തൂതപ്പുഴ!!!
തൂതപ്പുഴ എന്നും ഒരു വ്യത്യസ്തമായ ഒരോര്‍മ്മയാണ്. മറ്റു പുഴകളിലെന്ന പോലെ പഞ്ചാര മണല്‍പ്പരപ്പും മണല്‍ ലോറികളും തൂതപ്പുഴയില്‍ കാണാറില്ല. പകരം ജലപ്പരപ്പുകളില്‍ അങ്ങിങ്ങ് തലയുയര്‍ത്തി നില്‍ക്കുന്ന പാറക്കൂട്ടങ്ങളാണ്
തൂതപ്പുഴയുടെ മുഖമുദ്ര! ഏതു വേനലിലും തൂതപ്പുഴയില്‍ കളകളാരവം
മുഴക്കിയൊഴുകുന്ന വെള്ളത്തിളക്കം കാണാം! അപ്പോഴൊക്കെ തോന്നിയിട്ടുണ്ട്, പഞ്ചാരമണലില്ലാത്ത നദീതടമാണ് തൂതപ്പുഴയുടെ ഭാഗ്യമെന്ന്... അല്ലെങ്കില്‍ മണല്‍ ഖനനം നടത്തി നാം അതിനെയും കൊന്നേനെ!!!
തൂത പാലത്തിലൂടെ എത്രയോ തവണ അങ്ങോട്ടുമിങ്ങോട്ടും സഞ്ചരിച്ചിരിയ്ക്കുന്നു. ഓരോ തവണയും ആ സവിധത്തിലെത്തുമ്പോള്‍ ഉള്ളു കുളിര്‍ക്കും. അതിവേഗം പായുന്ന
വാഹനത്തിന്റെ ജാലകത്തിലൂടെ പുഴയുടെ മനോഹാരിത എന്റെയുള്ളിലേയ്ക്കാവാഹിച്ചു
ഞാന്‍ നിര്‍വൃതിയണയും. പുഴവക്കത്തെ ആല്‍മരവും, ഭഗവതിക്കാവും ഏറെ
തെളിമയോടെ മനസ്സില്‍ നിറഞ്ഞു നില്‍ക്കുന്നു. ഒരു ദേശത്തിന്റെ സ്പന്ദനവും
പേറി പുഴയൊഴുകുമ്പോള്‍ നാടിന്നും നാട്ടാര്‍ക്കും ജീവന്‍ തന്നെയാണ് പ്രദാനം
ചെയ്യുന്നത്!
തൂതപ്പുഴയുടെ നന്മയില്‍ മുങ്ങിക്കുളിച്ച ഒരു സായം സന്ധ്യ എന്നും മനസ്സിന്റെ
കോണില്‍ ഒരു മനോഹര സ്മരണയായ് കുടി കൊള്ളുന്നു. കുട്ടിക്കാലത്ത് ഒരു ദിവസം
നിനച്ചിരിയ്ക്കാതെ അച്ഛനും ഏട്ടന്മാരും പുഴയില്‍ നീന്തിക്കുളിയ്ക്കാന്‍
കൊണ്ടുപോയത് സുഖമുള്ള ഒരമ്പരപ്പായി ഇന്നും നില കൊള്ളുന്നു... തണുത്ത
വെള്ളത്തില്‍ നീന്തിത്തിമര്‍ത്ത് മതി വന്നില്ല. അത്തരമൊരു സംഭവം അതിനു
മുന്‍പും പിന്‍പും ഉണ്ടായിട്ടില്ല - അതിനാല്‍ തന്നെ ആ ദിനം നിറം മങ്ങാത്ത
ഓര്‍മ്മയായ് ഇന്നും എന്നെ മോഹിപ്പിയ്ക്കുന്നുണ്ട്. വേനലവധിക്കാലത്ത്
കുട്ടികളെ രാമഞ്ചാടിയില്‍ കൊണ്ടു പോവണമെന്ന ആഗ്രഹം മൊട്ടിട്ടതും ഈ
ഓര്‍മകളുടെ ബലത്തിലാണെന്നു തോന്നുന്നു. പല പല കാരണങ്ങളാല്‍ അത്
നടന്നില്ല. നീന്താന്‍ അറിയാത്ത നാലഞ്ചു കൊച്ചു കുട്ടികളെയും കൊണ്ടു
പുഴയിലേയ്ക്ക് തനിയെ പോവാന്‍ അച്ഛനും ഒരു മടി. തിരക്കാര്‍ന്ന ജീവിത
യാനത്തില്‍ നമ്മുടെ കുട്ടികള്‍ക്ക് എന്തെല്ലാം നഷ്ടമാവുന്നു!!! ഒരേയൊരു
ആശ്വാസം മുത്തച്ഛന്റെ കൂടെ ചിലവിട്ട സായാഹ്നങ്ങളില്‍ അമ്പലക്കുളത്തിലെ
വിശാലതയില്‍ അവരെല്ലാം നീന്തല്‍ പഠിച്ചുവെന്നതാണ്.
എന്തായാലും ഒരിയ്ക്കല്‍ അവരെ ആ പുഴയോരത്തു കൊണ്ടു പോവണം. തെളിനീരും പേറിയൊഴുകുന്ന തൂതപ്പുഴയുടെ ശീതളിമയില്‍ നീന്തിത്തുടിയ്ക്കാനുള്ള അവസരവും ഓര്‍ത്തു വെയ്ക്കുവാന്‍ സുന്ദരമായ ബാല്യകാല സ്മരണകളും അവര്‍ക്കും ഉണ്ടാകട്ടെ! കമ്പ്യുട്ടറും ടീവിയും വീഡിയോ ഗെയ്മുകളും മാത്രമല്ല, പ്രകൃതിയുടെ സ്നേഹമൊഴുകുന്ന കരസ്പര്‍ശനങ്ങളും അറിഞ്ഞു ആ കുരുന്നുകള്‍ വളരട്ടെ. നാളെയൊരിയ്ക്കല്‍ ബാല്യത്തെക്കുറിച്ചോര്‍ക്കുമ്പോള്‍ മനസ്സില്‍ കുളിര് കോരിയിടാന്‍ തൂതപ്പുഴ അവര്‍ക്കും അവസരമേകട്ടെ..
ചിത്രത്തിന് കടപ്പാട് : ഗൂഗിള്‍ ഇമേജ്
Comments
village girl
നല്ല ഭാഷ, നല്ല ശൈലി
ഹൃദ്യമായി ഈ കുറിപ്പ്. അഭിനന്ദനങ്ങൾ.
തണുത്ത വെള്ളത്തില്‍ കുളിച്ചത് പോലെ സുഖമുള്ള എഴുത്ത്.
കുറച്ചു സമയം കണ്ടെത്തി ഇവിടെ വന്ന് ഈ നല്ല വാക്കുകള്‍ അറിയിച്ചതിനു നന്ദി!
ഒത്തിരി തവണ കേട്ടു ഇഷ്ടപ്പെട്ട പുഴയാണ്, തൂതപ്പുഴ !
പുഴയെ ചുറ്റിപ്പറ്റിയുള്ള മധുരമുള്ള ഓര്‍മകള്‍ക്ക്, പുഴയിലെ വെള്ളത്തിന്റെ കുളിരുണ്ട്.
പുഴകളും നദികളും കുളങ്ങളും ഒത്തിരി ഇഷ്ടമാണ്. ഇപ്പോള്‍ കണികണ്ടുണരാന്‍, ഒരു നീലക്കടലുണ്ട്.
ഈ പൊന്നോണനാളുകളില്‍ ഹൃദയത്തില്‍ ശുഭപ്രതീക്ഷകള്‍ നിറയട്ടെ !
വളരെ നന്നായി എഴുതി !അഭിനന്ദനങ്ങള്‍ !
സസ്നേഹം,
അനു
നമ്മളിലൂടെ മാത്രം തിരിച്ചു കൊടുക്കാന്‍ കഴിയുന്നത് ..
തൂതപുഴ ഭാഗ്യവതി തന്നെ , അഗാത ഗര്‍ത്തങ്ങളില്‍
മരിച്ചു വീഴാന്‍ അവള്‍ക്ക് ഗതി വന്നില്ലല്ലൊ ..
മനസ്സിനുള്ളില്‍ ആ സുന്ദരീ നിറഞ്ഞു നില്‍ക്കുന്നുണ്ട്
വരികളിലൂടെ അതിന്റെ ഭംഗിയും പ്രകടമാകുന്നുണ്ട് ..
ഈ ചിത്രവും ..... നിബന്ധനകളില്ലാതെ തൂതപുഴയില്‍
മനവും മെയ്യും കുളിര്‍ക്കാനാകട്ടെ ..സ്നേഹപൂര്‍വം
എനിക്കും പോകണം ഒരിക്കല്‍ കൂടി തൂതയിലേക്ക്. ബാല്യകാലത്തിലേക്ക് കൊണ്ട് പോയതിനു നന്ദി .
ഓണനാളുകള്‍ നിങ്ങള്‍ക്കും ഒരായിരം നന്മകള്‍ കൊണ്ടു വരട്ടെ എന്നാശംസിയ്ക്കുന്നു..
സ്നേഹപൂര്‍വ്വം
നിഷ
പറയാതെ പറഞ്ഞ ഈ വാക്കുകള്‍ ഞാന്‍ അത്യന്തം കൃതാര്‍ത്ഥതയോടെ സ്വീകരിച്ചിരിയ്ക്കുന്നു!നന്ദി!
പലപ്പോഴും എനിയ്ക്ക് കഴിയാത്ത കാര്യമാണ് ചുരുക്കിയെഴുതല്‍ ബാല്യത്തിലെ ചെരിയൊരോര്‍മ്മയെ തുറന്നിട്ടു എന്നെ ഉള്ളു... അത് വലിച്ചു നീട്ടിയാല്‍ ഇത്രയും മനോഹാരിത ഉണ്ടാവുമായിരുന്നോ എന്നറിയില്ല... എങ്കിലും നിങ്ങള്‍ പറഞ്ഞ കാര്യം തീര്‍ച്ചയായും മനസ്സില്‍ വെയ്ക്കാം. അടുത്ത തവണ ഇതിലും കൂടുതല്‍ എഴുതാനാവും എന്ന് ആശിയ്ക്കുന്നു...
സസ്നേഹം
നിഷ
തൂതപ്പുഴ അകാല മൃത്യുവിലേയ്ക്കുള്ള യാത്ര ഇനിയും തുടങ്ങിയിട്ടില്ല എന്നൊരു ശുഭാപ്തിവിശ്വാസമുണ്ട്. അവളുടെ മനോഹാരിത ചിലര്‍ക്കെങ്കിലും പകര്‍ന്നു നല്‍കാനായത് ഒരു നിമിത്തം മാത്രം...
വരാനിരിയ്ക്കുന്ന തലമുറകള്‍ക്കും ഇത്തരം മധുര സ്മരണകള്‍ അയവിറക്കാനുള്ള അവസരങ്ങളുണ്ടാവട്ടെ എന്നാണിപ്പോള്‍ ആശിയ്ക്കുന്നത്...
എന്തായാലും നല്ല വാക്കുകള്‍ക്കും പ്രോത്സാഹനത്തിനും ഏറെ നന്ദി!
ഈ ഫോട്ടോയിൽ കാണുന്നതിന്റെ ഒരു വശത്ത് പള്ളിയും എതിർ വശത്ത് അമ്പലവുമാണ്. എത്ര മനോഹരമായ പ്രദേശം. വലതു വശത്ത് കാണുന്ന ആ നീളമുള്ള കല്ലിന്റെ പേരാണ് “മോല്യാർ കല്ല്” അവിടെയാണ് എന്റെ കുട്ടിക്കാലത്തിന്റെ ഭൂരിഭാഗവും ചെലവഴിച്ചത് എന്ന് പറഞ്ഞാൽ അത്ഭുതപ്പെടേണ്ട. സുന്ദരികൾ കുളിക്കുന്നത് നേരെ എതിർ വശത്താണ്. (അത് തന്നെ , ധാരാളം കണ്ടിട്ടുണ്ട് തരുണീമണികളുടെ നനഞ്ഞൊട്ടിയ ദേഹങ്ങൾ) :)
ഞാൻ കൊടുത്തിട്ടുള്ള ലിങ്ക് അമർത്തി വായിച്ചാൽ തൂതപ്പുഴയെ കുറിച്ചും, പാശ്ചാത്യ ശക്തികൾക്കെതിരെ പട പൊരുതുന്നതിലും ഈ പുഴ വഹിച്ച് പങ്ക് മനസ്സിലാക്കാം... നന്ദി നിഷ എന്റെ ഈ ജീവനെ പരിചയപ്പെടുത്തിയതിന്. ഞാൻ ഇത്രയും വാചാലമാകാൻ കാരണം ഞാൻ തൂതപ്പുഴയുടെ രാജകുമാരനാണ്, അങ്ങനെയാണ് എന്നെ അറിയുന്ന ചിലർ ബൂലോകത്ത് വിശേഷിപ്പിച്ചിരുന്നത്.
സത്യം പറഞ്ഞാല്‍ ഭഗവതി കാവില്‍ പോലും ഞാന്‍ വന്നിട്ടില്ല- ഒരുപാടു തവണ ആ മുന്നിലൂടെ പോയിട്ടുണ്ടെങ്കിലും!!!! കുളിക്കടവും മോല്യാര്‍ കല്ലുമൊക്കെ കണ്ടിട്ടുണ്ട് - കള്ളിന്റെ പേര് മോഹി പറയുമ്പോഴാണ് അറിയുന്നത്...
നിങ്ങളുടെ ബ്ലോഗ് ഞാന്‍ വായിച്ചിരുന്നു... തൂതപ്പുഴ കാണുമ്പോള്‍ ഇനി തൂതപ്പുഴയുടെ രാജകുമാരനെ കൂടി ഓര്‍ക്കും - തീര്‍ച്ച!