അമ്മിണിക്കുട്ടിയുടെ ലോകം - #2 അടുക്കളയുടെ ചുറ്റുമുള്ള ലോകം
ഭാഗം ഒന്ന് വായിക്കാൻ ഇവിടെ ക്ലിക്ക് ചെയ്യുക
#2 അടുക്കളയുടെ ചുറ്റുമുള്ള ലോകം
അടുക്കളയിലെത്തിയതും അച്ഛന്റെ കയ്യിൽ നിന്നും ഊർന്നിറങ്ങി. അമ്മ അപ്പോഴേയ്ക്കും അവളുടെ കുഞ്ഞിക്കിണ്ണത്തിൽ ദോശ ചെറിയ കഷ്ണങ്ങളായി പൊട്ടിച്ചു വെച്ചിട്ടുണ്ടായിരുന്നു. കിണ്ണത്തിന്റെ ഒരു മൂലയിൽ അല്പം നെയ്യും പഞ്ചസാരയുമുണ്ട് - അതിൽ ഓരോ ദോശപ്പൊട്ടും ഒപ്പിയൊപ്പി കഴിക്കാം. നല്ല സ്വാദാണതിന്!
കിണ്ണത്തിനു മുന്നിൽ ഇരിക്കാൻ തുടങ്ങിയപ്പോഴേയ്ക്കും, 'കൈ കഴുകിയിട്ട് കഴിക്കൂ' എന്ന് അമ്മയുടെ നിർദ്ദേശം വന്നു. അത് കേട്ടയുടനെ കൊട്ടത്തളത്തിനരുകിൽ ഓടിയെത്തി. അടുപ്പിനടുത്ത് നിന്ന് ദോശയുണ്ടാക്കിക്കൊണ്ടിരുന്ന അമ്മ അപ്പോഴേയ്ക്കും വെള്ളം നിറച്ചു വെച്ച ചെമ്പിൽ നിന്നും ഒരു കിണ്ടിയിൽ വെള്ളമെടുത്ത് അവളുടെ കുഞ്ഞിക്കയ്യിൽ ഒഴിച്ചു കൊടുത്തു. കൈ കഴുകിയതും ഒറ്റയോട്ടത്തിന് തിരിച്ചു കിണ്ണത്തിന്റെ മുന്നിലെത്തി.
മേലടുക്കളയിൽ നിന്നും അടുക്കളയിലേക്ക് കടക്കുന്ന വാതിലിന്റെ അരികിൽ ഒരു കൂടുണ്ട് - ചെറിയ വാതിൽപ്പാളികളുള്ള ഒരു കൊച്ചു മുറിയാണ് അതെന്നാണ് അമ്മിണിക്കുട്ടിക്ക് തോന്നാറുള്ളത്. അതിലാണ് അമ്മ പല സാമാനങ്ങളും പലതരം ഡപ്പികളിലാക്കി സൂക്ഷിക്കുന്നത്. ചായപ്പൊടി, കാപ്പിപ്പൊടി തുടങ്ങിയവയൊക്കെ സൂക്ഷിക്കുന്ന ഡപ്പികൾ അമ്മിണിക്കുട്ടിക്ക് കണ്ടാലറിയാം. പച്ച, നീല, ചുവപ്പ് എന്നീ നിറങ്ങളിലുള്ള പ്ലാസ്റ്റിക്ക് ഡപ്പികൾക്ക് കറുത്ത നിറത്തിലുള്ള അടപ്പാണ്. ആ അടപ്പുകളിൽ ഒക്കെ നല്ല ഭംഗിയുള്ള പൂക്കളുണ്ട് - അത് ഒറ്റനോട്ടത്തിൽ കാണാൻ പറ്റില്ല. ഈയടുത്തൊരു ദിവസം അമ്മ കാണാതെ കൂടു തുറന്നു നോക്കിയപ്പോഴാണ് അമ്മിണിക്കുട്ടി അടപ്പിലെ ആ പൂക്കൾ കണ്ടത്. അന്നവൾ വെറുതെ ആ പൂക്കൾക്കു മീതെ വിരലുകൾ ഓടിച്ചു നോക്കിയിരുന്നു - നോക്കിയാൽ കാണാത്ത പൂക്കളെ തൊട്ടറിയാൻ...
കൂടിന്റെ മുന്നിലായി കഷ്ടിച്ച് അവൾക്കിരിക്കാനുള്ള സ്ഥലമുണ്ട്. അവിടെയിരുന്ന് കഴിച്ചാൽ അമ്മയുടെ കണ്ണെത്തും. അമ്മിണിക്കുട്ടി ആർത്തിയോടെ നെയ്യും പഞ്ചസാരയും കൂട്ടി ദോശ കഴിക്കാൻ തുടങ്ങി. ഓരോ കഷ്ണവും ശ്രദ്ധിച്ചേ ഒപ്പാവൂ... അധികം എടുത്ത് കഴിച്ചാൽ രണ്ടാമതും കിട്ടില്ല. ചുരുക്കം ചിലപ്പോൾ നെയ്യും പഞ്ചസാരയും തികയാതെ വന്നാൽ ഒരല്പം പഞ്ചസാര മാത്രം വീണ്ടും കിട്ടും. ഉറപ്പില്ല. അതു കൊണ്ട് ഓരോ കഷ്ണം ദോശയിലും നെയ്യും പഞ്ചസാരയും കുറച്ചു കുറച്ചേ ഒപ്പാവൂ. ആർത്തിപിടിച്ചു കുറെയധികം ഒപ്പിത്തിന്നാൽ അവസാനം ദോശ മാത്രമായി കഴിക്കേണ്ടി വരും. അങ്ങനെ കഴിക്കാൻ ഒരു സ്വാദുമില്ല.
അച്ഛൻ അപ്പുറത്തിരുന്ന് ചട്ടിണി കൂട്ടി ദോശ കഴിക്കുന്നുണ്ട് - മിക്കവാറും അപ്പോഴാണ് അമ്മയുമായി പല കാര്യങ്ങളും ചർച്ച ചെയ്യുക - ഉച്ചയ്ക്ക് എത്ര ചോറ് വെക്കണം, പണിക്കാർ എത്ര പേര് ഉണ്ണാൻ ഉണ്ടാവും, എന്താണ് കൂട്ടാൻ വെക്കേണ്ടത് എന്നൊക്കെയാവുംഒരു വിധം എല്ലാ ദിവസവും അവർ പറയുന്നത്. അമ്മിണിക്കുട്ടിക്ക് അതിലൊന്നും അത്ര രസം തോന്നാറില്ല. ദോശ കഴിച്ചു കഴിഞ്ഞിട്ട് എന്ത് ചെയ്യും എന്ന ആലോചനയിലായിരിക്കും അവൾ...
ഭക്ഷണം കഴിച്ചു കഴിഞ്ഞാൽ കിണ്ണം വടക്കേ കെട്ടിലെ മുറ്റത്തിനടുത്ത് വെള്ളമൊഴിച്ച് വെക്കണം.പലപ്പോഴും കൈ കഴുകലും അവിടെ തന്നെയാവും. മിക്കവാറും പാറു അമ്മയോ മകളോ അവിടെയുണ്ടാകും. അവരാരെങ്കിലും അവൾക്ക് കൈ കഴുകി, കുലുക്കുഴിയാൻ വെള്ളം വായിലൊഴിച്ചു കൊടുക്കുക. മിക്കപ്പോഴും 'ഗുളു' 'ഗുളു' എന്നൊച്ചയുണ്ടാക്കി 'പ്ഫൂ'ന്നൊരു തുപ്പാണ് മുറ്റത്തേയ്ക്ക് - എത്ര ശക്തിയിൽ തുപ്പാൻ നോക്കിയാലും തിണ്ണയിൽ നിന്നും അധികം ദൂരേയ്ക്ക് തുപ്പാൻ അവൾക്ക് പറ്റാറില്ല.
അപ്പോഴേയ്ക്കും അമ്മ പാറുവമ്മയ്ക്കും മകൾക്കുമൊക്കെയുള്ള ദോശയും ചട്ട്ണിയും ചായയുമൊക്കെ തയ്യാറാക്കി വടക്കേപ്പുറത്തെ ഉമ്മറപ്പടിയിൽ വെച്ചിരിക്കും. തൊടിയിൽ പണിക്കാരുണ്ടെങ്കിൽ അവർക്കുള്ളതും അതിലുണ്ടാവും. അവർ അതൊക്കെയെടുത്ത് കഴിയ്ക്കാൻ വട്ടം കൂട്ടുന്ന നേരത്ത് അമ്മിണിക്കുട്ടി അവിടെയൊക്കെ ചുറ്റിപ്പറ്റി നിൽക്കും.
ഭക്ഷണം കഴിക്കുന്നതിനിടയിൽ അവർ പറയുന്ന നാട്ടുവർത്തമാനങ്ങൾ ഒന്നും മനസ്സിലാവില്ലെങ്കിലും അതങ്ങനെ കേട്ടു നിൽക്കാൻ അവൾക്കിഷ്ടമാണ്. മറ്റുള്ളവർ കഴിക്കുന്നത് നോക്കി നിൽക്കരുത് എന്ന് അമ്മ അടുക്കളയിൽ നിന്നും വിളിച്ചു പറയുന്നതു വരെ അവൾ അവിടെയൊക്കെ പരുങ്ങി നിൽക്കും. ചിലപ്പോൾ അവർ ദോശയുടെ കിണ്ണം തിണ്ണയിൽ വെച്ച് അങ്ങോട്ടോ ഇങ്ങോട്ടോ നീങ്ങുന്നതും നോക്കി അണ്ണാറക്കണ്ണൻ ഓട്ടുമ്പുറത്ത് കാത്തു നിൽപ്പുണ്ടാവും. പതുങ്ങിപ്പതുങ്ങി അത് വരുമ്പോഴേയ്ക്കും 'അന്നക്കൊട്ടൻ' എന്നലറി അവളതിനെ ഓടിയ്ക്കും... തരം കിട്ടിയാൽ ദോശ കട്ടുകൊണ്ട് ഓടാൻ നല്ല മിടുക്കാണ് അവറ്റയ്ക്ക് എന്നവൾക്കറിയാം.
അമ്മിണിക്കുട്ടിയുടെ ഒച്ചയിടൽ കേട്ട് 'ചിൽ ചിൽ' എന്നൊച്ചയുണ്ടാക്കി അണ്ണാറക്കണ്ണൻ ഒറ്റച്ചാട്ടത്തിന് വീണ്ടും ഓടിന്റെ പുറത്തു കയറിയിരിപ്പാവും. അപ്പോഴേയ്ക്കും പാറുവമ്മയും മറ്റും ഓടിയെത്തും. ഇനി അവിടെ ചുറ്റിപ്പറ്റി നിന്നിട്ട് കാര്യമില്ലെന്ന് മനസ്സിലാക്കി അണ്ണാൻ തൊടിയിലെ ഓമമരത്തിലേക്ക് ചാടി മറയും. മുറ്റത്ത് പുഴുക്കളെ ചിക്കിചികയുന്ന പൂത്താങ്കീരികൾ അപ്പോൾ കലപില കൂടി കാപ്പിച്ചെടിയുടെ കൊമ്പിലേയ്ക്ക് പറന്നുപോകും.
ഇനിയെന്ത് ചെയ്യണമെന്ന് ആലോചിച്ചു നിൽക്കുമ്പോഴേയ്ക്കും അമ്മ അടുക്കളക്കിണറ്റിൽ നിന്നും വെള്ളം കോരുന്ന ഒച്ച കേൾക്കും... അത് കേട്ടാൽ അടുക്കളയിലേയ്ക്ക് ഓടിയെത്തും. വെള്ളം കോരിക്കഴിഞ്ഞാൽ ചിലപ്പോൾ അമ്മ അവളെ പതുക്കെ പൊക്കിയെടുത്ത് കിണറിന്റെ ഉൾവശം കാണിക്കും. നല്ല ഭംഗിയുള്ള പാമ്പുവരികളും അതിനടിയിൽ പാറയും ഒക്കെ കാണാം അപ്പോൾ - അവൾക്ക് നല്ല ഇഷ്ടമാണ് അത് കാണാൻ. ഇന്ന് പക്ഷേ അമ്മ തിരക്കിലാണ് എന്ന് തോന്നുന്നു. ഓടിയെത്തിയ അവളെ കണ്ട ഭാവം കൂടി ഇല്ലാതെ അടുത്ത പണിയിൽ മുഴുകി.
ഇനി അടുക്കളയിൽ ചുറ്റിപറ്റി നിന്നിട്ടും കാര്യമൊന്നും ഇല്ല. അപ്പോൾപ്പിന്നെ എന്ത് ചെയ്യും എന്നാലോചിച്ചു നിൽക്കുമ്പോൾ കിഴക്കേ കുളത്തിൽ നിന്നും പാറുവമ്മ പാത്രം മോറുന്നതിന്റെ ഒച്ച കേൾക്കാം. വടക്ക്വോർത്തെ വാതിൽ തുറന്നിട്ടിട്ടുണ്ട് - പതുക്കെ പുറത്തിറങ്ങി. കിണറ്റിലേയ്ക്ക് എത്തിനോക്കണം എന്നുണ്ടെങ്കിലും ധൈര്യം വന്നില്ല. കാലു തെറ്റി വീണാൽ മുങ്ങിച്ചാവും എന്നവൾക്കറിയാം. പതുക്കെ കുളക്കരയിലേയ്ക്ക് നടന്നു. പാറുവമ്മ കുളത്തിൽ കുറേ താഴേ ഒരു കുണ്ടിലായി വെള്ളമുള്ളയിടത്ത് ഒരു പടവിൽ കുന്തിച്ചിരുന്ന് വെണ്ണീറും ചകിരിയും കൊണ്ട് ഒരച്ചൊരച്ചു പാത്രങ്ങൾ കഴുകുന്നുണ്ട്. പാത്രം മുഴുവനും ഒരച്ചു കഴിഞ്ഞാൽ ഒന്നോ രണ്ടോ പടവിറങ്ങി അതൊക്കെ മുക്കിയെടുക്കും. അപ്പോൾ വെണ്ണീറൊക്കെ പോയി പാത്രങ്ങൾ നന്നായി തിളങ്ങും. നല്ല ഭംഗിയാണ് അത് കാണാൻ...
'കുട്ടി വെർതെ വെയ്‌ലൊള്ളാണ്ടെ അകത്തിരുന്ന്വോളുണ്ടൂ... മേലൊക്കെ പൊടീം ചളീം ആക്കീട്ട് അമ്മേടട്ത്ത്ന്ന് തല്ലൊള്ളണ്ട...' ഒച്ച കേട്ട് തിരഞ്ഞു നോക്കിയപ്പോൾ ലക്ഷ്മിയമ്മയാണ് - വല്യമ്മയുടെ സഹായിയാണ് അവർ. രാവിലെ അവിടുത്തെ പണിയൊക്കെ ഒന്നൊതുങ്ങിയാൽ അവർ മിക്ക ദിവസവും ഇങ്ങോട്ട് വരും. മോര് വാങ്ങാനാണ് വരവെങ്കിലും പാറുവമ്മയുമായി കുശലം പറയാനാണ് ആ വരവെന്ന് എല്ലാവരെയും പോലെ അമ്മിണിക്കുട്ടിയ്ക്കും അറിയാം.
ചിലപ്പോൾ ലക്ഷ്മിയമ്മയും പാറുവമ്മയെ സഹായിക്കും. പിന്നെ വടക്കേ കെട്ടിലെ തറയിലോ അല്ലെങ്കിൽ വടക്കേ ഇറയത്തോ ഇരുന്ന് രണ്ടാളും കൂടി വർത്തമാനമാണ്. അവർക്കറിയാത്ത കാര്യങ്ങൾ ഒന്നുമില്ല. എന്നും എന്തെങ്കിലുമൊക്കെ പറയാനും കുശുകുശുക്കാനും കാണും. വീട്ടുകാര്യങ്ങളും നാട്ടുകാര്യങ്ങളും ഒക്കെ അവർ ചർച്ച ചെയ്യുന്നത് കേൾക്കാൻ അമ്മിണിക്കുട്ടിക്കിഷ്ടമാണ്. അവർ പറയുന്ന കാര്യങ്ങൾ ഒന്നും മുഴുവനും മനസ്സിലാവില്ലെങ്കിലും.
അപ്പോഴേയ്ക്കും അമ്മ തൈരുകലക്കുന്നതിന്റെ ഒച്ച കേൾക്കും. തൈര് കലക്കുന്നത് കാണാൻ അത്ര രസമൊന്നും ഇല്ലെങ്കിലും 'ബ്ലും' 'ബ്ലും'ന്ന് ഒച്ചണ്ടാക്കി തൈര് പാത്രത്തിൽ കിടന്നു മറിയണത് കേൾക്കാൻ നല്ല രസാണ്. എന്തെങ്കിലും പാട്ട് പാടിയാണ് അമ്മ തൈര് കലക്കുക. മിക്കവാറും ശ്രീകൃഷ്ണന്റെ കഥകളാണ് പാടുക. അമ്മിണിക്കുട്ടിക്ക് പറയാൻ തന്നെ പറ്റാത്ത വാക്കുകളാണ് അമ്മയുടെ പാട്ടുകളിൽ. കൃഷ്‌ണന് ഇഷ്ടള്ള പാട്ട് പാടിയാൽ കൊറേ വെണ്ണ കിട്ടൂത്രെ! അതെന്തായാലും ശരി, പതിഞ്ഞ ഒച്ചയിൽ നല്ല ഈണത്തിൽ അമ്മ പാടുന്ന പാട്ടുകൾ കേൾക്കാൻ ഒരു സുഖാണ്.
തൈരുകലക്കണ കയറ് അങ്ങോട്ടും ഇങ്ങോട്ടും വലിക്കുമ്പോൾ കടകോൽ മോളില്യ്ക്കും താഴ്ത്തയ്ക്കും മാറിമാറി ഉയരുന്നതും താഴുന്നതും നോക്കി അമ്മിണിക്കുട്ടിയിരിക്കും. കുറേ തവണ വലിച്ചു കഴിയുമ്പോൾ അമ്മ കയറിന്റെ ഒരറ്റം വിട്ട് മറ്റേ അറ്റം പിടിച്ച് ഒരു വലിയാണ്.... 'കടെ കടേ'ന്ന് ഒച്ചണ്ടാക്കി ആ കയറ് ഊരിപ്പോരും. അമ്മ അത് കടയുന്ന യന്ത്രത്തിൻറെ മുകളിൽ തന്നെ ഭദ്രമാക്കി കെട്ടിയിടും.
പിന്നെ അടിയിലെ ഓട്ടുകലവും മരത്തിന്റെ അടപ്പും പതുക്കെ ചെരിച്ചിടുത്തശേഷം അടപ്പ് കടക്കോലിന്റെ മുകളിലൂടെ ഊരിയെടുത്ത് പാത്രത്തിലെ മോര് കൈകൊണ്ട് കടയും. അപ്പോൾ വീണ്ടും 'ബ്ലും' 'ബ്ലും' എന്ന് ഒച്ചയുണ്ടാക്കി മോര് പാത്രത്തിൽ നിന്നും തെറിച്ചു പോകാൻ നോക്കും. പക്ഷേ അമ്മയുടെ അടുത്ത് അതൊന്നും നടക്കില്ല. അതൊന്നും ഒരു തുള്ളി പുറത്തു പോവാതെ കടയാൻ അമ്മയ്ക്ക് അറിയാം. കുറച്ചു നേരം അങ്ങനെ കടയുമ്പോഴേയ്ക്കും വെണ്ണ കൂടി വരും. അപ്പോൾ കടകോലുകൊണ്ട് അമ്മ അതിനെ പതുക്കെപ്പതുക്കെ ഒരുമിച്ചു കൂട്ടി നല്ല ഭംഗിയുള്ള ഒരുണ്ടയാക്കും.
മോരിലെ വെണ്ണ മുഴുവനും അങ്ങനെ ഉരുട്ടിക്കൂട്ടിയാൽ അടുത്ത് വെച്ചിരിക്കുന്ന വാൽപാത്രത്തിലെ വെള്ളത്തിലിടും. പിന്നെ നല്ലോണം ശ്രദ്ധിച്ചു കൊണ്ട് മൂന്നാലു തവണ കഴുകും. കുറേശ്ശെ വെളുത്ത നിറമുണ്ടായിരുന്ന വെള്ളം അതൊന്നും ഇല്ലാതെ തെളിഞ്ഞു വരണത് വരെ കഴുകും. 'മോരിൻറെ ബാക്കി വെണ്ണയിൽ ഉണ്ടായാൽ അത് കേടു വരും - അതോണ്ട് നല്ലോണം കഴുകണം' എന്ന് വല്യേടത്തിയോട് പറയുന്നത് അമ്മിണിക്കുട്ടി കേട്ടിട്ടുണ്ട്.
ഓട്ടുകലത്തിന്റെ വക്കത്ത് ഒട്ടിപ്പിടിച്ച വെണ്ണ തുടച്ചെടുക്കുന്നതും കാത്ത് അമ്മിണിക്കുട്ടിയിരിക്കും - അമ്മ മിക്കപ്പോഴും അതിൽ നിന്നും ഒരല്പംഅവൾക്ക് കഴിക്കാൻ കൊടുക്കും. മോരിന്റെ ഇത്തിരി പുളിയുള്ള മൃദുവായ വെണ്ണ അവൾക്കിഷ്ടമാണ്. കുറച്ചു മോര് ലക്ഷ്മിയമ്മ കൊണ്ടുവന്ന പാത്രത്തിൽ ഒഴിച്ചു വെക്കും. പാറുവമ്മയ്ക്കുള്ള മോര് ഓട്ടുകലത്തിൽ തന്നെ ഒഴിച്ചു വെക്കും (ഉച്ചയൂൺ കഴിഞ്ഞു പോകുമ്പോൾ പാറുവമ്മയുടെ മകൾ ആ മോര് കുപ്പിയിലാക്കി വീട്ടിൽ കൊണ്ടു പോകും). അത് കഴിഞ്ഞാൽ അന്നത്തെ മോര് കുപ്പിയിലാക്കി സൂക്ഷിക്കും.
ആഴ്ചയിൽ രണ്ടു ദിവസം അമ്മ സൂക്ഷിച്ചുവെച്ച വെണ്ണ ഉരുക്കി നെയ്യുണ്ടാക്കും. വെണ്ണയുരുകി വരുമ്പോൾ ചീനച്ചട്ടി നിറയെ നെയ്യിന്റെ പൊള്ളകളുണ്ടാവും. അടുക്കളയിൽ നെയ്യിന്റെ കൊതിപ്പിക്കുന്ന വാസന നിറയും. വീടിൻ്റെ ഏത് മൂലയിലാണെങ്കിലും അമ്മിണിക്കുട്ടി അടുക്കളയിലെത്താൻ വേറൊന്നും വേണ്ട... വെണ്ണയുരുക്കി അരിച്ച് സ്വാമിയ്ക്ക് നേദിക്കാനുള്ളത് പ്രത്യേകം തൂക്കുപാത്രത്തിലൊഴിച്ചു വെക്കും. വീട്ടാവശ്യങ്ങൾക്കുള്ളത് വേറെയും. അതാണ് പതിവ്. നെയ്യുരുക്കിക്കഴിയുമ്പോഴേയ്ക്കും ചീനച്ചട്ടിയിൽ കുറച്ചു വെണ്ണ ഉരുകി മൊരിഞ്ഞിരിക്കും. അമ്മ കുറച്ചു നെയ്യ് അതിൽ ബാക്കി വെക്കും.
പിന്നെ അതിൽ നല്ല ചൂടുള്ള ചോറു വിളമ്പും. എന്നിട്ട് ഉപ്പും പപ്പടവും കൂട്ടി കുഴയ്ക്കും. ഒരു വലിയ ഉരുള ഉരുട്ടി വെക്കും. അമ്മയുണ്ടാക്കുന്ന നെയ്യുരുളയുണ്ടെങ്കിൽ അമ്മിണിക്കുട്ടിയ്ക്ക് പിന്നെ വേറൊന്നും വേണ്ട. നെയ്യുരുക്കുന്ന വാസന വന്നാലുടനെ അവൾ അടുക്കളയിലേയ്ക്ക് ഓടിയെത്തുന്നതും ഈ നെയ്യുരുള തിന്നാനുള്ള കൊതി കൊണ്ടാണ്. ലോകത്തിലെ ഏറ്റവും സ്വാദുള്ള ഉരുളയാണ് അവളുടെ അമ്മയുടെ നെയ്യുരുള.
ഇന്ന് പക്ഷേ നെയ്യുരുക്കുന്ന ദിവസമല്ല. അമ്മ, കടഞ്ഞെടുത്ത വെണ്ണ വെള്ളത്തിലിട്ട് വാൽപാത്രം നന്നായി അടച്ച് കൂടിന്റെ മുകളിലത്തെ തട്ടുകളിലൊന്നിൽ വെച്ചു.
ലക്ഷ്മിയമ്മയോട് കുശലം ചോദിച്ച് അമ്മ വീണ്ടും പണികളിലേയ്ക്ക് പോകാൻ തുടങ്ങിയപ്പോൾ അമ്മിണിക്കുട്ടി ചോദിച്ചു - 'ഞാനും പോട്ടേ?' വല്യമ്മയുടെ അടുത്തേയ്ക്ക് പോകാൻ അവൾക്ക് നല്ല ഇഷ്ടമാണ്. 'പോയാ വികൃതി കാണിക്ക്യോ?' ഇല്ലെന്ന് അവൾ തലകുലുക്കി. 'വാശി പിടിക്ക്യോ?' ഇല്ലേയില്ല എന്നവൾ ധൃതിയിൽ തലയാട്ടി. 'ലക്ഷ്മിയ്ക്ക് ബുദ്ധിമുട്ടാവ്വോ കൊണ്ടോയാൽ? തിരിച്ചു കൊണ്ട്വരാൻ ഞാൻ കൊറച്ചു കഴിഞ്ഞാൽ ആരെയെങ്കിലും വിടാം. '
'അതിനെന്താ? കുട്ടി പോന്നോട്ടെ... ചെലപ്പോ ഞാൻ തിരുമ്പാൻ വരും. അപ്പൊ ഞാൻ കൊണ്ടുവരാം. അല്ലാച്ചാൽ കുഞ്ചാത്തല് ആളെ അയച്ചോളു...' കേട്ട പാതി കേൾക്കാത്ത പാതി അമ്മിണിക്കുട്ടി ഓടി ലക്ഷ്മിയമ്മയുടെ അടുത്തെത്തി. 'ചെരുപ്പിട്ടിട്ടേ പോകാവൂ ട്ടോ അമ്മിണിക്കുട്ടീ' അമ്മയുടെ നിർദ്ദേശം കിട്ടിയതും 'ഉം' എന്ന് മൂളി അവൾ തിണ്ണയിൽ കിടന്ന ചെരുപ്പുമിട്ട് പോകാൻ തയ്യാറായി...
വല്യമ്മയുടെ അടുത്ത് എന്തൊക്കെയാവും ഉണ്ടാവുക എന്ന ആകാംക്ഷയോടെ അവൾ ലക്ഷ്മിയമ്മയുടെ കൂടെ വല്യമ്മയുടെ വീട്ടിലേയ്ക്ക് നടന്നു തുടങ്ങി...
(തുടരും....
തുടർന്നു വായിക്കാൻ ഇവിടെ ക്ലിക്ക് ചെയ്യുക

Comments
theerchayaayum pakukotukkanam tto.
Asamsakal
വരയുടെ ശൈലി അസ്സലായി. പഴയകാലത്തെ motif കൾ ഒറ്റയ്ക്കൊറ്റയ്ക്ക് നിരത്തിയതും ഭംഗിയായി !!
അമ്മിണിക്കുട്ടിയുടെ പങ്ക് അവൾ ചോദിച്ചു വാങ്ങിയിരുന്നു. അമ്മ കരുതലോടെ കാത്തുവെച്ചിരുന്നു താനും.
:)
നിങ്ങളുടെയൊക്കെ നിരന്തര പ്രോത്സാഹനമാണ് വരയ്ക്കാനുള്ള ധൈര്യം. വലിയ കുഴപ്പമില്ലാതെ വരയ്ക്കാൻ പറ്റുന്നതിന്റെ സന്തോഷം ഒന്നുവേറെത്തന്നെയാണ് :)