കാലത്തിന്റെ മൂകസാക്ഷി
നരച്ച ആകാശത്തിനു കീഴെ, ഒന്ന് കണ്ണോടിച്ചാൽ കണ്ണെത്തും ദൂരത്തൊക്കെ കാണുന്നത് ദിനംപ്രതിയെന്നോണം ഉയരം കൂടി വരുന്ന കെട്ടിട്ടങ്ങളാണ്. അവയ്ക്കിടയിലൂടെ ഉയർന്നു കാണുന്ന ക്രെയിനുകൾ ആഫ്രിക്കൻ കാടുകളിലെ മരത്തലപ്പുകൾക്ക് മുകളിൽ കാണുന്ന ജിറാഫുകളുടെ തല പോലെ തോന്നിച്ചു. നിർമ്മാണാവശ്യങ്ങൾക്കനുസരിച്ച് അവ അങ്ങോട്ടും ഇങ്ങോട്ടും നീങ്ങുമ്പോൾ അനുരാഗവിവശരായ ജിറാഫിണകളുടെ ചിത്രമാണ് മനസ്സിലേയ്ക്ക് ഓടിയെത്താറുള്ളത്. അങ്ങോട്ടുമിങ്ങോട്ടും നീങ്ങുന്നതിനിടയിൽ കിട്ടുന്ന അര നിമിഷത്തിന്റെ സ്വകാര്യതയിൽ ആ ക്രെയിനുകൾ പരസ്പരം കാതിലെന്തായിരിക്കാം മന്ത്രിച്ചിരിക്കുക എന്നിങ്ങനെയുള്ള ചില ഭ്രാന്തൻ ചിന്തകളും തോന്നാറുണ്ട്.
എന്നാലിന്ന് അവയ്ക്കും അനക്കമില്ല. എത്ര നാളായിക്കാണും അവയിങ്ങനെ ഒരു ചിത്രത്തിലെന്ന പോലെ നിശ്ചലമായിട്ട്? അറിയില്ല.. ദിവസങ്ങൾ? അല്ല, ആഴ്ചകളോ മാസങ്ങളോ ആയിക്കാണണം... കാലത്തിന്റെ തടയാനാവാത്ത പ്രവാഹത്തിലേതോ നിമിഷത്തിൽ ഉറഞ്ഞു പോയൊരു നിശ്ചല ചിത്രം പോലെ അനക്കമില്ലാതെ അവയങ്ങനെ തലയുയർത്തി നിലക്കുന്നു. ഇരുണ്ട ആകാശത്തിന്റെ കീഴിൽ തെല്ലൊരു ഭയമുളവാക്കുന്ന കാഴ്ചയാണെങ്കിലും പരിചയത്തിന്റെ ഒരു ഊഷ്മളതയും അതിലുണ്ട് എന്നതാണ് സത്യം.
പതിവിനു വിപരീതമായി ചുറ്റിലും കാണാവുന്നതും കാലത്തിലെവിടെയോ ഉറഞ്ഞു പോയ പോലെയുള്ള ചിത്രങ്ങളാണ്. ചീറിപ്പായുന്ന വണ്ടികൾക്ക് പകരം ശൂന്യമായ പാതകൾ - മഴക്കാലമെത്തുന്നതിനു മുൻപ് സുരക്ഷിത താവളം തേടി നിരനിരയായി പോകുന്ന ഉറുമ്പിൻ കൂട്ടത്തെപ്പോലെ പാഞ്ഞുകൊണ്ടിരുന്ന മനുഷ്യരെ കാണാനേയില്ല. മഴവെളളപ്പാച്ചിൽ ഒഴുക്കിക്കൊണ്ടു പോയ കരിയിലകൾബാക്കിവെച്ചു പോയപോലെ ഒരു ശൂന്യതയാണ് എങ്ങും.
ഒരു കുഞ്ഞിന്റെ കരച്ചിലോ കുട്ടികളുടെ കലപിലയോ ഒന്നും തന്നെ കേൾക്കാനില്ല. എല്ലാ വീടുകളിലും എല്ലാവരുമുണ്ടെങ്കിലും എപ്പോഴും തളംകെട്ടി നിലക്കുന്ന നിശബ്ദതയുമുണ്ട്. കയ്യിലെ മോബൈലിലോ മുന്നിലെ കമ്പ്യൂട്ടറിലോ എന്തൊക്കെയോ കാണുകയും കേൾക്കുകയും ചെയ്യുന്നവരെല്ലാം സ്വന്തം ഒരു ലോകത്തിനുള്ളിൽ ഒതുങ്ങിക്കൂടാൻ പഠിച്ചത് എത്ര പെട്ടന്നാണ്!
പുറത്തിറങ്ങി കാല് തളരുവോളം നടന്ന കാലം മറന്നു. ഒന്നു കണ്ണടച്ചു കാതോർത്താൽ കിളികളുടെ കലപില കേൾക്കാമെങ്കിലും അവയെ മതിവരുവോളം നോക്കി വഴിയരുകിലും മറ്റും അവസാനമായി നിന്നത് എന്നാണെന്ന് ഓർമ്മയില്ലാതായിരിക്കുന്നു. ഞങ്ങളെവിടെയും പോയിട്ടില്ല എന്നോർമ്മിപ്പിക്കാനായി കടൽക്കാക്കകൾ ഇടയ്ക്കിടെ ജനാലപ്പുറത്ത് പറന്നു കളിക്കുകയും ആലോസരപ്പെടുത്തുന്ന ഒച്ചയിൽ കരയുകയും ചെയ്യുന്നുണ്ട്. ആകാശത്തെ കീറിമുറിച്ചെന്നപ്പോലെ പറന്നിരുന്ന വിമാനങ്ങളുടെ ഇരമ്പലും ശല്യവുമില്ലാതെ പറക്കാൻ പറ്റുന്നതിൽ പക്ഷികൾ ഏറെ സന്തോഷിക്കുന്നുണ്ടാവും..
വസന്തകാലത്തിന്റെ വരവറിയിച്ച് ചെറിമരങ്ങൾ പൂത്തുലഞ്ഞു നിൽക്കുന്നുണ്ടെങ്കിലും അതു കണ്ട് ഹൃദയം തുടികൊട്ടിപ്പാടാത്തതെന്തേ? നിശബ്ദമായ രാത്രികളിൽ ഇതുവരെയും കേട്ടിട്ടില്ലാത്ത കൂമന്റെ മൂളൽ കേട്ട് ആശ്ചര്യപ്പെട്ട് ഉറക്കത്തോട് മല്ലിട്ടു കണ്ണും കാതും കൂർപ്പിച്ചു ഇരുട്ടിലേയ്ക്ക് നോക്കിയിരുന്നിട്ടും ക്ഷീണിപ്പിക്കുന്ന ഒരു തരം മയക്കം വന്നു കണ്ണുകൾ അടഞ്ഞു പോകുന്നതെന്തേ?
ഇരുണ്ടയാകാശത്തിൻ്റെ സങ്കടം മഴത്തുള്ളികളായി ജനല്പാളികളിൽ പതിക്കവേ, കമ്പിളിയുടുപ്പ് ദേഹത്തോട് വലിച്ചടുപ്പിച്ചു മുറിയിലൊരു മൂലയിൽ ചൂളിപ്പിടിച്ചിരുന്നു ഞാൻ കണ്ണടച്ചു.... പതിഞ്ഞ താളത്തിൽ ജനൽച്ചില്ലിൽ പതിക്കുന്ന മഴത്തുള്ളികൾ എത്ര പെട്ടന്നാണ് കനത്ത തുള്ളികളായി തിമർത്തു പെയ്ത് ഇല്ലത്തെ മുറ്റത്ത് വീണു പരന്ന് ചെറിയ നീർച്ചാലുകളായി രൂപാന്തരപ്പെട്ട് തൊടിയിലേയ്ക്ക് കുതിച്ചു പായുന്നത്??? മുറ്റത്ത് വീണുകിടന്നിരുന്ന കരിയിലകളും ഉണക്കക്കമ്പുകളും ആ വെള്ളത്തിൽപ്പെട്ടുഴറി തിരിഞ്ഞുമറിഞ്ഞു പായുന്നത് പൂമുഖത്തിരുന്നെന്നപോലെ ഈ മൂലയിലിരുന്നും വ്യക്തമായി കാണുന്നു. അത് കണ്ട് ഈറ തോന്നിയ മഴ ഊത്താലായി പെയ്തിറങ്ങിയതാണ് എൻ്റെ കവിൾത്തടങ്ങളിലൂടെ... അതിലെ ഉപ്പുരസം നീരാവിയായ് ഉയർന്നു പൊങ്ങുന്ന വേളയിൽ കടലിൽ നിന്നും കട്ടെടുത്തതാണ്..
കണ്ണു തുറന്നപ്പോൾ നനഞ്ഞ, അവ്യക്തമായ കാഴ്ചയിലും പുറത്ത് ആ ക്രെയിൻ ജിറാഫുകൾ തലയുയർത്തി അനങ്ങാതെ നില്പുണ്ട്. കാലത്തിന്റെ മൂകസാക്ഷിയെന്ന പോലെ ...
Comments
ജിറാഫുകളെ പോലെ തല നീട്ടി പ്രണയം
പങ്കുവെക്കുന്ന ക്രെയിനുകൾ ...
Asamsakal