അമ്മിണിക്കുട്ടിയുടെ ലോകം #3 - വല്യമ്മയോടൊപ്പം ഇത്തിരി നേരം

ഭാഗം ഒന്ന് വായിക്കാൻ ഇവിടെ ക്ലിക്ക് ചെയ്യുക
ഭാഗം രണ്ട് ഇവിടെയുണ്ട് 

# 3  വല്യമ്മയോടൊപ്പം ഇത്തിരി നേരം 

വീടിൻ്റെ ഗേറ്റ് കടന്നതും അമ്മിണിക്കുട്ടി ഓടാൻ തുടങ്ങി. 'കുട്ടി ഓടീട്ട് കൊട്ടിപ്പെടഞ്ഞു വീഴാൻ നിക്കണ്ട. പതുക്കെ നടന്നോള്വൊണ്ടൂ...' ലക്ഷ്മിയമ്മ വിളിച്ചു പറഞ്ഞെങ്കിലും അതൊന്നും കേൾക്കാതെ അവൾ ഇറയത്തേയ്ക്ക് ഓടിക്കയറി. അമ്മിണിക്കുട്ടി ഇറയത്ത് കയറിയതും ലക്ഷ്മിയമ്മ തൻ്റെ പണികൾ പൂർത്തിയാക്കാൻ ധൃതിപ്പെട്ട് നടന്നു...അവിടെ പ്രധാന വാതിൽകൂടാതെ ഇറയത്ത് നിന്നും രണ്ടു ഭാഗത്തേക്കും  ഓരോ വാതിലുണ്ട്. ഒന്ന് സ്വീകരണ മുറിയിലേക്കും മറ്റേത് വേറൊരു മുറിയിലേയ്ക്കുമാണ്. ഇറയത്തെ ചുമരിൽ കുറെ ചിത്രങ്ങളും തൂക്കിയിട്ടിട്ടുണ്ട്. അതിൽ വല്യച്ഛന്റെ ചിത്രം അമ്മിണിക്കുട്ടിയ്ക്ക് കണ്ടാലറിയാം. എന്നാൽ താടിയും മുടിയും ഒക്കെ നീട്ടി വളർത്തിയ അച്ഛന്റെ ചിത്രം അവളെ എപ്പോഴും അമ്പരപ്പിക്കും. അച്ഛൻ നല്ല സുന്ദരനാണ് എന്നവൾക്കറിയാം. നല്ല കട്ടിയുള്ള കറുത്ത മുടിയും ഭംഗിയുള്ള മീശയുമൊക്കെയായി അച്ഛനെ കാണാൻ എന്ത് ചന്തമാണെന്നോ! പിന്നെന്തിനാ ഊശാൻ താടിയും ഇടയ്ക്കൊക്കെ വെളുത്ത നിറത്തിലുള്ള മുടിയുള്ള ഈ ചിത്രം അവിടെ തൂക്കിയത് എന്ന് അവൾക്ക് എത്ര ആലോചിച്ചിട്ടും പിടികിട്ടാറില്ല. ആരോടെങ്കിലും ചോദിക്കണം എന്ന് വെച്ചാൽ തന്നെ പിന്നീട് അവളത് മറക്കും.
ചിലപ്പോഴൊക്കെ അവൾ അവിടെയെത്തുമ്പോൾ വല്യമ്മ വല്ല പുസ്തകമോ വാരികയോ വായിച്ച് പൂമുഖത്തോ ഇടത്തു വശത്തെ സ്വീകരണ മുറിയിലോ ഇരിക്കുകയാവും. ഇന്ന് പക്ഷേ വല്യമ്മയെ പുറത്തൊന്നും കാണാനില്ല. അമ്മിണിക്കുട്ടി പതുക്കെ അകത്തേയ്ക്ക് കയറി ഇരുണ്ട തളത്തിലൂടെ വല്യമ്മയുടെ മുറിയിലേക്ക് നടന്നു. ആ തളത്തിന്റെ ചുമരിലും നിറയെ ചിത്രങ്ങൾ തൂക്കിയിട്ടിട്ടുണ്ട്. ജുബ്ബയൊക്കെ ഇട്ട് നിലക്കുന്ന വല്യച്ഛൻ, വല്യച്ഛനും വല്യമ്മയും കൂടിയുള്ള ഒരു പഴയ ഫോട്ടോ - എന്ത് ഭംഗിയാണെന്നോ അതിൽ വല്യമ്മയെ കാണാൻ, അമ്മിണിക്കുട്ടി എപ്പോൾ അവിടെ പോയാലും ആ ഫോട്ടോ നോക്കി നിൽക്കും  - ഏടത്തിയും ഏട്ടനും കൂടിയുള്ള ഫോട്ടോ - ഏടത്തി നല്ല സുന്ദരിയാണ്, ഏട്ടന്റെ മുടിയാണ് രസം - വല്യച്ഛൻറെ സ്കൂളിലെ മറ്റു മാഷുമ്മാരും ടീച്ചർമാരും ഒക്കെയായുള്ള ഫോട്ടോ, അങ്ങനെയങ്ങനെ കുറെ ഫോട്ടോകൾ നിരന്നു കാണാം.

അതൊക്കെ നോക്കി നോക്കി വല്യമ്മയുടെ മുറിയുടെ വാതിൽക്കൽ എത്തിയപ്പോൾ ജനലിനടുത്തിരുന്ന് ഒരു നോട്ടു ബുക്കിൽ വല്യമ്മ എന്തോ എഴുതുകയാണ്. 'വല്യമ്മേ'ന്ന് വിളിച്ചപ്പോൾ 'ആഹാ ഇതാര് അമ്മിണിക്കുട്ടിയോ' എന്ന് ചോദിച്ചു കൊണ്ട് വല്യമ്മ അവളെ അകത്തേയ്ക്ക് വിളിച്ചു. അവൾ സന്തോഷപൂർവ്വം വല്യമ്മയുടെ അടുത്തേയ്ക്ക് ഓടിപ്പോയി ആ മടിയിലിരുന്നു.


'വല്യമ്മ എന്താ എഴ്ത്ണത്?' 'അതോ- വല്യേട്ടന് കത്തെഴുതുകയാണ്'. വല്യേട്ടൻ ദൂരെയെവിടെയോ ആണെന്ന് അമ്മിണിക്കുട്ടിക്കറിയാം. വല്ലപ്പോഴുമേ വീട്ടിലേയ്ക്ക് വരാൻ പറ്റൂത്രെ! വരുമ്പോൾ കൈ നിറയെ സമ്മാനം കൊണ്ടു വരും - കുട്ടികൾക്കൊക്കെ ഉടുപ്പ്, മിഠായി, വാസനസോപ്പ്, അമ്മയ്ക്ക് സാരി, അച്ഛന് ഷർട്ട് എന്നിങ്ങനെ കൊറേ സാധനങ്ങൾ കൊണ്ടു വരും. പക്ഷേ വല്യേട്ടനെ അധികം കണ്ട ഓർമ്മ അവൾക്കില്ല. അവൾക്ക് ചെറിയേട്ടനെയാണ് അധികം അറിയുക. അവളുടെ ലോകത്ത് അച്ഛൻ കഴിഞ്ഞാൽ ഏറ്റവും കേമൻ ചെറിയേട്ടനാണ്. ഇനിയിപ്പോ വല്യച്ഛനെ പോലെ മാഷാവാൻ പോവാണത്രേ ചെറിയേട്ടൻ. അത് കേട്ടപ്പോൾ അവൾക്ക് ഇത്തിരി സങ്കടവും പേടിയും ഒക്കെ തോന്നിത്തുടങ്ങി. മാഷായാൽ ചെറിയേട്ടനും വല്യച്ഛന്റെ പോലെ ഗൗരവക്കാരനാവുമോ? എന്നാൽ ഒരു രസോം ഇണ്ടാവില്യ.

'അമ്മിണിക്കുട്ടിക്ക് വറുത്ത ഉപ്പേരി വേണോ?' വല്യമ്മ ചോദിച്ചു. അത് കാത്തിരുന്നത് പോലെ നാണം കലർന്ന പുഞ്ചിരിയോടെ അവൾ 'വേണം' എന്ന് തലകുലുക്കി. 'എന്നാ ഇപ്പൊ തരാം ട്ടോ' എന്നു പറഞ്ഞുകൊണ്ട് വല്യമ്മ അടുക്കളയിലേയ്ക്ക് പോയി. അമ്മിണിക്കുട്ടിയാകട്ടെ വല്യമ്മ ജനലിന്റെ പടിയിൽ വെച്ചിരുന്ന പേന, നോട്ട്ബുക്ക് എന്നിവയൊക്കെ എടുത്തു നോക്കാൻ തുടങ്ങി. പേനയുടെ മൂട്ടിൽ പിടിച്ചമർത്തിയാൽ ടിക് എന്ന് ഒച്ചയുണ്ടാക്കി എഴുതണ ഭാഗം പുറത്തേയ്ക്ക് വരും. പിന്നേം അമർത്തിയാൽ ടിക് എന്ന ഒച്ചയോടെ ഉള്ളിലേക്ക് തന്നെ പോകും. പേനയെടുത്ത് 'ടിക്, ടിക്' എന്ന് ഒച്ചയുണ്ടാക്കി കളിക്കാൻ നല്ല രസമാണ്. നോട്ടുബുക്ക് നിറയെ കുനുകുനെ അക്ഷരത്തിൽ വല്യമ്മ എഴുതുന്നത് നാമം ആണെന്ന് അവൾക്കറിയാം. അമ്മയുടെ കയ്യിലും ഒരു നാമ പുസ്തകം ഉണ്ട്. എന്നും അതിൽ കുറെ തവണ അമ്മയും നാമം എഴുതാറുണ്ട്.. 

അവൾക്ക് അക്ഷരങ്ങൾ ഒരു വിധമൊക്കെ അറിയാമെങ്കിലും വായിക്കാൻ ബുദ്ധിമുട്ടാണ്. ജനാൽക്കൽ  ഉണ്ടായിരുന്ന പേപ്പർ നോക്കി 'മ' 'ല' 'യ' 'ള' എന്ന് കഷ്ടപ്പെട്ട് വായിച്ചപ്പോഴേയ്ക്കും ഒരു കുഞ്ഞിക്കിണ്ണത്തിൽ വറുത്ത ഉപ്പേരിയും ഒരു ലഡുവുമായി വല്യമ്മ തിരിച്ചെത്തി. 'കളയാണ്ടെ കഴിക്കണം ട്ടോ' 'ഉം' എന്ന് തലകുലുക്കി അവൾ ഉപ്പേരിക്കഷ്ണം വായിലിട്ടു. 'കറു' 'മുറു' എന്നൊച്ചയുണ്ടാക്കി ഉപ്പേരി തിന്നാൻ നല്ല രസമാണ്. ലഡുവിന്റെ മധുരവും അവൾക്കിഷ്ടമാണ്- അതിന് പായസത്തിൻ്റെ മധുരം പോലെയുള്ള മധുരമല്ല. വേറെത്തന്നെ ഒരു മധുരമാണ്.

അമ്മിണിക്കുട്ടി ഉപ്പേരി തിന്നുന്നതിൽ ശ്രദ്ധ ചെലുത്തി. അപ്പോഴേയ്ക്കും ലക്ഷ്മിയമ്മ ജനാലയ്ക്കരുകിൽ വന്നു നിന്ന് വല്യമ്മയോട് ഓരോരോ  കാര്യങ്ങൾ പറയാൻ തുടങ്ങി. വല്യമ്മ അതൊക്കെ കേൾക്കുകയും എന്തൊക്കെയോ അങ്ങോട്ട് ചോദിക്കുകയും പറയുകയും ഒക്കെ ചെയ്യുന്നുമുണ്ട്. കുറച്ചു നേരത്തെ സംസാരം കഴിഞ്ഞപ്പോൾ വല്യച്ഛൻ ഊണുകഴിയ്ക്കാൻ വരുമ്പോഴേയ്ക്കും വാഴയില മുറിച്ചു തുടച്ചു വൃത്തിയാക്കി വെക്കാൻ ഏൽപ്പിച്ചു. അതു കേട്ടതും കൊട്ടിലിൽ നിന്നും ഒരു പിശാങ്കത്തിയുമെടുത്ത് ലക്ഷ്മിയമ്മ വാഴയില വെട്ടാൻ പോയി.

ഉപ്പേരി തിന്നു കഴിഞ്ഞു അവിടെ കിടക്കുന്ന ഒരു വാരികയും കയ്യിലെടുത്ത് അമ്മിണിക്കുട്ടി വല്യമ്മയുടെ കട്ടിലിൽ കയറിയിരിപ്പായി. ചെറിയ വലുപ്പത്തിലുള്ള അക്ഷരങ്ങളും കൂട്ടക്ഷരങ്ങളും വായിക്കാൻ അവൾക്ക് പറ്റില്ല.അതിനാൽ വാരികയിലെ ചിത്രങ്ങൾ നോക്കി രസിച്ചിരുന്നു. അതിനിടയിൽ വല്യമ്മയോട് ഓരോന്ന് ചോദിച്ചു കൊണ്ടേയിരുന്നു - 'അതെന്താ അങ്ങനെ?, ഇതെന്താ ഇങ്ങനെ...?' വല്യമ്മ എഴുത്തിനിടയിൽ ഒട്ടും മുഷിയാതെ അവൾ ചോദിക്കുന്നതിനൊക്കെ ഉത്തരം പറയുന്നുമുണ്ടായിരുന്നു. കുറച്ചു കഴിഞ്ഞപ്പോൾ അവൾക്ക് മടുത്തു. 'ഞാൻ തലകുത്തിമറയാൻ പഠിച്ചൂലോ' എന്നും പറഞ്ഞുകൊണ്ട് വല്യമ്മയുടെ കട്ടിലിൽ തലകുത്തി മറയൽ തുടങ്ങി. വല്യമ്മ ക്ഷമയോടെ അതും നോക്കിയിരുന്നു.

അങ്ങനെ കുറച്ചു നേരം എഴുത്തും വായനയും അമ്മിണിക്കുട്ടിയുടെ കുത്തിമറയലും കഴിഞ്ഞപ്പോൾ വല്യമ്മ വീണ്ടും അടുക്കളയിലേയ്ക്ക് പോയി. പപ്പടം കാച്ചുന്നതിന്റെയും കൂട്ടാനിൽ കടുക് വറുത്തിടുന്നതിന്റെയും വാസന വന്നപ്പോൾ അമ്മിണിക്കുട്ടിയ്ക്ക് തിരിച്ചു പോകാൻ ധൃതിയായി തുടങ്ങി. കാരണം വേറൊന്നുമല്ല, വല്യച്ഛൻ ഉച്ചയൂണ് കഴിക്കാൻ എത്താറായിത്തുടങ്ങി എന്നവൾക്ക് മനസ്സിലായി. ഊണ് കഴിച്ചു കുറച്ചു നേരം വിശ്രമിച്ചേ വല്യച്ഛൻ വീണ്ടും സ്കൂളിലേയ്ക്ക് പോകൂ... ആ സമയത്ത് ഒച്ചയുണ്ടാക്കി ശല്യപ്പെടുത്താൻ പാടില്ലെന്ന് ആരും പറയാതെ തന്നെ അവൾക്കറിയാം. അടങ്ങിയിരിക്കാൻ അറിയാത്ത അവൾ വല്ല ഒച്ചയുമുണ്ടാക്കിയാൽ വല്യച്ഛന് ദേഷ്യം വന്നാലോ? അവളെ കാണുമ്പോൾ 'അമ്മിണി മോൾ' എന്നൊക്കെ വിളിച്ചു ലാളിക്കുമെങ്കിലും ചിലപ്പോൾ മിഠായി ഒക്കെ തരുമെങ്കിലും അവൾക്ക് ഇത്തിരി പേടിയാണ്.  അതു കൊണ്ടു തന്നെ അവൾ വല്യമ്മയോടോ ചെറിയേട്ടനോടോ കൊഞ്ചുന്ന പോലെ വല്യച്ഛന്റെ മുന്നിൽ കൊഞ്ചാൻ നിക്കാറില്ല. കുഞ്ഞേടത്തി കൂടെയില്ലാത്ത സമയമാണെങ്കിൽ പ്രത്യേകിച്ചും.

വല്യച്ഛന്റെ മുറിയുടെ വാതിൽ എപ്പോഴും അടഞ്ഞാണ് കിടക്കുക. അതിൻ്റെയകത്ത്  കയറിയ ഓർമ്മ തന്നെ അവൾക്കില്ല. അതിനുള്ളിൽ അങ്ങനെ കയറാൻ പാടില്ല എന്ന് അവൾ മനസ്സിലാക്കി വെച്ചിട്ടുണ്ട്. ആ മുറിയുടെ ഉൾവശം കാണാൻ എപ്പോഴും ഒന്നുരണ്ടു തവണ അവൾ വാതിലിനു മുന്നിലുള്ള ഇടനാഴിയിലൂടെ നടന്നു നോക്കുമെങ്കിലും  ഒരിക്കൽ പോലും അകത്തേയ്ക്ക് എത്തിനോക്കാൻ പറ്റിയിട്ടില്ല. ഒരിക്കൽ ലക്ഷ്മിയമ്മയുടെ കൂടെ പിന്നാമ്പുറത്തൂടെ നടന്നു പോകുമ്പോൾ ജനലിലൂടെ എത്തിനോക്കണം എന്നുണ്ടായിരുന്നെങ്കിലും  ജനലിനടുത്തുള്ള തിണ്ണയിൽ പൊത്തിപ്പിടിച്ചു കയറാൻ അവൾക്ക് കഴിഞ്ഞില്ല. അതിനാൽ അത് നടന്നില്ല.

എന്തായാലും വല്യച്ഛൻ വരുന്നതിനു മുൻപ് തിരിച്ചു പോകാം. അമ്മ ഊണിനു വട്ടം കൂട്ടി തുടങ്ങിയിട്ടുണ്ടാവും. കുറച്ചു നേരമായി ലക്ഷ്മിയമ്മയുടെ ഒച്ചയൊന്നും കേൾക്കാനില്ല. എന്തോ പണി ചെയ്യാൻ തൊടിയിലെവിടെയോ പോയി എന്ന് തോന്നുന്നു. വല്യമ്മയോട് പറഞ്ഞാലോ തിരിച്ചു കൊണ്ടാക്കാൻ? പക്ഷേ ഇപ്പൊ തൻ്റെ കൂടെ വരാൻ വല്യമ്മയ്ക്ക് പറ്റില്ല എന്നും അവൾക്കറിയാം. ഇനിയെന്തു വേണമെന്ന് ആശങ്കപ്പെട്ട് നിൽക്കുമ്പോൾ 'കുഞ്ചത്താലേ, അമ്മിണിക്കുട്ടിയെ കൊണ്ടോരാൻ  തറവാട്ടിലെ  കുഞ്ചാത്തല് പറഞ്ഞു' എന്നും പറഞ്ഞുകൊണ്ട് പാറുവമ്മയുടെ മകൾ നന്ദിനി വീടിൻ്റെ പിന്നാമ്പുറത്ത് ഹാജരായി...

അതു കേട്ടതും 'വല്യമ്മേ ഞാൻ പോവ്വാ' എന്ന് ഉറക്കെ വിളിച്ചു പറഞ്ഞുകൊണ്ട് അവൾ ഓടി. 'ഊണ് കഴിച്ചിട്ട് പോവാം അമ്മിണിക്കുട്ടീ' എന്ന് വല്യമ്മ പറഞ്ഞപ്പോൾ ഒരു നിമിഷം അവൾ ശങ്കിച്ചു നിന്നു. 'കുട്ടി വേഗം പോന്നോള്വൊണ്ടൂ... അമ്മേൻറ്റടുക്ക്ന്ന് ചീത്ത കേക്കണ്ട' നന്ദിനിയുടെ വാക്ക് കേട്ടപ്പോൾ അവൾ  'വേണ്ട, 'അമ്മേടടുത്ത്ന്ന് ഉണ്ടോളാ'മെന്ന് പറഞ്ഞു നന്ദിനിയുടെ കൂടെ പോകാനൊരുങ്ങി. 'എന്നാ ഈ പുസ്തകങ്ങൾ കൂടി കൊണ്ടോയ്‌ക്കോളൂ' എന്ന് പറഞ്ഞു കൊണ്ട് കുറെ വാരികകൾ വല്യമ്മ അവരുടെ കയ്യിൽ കൊടുത്തു. 'ഞാൻ ഒക്കെ വായിച്ചതാണ്. വായിച്ചു കഴിഞ്ഞു പതുക്കെ തിരിച്ചു കൊടുത്തയച്ചാൽ മതിയെന്ന് പറയണം ട്ടോ' എന്നും കൂട്ടിച്ചേർത്തു.

'ഉം' എന്ന് തല കുലുക്കി, വല്യമ്മയോട് 'പോയ് വരാം' എന്ന് പറഞ്ഞുകൊണ്ട് അവൾ അമ്മയുടെ അടുത്തേയ്ക്ക് തിരിച്ചു പോകാനൊരുങ്ങി. 'വേഗം നടക്കൂ കുട്ടീ... ഇന്റെ പണിയൊന്നും ഒരുങ്ങീട്ടില്ല' എന്ന് നന്ദിനി ധൃതി കൂട്ടി. വേഗത്തിൽ നടന്നു തുടങ്ങിയ നന്ദിനിയുടെ മുട്ടറ്റം നീണ്ട  ഇടതൂർന്ന കറുകറുത്ത മുടി താളത്തിൽ ആടുന്നത് നോക്കിയും കണ്ണിലേയ്ക്ക് കയറിവരുന്ന സ്വന്തം മുടിയിഴകളെ  മാടിയൊതുക്കാൻ വൃഥാ ശ്രമിച്ചു കൊണ്ടും അമ്മിണിക്കുട്ടി അമ്മയുടെ അടുത്തെത്താൻ ഓടിയോടി നടന്നു....(തുടരും...      

Comments

 1. അമ്മിണി കുട്ടി ...
  ശ്യോ എന്ത് രസാ വായിക്കാൻ...
  ഒരു കുട്ടിയുടെ മനസ്സ് എത്ര കൃത്യമായി എഴുതിയിരിക്കുന്നു..
  നിഷ കുട്ടിക്കാലത്തേക്ക് നല്ല പോലെ യാത്ര പോയ ലക്ഷണം എനിക്ക് കാണാൻ പറ്റുന്നുണ്ട്..
  വല്യച്ഛൻ വരുമ്പോഴേക്കും സ്ഥലം വിടാൻ ആഗ്രഹിക്കുന്ന തരം ബന്ധങ്ങൾ കുട്ടി കാലത്ത് ഇഷ്ടം പോലെ ഉണ്ടായിട്ടുണ്ട്...അസ്സൽ എഴുത്ത് നിഷാ...
  അടുത്തതിന് കാത്തിരിക്കുന്നു

  ReplyDelete
  Replies
  1. താങ്ക്യു ശാരീ.. കുട്ടിക്കാലത്തെ ഓരോ കാര്യങ്ങള് ഓർത്തെടുക്കാൻ ശ്രമിക്കുമ്പോഴാണ് അന്നത്തെ നമ്മളും ഇന്നത്തെ നമ്മളും ഒന്നാണെങ്കിലും എത്ര വ്യത്യസ്തമാണ് എന്ന് തിരിച്ചറിയുന്നത്. കാലം എന്തൊക്കെ മാറ്റങ്ങളാണ് വരുത്തുന്നത്.
   അടുത്തത് ഉടനെ വരും ട്ടോ :)

   Delete
 2. നല്ല രസം വായിക്കാൻ

  ReplyDelete
  Replies
  1. താങ്ക്സ് ജിയോ.. :)

   Delete
 3. valyachhan mash gouravakkarananallo eni cheryettanum mashayivannaloyenna vichaaram Amminikkuttiykku.
  nannavunnuntu balanovel.
  ASamsakaL

  ReplyDelete
  Replies
  1. താങ്ക്യു തങ്കപ്പേട്ടാ! കുട്ടികളുടെ ഓരോ തോന്നലുകളല്ലേ - വായനയ്ക്കും കമന്റിനും നന്ദി.

   Delete
 4. നിഷയുടെ നല്ല വരകളും വരികളുമായി 
  ആ കുട്ടിക്കാലവും അസ്സലായി ചിത്രീകരിച്ചിരിക്കുന്നു 

  ReplyDelete
  Replies
  1. താങ്ക്യു മുരളിയേട്ടാ. വായനക്കാരിലേക്ക് ആ കാലം എത്തിക്കാനാവുന്നത് വളരെ സന്തോഷം നല്കുന്നു.

   Delete
 5. അമ്മിണിക്കുട്ടിയെ വായിക്കാൻ കാത്തിരിക്കുന്നു... 

  ReplyDelete
  Replies
  1. താങ്ക്സ് മുബീ. അമ്മിണിക്കൂട്ടിയുടെ കഥകൾക്ക് ഒരു പഞ്ഞവുമില്ല. എഴുതിയെത്തിയാലും വരച്ചെത്തുമോ എന്നാണ് സംശയം :)

   Delete
 6. പിശാങ്കത്തി ന്നൊക്കെ എത്ര കാലം കഴിഞ്ഞാണ് കേൾക്കുന്നത്.അച്ഛമ്മയാണ് അങ്ങനെ പറയാറ്. അമ്മിണിക്കുട്ടി ടെ ലോകത്തിലേക്ക് ചെറുതായി പോകുന്നു ട്ടാ ഞാനും

  ReplyDelete
  Replies
  1. ഞാനും കുറെ കാലം കഴിഞ്ഞാണ് അങ്ങനെയൊക്കെ എഴുതുന്നത്. പലതും ഇപ്പോ ഓർമ്മയില്ലാതെയായി.
   അമ്മിണിക്കൂട്ടിയുടെ ലോകത്ത് നിറയെ ആളുകൾ ഉണ്ടാവുന്നത് അവൾക്ക് സന്തോഷമാണ് എന്ന് പറയാൻ എന്നോട് പറഞ്ഞിട്ടുണ്ട് ട്ടോ..

   Delete

Post a Comment

Popular posts from this blog

സൗഹൃദം

സ്നേഹം

അമ്മയും മകളും