ഒരു വഴി തെറ്റിയ (തെറ്റിച്ച?) കഥ
വള്ളുവനാട്ടിലെ ഒരു ഗ്രാമത്തിൽ, പാരമ്പര്യ അനുഷ്ഠാനങ്ങളും ചിട്ടകളും പാലിച്ചു പോന്ന ഒരു കുടുംബത്തിലാണ് എൻ്റെ ജനനം. അതു കൊണ്ട് തന്നെ ചെറുപ്പം മുതലേ പല ആചാരാനുഷ്ഠാനങ്ങളും കണ്ടും ആചരിച്ചും പാലിച്ചും തന്നെയാണ് വളർന്നത്. തറവാടിന്റെ ചുമതല അച്ഛനിൽ നിക്ഷിപ്തമായിരുന്നു എന്നതിനാൽ അതിനോടനുബന്ധിച്ച പല കടമകളും ഞങ്ങളിലേയ്ക്കും സ്വയമേവ വന്നു ചേർന്നു. അതികണിശമായ രീതികൾ ഒന്നും അല്ലെങ്കിലും ഒരു സാമാന്യ വിധത്തിലൊക്കെ കുടുംബത്തിൽ ചെയ്യേണ്ടതായ കാര്യങ്ങൾ എല്ലാ കൊല്ലവും അച്ഛന്റെ നേതൃത്വത്തിൽ നടന്നു വന്നിരുന്നു - ഇന്നും നടന്നു വരുന്നു. എല്ലാ കൊല്ലവും തൈപ്പൂയ്യത്തിന് ഇല്ലത്തു നിന്നും അമ്പലത്തിലേയ്ക്കുള്ള കാവടി എഴുന്നള്ളിപ്പ്, കൊല്ലത്തിലൊരിക്കലെങ്കിലും ഭഗവതിക്ക് കളംപാട്ട്, സർപ്പവലി, കരിങ്കുട്ടിയ്ക്ക് ആട്ട്, മുത്തശ്ശൻ, മുത്തശ്ശി എന്നിവരുടെ ശ്രാദ്ധമൂട്ടൽ, വിദ്യാരംഭം എന്നിങ്ങനെ അനേകം കാര്യങ്ങൾ മുറപോലെ നടന്നു വന്നിരുന്നു. അതു പോലെ തന്നെ ഉള്ള ഒരു ചടങ്ങാണ് നല്ലൂർ അമ്പലത്തിലെ ഗുരുതി. (നല്ലൂർ വളരെ പണ്ടു കാലത്ത് ഞങ്ങളുടെ തറവാടായിരുന്നു, അവിടെനിന്നും ഇപ്പോഴുള്ള ഇല്ലത്തേക്ക് ലയിച്ചതാണ് എന്നൊക്കെ പറഞ്ഞു കേട്ടിട്ടുണ്ട്.)