്ഞത് എന്നാലോചിച്ചപ്പോള്‍ തന്നെ ഉള്ളു കിടുങ്ങി. മലയും വഴിയും പുഴയും എന്തായാലും ഏതാണ്ട് ഏഴര-എട്ടു മണിയോ...