കോറോണക്കാല ജീവിതം

കോറോണയും ലോക്ക്ഡൌണും ജീവിതത്തോട് ചെയ്തത് .. 
 
കഴിഞ്ഞ കുറച്ചു ദിവസങ്ങളായി മനസ്സിൽ ഒരു പിടിവലി നടക്കുകയാണ്. എഴുതണോ വേണ്ടയോ എന്ന്. ആദ്യം വിചാരിച്ചു എഴുതാം. പിന്നെ തോന്നി എന്ത് എഴുതാനാണ് - എല്ലാവരും ഒരേ തോണിയിൽ തന്നെ ആയിരുന്നല്ലോ എന്ന്. പക്ഷേ ഇക്കഴിഞ്ഞ ദിവസങ്ങളിൽ ചിലരുമായി നടത്തിയ സംഭാഷണങ്ങളും പൊതുവേയുള്ള മനോവ്യാപാരങ്ങളും എന്നെക്കൊണ്ട് എഴുതിക്കുകയാണ്. ഇത് എത്ര നീണ്ടു പോകുമെന്നോ, വായനക്കാരെ എത്രത്തോളം മുഷിപ്പിക്കുമെന്നോ എനിക്കറിയില്ല. കഴിഞ്ഞു പോയ കാലത്തിനെ ചെറുതായയെങ്കിലും അക്ഷരങ്ങളിൽ അടയാളപ്പെടുത്തി വെക്കണമെന്ന് തോന്നിയത് കൊണ്ട് എഴുതുകയാണ്. 

നിങ്ങൾ എന്നാണ് അവസാനമായി കുടുംബത്തിലെ മറ്റ് അംഗങ്ങളോടൊപ്പം കൊച്ചു വർത്തമാനം പറഞ്ഞിരുന്നത്? ഒരു ബന്ധുവിനെയോ സുഹൃത്തിനെയോ  മുഖത്തോടുമുഖം കണ്ട്  സംസാരിച്ചത്? അവസാനമായി നിങ്ങളുടെ വീട്ടിൽ ഒരതിഥി വരികയോ നിങ്ങൾ ആരുടെയെങ്കിലും വീട്ടിൽ പോയതോ എന്നാണ്? ഒന്നും വേണ്ട, നിങ്ങളുടെ കൂടെത്തന്നെ താമസിക്കുന്നവരല്ലാത്ത ഒരാളോടൊപ്പം അവസാനമായി നിങ്ങൾ ചായ കുടിച്ചത് എന്നാണ്? ഇന്നലെ? മിനിയാന്ന്? അതോ കഴിഞ്ഞയാഴ്ചയോ കഴിഞ്ഞ മാസമോ? ആലോചിച്ചു നോക്കൂ.. 

ഞങ്ങളുടെ ജീവിതത്തിൽ ഇതൊക്കെ അവസാനം നടന്നത് 2020 ഫെബ്രുവരി 16നാണ്. അന്ന് ഒരാവശ്യത്തിന് മാഞ്ചസ്റ്ററിൽ പോയപ്പോൾ എന്റെ ബാല്യകാല സുഹൃത്തായ റിൻസിയുടെ വീട്ടിൽ പോയി അവരെയും കുടുംബത്തെയും കണ്ടതും അവരോടൊപ്പം കുറച്ചു സമയം ചിലവിട്ടതുമാണ് ഓർമ്മയിലെ ഏറ്റവും അവസാനത്തെ 'meaningful social interaction'. 

അതെ, ഒരു കൊല്ലത്തിലധികമായി (കൃത്യമായി പറഞ്ഞാൽ 401 ദിവസം) ഞങ്ങൾ നാലു പേരല്ലാതെ അഞ്ചാമതൊരാളോട് കുറച്ചു നേരം നേരിട്ട്  സംസാരിച്ചിരുന്നിട്ടോ ഒരു കപ്പ് ചായ കുടിച്ചിട്ടോ... കൊറോണ കവർന്നത് സഞ്ചാരസ്വാതന്ത്ര്യം മാത്രമല്ല, ജീവിതത്തിന്റെ എല്ലാ വിധ സന്തോഷങ്ങളും സാമൂഹിക ഇടപ്പാടുകളുമായിരുന്നു. ഫെബ്രുവരിയിലെ ആ ദിവസം കഴിഞ്ഞ് ഇന്നു വരെ ഞങ്ങളുടെ ലോകം വെറും നാലു പേരിലേക്ക് ചുരുങ്ങിപ്പോയിരിക്കുന്നു.    

മാർച്ച് മൂന്നാം വാരത്തിൽ യുകെയിൽ ഔദ്യോഗികമായി ആദ്യത്തെ ലോക്ക്ഡൌൺ പ്രഖ്യാപിക്കുന്നതിനു മുൻപ് തന്നെ ഞങ്ങൾ ഒരു മുൻ കരുതൽ എന്ന പോലെ പുറത്തു പോകലും യാത്രയുമൊക്കെ നിർത്തി വെച്ചിരുന്നു. പിന്നീട് ഔദ്യോഗിക പ്രഖ്യാപനം വന്നപ്പോൾ സത്യത്തിൽ സമാധാനമായിരുന്നു. കാരണം ഞങ്ങൾ രണ്ടാളും പുറത്തിറങ്ങുന്നില്ലായിരുന്നെങ്കിലും കുട്ടികൾ സ്കൂളിൽ പോയിരുന്നു.  അവരുടെ സുരക്ഷയെക്കുറിച്ച് വ്യാകുലപ്പെട്ടിരുന്ന ഞങ്ങൾക്ക് ലോക്ക്ഡൌൺ പ്രഖ്യാപനം ഒരാശ്വാസം തന്നെയായിരുന്നു. 

ലോക്ക്ഡൌണിലെ ആദ്യത്തെ കുറച്ചു ദിവസം ശരിക്കും ആസ്വദിച്ചു എന്ന് പറയാം. കാരണം അപ്പോൾ ലോകത്തിലെ ഒരുവിധം എല്ലായിടത്തും അതേ അവസ്ഥയായിരുന്നു. എല്ലാവരും ഓൺലൈനിലേക്ക് ചേക്കേറിയപ്പോൾ കുറെകാലമായി സംസാരിക്കാത്ത സുഹൃത്തുക്കളും ബന്ധുക്കളും ഒക്കെയായി വീഡിയോക്കോളും മറ്റുമായി ബഹു രസമായിരുന്നു. കസിൻസിന്റെ കൂടെയുള്ള ഫോൺ വിളികളൊക്കെ എല്ലാവരും കൂടി ആഘോഷിച്ചിരുന്ന പണ്ടത്തെ അവധിക്കാലം പോലെ മനോഹരമായി തോന്നി. എല്ലാ ആഴ്ചയും വിളിക്കുന്നു, വിവരങ്ങൾ അന്വേഷിക്കുന്നു, ആശങ്കപ്പെട്ട് അത് ചെയ്യരുത്, ഇത് സൂക്ഷിക്കണം എന്നിങ്ങനെ പരസ്പരം ഓർമ്മപ്പെടുത്തുന്നു, പല പല പലഹാരങ്ങളും പുതിയ പുതിയ ഭക്ഷണങ്ങളും പരീക്ഷിക്കുന്നു, വാട്സാപ്പിൽ സ്റ്റാറ്റസ് ഇടുന്നു - ആകപ്പാടെ ഒരു ഉത്സവപ്രതീതി.. 

എന്നാൽ ലോക്ക്ഡൌൺ ഒന്ന് രണ്ട് മാസമൊക്കെ ആയപ്പോഴേക്കും കാര്യങ്ങൾ മാറിത്തുടങ്ങി. ജോലികളും പഠിത്തവും ഒക്കെ പതുക്കെ ഓൺലൈനിലേക്ക് പറിച്ചു നടപ്പെട്ടു. ഓഫീസിൽ നേരിട്ട് പോയി ചെയ്തില്ലെങ്കിലും പണികൾ നടക്കുമെന്നായപ്പോൾ മിക്കവരും പഴയ പോലെത്തന്നെ ജോലിത്തിരക്കുകളിൽ മുഴുകി. പുതിയ രീതികളുമായി പൊരുത്തപ്പെട്ടത്തോടെ ഫോൺ കോളുകളും കുശലാന്വേഷണങ്ങളും കുറഞ്ഞു. മിക്കയിടത്തും അർദ്ധവിരാമത്തിനു ശേഷം ജീവിതം വീണ്ടും ഒഴുകിത്തുടങ്ങിയിരുന്നു. 

ഇവിടെ കാര്യങ്ങൾ അല്പം വ്യത്യസ്തമായിരുന്നു - പത്ത്, പന്ത്രണ്ട് ക്ലാസ്സുകളിലെ പൊതുപരീക്ഷകൾ ഉണ്ടാവില്ല എന്ന് ആദ്യം തന്നെ പ്രഖ്യാപിച്ച് ഗവൺമെന്റ് വിദ്യാർഥികളുടെയും രക്ഷിതാക്കളുടെയും പിരിമുറുക്കം കുറച്ചുവെങ്കിലും മാർക്കുകൾ നല്കുന്നതുമായി ബന്ധപ്പെട്ട തീരുമാനങ്ങളും അവ്യക്തതയും കൂടുതൽ പിരിമുറുക്കങ്ങളിലേക്ക് നയിച്ചു. 

യുകെയിലെ ഭാരിച്ച യൂണിവേർസിറ്റി പഠന ചിലവുകൾ ഞങ്ങളെപ്പോലെയുള്ള ഇടത്തരം കുടുംബങ്ങൾക്ക് താങ്ങാൻ ബുദ്ധിമുട്ടാണ് എന്നത് കൊണ്ട് യൂറോപ്പിലെ ഏതെങ്കിലും നല്ല യൂണിവേഴ്സിറ്റിയിൽ മകനെ പഠിപ്പിക്കാം എന്ന ഞങ്ങളുടെ പ്ലാൻ അതോടെ ആകെ തകിടം മറഞ്ഞു. യാത്രാവിലക്കുകളും മാർക്ക് നിർണ്ണയത്തിലെ പ്രതിസന്ധികളും ഒക്കെയായപ്പോൾ ഈ അദ്ധ്യായന വർഷം വേറെ ഒരിടത്തും അഡ്മിഷൻ നടക്കില്ല എന്നുറപ്പായി. ഭാഗ്യത്തിന് ഒരു ബാക്ക് അപ്പ് പ്ലാൻ എന്ന പോലെ യുകെയിലെ യൂണിവേഴ്സിറ്റികളിലും അപേക്ഷിച്ചിരുന്നു. ഇവിടെ തന്നെയുള്ള ഒരു യൂണിവേഴ്സിറ്റിയിൽ അയാൾ ആഗ്രഹിച്ച കോഴ്സിന് അഡ്മിഷൻ കിട്ടിയപ്പോൾ അതിന് ചേരുകയാണ് നല്ലത് എന്ന തീരുമാനത്തിലെത്തി. ഒരു കൊല്ലം കാത്തിരുന്ന് കിട്ടുകയോ കിട്ടാതിരിക്കുകയോ ചെയ്യാവുന്ന ഒരു സാദ്ധ്യതയ്ക്ക് വേണ്ടി ഉറപ്പായ ഒരു അവസരം നഷ്ടപ്പെടുത്തുന്നതിൽ അർത്ഥമില്ല എന്നതു കൊണ്ടും പ്രായോഗികമായ വേറെ വികല്പങ്ങൾ ഒന്നും ഇല്ല എന്നത് കൊണ്ടും ആ തീരുമാനത്തിൽ എത്തിച്ചേരുവാൻ നിർബന്ധിതരാവുകയായിരുന്നു.        

ഇതിനിടയിൽ കോറോണയും ലോക്ക്ഡൌണും അപഹരിച്ചത് ഇവിടുത്തെ ഏറ്റവും സുന്ദരമായ കാലമായിരുന്നു. വസന്തവും വേനലുമാണ് പുറത്തിറങ്ങി നടക്കാനും മാനസികോല്ലാസം നേടാനും ഏറ്റവും നല്ല കാലം. അക്കാലത്ത് ഒരു പാട് സ്ഥലങ്ങൾ കാണാനും മറ്റും തയ്യാറെടുത്ത് കാത്തിരിക്കുകയായിരുന്നു.  പക്ഷേ കൊറോണ വന്നതോടെ ശൈത്യത്തിന്റെ കൊടും തണുപ്പും ഇരുണ്ട കാലാവസ്ഥയും മനസ്സിൽ നിറയ്ക്കുന്ന വിഷാദത്തെ അകറ്റി മനസ്സും ശരീരവും ഒരു പോലെ ഉന്മേഷഭരിതമാക്കാനുള്ള ദിവസങ്ങൾ ഒക്കെയും വീടിന്റെ നാലു ചുമരുകൾക്കുള്ളിൽ തന്നെ ഉദിച്ചസ്തമിച്ചു. എന്നാലും കഴിയുന്നത്ര ശുഭാപ്തി വിശ്വാസത്തോടെ ഓരോ ദിവസവും കഴിച്ചു കൂട്ടി. 

താത്ക്കാലികം എന്ന് കരുതിയ ലോക്ക്ഡൌൺ നിയന്ത്രണങ്ങളും മറ്റും അനിശ്ചിത കാലമെന്ന പോലെ നീണ്ടു. അപ്പോഴേക്കും കോവിഡ് കേസുകളുടെ എണ്ണം കൂടിത്തുടങ്ങുകയും ജീവിതം ആകപ്പാടെ മാറിമറിയുകയും ചെയ്തു. യാത്ര, കൂട്ടുകാരെ കാണൽ, വിരുന്നു പോക്ക്/വരവ് - ഒന്നും ഇല്ലാതെയായി. എന്നാൽ ഓണലൈനിൽ കുറെ വെബിനാറുകളും സൂം കോളുകളും അപ്പോഴും മുറയ്ക്ക് നടന്നു കൊണ്ടിരുന്നു. ജീവിതം മിക്കവാറും ഓൺലൈനിലേക്ക് പറിച്ചു നടേണ്ട അവസ്ഥയായി. 

മാസങ്ങൾ കഴിഞ്ഞപ്പോൾ സ്ഥിതിഗതികളിൽ അല്പം ആശ്വാസം വന്നു. ലോക്ക്ഡൌൺ നിയന്ത്രണങ്ങളിൽ ചെറിയ അയവു വന്നു. എങ്കിലും രണ്ടു വ്യത്യസ്ത കുടുംബങ്ങൾ ഒത്തുചേരുന്നതിനും മറ്റും വിലക്കുണ്ടായിരുന്നു. അങ്ങനെ വീട്ടിലിരുന്ന് വീർപ്പു മുട്ടിയ ഞങ്ങൾ ഒരു ദിവസം കിട്ടിയപ്പോൾ ഒരു ചെറിയ മല കയറി - ശ്വാസം കിട്ടാതെ വലയുന്നവന് പ്രാണവായു കിട്ടിയപോലെ ആയിരുന്നു അത്. വീടിന്റെ നാലു ചുമരുകളിൽ നിന്നും പുറത്തിറങ്ങി ഒന്ന് ഊർജ്ജസ്വലരാവാൻ ഒരു അവസരം. 

പക്ഷേ ഉടനെ തന്നെ സ്ഥിതിഗതികൾ വഷളായതിനെത്തുടർന്ന് വീണ്ടും നിയന്ത്രണങ്ങൾ ഏർപ്പെടുത്തിയോടെ പിന്നെയും ജീവിതം വീടിന്റെ അകത്തളങ്ങളിൽ ഒതുങ്ങി. അങ്ങനെ രണ്ടു മാസം കഴിഞ്ഞപ്പോൾ ആഗസ്റ്റ് അവസാനത്തോടെ സ്ഥിതിഗതികൾ മെച്ചപ്പെടുകയും സെപ്റ്റംബറിൽ സ്കൂളും കോളേജും തുറക്കും എന്നും അറിയാൻ കഴിഞ്ഞു. കോളേജ് തുറക്കുമ്പോൾ മകന് ഹോസ്റ്റലിലേക്ക് താമസം മാറേണ്ടി വരും എന്ന് ഏറെക്കുറെ ഉറപ്പായിരുന്നു. എന്നാൽ അതിന് മുൻപ് എല്ലാവരും ഒരുമിച്ച് ഒരു യാത്രയാവാം എന്ന് കരുതി ഞങ്ങൾ സ്കോട്ടലാന്റിലേക്ക് നാലു ദിവസത്തെ ഒരു യാത്ര പ്ലാൻ ചെയ്തു.  

കോവിഡ് മാനദണ്ഡങ്ങൾ പാലിച്ച്, തിരക്കില്ലാത്ത സ്ഥലങ്ങളും ജനസമ്പർക്കമില്ലാത്ത രീതികളുമായി തികച്ചും വ്യത്യസ്തമായ ഒരു യാത്രയായിരുന്നു അത്. ഒരർത്ഥത്തിൽ സ്കോട്ട്ലാൻറിലെ മനോഹരപ്രകൃതിയും ഞങ്ങൾ നാലു പേരും മാത്രമായ ഒരു യാത്ര. സാധാരണ ഇത്തരം യാത്രകളിൽ പതിവുള്ള തദ്ദേശ വാസികളോടുള്ള casual വർത്തമാനങ്ങൾ ഒന്നും ഇല്ലാതിരുന്ന ഒരു യാത്ര.  ഏറെക്കാലമായി ആഗ്രഹിച്ച ഒരു വിസ്കി ടൂറിലും കണ്ടു കൊണ്ടേൻ പാട്ട് ചിത്രീകരിച്ച കോട്ടയിലെ സന്ദർശനത്തിലുമാണ് (രണ്ടു മീറ്റർ സാമൂഹിക അകലം പാലിച്ചുള്ള)  അഞ്ചാമതൊരാളോട് അല്പെമെങ്കിലും സംസാരിച്ചത്. അതും തികച്ചും അത്യാവശ്യത്തിന് മാത്രം... 

വീട്ടിൽ അടച്ചിരുന്ന് മനംമടുത്ത അവസ്ഥയിൽ ഒരു വലിയ ആശ്വാസമായിരുന്നു ആ നാലു ദിവസത്തെ യാത്ര. അതിൽ ഏറെ സമയവും കാറിൽ തന്നെ ആയിരുന്നു ചിലവിട്ടതെങ്കിലും രാപ്പകലുകൾ ലക്ഷ്യമില്ലാതെ തള്ളി നീക്കുകയല്ലാതെ ജീവിതത്തിൽ എന്തൊക്കെയോ ഉണ്ട് എന്ന് ഓർമ്മപ്പെടുത്തിയ നാല് സുവർണ്ണ ദിവസങ്ങളായിരുന്നു അവ.

തിരിച്ച് വീട്ടിലെത്തി, കുട്ടികൾക്ക് പുതിയ അദ്ധ്യയന വർഷം തുടങ്ങി. തികച്ചും വ്യത്യസ്തമായ സാഹചര്യങ്ങൾ. സ്കൂളിലും കോളേജിലും സാമൂഹിക അകലം പാലിക്കൽ, സാനിറ്റെെസർ, മാസ്ക് തുടങ്ങിയവ ജീവിതത്തിന്റെ ഭാഗമായി. ഒരിക്കൽ secondary contact ആണോ എന്ന സംശയത്തിൽ ഇളയമകന് self isolation വേണ്ടി വന്നു. (ഒരാഴ്ചക്കാലം ഒറ്റയ്ക്ക് ഒരു മുറിയിൽ കഴിയുന്നത് ഒട്ടും നല്ല അനുഭവമല്ല എന്നയാൾ.. )

അധികം വൈകാതെ വീണ്ടും ഓരോരോ പ്രാദേശിക നിയന്ത്രണങ്ങൾ വന്നും പോയും ഇരുന്നു. Tier 1, 2, 3 തുടങ്ങിയ വാക്കുകൾ ഒക്കെ സാധാരണ ജീവിതത്തിന്റെ ഭാഗമായി. എന്നാൽ പുതിയ UK variant വന്നതോടെ കോവിഡ് മാനദണ്ഡങ്ങൾ പാലിച്ചു കൊണ്ട് സെപ്റ്റംബറിൽ വീണ്ടും തുറന്നു പ്രവർത്തിക്കാൻ ആരംഭിച്ച മിക്ക കച്ചവട സ്ഥാപനങ്ങളും ഡിസംബർ അവസാനത്തോടെ വീണ്ടും അടയ്ക്കാൻ തീരുമാനമായി. അതിനാൽ തന്നെ ക്രിസ്തുമസ് സമയമാവുമ്പോഴേക്കും എല്ലാം മെച്ചപ്പെടും എന്നു കരുതിയിരുന്ന ഞങ്ങളെ കാത്തിരുന്ന പുതുവത്സരസമ്മാനം രാജ്യമാകെയുള്ള ലോക്ക്ഡൌൺ ആയിരുന്നു. കോറോണക്കാലത്തിന്റെ തുടക്കത്തിൽ ഉണ്ടായ പോലെ കടുത്ത നിയന്ത്രണങ്ങൾ ഉള്ള ലോക്ക്ഡൌൺ. ക്ലാസുകൾ വീണ്ടും ഓൺലൈനിലേക്ക് മാറി. ഇപ്പോൾ ഇതെഴുത്തുമ്പോഴും ഞങ്ങൾ ലോക്ക്ഡൌണിൽ തന്നെയാണ്..  

ഇതിനിടയിൽ ക്രിസ്തുമസ് കാലത്ത് കിട്ടിയ ലോക്ക്ഡൌൺ നിയന്ത്രണണങ്ങളിലെ ഇളവുപയോഗിച്ച് സുരക്ഷിതമായി സന്ദർശിക്കാൻ പറ്റിയ ഒന്നു രണ്ട് സ്ഥലങ്ങളിൽ ഞങ്ങൾ ചെറിയ സന്ദർശനം നടത്തി. കഠിനമായ ശൈത്യത്തിൽ നടത്തിയ ആ ചെറിയ യാത്രകൾ ഒരു തരത്തിൽ അത്ര ആസ്വാദ്യകാരമല്ലായിരുന്നെങ്കിലും പുറത്തിറങ്ങി ശുദ്ധ വായു ശ്വസിക്കാൻ ലഭിച്ച അവസരമായതിനാൽ ഏറെ വിലപ്പെട്ടതായിരുന്നു. അടുത്ത രണ്ടുമൂന്ന് മാസം വീട്ടിൽ കഴിച്ചു കൂടാനുള്ള മാനസികാരോഗ്യം അതിൽ നിന്നും കിട്ടി. 

പുതുവർഷം തുടങ്ങിയതോടെ UKയിൽ vaccination നും തുടങ്ങി. കഴിഞ്ഞ ഏതാനും ആഴ്ചകളായി vaccination തകൃതിയായി നടക്കുന്നുണ്ട് എന്നാണ് വാർത്തയിൽ നിന്നും അറിയാൻ കഴിഞ്ഞത്. പ്രായമായവർക്കും അസുഖമുള്ളവർക്കും ആദ്യ ഗഡു vaaccination ആദ്യം തന്നെ കൊടുത്തത് മരണ സംഖ്യയും രോഗം വന്നാലുള്ള ശാരീരികബുദ്ധിമുട്ടലുകളും ആശുപത്രിയിൽ അഡ്മിറ്റ് ആവേണ്ട  സാഹചര്യവും പൊതുവേയുള്ള infection rate ഉം ഒക്കെ  വളരെയധികം കുറയ്ക്കുകയും ചെയ്തു.          

അതിനാൽ തന്നെ മാർച്ച് രണ്ടാം വാരത്തോടെ സ്കൂളും കോളേജും വീണ്ടും തുറക്കുകയും കുട്ടികൾക്ക് പഴയപോലെ (സാമൂഹിക അകലം പാലിച്ചു കൊണ്ട്) ഓൺലൈൻ അല്ലാതെ നേരിട്ട് ക്ലാസുകൾ തുടങ്ങുകയും ചെയ്തു. സ്കൂളിൽ എല്ലാ ആഴ്ചയും covid testing ഉണ്ട്. സാമൂഹിക അകലം, മാസ്ക്, സാനിറ്റൈസർ തുടങ്ങിയവയൊക്കെ ഇപ്പോൾ നിത്യജീവിതത്തിന്റെ  ഭാഗമായി കൂടെയുണ്ട്.. 

അടുത്ത ആഴ്ചയോടെ ലോക്ക്ഡൌൺ ഭാഗികമായി പിൻവലിക്കും എന്നാണ് പറയുന്നത് - ചില നിയന്ത്രണങ്ങളിൽ ഇളവ് വരും. ആളുകൾക്ക് നിയന്ത്രിതമായി പുറത്തു വെച്ച് കാണാം. എന്നാൽ 6 പേരിൽ കൂടുതൽ ഒത്തു ചേരാനോ മറ്റുള്ള വീടുകളിലേക്കും മറ്റും പോവാൻ അനുവാദമില്ല. എന്നാലും സാമൂഹിക അകലം പാലിച്ച് പുറത്തു വെച്ച് പരസ്പരം കാണാനും  സംസാരിക്കാനും അനുവാദമുണ്ടാവും. 

തണുപ്പൊക്കെ മാറി കാലാവസ്ഥ നന്നായി വരുന്ന ഈ സാഹചര്യത്തിൽ പുറത്തിറങ്ങി നടക്കാൻ പറ്റുന്നത് തന്നെ വലിയൊരു കാര്യമാണ്. അക്കാര്യത്തിൽ സംശയമില്ല. കൂടുതൽ പേർക്ക് vaccine കിട്ടുന്നതനുസരിച്ച് സ്ഥിതിഗതികൾ കൂടുതൽ മെച്ചപ്പെടുമെന്നും ജീവിതം കുറെയൊക്കെ സാധാരണ നിലയിൽ എത്തുമെന്നുമുള്ള ശുഭാപ്തി വിശ്വാസത്തിലാണ് ഇപ്പോൾ. എന്നാൽ ഈ കാലം ഏല്പപിച്ച പരിക്കുകൾ പലതും പുറമേക്ക് കാണാൻ പറ്റുന്നവയല്ല.

ഇവിടെ ശിശിര-ശൈത്യകാലങ്ങളിൽ സാധാരണയായി തോന്നുന്ന വിഷാദ ഭാവം ഇത്തവണ പതിമടങ്ങായിരുന്നു. വീട്ടിൽ തന്നെ ദിനരാത്രങ്ങൾ തള്ളിനീക്കേണ്ട അവസ്ഥ. പതിവിലും കഠിനമായ തണുപ്പും  പുറത്തിറങ്ങാൻ പോലും തോന്നിപ്പിക്കാത്ത മഴയും കാറ്റും നിറഞ്ഞ കാലാവസ്ഥ. സൂര്യനെക്കാണാതെ ദിവസം ആരംഭിക്കുമ്പോൾ തന്നെ വല്ലാത്തൊരു മനം മടപ്പും സങ്കടവും മനസ്സിൽ തോന്നും.  അങ്ങനെ സാധാരണ സമയങ്ങളിൽ തന്നെ മാനസികമായി ഏറെ തളർത്തുന്ന കാലമാണ് നവംബർ തൊട്ട് മാർച്ച് വരെയുള്ള കാലം. അപ്പോൾ കോറോണക്കാലത്തെ അടച്ചിരിപ്പ് എങ്ങനെയാവും മനസ്സിനെ ബാധിച്ചത് എന്ന് ഊഹിക്കാമല്ലോ! 

നമ്മളങ്ങനെ വിഷാദത്തിലിരിക്കുമ്പോൾ നാട്ടിലാണെങ്കിൽ എല്ലാവരും കൊറോണ എന്നൊരു കാര്യമേ ഇല്ല എന്ന മട്ടിലാണ്. അവിടെ ജീവിതം ഏതാണ്ട്  പഴയ പോലെ ആയിരിക്കുന്നു. പിറന്നാൾ, ചോറൂൺ, വിവാഹം, വിനോദയാത്ര എന്നിവ മാത്രമല്ല വെറുതെയുള്ള ഒത്തുചേരലുകളും  പള്ളിപ്പെരുന്നാളും ഉത്സവങ്ങളും ഒക്കെ മുൻപത്തേതിലും നന്നായി ആഘോഷപൂർവ്വം നടക്കുന്നു. (ചുരുക്കം ചിലർ മാത്രം അധികം പുറത്തിറങ്ങാതെയും മറ്റും കഴിയുന്നുണ്ടായിരുന്നു എന്ന് വിസ്മരിക്കുന്നില്ല) എന്നാലും പൂർണ്ണമായും ജീവിതം അകത്തളങ്ങളിൽ കുരുങ്ങിയവരോ ആരുമായും നേരിട്ട് സമ്പർക്കമില്ലാത്തവരോ അവിടെ തുലോം കുറവായിരിക്കും. നാട്ടിൽ ഒരു വിധം എല്ലായിടത്തും ജീവിതം ഒരു മാതിരിയൊക്കെ പഴയ പോലെയായിട്ടുണ്ട് എന്നാണ് മനസ്സിലായത്. 

നമുക്കിവിടെയിരുന്ന് അതൊക്കെ കാണുകയും കേൾക്കുകയും ചെയ്യുമ്പോൾ ദേഷ്യവും സങ്കടവും അസൂയയും ഒക്കെ തോന്നിപ്പോവും. അതു കൊണ്ട് നാട്ടിലേക്ക് വിളിക്കുന്നതും സംസാരിക്കുന്നതും പലപ്പോഴും സന്തോഷത്തേക്കാൾ മനപ്രയാസം തോന്നിപ്പിച്ചു.  

രസകരമായ കാര്യം എന്താണെന്ന് വെച്ചാൽ നാട്ടിലുള്ള പലരുടെയും വിചാരം ഞങ്ങളിവിടെ സുഖമായി സ്ഥലങ്ങളൊക്കെ കണ്ട് കറങ്ങി നടക്കുകയാണ് എന്നാണ്. അതിന് കാരണം ഈ കോറോണക്കാലത്തും ആഴ്ചയിൽ ഒരു വ്ളോഗ് എന്ന നിലയിൽ ഞങ്ങൾ upload ചെയ്യുന്ന വ്ളോഗ് ആണെന്ന് പലരുടെയും പ്രതികരണത്തിൽ നിന്നും മനസ്സിലായി. ആ വ്ളോഗുകൾ കണ്ടിട്ട് ഞങ്ങൾ എല്ലാ ആഴ്ചയും യാത്രയാണ് എന്നാണ് പലരും ധരിച്ചിരിക്കുന്നത്. എന്നാൽ കഴിഞ്ഞ ഒരു കൊല്ലത്തിൽ ഞങ്ങൾ ആകപ്പാടെ പുറത്ത് പോയത് തന്നെ വെറും പത്തോ പതിനഞ്ചോ ദിവസമേ ഉണ്ടാവൂ എന്നതാണ് സത്യം. (ഷോപ്പിങ്ങ് പോലും ഓൺലൈൻ ആയതിനാൽ തികച്ചും അത്യാവശ്യം വന്നപ്പോൾ മാത്രമേ ഞങ്ങൾ വീടിന് പുറത്തിറങ്ങിയിട്ടുള്ളൂ) 

പണ്ട് പോയ സ്ഥലങ്ങളിലെ വീഡിയോ വെച്ചാണ് ഓരോ ആഴ്ചയും വ്ളോഗ് ഇടുന്നത്. കൂടാതെ ഇടയ്ക്ക് ലോക്ക്ഡൌൺ ഇളവുകൾ കിട്ടിയപ്പോൾ ഇവിടെ അടുത്തുള്ള മൂന്നാല് സ്ഥലങ്ങളിൽ പോയപ്പോൾ എടുത്ത വീഡിയോകൾ നീട്ടിയും കുറുക്കിയും അവതരിപ്പിക്കുകയാണ്. സത്യത്തിൽ ഇങ്ങനെ പുറത്തിറങ്ങാതെയും ആളുകളെ നേരിൽ കണ്ട് സംസാരിക്കാതെയും ഒരു കാലം ജീവിതത്തിൽ ഉണ്ടായിട്ടില്ല. 

ഒരർത്ഥത്തിൽ ഈ കൊറോണക്കാലത്ത് ഭ്രാന്ത് പിടിക്കാതെ പിടിച്ചു നിൽക്കാൻ സഹായിച്ചത് ഈ വ്ളോഗ് ആണ് എന്ന് പറയാം. ഒഴിവു സമയങ്ങൾ മുഴുവനും അതിനായി ചിലവഴിച്ചത് കൊണ്ട് വല്ലാതെയൊന്നും  സങ്കടപ്പെട്ടിരിക്കാനോ വിഷാദരോഗിയാവാനോ ഇടവന്നില്ല. വീഡിയോ എഡിറ്റിങ്ങും മറ്റുമായി സമയം കടന്നു കിട്ടിയില്ലെങ്കിൽ എന്താവുമായിരുന്നേനെ അവസ്ഥ എന്നറിയില്ല!  

എന്നാലും ജീവിതം ദുഷ്കരമായിരുന്നു. ആരേയും കാണാതെ, നേരിട്ട് സംസാരിക്കാതെ ജീവിക്കുക ഒട്ടും എളുപ്പമല്ല. ഇവിടെ ഞങ്ങളുടെ സുഹൃദ് വലയം വളരെ പരിമിതമാണ്. അതിലുണ്ടായിരുന്ന പലരും കഴിഞ്ഞ ഒന്നുരണ്ടു കൊല്ലത്തിനിടയിൽ  നാട്ടിലേക്ക് തിരിച്ച് പോയതും വല്ലാത്ത ഒരു ശൂന്യതയാണ് ഞങ്ങളുടെ ജീവിതത്തിൽ നിറച്ചത്. ആൾക്കൂട്ടത്തിൽ തനിയെ ആയ ഒരു ഫീലാണ് ഇപ്പോൾ. ഒരു കണ്ണാടിച്ചില്ലിന് പിറകിലിരുന്നു കൊണ്ട് പുറത്ത് ജീവിതം കടന്ന് പോവുന്നത് കാണുന്ന ഒരു പ്രതീതിയായിരുന്നു ഇക്കൊല്ലമത്രയും. ഇടക്കെങ്കിലും കൂടെ ആരുമില്ലാതെ ഈ ലോകത്ത് ഞങ്ങൾ മാത്രമായിപ്പോയ ഒരു തോന്നലായിരുന്നു...  

വ്യക്തിപരമായി പറഞ്ഞാൽ ഇക്കൊല്ലം അനുഭവിച്ച മാനസിക സംഘർഷം ഒട്ടും ചെറുതല്ല. വിശാലമായ ലോകത്ത് നിന്നും എല്ലാവരുടേയും ജീവിതം വീട്ടിലേക്ക് ചുരുങ്ങിയുപ്പാൾ സ്വതേ തന്നെ വീട്ടകത്ത് ചുരുങ്ങിയിരുന്ന എന്റെ ജീവിതം വീടിന്റെ ഒരു മൂലയിലേക്ക് ഒതുങ്ങി. ചെറിയ ഒരു വീടിന്റെ അകത്ത്, പരിമിതമായ സ്ഥലത്ത് ഓഫീസും സ്കൂളും കോളേജും വന്നപ്പോൾ അതിലുണ്ടായിരുന്ന എന്റെ ചെറിയ ലോകം തികച്ചും ചുരുങ്ങിയില്ലാതെയായി... എഴുത്തും വരയും ഓഫീസും എഡിറ്റിങ്ങും ഒക്കെ ഒരു സോഫയുടെ മൂലയിൽ ഒതുങ്ങി. നേരം പുലർന്നാൽ രാത്രി ഇരുട്ടുന്നതു വരെ ആ ഠ വട്ടത്തിൽ എന്റെ ദിവസങ്ങൾ പൊഴിഞ്ഞു വീണു.  
 
ഏകാന്തത ഇഷ്ടപ്പെടുന്ന എനിക്ക് ഒരല്പ നേരം തനിച്ചിരിക്കണമെങ്കിൽ മറ്റുള്ളവർ ഉറങ്ങുന്നത് വരെ കാത്തിരിക്കണം എന്ന അവസ്ഥയാണ് - 24 മണിക്കൂറും ഒരേ ആൾക്കാരെ മാത്രം കാണുന്നത് (അവർ ജീവന്റെ ജീവനാണെങ്കിൽ കൂടിയും) ആരുടെയും മാനസികാരോഗ്യത്തിന് അത്ര നല്ലതല്ല എന്നും ഇക്കാലം കാണിച്ചു തന്നു. എന്നാൽ ഒരല്പം ക്ഷമയും  സ്നേഹവും സഹാനുഭൂതിയും ഉണ്ടെങ്കിൽ ഏറ്റവും വിഷമകരമായ സാഹചര്യങ്ങളും കുറെയൊക്കെ വിജയകരമായി തരണം ചെയ്യാം എന്നും ഇക്കാലത്ത് പഠിച്ചു. 

ഇക്കാലത്ത് നേരിട്ട ഏറ്റവും വലിയ വേറൊരു പ്രശ്നം എന്തു ചെയ്യാനും ഒരു താത്പര്യമില്ലായ്മയാണ്. എഴുത്തും വരയും കുറെയൊക്കെ മുടങ്ങാതെ നടന്നുവെങ്കിലും ഒരോ വരി എഴുതാനും ഓരോ ചിത്രം വരയ്ക്കാനും എടുത്ത അദ്ധ്വാനം ഏറെയാണ്. ഇടയ്ക്ക് വെച്ച് എന്ത് എഴുതിയാലും വരച്ചാലും ഒരു സംതൃപ്തിയും തോന്നാതെയായി. മറ്റുള്ളവരുടെ നല്ല രചനകളും ചിത്രങ്ങളും കാണുന്നത് സന്തോഷത്തിന് പകരം സങ്കടം തോന്നിപ്പിക്കുന്ന വിചിത്രമായ അവസ്ഥയും ഉണ്ടായി. എന്നിരുന്നാലും എഴുത്തും വരയും ഇല്ലായിരുന്നെങ്കിൽ ഒരു പക്ഷേ വല്ലാത്തൊരു നൈരാശ്യത്തിൽ വീണു പോയേനെ. എന്നിട്ടും കുറെ ദിവസങ്ങൾ കാര്യമായി ഒന്നും ചെയ്യാതെ യാന്ത്രികമായി നെറ്റ്ഫ്ലിക്സിൽ സിനിമയും സീരീസും കണ്ടിരുന്നു. വല്ലാതെ മടുപ്പ് തോന്നുമ്പോൾ സോഫയിൽ ചുരുണ്ടു കൂടി കിടന്നുറങ്ങിയും ദിവസങ്ങൾ തള്ളി നീക്കി. 

ഇതിനിടയിൽ ഏറെ പ്രിയമുള്ളവരും അടുപ്പമുള്ളവരും എന്ന് കരുതിയിരുന്ന ചിലരുടെ മൌനവും നിസ്സംഗതയും മനസ്സിനെ വല്ലാതെ നൊമ്പരപ്പെടുത്തി. ഒരിക്കൽ പോലും സുഖമാണോ എന്ന് ചോദിക്കാതെ, വിവരങ്ങൾ അന്വേഷിക്കാതെ അവർ ജീവിതത്തിൽ നിന്നും അകന്നു പോയി (ഒരുപക്ഷേ നമ്മളുമായി പങ്കുവെയ്ക്കാൻ ആഗ്രഹിക്കാത്ത ജീവിത പ്രശ്നങ്ങൾ അവരെ അലട്ടുന്നത് കൊണ്ടായിരിക്കാം എന്ന് ചിന്തിക്കാനാണ് ഇപ്പോൾ തോന്നുന്നത്). മറ്റു ചിലരാകട്ടെ നാം അയച്ച മെസ്സെജുകളും കോളുകളും അവഗണിച്ചു. ചിലർ വിവരങ്ങൾ അന്വേഷിച്ചപ്പോഴും അവിടെയും ഇവിടെയും തൊടാതെ കാര്യങ്ങൾ പറഞ്ഞ് ഔപചാരികതയുടെ കുപ്പായം എടുത്തണിഞ്ഞു. എല്ലാവരും അവരവരുടെ ലോകത്തേയ്ക്ക് ചുരുങ്ങുകയാവാം എന്ന് ആശ്വസിക്കാൻ ശ്രമിച്ചു. 

എന്നാൽ വിരലിലെണ്ണാവുന്ന ചിലർ ഇക്കാലത്തും തുടർച്ചയായി സുഖ വിവരങ്ങൾ അന്വേഷിക്കുകയും അവരുടെ വർത്തമാനങ്ങളും വിഷമങ്ങളും  പങ്കുവെക്കുകയും ചെയ്തു. കഴിയാവുന്ന പോലെയൊക്കെ അവർക്ക് ധൈര്യം പകരുമ്പോൾ ഒരു കണക്കിന് ഞാനും എന്നെ തന്നെ ശക്തയാക്കുകയായിരുന്നു എന്ന് ഇപ്പോൾ തോന്നുന്നു. ഓരോരുത്തർക്കും ഓരോ പ്രശ്നങ്ങളാണ് - ചിലപ്പോഴെങ്കിലും മറ്റുള്ളവരുടെ പ്രശ്നങ്ങൾ മനസ്സിലാക്കുന്നത് നമുക്ക് നമ്മുടെ പ്രശ്നങ്ങളെ കുറച്ചു കൂടി യാഥാർത്ഥ്യബോധത്തോടെ ഉൾക്കൊള്ളാനുള്ള തിരിച്ചറിവ് നല്കും. അതല്ലെങ്കിൽ അവർ ആ പ്രശ്നങ്ങളെ അതിജീവിച്ചില്ലേ, നമുക്കും നമ്മുടെ പ്രശ്നങ്ങൾ അതിജീവിക്കാൻ പറ്റും എന്ന് ഒരു ആത്മവിശ്വാസവും പകർന്നു നല്കും.    

ഒരു തരത്തിൽ പറഞ്ഞാൽ നമ്മുടെ സുഖദു:ഖങ്ങൾ ആപേക്ഷികമാണല്ലോ. അത് മറ്റൊരാളുടേതുമായി താരതമ്യം ചെയ്യുമ്പോഴാണ് കൂടുതൽ സുഖമോ ദു:ഖമോ ആയി ഭവിക്കുന്നത്. അത്തരമൊരു താരതമ്യം ഇല്ലെങ്കിൽ ഒരു പക്ഷേ അവയൊന്നും നമ്മെ വലുതായി ബാധിക്കുകയും ഇല്ല. പക്ഷേ ഇക്കരെ നിൽക്കുമ്പോൾ അക്കരെ പച്ച എന്ന നമ്മുടെ തോന്നലിനെ നിയന്ത്രിക്കാനും വലിയ പാടാണ്. പ്രത്യേകിച്ചും അക്കരെയുള്ള പച്ച അതിമോഹനവും ഇക്കരെ തികച്ചും വരണ്ടുണങ്ങിയതുമാവുമ്പോൾ. (കോറോണക്കാലത്ത് ജീവനും ആരോഗ്യവും വീടും ജോലിയും വരുമാനവും ഒക്കെ നഷ്ടപ്പെട്ടവരുമായി തട്ടിച്ചു നോക്കുമ്പോൾ ഇതൊന്നും ഒന്നുമല്ല എന്ന സത്യം വിസ്മരിക്കുന്നില്ല) 

ഇക്കാലയളവിൽ കുറച്ചു പുതിയ കൂട്ടും കിട്ടി കേട്ടോ - വ്ളോഗ് എന്ന പൊതു താത്പര്യമാണ് ഞങ്ങളെ ഒന്നിച്ചു കൂട്ടിയത്. അവിടെ പരിചയപ്പെട്ട ചിലരുടെ 
നിസ്വാർഥമായ പിന്തുണയും അവർ പൊതുവെ നൽകിപ്പോരുന്ന സ്നേഹവും വിമർശിക്കുമ്പോൾ പോലും ഉപയോഗിക്കുന്ന വാക്കുകളിലെ കരുതലും ശരിക്കും ഹൃദയസ്പർശിയാണ്. കാര്യങ്ങൾ അറുത്തുമുറിച്ച് പറയുന്ന എന്റെ സ്വഭാവത്തെ പുനർചിന്തനം ചെയ്യാൻ അവർ ഒരു നിമിത്തമായി.  

അങ്ങനെ കുറെ നല്ലതും കുറെ അത്ര നല്ലതല്ലാത്തതുമായ അനുഭവങ്ങളും മറ്റുമായി ഈ കാലം സ്വയം അടയാളപ്പെടുത്തുകയാണ്. ഇതെത്ര കാലം തുടരും എന്ന് അറിയില്ല. ഒരു പക്ഷേ പെട്ടന്നൊന്നും പഴയ ആ രീതികളിലേക്ക് ഒരു തിരിച്ചു പോക്കുണ്ടാവില്ല എന്ന് തന്നെയാണ് തോന്നുന്നത്. ഇത്തിരിയെങ്കിലും പ്രതീക്ഷ വാക്സിനിലാണ്. ഇതുവരെ ഇവിടെ നിന്നുമുള്ള റിപ്പോർട്ടുകൾ ഏറെ ആശ്വാസകരമാണ്. കുറഞ്ഞ പക്ഷം ഒന്ന് സമാധാനത്തോടെ പുറത്തിറങ്ങി നടക്കാൻ അതുകൊണ്ടാവുമല്ലോ. നാട്ടിൽ വീട്ടുകാരും കൂടുകാരുമായി ചായ കുടിച്ചും വർത്തമാനം പറഞ്ഞും പൂരവും ഉത്സവവും ഒക്കെ ആഘോഷിച്ച് നടക്കുന്ന, ബന്ധുജനങ്ങളെ കാണാനും വിരുന്നു പോകാനും അവരൊന്നിച്ച് വിനോദയാത്ര പോവാനും രണ്ടാമതൊന്ന് ആലോചിക്കേണ്ടാത്തവർക്ക് ഒരു പക്ഷേ ഇതൊക്കെ നിസ്സാരമായി തോന്നാം. 

എന്നാൽ അന്യനാട്ടിൽ ജനസമ്പർക്കമില്ലാതെ, ഇനി എന്ന് നാട്ടിൽ വന്ന് പ്രിയപ്പെട്ടവരെ കാണാനാവും എന്ന് ഉറപ്പില്ലാതെ കഴിയേണ്ടി വരുന്ന ഓരോ പ്രവാസിക്കും ഇത്തരത്തിൽ ഓരോ ദിവസവും തള്ളി നീക്കുന്നത് ഒരു വലിയ  പോരാട്ടത്തിൽ കുറഞ്ഞ ഒന്നല്ല. പറഞ്ഞറിയിക്കാനാവാത്ത വല്ലാത്തൊരവസ്ഥയാണ് അത്. 

വീട്ടുകാരേയും കൂടുകാരെയും നേരിട്ട് കാണാനും സംസാരിയ്ക്കാനും പറ്റുന്നുണ്ടെങ്കിൽ, കുറച്ചു മണിക്കൂറുകൾക്കുള്ളിൽ അവരുടെയടുത്തേയ്ക്ക് നിങ്ങൾക്ക് എത്താൻ പറ്റുമെന്നുണ്ടെങ്കിൽ, സഹപ്രവർത്തകരോടാണെങ്കിലും നേരിൽ കണ്ട് വർത്തമാനം പറയാനും മറ്റും പറ്റുന്നുണ്ടെങ്കിൽ ഇപ്പോൾ നിങ്ങൾ ലോകത്തിലെ ഏറ്റവും ഭാഗ്യം ചെയ്തവരിൽപ്പെട്ടവരാണ് എന്നറിയുക. കാരണം അതിനൊന്നും സാധിക്കാതെ ഒരു വലിയ ലോകത്ത് വീടിന്റെ ചുമരുകൾക്കുള്ളിൽ കഴിയാൻ നിർബന്ധിക്കപ്പെട്ട ഞങ്ങളെപ്പോലെ ചിലരുണ്ട്. ബന്ധുരക്കാഞ്ചനക്കൂട്ടിലാണെങ്കിലും ബന്ധനം ബന്ധനം തന്നെപ്പാരിൽ എന്ന് അനുഭവിച്ചറിയുന്ന ചിലർ..      

Comments

Popular posts from this blog

സൗഹൃദം

കൊഴിയുന്ന പൂക്കള്‍....

സ്നേഹം