അമ്മിണിക്കുട്ടിയുടെ ലോകം 19 - അമ്മമ്മയുടെ സന്ദർശനം
അമ്മിണിക്കുട്ടിയുടെ ലോകം 19 - അമ്മമ്മയുടെ സന്ദർശനം ഒരു ദിവസം അമ്മിണിക്കുട്ടി സ്കൂളിൽ നിന്നും വന്നപ്പോൾ അപ്രതീക്ഷിതമായി ഒരാൾ അടുക്കളയിൽ സ്റ്റൂളിലിരുന്ന് അമ്മയോട് സംസാരിക്കുന്നത് കണ്ടു. അമ്മമ്മയെ കണ്ടപ്പോൾ സന്തോഷവും തോന്നി ചെറിയ ദു:ഖവും തോന്നി. അമ്മമ്മ വന്നതിൽ സന്തോഷം തന്നെ - വല്ലപ്പോഴുമേ അമ്മമ്മ ഇങ്ങോട്ട് വരാറുള്ളൂ. മിക്കപ്പോഴും അമ്മയും അച്ഛനും ഏടത്തിമാരും അവളും അമ്മാത്ത് പോയി അമ്മമ്മയെ കാണുകയാണ് പതിവ്. അവൾ സ്കൂളിൽ പോവാൻ തുടങ്ങിയതോടെ അമ്മമ്മയെ കാണുന്നത് കുറഞ്ഞു. മിക്കപ്പോഴും അച്ഛനുമമ്മയും രാവിലെ പോയി അമ്മമ്മയെ കണ്ട് വൈകുന്നേരമാവുമ്പോഴേക്കും തിരിച്ചു വരികയാണ് പതിവ്. എപ്പഴും നമ്മളെന്താ അങ്ങ്ട് പോണത്? അമ്മമ്മ ഇങ്ങ്ട് വരാത്തത് എന്താ-ന്ന് ഒരൂസം അമ്മയോട് ചോദിച്ചപ്പോൾ അമ്മമ്മയ്ക്ക് യാത്ര ചെയ്താൽ കുറെ വയ്യായ്കയാണ് എന്നാണ് അമ്മ പറഞ്ഞത്. ഇപ്പോൾ മുത്തശ്ശിക്ക് അത്ര വയ്യാത്തത് കൊണ്ട് അമ്മ അമ്മാത്ത് പോയിട്ട് കുറച്ചു ദിവസമായി - ആതാവും അമ്മമ്മ ഇങ്ങോട്ട് വന്നത് എന്ന് തോന്നുന്നു. പതിവിന് വിപരീതമായി അമ്മമ്മയെ കണ്ടപ്പോൾ സന്തോഷമായി. പക്ഷേ അമ്മമ്മ നല്ല കർക്കശക്കാ...