എന്റെ പ്രിയ നർത്തകിമാർ
ഇന്ന് ഇൻറർനാഷനൽ ഡാൻസ് ഡേ ആണത്രെ! ഞാനൊരിക്കലും ഒരു ഡാൻസർ ആയിരുന്നില്ല. ഒരു നൃത്തച്ചുവട് പോലും തെറ്റാതെ വെക്കാൻ അറിയാത്ത ഞാൻ ഈ ഡാൻസ് ഡേയിൽ എന്നേക്കുറിച്ചല്ല പറയുന്നത്. ഡാൻസ് ഇഷ്ടമായിരുന്നെങ്കിലും സാഹചര്യങ്ങളുടെ അഭാവം മൂലം പഠിക്കാൻ പറ്റാതിരുന്ന രണ്ടു പേരെ പറ്റിയാണ്. ഏറ്റവും പ്രിയപ്പെട്ട രണ്ടു പേർ - ജീവിതത്തിൽ ഒരുപാടൊരുപാട് പ്രതികൂല സാഹചര്യങ്ങളെ നേരിട്ട് - ഇപ്പോഴും നേരിട്ടു കൊണ്ട് - തങ്ങളെക്കൊണ്ട് കഴിയുന്ന വിധം മറ്റുള്ളവരിൽ പുഞ്ചിരി പകരുന്ന രണ്ടു പേർ - അവരുടെ അനിയത്തി എന്ന ലേബലാണ് എന്നെ ഞാനാക്കുന്ന ഒരു വലിയ ഘടകം എന്ന് സ്കൂള് കാലം മുതലേ എനിക്ക് ബോധ്യമുണ്ട്. ഓർമ്മകൾ പിറകോട്ട് പായുമ്പോള് സ്കൂളില് പാട്ടും ഡാൻസും ഒക്കെയായി സജീവമായിരുന്ന ഏടത്തിയെയാണ് കാണാനാവുക. സ്കൂൾ യുവജനോത്സവത്തിലും മറ്റും ഗ്രൂപ്പ് ഡാൻസ്, തിരുവാതിരക്കളി തുടങ്ങിയ നൃത്ത പരിപാടികളിൽ സ്ഥിരം സാന്നിദ്ധ്യമായിരുന്നു ഏടത്തി. ഇല്ലത്തെ ഞങ്ങളുടെ ഒഴിവു വേളകൾ പാട്ടുകൾ കൊണ്ട് മാധുര്യം പകർന്നിരുന്ന ഏടത്തിയ്ക്ക് പാട്ട് പഠിക്കാനുള്ള സാഹചര്യം ഒത്തു വന്നില്ല. ഞങ്ങളുടെ ചുറ്റുപാടുകളെക്കുറിച്ച് നന്നായി അറിയുന്ന ഏടത്തി പാട്ടു പഠിക്കണ...