Posts

Showing posts from 2012

സ്വപ്‌നങ്ങള്‍ പൂവണിയുമ്പോള്‍...

Image
ഏറെ കാലങ്ങളായി കൊണ്ടു നടന്ന ഒരു സ്വപ്നം; അത് യാഥാര്‍ത്ഥ്യമാക്കാന്‍ രാപ്പകില്ലാതെ പ്രവര്‍ത്തിക്കുക - തടസ്സങ്ങളും സംഘര്‍ഷങ്ങളും നിരാശകളും നിറഞ്ഞു നിന്ന വഴികളിലൂടെ അവയെല്ലാം അതി ജീവിച്ച് സ്വപ്നം യാഥാര്‍ത്ഥ്യമാവുന്ന ആ സുന്ദര വേള, അതാണിപ്പോള്‍ ഞാന്‍ എന്‍റെ ചുറ്റിനും കാണുന്നത്. ഇക്കഥയുടെ ഒരു പ്രധാന അദ്ധ്യായം തുടങ്ങുന്നത്  21 കൊല്ലങ്ങള്‍ക്ക് മുന്‍പ് ഒരു പാലക്കാടന്‍ ഗ്രാമത്തിലെ എഞ്ചിനിയറിങ്ങ് കോളേജിലെ ക്യാമ്പസ്സില്‍ നിന്നാണ്... സഹൃദരും കലാകാരന്മാരുമായ ഒരു പറ്റം കൂട്ടുകാരുടെ പ്രിയ വേദിയായ ക്യാമ്പസ് തിയറ്റര്‍ അവരെ ഒരു വലിയ കൂട്ടായ്മയിലേക്ക് കൈ പിടിച്ചു നടത്തി! കലാലയ ജീവിതം കഴിഞ്ഞ് ജീവിതയാത്രയില്‍ പലവഴിക്ക് പിരിഞ്ഞെങ്കിലും ഈ കൂട്ടുകാര്‍ എന്നും പരസ്പരം ബന്ധപ്പെട്ടിരുന്നു. അവരുടെ ദൃഢമായ സൌഹൃദത്തില്‍ നിന്നും ഒരു പുതിയ സംരംഭം ഉരുത്തിരിഞ്ഞു വരികയും ഉണ്ടായി. മറ്റൊരദ്ധ്യായം കേരളത്തിന്‍റെ തെക്കേ അറ്റത്തും നടക്കുന്നു... ഏതൊരു കലാസ്നേഹിയെയും പോലെ സിനിമ എന്ന മായാലോകത്തെ സ്വപ്നം കണ്ട് ഒരു ചെറുപ്പക്കാരന്‍!; പരസ്യചിത്രങ്ങളുടെ വര്‍ണ്ണശബളമായ രംഗത്ത് നിറഞ്ഞു നില്‍ക്കുമ്പോഴും സിനിമ അയാളുടെ സ്വപ്നമായിരുന്നു.

e-മഷി ലക്കം 4 - വിശകലനം

Image
നിരൂപണം ഒരു കലയാണ്‌..; എനിക്കത് വലിയ വശമൊന്നുമില്ല. എങ്കിലും e-മഷിയെക്കുറിച്ച് ഒരു വിശകലനം വേണം എന്ന നിരന്തരമായ ആവശ്യം വന്നത് കൊണ്ട് മാത്രം അതിനു മുതിരുകയാണ്. ഇത് പൂര്‍ണ്ണമല്ലെങ്കില്‍, പക്വമല്ലെങ്കില്‍ ക്ഷമിക്കുക. ഈ കല ഞാന്‍ സ്വായത്തമാക്കി വരുന്നതേയുള്ളൂ... ഇനി കാര്യത്തിലേക്ക് കടക്കാം... ഓരോ ലക്കം പിന്നിടുമ്പോഴും e-മഷി കൂടുതല്‍ നന്നാവുകയാണ് എന്നതില്‍ തര്‍ക്കമില്ല. പ്രത്യേകിച്ചും ഇതിലെ രചനകള്‍ നമ്മുടെ ഇടയിലെ സാധാരണ ബ്ലോഗ്ഗര്‍മാരുടേതാണ് എന്ന യാഥാര്‍ത്ഥ്യം പരിഗണിക്കുമ്പോള്‍!.; ഇത് പറയാന്‍ കാരണം e-മഷിയിലെ  രചനകള്‍ സാഹിത്യലോകത്തെ പ്രഗത്ഭരായ വ്യക്തികള്‍ എഴുതിയവയല്ല; ഇവ എന്നെയും നിങ്ങളെയും പോലെ ബ്ലോഗിനെയും എഴുത്തിനേയും സ്നേഹിക്കുന്ന ഒരു പറ്റം സുഹൃത്തുക്കളുടെ രചനകളാണ്. ഇക്കാര്യം മനസ്സില്‍ വെച്ചുകൊണ്ട് തന്നെയാണ് ഈ വിലയിരുത്തല്‍...... എന്ന് പ്രത്യേകം പറയേണ്ടതില്ലല്ലോ... അപ്പോള്‍ തുടങ്ങട്ടെ? എഡിറ്റോറിയലില്‍ വിവര സാങ്കേതിക വിദ്യയെക്കുറിച്ച് പ്രതിപാദിച്ചിരിക്കുന്നത് വായിച്ചപ്പോള്‍ അതിനെക്കുറിച്ച് എന്തെകിലും ഒരു ലേഖനം ഉണ്ടാകുമെന്ന് പ്രതീക്ഷിച്ചു. അതുണ്ടായില്ല... എങ്കിലും പ്രസക്തമായ ഒരു വി

സ്നേഹം

Image
സ്നിഗ്ദ്ധമാം സ്നേഹത്തിന്‍ മണിവീണ മീട്ടിയെന്‍ ഹൃത്തില്‍ വന്നു നീ പുഞ്ചിരിപ്പൂ... ആലോലമാം കൈകളാലെന്നെ തഴുകുമൊരു സാനുവിന്‍ മൃദു സപ്ര്‍ശമെന്ന പോലെ... എന്‍ മനസ്സിന്‍ വീണക്കമ്പികളില്‍നിന്നുയര്‍-- ന്നൊരു ദേവഗാനത്തിന്‍ ശീലുകള്‍ ... മരുഭൂമിയാം മനസ്സിന്‍ മണിമുറ്റത്തൂടൊഴുകി, മരതകനിറമാര്‍ന്നൊരു നീരൊലി! സ്നേഹമൊരു നിറമലരായെന്‍ മനസ്സില്‍ വിരിയവേ വരണ്ടുപോയൊരെന്‍ ജീവനുമുണര്‍ന്നു; അതുല്യ സ്നേഹത്തിന്‍ സുന്ദരനിമിഷങ്ങളി,ലെല്ലാം മറന്നു നിന്‍ തണലില്‍ ഞാനിരുന്നു... കാലമെന്‍ കരളില്‍ വരയ്ക്കും വരകള്‍, കൊഴിയും പൂക്കളായ് മാറീടവേ; നിന്‍ സ്നേഹഗാനമെന്‍ പൂങ്കാവനത്തില്‍ നിറച്ചു നല്കുന്നിതായിരം വസന്ത- ത്തിന്‍ നിറങ്ങളേന്തും പൂക്കാലത്തിന്‍ ഹേമഭംഗി! ഒരു കൈത്തിരി നാളമായെന്‍ ജീവന്നു വെളിച്ചം പകര്‍ന്നു നിന്‍ സ്നേഹമെന്നന്തികത്തു മേയവേ, കൂരിരുള്‍ പടര്‍ത്തുമാ ഘോരാന്ധകാരമൊരു പകലൊളിതന്‍ സ്പര്‍ശനത്താലെന്നപോലില്ലാതായ്.... ചിത്രത്തിന് കടപ്പാട് : ഗൂഗിള്‍ ഇമേജ്

എന്താ ആരും പറഞ്ഞ് മനസ്സിലാക്കി കൊടുക്കാത്തത്?

Image
നവംബര്‍ ലക്കം e-മഷിയില്‍ ഉള്‍പെടുത്തിയിട്ടുള്ളതാണ് എന്‍റെ ഈ ലേഖനം. ഫേസ്ബുക്കിലെ   മലയാളം ബ്ലോഗേഴ്സ് കൂട്ടായ്മയുടെ ഓണ്‍ലൈന്‍ പ്രസിദ്ധീകരണമായ e-മഷി വായിക്കുവാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക പൊതുവേ പത്രം വായിക്കാന്‍ മടിയുള്ള പത്തുവസ്സുകാരന്‍ മകനെകൊണ്ട് അല്പം നിര്‍ബന്ധിച്ചു തന്നെ പത്രം വായിപ്പിയ്ക്കുകയായിരുന്നു... അപ്പോഴാണ്‌ കൂടംകുളത്തെ കുറിച്ചുള്ള ഒരു വാര്‍ത്ത അവന്‍ വായിക്കാനിടയായത്. അതെതാണ് എന്നവനു സംശയം. ('അച്ഛനുമമ്മയും നിര്‍ബന്ധിയ്ക്കുമ്പോള്‍ മാത്രമല്ല എന്നും പത്രം വായിക്കണം, എന്നാല്‍ മനസ്സിലായേനെ' എന്ന് തെല്ലൊരു നീരസത്തോടെ പറഞ്ഞ് ഞാന്‍ അവന് അതേ കുറിച്ച് പറഞ്ഞ് കൊടുക്കാന്‍ ശ്രമിച്ചു). ഞങ്ങളുടെ സംസാരം ഏതാണ്ട് ഇങ്ങിനെയായിരുന്നു.... 'അമ്മേ, എന്താ ഈ കൂടംകുളം?' 'അതൊരു സ്ഥലമാണ്'. 'കേരളത്തിലാണോ?' 'അല്ല കേരളത്തിനടുത്താണ്, തമിഴ്‌നാട്ടില്‍'. 'അവിടെ എന്താ പ്രശ്നം?' 'അവിടെ ഒരു ന്യൂക്ലിയര്‍ പവര്‍ പ്ലാന്‍റ് വരുന്നു. അത് അവിടത്തെ ആള്‍ക്കാര്‍ക്ക് സമ്മതമല്ല'. 'അതെന്താ കാരണം?' 'അത് സുരക്ഷിതമല്ല എന്നാണു അവര്‍ പറയുന്നത്' 'എന്

മയില്‍പ്പീലി

Image
മനസ്സിന്‍ മച്ചകത്തു നിന്നു ഞാനൊരു മഴവില്‍ വര്‍ണ്ണമേന്തും കുഞ്ഞു  മയില്‍പ്പീലി തിരഞ്ഞെടുത്തു സപ്ത വര്‍ണ്ണമേന്തുമാ പീലിയിലെന്‍ ജീവന്‍റെ സുന്ദരവര്‍ണ്ണങ്ങള്‍ മിന്നിത്തെളിഞ്ഞു നില്പൂ... സ്നേഹത്തിന്‍ കടുംനീലയില്‍ ഞാന്‍ കുളിര്‍ന്നു നില്‍ക്കെ, ഹരിതാഭമാം കൈയ്യാലെന്നെ തഴുകും പ്രകൃതിയാമമ്മ പോല്‍, ആനന്ദത്തിന്‍ പൊന്‍ നിഴല്‍-- ത്തൂകികൊണ്ടതാ സുവര്‍ണ്ണവും പുഞ്ചിരിപ്പൂ... മയില്‍‌പ്പീലിക്കണ്ണില്‍ കാണാവതായ് ഇതുവരെ- യറിയാത്തൊരു വികാരവായ്പ്പിന്‍ തിളക്കം; സ്വയമറിയാതെ ഞാനൊരു മയൂരമായ് മാറി- യോരാനന്ദ നൃത്തത്തിന്‍ ചുവടു വെച്ചിടുന്നു... ചിത്രത്തിനു  കടപ്പാട് - ഗൂഗിള്‍  ഇമേജ്

ഒരു മരണം ഉയര്‍ത്തിയ ചോദ്യങ്ങള്‍!

Image
'മുസ്‌ലിം പെണ്‍കുട്ടികളുടെ വിവാഹപ്രായം ഋജുമതിയാവലാണെന്നും 18 വയസ് തികയേണ്ടതില്ലെന്നും 2012 മെയ് മാസം ഡല്‍ഹി ഹൈക്കോടതി വിധി പ്രസ്താവിച്ചു. ശുമൈല(15 വയസ്) എന്ന പെണ്‍കുട്ടിയെ തട്ടികൊണ്ടുപോയ സംഭവത്തെ സംബന്ധിച്ചുള്ള കേസില്‍ ഡല്‍ഹി ഹൈക്കോടതി ജസ്റ്റിസുമാരായ ജസ ്റ്റിസ് രവീന്ദ്രഭട്ട്, ജസ്റ്റിസ് എസ്.പി.ഗാഗ് എന്നിവരാണ് സുപ്രധാനമായ ഈ വിധി പുറപ്പെട്ടുവിച്ചത്. 18 വയസ് തികയാതെ വിവാഹം കഴിക്കുന്നതും കഴിച്ചുകൊടുക്കുന്നതും ക്രിമനല്‍ കുറ്റമായി കണക്കാക്കി പ്രൊസിക്യൂഷന്‍ നടപടികള്‍ക്ക് വിധേയരാവുന്ന അവസ്ഥക്കാണറുതിവരുന്നത്. മഹല്ല് കമ്മിറ്റികള്‍ക്ക് പൂര്‍ണ ബോധ്യമുണ്ടെങ്കില്‍ ഋജുമതിയായ പെണ്‍കുട്ടികളുടെ വിവാഹത്തിന് ഇനി പ്രയാസമില്ല. ഖതീബ്, മാതാപിതാക്കള്‍, സാക്ഷികള്‍ ഇവര്‍ക്കും ബുദ്ധിമുട്ട് ഉണ്ടാവില്ല. ഇപ്പോള്‍ വിവിധ കോടതികളില്‍ നിലനില്‍ക്കുന്ന കേസുകള്‍ തീര്‍പ്പാക്കുന്നതിന് ഡല്‍ഹി കോടതി വിധി ആശ്വാസകരമാവും.' അബസ്വരങ്ങള്‍   എന്ന ബ്ലോഗിലൂടെ പലര്‍ക്കും പരിചിതനായ  സഹബ്ലോഗ്ഗര്‍ അബ്സാര്‍ മുഹമ്മദ്‌ ഫേസ് ബുക്കിലെ മലയാളം ബ്ലോഗേഴ്സ്  കൂട്ടായ്മയില്‍ ഒരു കമന്റിനു മറുപടിയായി എഴുതിയതാണ് മുകളില്‍ കണ്ട വാക്കുക ള്‍ !!! അ

ഒരു ഫുട്ബോള്‍ കഥ!

Image
പൊതുവേ ഫുട്ബോള്‍ ഇഷ്ടമാണെങ്കിലും പലരുടെയും പോലെ ക്ലബ് കളികളും മറ്റും ഞാന്‍ കാണാറില്ല. ഒരു സാധാരണ സ്പോര്‍ട്സ് പ്രേമിയായ എനിയ്ക്ക് ഫുട്ബോള്‍ ലോകത്തെ പ്രസ്തമായ ചില പേരുകള്‍ മാത്രമേ അറിയൂ താനും... എന്നാലും ഫുട്ബോളിനെ കുറിച്ചുള്ള ചില വാര്‍ത്തകള്‍ എന്‍റെ മനസ്സില്‍ സന്തോഷം നിറയ്ക്കുന്നു. നിങ്ങളിലെ ഫുട്ബോള്‍ പ്രേമികള്‍ ആശ്ചര്യപ്പെടേണ്ട; കേരള ഫുട്ബോളിന്‍റെ ഇപ്പോഴത്തെ ദയനീയ സ്ഥിതി എനിയ്ക്കറിയാം; ഞാനിവിടെ കളിക്കാരെക്കുറിച്ചല്ല പറയുവാന്‍ പോകുന്നത്, മറിച്ച് ഒരു റഫറിയെക്കുറിച്ചാണ്! ആരാണെന്നാവും, അല്ലെ? പറയാം.  കഴിഞ്ഞ കൊല്ലം ഫിഫയുടെ എലീറ്റ് പാനല്‍ റഫറിയായി തിരഞ്ഞെടുക്കപെട്ട   മലയാളിയായ എം ബി സന്തോഷ്കുമാര്‍ ആണ് ആ റഫറി! ഫുട്ബോളിന്‍റെ എ ബി സി ഡി മാത്രമറിയാവുന്ന ഞാന്‍ ഒരു റഫറിയെ കുറിച്ച് എന്തു പറയാന്‍, അല്ലേ? പക്ഷേ ഞാന്‍ പറയാന്‍ പോകുന്ന ആളെ വ്യക്തിപരമായി അറിയാം എന്നത് കൊണ്ടു തന്നെയാണ് ഇതിവിടെ പറയുന്നതും... പരിചയപെട്ടു കുറെ നാളുകള്‍ കഴിഞ്ഞ ശേഷമാണ് സന്തോഷ്‌ ഒരു റഫറിയാണെന്നു ഞാന്‍ അറിഞ്ഞത്.. സത്യത്തില്‍ സന്തോഷ്‌ ഒരു ഫുട്ബോളര്‍ ആണെന്ന് തന്നെ അറിഞ്ഞത് കുറെ കഴിഞ്ഞാണ്. ഞങ്ങള്‍ താമസിച്ചിരുന്ന ഫ്ലാറ്

നഷ്ടപെടുന്ന പൊതുസ്ഥലങ്ങള്‍!. ..

Image
ആദ്യമേ തന്നെ പറയട്ടെ - സഹ ബ്ലോഗര്‍  (ഒട്ടും നിസ്സാരനല്ലെങ്കില്‍ കൂടിയും)  നിസാരന്‍   എന്ന പേരില്‍ എഴുതുന്ന നിസാറിന്‍റെ പൊതു ഇടം നഷ്ടപെടുന്ന കുട്ടികള്‍  എന്ന ലേഖനവും ഈ എഴുത്തിനു പ്രചോദനമായി. മലയാളക്കര ആകെ മാറിയിരിയ്ക്കുകയാണ്... പച്ചപ്പു വിരിച്ച നെല്‍ പാടങ്ങളും അവയ്ക്കു നെടുകെയും കുറുകെയും ഓടുന്ന വരമ്പുകളും, തലയുയര്‍ത്തി നില്‍ക്കുന്ന കേരവൃക്ഷങ്ങളും, കാറ്റിലാടുന്ന തെങ്ങോലകളും, തെളിഞ്ഞ വെള്ളം നിറഞ്ഞു നില്‍ക്കുന്ന കുളങ്ങളും, ഗൃഹാതുരത്വം ഉണര്‍ത്തുന്ന തുടിയൊച്ച കേള്‍ക്കാറുള്ള കിണര്‍ വക്കുകളും, അങ്ങു ദൂരെ വരെ ഓടിയോടിക്കളിയ്ക്കാനുള്ള മുറ്റങ്ങളും, അലസമായ് പ്രകൃതിയോടു ചേര്‍ന്നു നടക്കാനുതകുന്ന തൊടി(പറമ്പു)കളും ഇന്ന് കാണാനേയില്ല... എന്‍റെ കുട്ടിക്കാലത്ത് പറമ്പിലും കുളത്തിലും പാടത്തും തോട്ടിലും മേട്ടിലുമൊക്കെ ഞങ്ങള്‍ ശങ്കയില്ലാതെ ഓടിക്കളിയ്ക്കുമായിരുന്നു... പൊരിവെയിലത്തും കോരിച്ചൊരിയുന്ന മഴയിലും കുട്ടികള്‍ വീടിന്നകത്ത്‌ കുത്തിയിരിയ്ക്കാറില്ല ... മഴവെള്ളത്തില്‍ കളിച്ചും, ഉച്ചവെയിലില്‍ വാടിയും, കുട്ടിക്കാലം ഏറെ രസകരമായ ഒരാഘോഷമായി കൊണ്ടാടി. സ്കൂളുകളിലും വിശാലമായ മുറ്റമുണ്ടായിരുന്നു - ഓടിയും ച

അദ്ധ്യാപക ദിനം !

Image
ഒരദ്ധ്യാപക ദിനം കൂടി കടന്നു പോയിരിയ്ക്കുന്നു... ഫേസ് ബുക്കിലും മറ്റും എല്ലാവരും തങ്ങളുടെ അധ്യാപകരെക്കുറിച്ച് ഏറെ സ്നേഹത്തോടെയും ആദരവോടെയും ഓര്‍മ്മിച്ചത് കണ്ടു. ഞാനും എന്‍റെ അദ്ധ്യാപകരേയും ഗുരുസ്ഥാനീയരെയും ആ ദിനത്തില്‍ പ്രത്യേകം ഓര്‍ത്തിരുന്നുവെന്നത് സത്യം തന്നെ. അവരില്‍ പലരെയും ഞാന്‍ അന്ന് മാത്രമല്ല, ഒരു വിധം എല്ലാ ദിവസങ്ങളിലും ഓര്‍ക്കാറുണ്ട് എന്നത് വേറെ ഒരു സത്യം!!! എന്നെ പഠിപ്പിച്ച എല്ലാവരെയും ഞാന്‍ തികഞ്ഞ ആദരവോടെയാണ് ഓര്‍ക്കാറുള്ളത് . രണ്ടു പതിറ്റാണ്ടു നീണ്ട പഠന കാലയളവില്‍ എത്രയോ അദ്ധ്യാപകരുടെ ശിഷ്യയായിരുന്നു ഞാന്‍?!!!  അവരില്‍ പലരും വിസ്മൃതിയിലാണ്ടു പോയെങ്കിലും ഒരിയ്ക്കലും മറക്കാത്ത ചില നക്ഷത്രങ്ങളും അവരിലുണ്ട്... ഒന്നാം ക്ലാസ്സിലെ സൌമിനി ടീച്ചര്‍ , ചെറിയ ക്ലാസ്സുകളില്‍ പഠിപ്പിച്ച ജയാ മിസ്സ്‌, ഉഷാ മിസ്സ്‌ എന്നിവരെ കൂടാതെ സിസ്റ്റര്‍ സോഫിയ തുടങ്ങിയവര്‍ എന്‍റെ ജീവിതത്തിന്റെ തന്നെ അടിത്തറ പാകുകയായിരുന്നുവെന്ന് അന്ന് ഞാന്‍ തിരിച്ചറിഞ്ഞിരുന്നില്ല... പൊതുവേ നാണം കുണുങ്ങിയായിരുന്ന എന്‍റെ മേലും അവരുടെ കണ്ണുകള്‍ ഉണ്ടായിരുന്നുവെന്നത് ഇപ്പോള്‍ ഒരത്ഭുതമായി തോന്നുന്നു... സി. റോസ് മേ

ചില തോന്നലുകള്‍ !

Image
ഒരു നീണ്ട യാത്രയ്ക്കിടയിലാണിത് എഴുതുന്നത്. കുറെയധികം നാളുകളായി  ഞാന്‍ എന്റെ ആദ്യത്തെ കണ്മണി  10000  പേജ് വ്യൂ  തികയ്ക്കുന്ന ദിനവും കാത്തിരിയ്ക്കാന്‍ തുടങ്ങിയിട്ട് ! ഒരു ബ്ലോഗ്ഗര്‍ എന്ന നിലയില്‍ എന്റെ വളര്‍ച്ച എനിയ്ക്കു തന്നെ അത്ഭുതമാണ്... വെറുമൊരു നേരമ്പോക്കിന് വേണ്ടി ഞാന്‍ കുത്തിക്കുറിച്ച വരികള്‍ എത്രയോ ആളുകള്‍ വായിക്കുന്നു!!! മാത്രമല്ല,  അവരുടെ വിലപ്പെട്ട അഭിപ്രായങ്ങളും നിര്‍ദ്ദേശങ്ങളും മാര്‍ഗ്ഗദര്‍ശനങ്ങളും നല്‍കി എന്നെ മുന്നേറാന്‍ പ്രേരിപ്പിയ്ക്കുന്നു... ഒരെളിയ എഴുത്തുകാരിയ്ക്ക് പ്രചോദനമാകാന്‍ ഇതില്‍ കൂടുതലായൊന്നും വേണ്ടെന്നു തോന്നുന്നു!!! എന്നിരുന്നാലും ഒരു സംശയം മനസ്സില്‍ ഉയര്‍ന്നു വന്നു.. എന്തെ എന്റെ ബ്ലോഗിന്റെ സന്ദര്‍ശകരുടെ എണ്ണം ഇത്ര കുറവ്??? ഞാന്‍ സമയം കിട്ടുമ്പോഴൊക്കെ മറ്റു ബ്ലോഗുകള്‍ വായിക്കുകയും എന്റെ അഭിപ്രായങ്ങള്‍ അറിയിക്കുകയും ചെയ്യാറുണ്ടല്ലോ !!! പിന്നെയാണ് കാര്യം പിടി കിട്ടിയത് -പേജ് വ്യു പലപ്പോഴും വെറുമൊരു പറ്റിക്കല്‍ പണിയാണ് - നമുക്ക് തന്നെ നമ്മുടെ പേജ് വ്യു-ന്റെ എണ്ണം കൂട്ടാം. അത് കൊണ്ട് തന്നെ അത് ഒരു ശരിയായ കണക്കല്ല...ഇക്കാര്യം മനസ്സിലായ ഉടനെ ഞാന്‍ എന്റെ ഐ പി

തൂലിക

Image
എഴുതുവാനായ് ഞാനെടുത്ത തൂലികത്തുമ്പില്‍   വിരിയാത്തതെന്തേ അക്ഷരപ്പൂമൊട്ടുകള്‍ ? നിണമണിഞ്ഞൊരു വാള്‍മുന പോലെയെന്‍ ഹൃത്തിനെയെന്തിനിന്നീ തൂലിക കീറി മുറിയ്ക്കുന്നു??? മധുരമാം സ്വപ്നങ്ങളൊരു കുന്നോളം വരച്ചുകാട്ടിയോ- രെന്‍ തൂലികയെന്തേ കാട്ടാള വേഷമിന്നണിഞ്ഞിരിപ്പൂ? സാന്ത്വനമായ് പെയ്തിറങ്ങേണ്ടുന്ന വാക്കുകളെന്തേ കരാളഹസ്തം നീട്ടിയെന്നെ കെട്ടിവരിഞ്ഞിടുന്നു? മനസ്സിന്‍ മുറിവുകളില്‍ നിന്നൊലിച്ച നിണകണങ്ങളാ- ലെന്‍ ദേഹമിപ്പോള്‍ രക്തവര്‍ണ്ണമാകവേ, സ്നേഹമാമോരിറ്റു വെള്ളത്തിന്‍ കൊച്ചു കണികയെന്നെ തേടി വന്നെങ്കിലെന്നു വ്യഥിതമാമെന്‍ ഹൃദയത്തിന്‍ കേഴലുകള്‍ ഞാന്‍ കേള്‍പ്പൂ! ചിത്രത്തിനു കടപ്പാട് : ഗൂഗിള്‍ ഇമേജ്

തൂതപ്പുഴ!!!

Image
തൂതപ്പുഴ എന്നും ഒരു വ്യത്യസ്തമായ ഒരോര്‍മ്മയാണ്. മറ്റു പുഴകളിലെന്ന പോലെ പഞ്ചാര മണല്‍ പ്പരപ്പും മണല്‍ ലോറികളും തൂതപ്പുഴയില്‍ കാണാറില്ല. പകരം ജലപ്പരപ്പുകളില്‍ അങ്ങിങ്ങ് തലയുയര്‍ത്തി നില്‍ക്കുന്ന പാറക്കൂട്ടങ്ങളാണ് തൂതപ്പുഴയുടെ മുഖമുദ്ര! ഏതു വേനലിലും തൂതപ്പുഴയില്‍ കളകളാരവം മുഴക്കിയൊഴുകുന്ന വെള്ളത്തിളക്കം കാണാം! അപ്പോഴൊക്കെ തോന്നിയിട്ടുണ്ട്,  പഞ്ചാരമണലില്ലാത്ത നദീതടമാണ്  തൂതപ്പുഴയുടെ ഭാഗ്യമെന്ന്... അല്ലെങ്കില്‍ മണല്‍ ഖനനം നടത്തി നാം അതിനെയും കൊ ന്നേനെ!!! തൂത പാലത്തിലൂടെ എത്രയോ തവണ അങ്ങോട്ടുമിങ്ങോട്ടും സഞ്ചരിച്ചിരിയ്ക്കുന്നു . ഓരോ തവണയും ആ സവിധത്തിലെത്തുമ്പോള്‍ ഉള്ളു കുളിര്‍ക്കും. അതിവേഗം പായുന്ന വാഹനത്തിന്റെ ജാലകത്തിലൂടെ പുഴയുടെ മനോഹാരിത എന്റെയുള്ളിലേയ്ക്കാവാഹിച്ചു ഞാന്‍ നിര്‍വൃതിയണയും. പുഴവക്കത്തെ ആല്‍മരവും, ഭഗവതിക്കാവും ഏറെ തെളിമയോടെ മനസ്സില്‍ നിറഞ്ഞു നില്‍ക്കുന്നു. ഒരു ദേശത്തിന്റെ സ്പന്ദനവും പേറി പുഴയൊഴുകുമ്പോള്‍ നാടിന്നും നാട്ടാര്‍ക്കും ജീവന്‍ തന്നെയാണ് പ്രദാനം ചെയ്യുന്നത്!  തൂതപ്പുഴയുടെ നന്മയില്‍ മുങ്ങിക്കുളിച്ച ഒരു സായം സന്ധ്യ എന്നും മനസ്സിന്റെ കോണില്‍ ഒരു മനോഹര സ്

മഹാകവി കൈതയ്ക്കല്‍ ജാതവേദന്‍ !

Image
മലയാളത്തിനായ് നീക്കി വെച്ച ഈ താളുകളില്‍ ആദ്യമായ്  എഴുതുന്നത്‌ അമ്മാമനെ കുറിച്ച് തന്നെയാവട്ടെ... അക്ഷരങ്ങളുടെ ലോകത്ത് വിളറി നിന്ന എന്നെ ഒരു പുസ്തകപ്രേമിയാക്കുവാനും വായന ഒരു ശീലമാക്കുവാനും പ്രചോദനമായത് എന്റെ വല്യമ്മമനായിരുന്നു... കുട്ടിക്കാലത്ത് അമ്മയുടെ അനിയനെന്നതിലുപരി ഞാന്‍ അമ്മാമനെക്കുറിച്ച് ചിന്തിച്ചിരുന്നത് കര്‍ക്കശനായ ഒരദ്ധ്യാപകന്‍ എന്ന നിലയിലായിരുന്നുവെന്ന് ഇപ്പോള്‍ അറിയുന്നു... കട്ടിച്ചില്ലുള്ള കണ്ണടയിലൂടെയുള്ള നോട്ടത്തില്‍ ഒരു അമ്മാമന്റെ വാത്സല്യത്തെക്കാള്‍ ഞാന്‍ കണ്ടത് ഒരു മലയാള അദ്ധ്യാപകന്റെ നോട്ടമായിരുന്നു... അതില്‍ ഒളിച്ചിരുന്ന സ്നേഹം മനസ്സിലാക്കാന്‍ കുറച്ചു വലുതായിട്ടേ എനിയ്ക്ക് കഴിഞ്ഞുള്ളൂ എന്നതില്‍ ഞാന്‍ ലജ്ജിയ്ക്കുന്നു...  തനി നാടന്‍ ഭാഷയില്‍ പറഞ്ഞാല്‍ 'ഒരു ബോധം വയ്ക്കുന്നത് വരെ' അദ്ദേഹത്തെ 'ഭയ-ബഹുമാന'ത്തോടെ മാത്രമേ ഞാന്‍ നോക്കിക്കണ്ടിട്ടുള്ളൂ! ശുദ്ധ മലയാളത്തില്‍ സംസാരിയ്ക്കാനും ഒരളവു വരെയെങ്കിലും ഭാഷയുടെ സംശുദ്ധി കാത്തു സൂക്ഷിയ്ക്കാനും എന്നെ പ്രേരിപ്പിച്ചതും ഈ വികാരങ്ങള്‍ തന്നെ.. ഒരിയ്ക്കല്‍ ചിത്രം വരച്ചു കണ്ടിരുന്ന എന്റെ അരുകിലെത്തി ഞാനു

ആമുഖം

കഴിഞ്ഞ കുറെ നാളുകളായി ഈ മോഹം മനസ്സില്‍ തോന്നിയിട്ട് ...രണ്ടു - മൂന്നു ഭാഷകള്‍ വലിയ തരക്കേടില്ലാതെ കൈകാര്യം ചെയ്യാന്‍ കഴിഞ്ഞപ്പോള്‍ തോന്നി, മലയാളത്തിന്നായി ഒരേട്‌ വേണമെന്ന്... ആ തോന്നല്‍ ശക്തമായപ്പോള്‍ ഈ താള്‍ രൂപമെടുത്തു... കഴിഞ്ഞ  കുറെ ദിവസങ്ങളായി കിട്ടാതിരുന്ന ഒഴിവു വേള ഇതിനായി ഉടന്‍ വിനിയോഗിച്ചു. മലയാളത്തിന്റെ മാധുര്യം അതുല്യമാണ്. മാതൃഭാഷയെ നെഞ്ചോടു ചേര്‍ത്തു വളര്‍ന്ന ഒരു തനി മലയാളി എന്ന നിലയില്‍ ഈ എളിയ സംരംഭം മഹത്തായ  ഈ  ഭാഷയോടുള്ള ഒരു ആദര സൂചകവും ആണെന്ന് ഞാന്‍ വിശ്വസിയ്ക്കുന്നു... സാഹിത്യ ലോകത്തിന്റെ പടി വാതിലില്‍ എത്തി നോക്കി പകച്ചു നില്‍ക്കുന്ന എനിയ്ക്കുള്ള യോഗ്യത മലയാള മണ്ണില്‍ പിറന്നുവെന്നും ആ മധുര ഭാഷ അല്പമെങ്കിലും നുകരുവാന്‍ കഴിഞ്ഞുവെന്നതും മാത്രമാണ് ... ഇവിടെ കുറിയ്ക്കുന്ന ഓരോ അക്ഷരങ്ങളും ഒരു സാധനയായ് ഞാന്‍ കൈരളിയാം അമ്മയ്ക്ക് സമര്‍പ്പിയ്ക്കട്ടെ!  എന്റെ ഈ കൊച്ചു യാത്രയില്‍ എന്നെ പിന്താങ്ങിയ എല്ലാവര്‍ക്കും ഏറെ നന്ദി! തുടര്‍ന്നും എന്റെയീ യാത്രയില്‍ നിങ്ങളുടെ മാര്‍ഗ്ഗ നിര്‍ദ്ദേശങ്ങള്‍ എനിയ്ക്ക് തുണയേകുമെന്നു വിശ്വസിച്ചു ഞാന്‍ ഈ യാത്ര തുടരട്ടെ...