എന്റെ പ്രിയ നർത്തകിമാർ
ഇന്ന് ഇൻറർനാഷനൽ ഡാൻസ് ഡേ ആണത്രെ! ഞാനൊരിക്കലും ഒരു ഡാൻസർ ആയിരുന്നില്ല. ഒരു നൃത്തച്ചുവട് പോലും തെറ്റാതെ വെക്കാൻ അറിയാത്ത ഞാൻ ഈ ഡാൻസ് ഡേയിൽ എന്നേക്കുറിച്ചല്ല പറയുന്നത്. ഡാൻസ് ഇഷ്ടമായിരുന്നെങ്കിലും സാഹചര്യങ്ങളുടെ അഭാവം മൂലം പഠിക്കാൻ പറ്റാതിരുന്ന രണ്ടു പേരെ പറ്റിയാണ്. ഏറ്റവും പ്രിയപ്പെട്ട രണ്ടു പേർ - ജീവിതത്തിൽ ഒരുപാടൊരുപാട് പ്രതികൂല സാഹചര്യങ്ങളെ നേരിട്ട് - ഇപ്പോഴും നേരിട്ടു കൊണ്ട് - തങ്ങളെക്കൊണ്ട് കഴിയുന്ന വിധം മറ്റുള്ളവരിൽ പുഞ്ചിരി പകരുന്ന രണ്ടു പേർ - അവരുടെ അനിയത്തി എന്ന ലേബലാണ് എന്നെ ഞാനാക്കുന്ന ഒരു വലിയ ഘടകം എന്ന് സ്കൂള് കാലം മുതലേ എനിക്ക് ബോധ്യമുണ്ട്.



ഡാൻസ് പഠനത്തിന്റെ കാര്യത്തിൽ ദീപേടത്തി കുറച്ചു കൂടി ഭാഗ്യവതിയായിരുന്നു എന്ന് തോന്നുന്നു. കാരണം, ദീപേടത്തി എട്ടാം ക്ലാസ്സിലോ മറ്റോ പഠിക്കുമ്പോൾ സ്കൂളിൽ ഒരു ഡാൻസ് ക്ലാസ്സ് തുടങ്ങി. കലാമണ്ഡലം സരോജ ടീച്ചറുടെ ശിഷ്യയായി ആ ക്ലാസ്സിന് ചേർന്ന ദിവസം ദീപേടത്തിയ്ക്ക് അവിസ്മരണീയമായിരുന്നിരിക്കണം. അതു വരെ പഠനമെന്ന നേർ രേഖയിലൂടെ സഞ്ചരിച്ചിരുന്ന കുട്ടി പെട്ടന്നാണ് നൃത്തത്തിലേക്ക് അലിഞ്ഞു ചേർന്നത്. ആഴ്ചയിൽ രണ്ടോ മൂന്നോ ദിവസങ്ങളിലെ അരമണിക്കൂർ നേരത്തെ നൃത്ത പഠനം അവൾക്ക് മതിയായതേയില്ല. കൂടുതൽ പഠിക്കണം എന്ന അവളുടെ അതിയായ ആഗ്രഹത്തെ കണ്ടില്ലെന്ന് നടിക്കാൻ പറ്റാതെയായി. ഭാഗ്യവശാൽ ടീച്ചർ അപ്പോഴേക്കും അങ്ങാടിപ്പുറത്ത് ഒരു ക്ലാസ്സ് തുടങ്ങിയിരുന്നു. ഡാൻസ് പ്രേമിയായ കുട്ടി അവിടെ ചേരാൻ വെമ്പൽ കൊണ്ടു. ആ ക്ലാസ്സിൽ ചേർന്നതോടെ അവളുടെ വാരാന്ത്യങ്ങൾക്ക് ഒരു പ്രത്യേക ഭംഗി കൈ വന്നു..
(അപ്പോഴേക്കും സ്കൂളിലെ ഡാൻസ് ക്ലാസിലെ അരമണ്ഡലവും മുഴുമണ്ഡലവും ഒക്കെ മടുത്ത് തലവേദനയുടേയും വയറുവേദനയുടേയും ഒഴിവു കഴിവ് പറഞ്ഞ് തോടയം മുഴുമിക്കാതെ ഞാൻ എന്നെന്നേക്കുമായ് നൃത്ത പഠനത്തോട് വിടപറഞ്ഞു കഴിഞ്ഞിരുന്നു. അതോടെ ഏറ്റവുമധികം ആശ്വാസമായത് എനിക്കാണോ ടീച്ചറിനാണോ എന്ന് ഇപ്പോഴും രഹസ്യമായി തുടരുന്നു)
മറ്റെന്തിലും എന്ന പോലെ ഡാൻസ് പഠനത്തിലെ ഏറ്റവും വലിയ ഒരു പ്രശ്‌നം സാമ്പത്തികമായിരുന്നു. മാസാമാസമുള്ള ഫീസ് (അത്ര വലിയ തുകയൊന്നും അല്ലെങ്കിലും) എങ്ങനെയെങ്കിലും ശരിയാക്കിയെങ്കിലും ഇടയ്ക്കിടെ വരുന്ന പരിപാടികൾക്ക് വേണ്ട തുക കണ്ടെത്തുക വലിയ പ്രയാസം തന്നെയായിരുന്നിരിക്കണം അക്കാലങ്ങളിൽ.

ചിലങ്ക, ഡാൻസിന് വേണ്ട ഡ്രെസ്സ് ഒക്കെ ഏറ്റവും കുറഞ്ഞ ചിലവിൽ, എന്നാൽ ഒട്ടും മാറ്റു കുറയാതെ തന്നെ ഏർപ്പാടാക്കി ടീച്ചർ കൂടെത്തന്നെ നിന്നു. തൻ്റെ ശിഷ്യയിൽ കണ്ട ഉത്സാഹത്തിനെയും കഴിവിനേയും പ്രോത്സാഹിപ്പിക്കാൻ തന്നാലാവുന്നതൊക്കെയും ചെയ്യാൻ തയ്യാറായ ഒരു ഗുരുവിനെ കിട്ടിയത് പരമ ഭാഗ്യം തന്നെ. ഇന്ന് ആലോചിക്കുമ്പോൾ ഓരോ കൊച്ചു കൊച്ചു കാര്യത്തിനും ടീച്ചർ നൽകിയ പിന്തുണയും സഹകരണവും ഇല്ലായിരുന്നെങ്കിൽ നൃത്തം പഠിക്കുക എന്നത് ദീപേടത്തിയ്ക്കും ഒരു വിദൂര സ്വപ്നമായിത്തീർന്നേനെ..


ഒരിക്കൽ ദീപേടത്തിയുടെ നൃത്തം കണ്ട ശേഷം വളരെ ആരാധ്യനായ ഒരാൾ അടയാറിലെ നൃത്തവിദ്യാലയത്തിൽ പഠിപ്പിക്കണം എന്ന് പറഞ്ഞ ഒരോർമ്മയുണ്ട്. അങ്ങാടിപ്പുറത്തെ ക്ലാസ്സ് നിർത്തലായപ്പോൾ എല്ലാ ആഴ്ചയും മഞ്ചേരിയിൽ പോയി പഠിച്ചു - കുറെ കാലം. പക്ഷേ എത്ര മോഹമുണ്ടെങ്കിലും ജീവിതത്തിന് മുന്നിൽ പലപ്പോഴും കല പിന്തള്ളപ്പെട്ടു പോകുമെന്നതാണ് ദു:ഖസത്യം. അത് തന്നെ ഇവിടെയും നടന്നു. അങ്ങനെ വിവാഹശേഷവും ഒന്ന് രണ്ട് അരങ്ങുകളിൽ കളിയ്ക്കാൻ പറ്റിയെങ്കിലും പല പല കാരണങ്ങൾ കൊണ്ട് നൃത്ത പഠനം അസാദ്ധ്യമാവുകയും ദീപേടത്തി അരങ്ങുകളിൽ നിന്നൊഴിയുകയും ചെയ്തു.

എല്ലാവർക്കും അന്താരഷ്ട്ര നൃത്ത ദിനാശംസകൾ - എൻ്റെ കുടുംബത്തിൽ തന്നെ ഞങ്ങളുടെ പിൻ തലമുറയിൽ നല്ല കഴിവുള്ള നർത്തകിമാരുണ്ട്. അവരുടെ നൃത്തം നേരിൽ കാണുന്നത് അപൂർവങ്ങളിൽ അപൂർവ്വമാണെങ്കിലും അവരുടെ സപര്യ കാണുമ്പോൾ സന്തോഷം. അവർക്കതിന് സാധിക്കുന്നു എന്നത് അതിലും സന്തോഷം. മതിവരുവോളം ചിലങ്കകെട്ടിയാടാൻ കഴിയട്ടെ.
പിൻകുറിപ്പ്: പാട്ടു പഠിക്കണമെന്ന മോഹം കുറെയേറെ കൊല്ലങ്ങൾക്ക് ശേഷം (രണ്ടു മക്കളുടെ അമ്മയായതിനു ശേഷം) സാഹചര്യമൊത്തു വന്നപ്പോൾ പൂർത്തീകരിച്ച ഏടത്തിയെപ്പോലുള്ളവർ ജീവിതത്തിൽ മാതൃകയാവുമ്പോൾ സ്വപ്നങ്ങളെ കൈയ്യെത്തി പിടിക്കാൻ എനിക്ക് വേറെ പ്രചോദനം ആവശ്യമുണ്ടോ?
Comments
മാത്രമല്ല നൃത്തത്തിലും നിപുണയായിരുന്ന ഒരു സകലകാല
വല്ലഭ തന്നെയായിരുന്നു നിഷ ..അല്ലെ
Asamsakal