തൂലിക
എഴുതുവാനായ് ഞാനെടുത്ത തൂലികത്തുമ്പില്‍ വിരിയാത്തതെന്തേ അക്ഷരപ്പൂമൊട്ടുകള്‍ ? നിണമണിഞ്ഞൊരു വാള്‍മുന പോലെയെന്‍ ഹൃത്തിനെയെന്തിനിന്നീ തൂലിക കീറി മുറിയ്ക്കുന്നു??? മധുരമാം സ്വപ്നങ്ങളൊരു കുന്നോളം വരച്ചുകാട്ടിയോ- രെന്‍ തൂലികയെന്തേ കാട്ടാള വേഷമിന്നണിഞ്ഞിരിപ്പൂ? സാന്ത്വനമായ് പെയ്തിറങ്ങേണ്ടുന്ന വാക്കുകളെന്തേ കരാളഹസ്തം നീട്ടിയെന്നെ കെട്ടിവരിഞ്ഞിടുന്നു? മനസ്സിന്‍ മുറിവുകളില്‍ നിന്നൊലിച്ച നിണകണങ്ങളാ- ലെന്‍ ദേഹമിപ്പോള്‍ രക്തവര്‍ണ്ണമാകവേ, സ്നേഹമാമോരിറ്റു വെള്ളത്തിന്‍ കൊച്ചു കണികയെന്നെ തേടി വന്നെങ്കിലെന്നു വ്യഥിതമാമെന്‍ ഹൃദയത്തിന്‍ കേഴലുകള്‍ ഞാന്‍ കേള്‍പ്പൂ! ചിത്രത്തിനു കടപ്പാട് : ഗൂഗിള്‍ ഇമേജ്