നിത്യാഭ്യാസി ആനയെ എടുക്കും
നിത്യാഭ്യാസി ആനയെ എടുക്കും അങ്ങനെ വീണ്ടുമൊരു 'സ്വയംപൊക്കൽ' ദിവസം വന്നെത്തിയിരിക്കുന്നു. ഇന്ന് എന്റെ നിത്യേനയുള്ള ചിത്രംവര യജ്ഞത്തിന്റെ രണ്ടാം വാർഷിക മഹാമഹമാണ് :) രണ്ടായിരത്തിപതിനേഴാമാണ്ട് നവംബർ പതിനെട്ടാം തിയതി 'ഇന്ന് മുതൽ ഞാൻ എല്ലാ ദിവസവും വരയ്ക്കും' എന്ന് തീരുമാനിച്ചപ്പോൾ ഞാൻ കരുതിയതല്ല ആ തീരുമാനം എന്റെ ജീവിതത്തെ ഇത്രയധികം മാറ്റിമറയ്ക്കുമെന്ന്. ഇക്കൊല്ലം തുടക്കത്തിൽ ഇങ്ങനെ ആയിരുന്നു ആദ്യത്തെ കൊല്ലത്തെ എന്റെ ശ്രമങ്ങളെക്കുറിച്ച് ഞാൻ കഴിഞ്ഞ കൊല്ലം എഴുതിയിരുന്നല്ലോ. ഇക്കൊല്ലം എന്റെ ശ്രമം താരതമ്യേനെ എളുപ്പമായിരുന്നുവെങ്കിലും 'സമയം കണ്ടെത്തൽ' ഒരു വലിയ പ്രശ്നമായിരുന്നു. പിന്നീട് കുറച്ചൊക്കെ മെച്ചപ്പെട്ടു ചിലരെങ്കിലും എന്റെ ശ്രമങ്ങളെ കുറച്ചു കാട്ടാൻ ശ്രമിച്ചതായി എനിക്കറിയാം. അവരുടെ വാദങ്ങൾ വിചിത്രമായിരുന്നു - ഓ, അവൾക്ക് ജോലിയൊന്നും ഇല്ലല്ലോ, അവളുടെ മക്കളൊക്കെ വലുതായില്ലേ അതോണ്ട് അവരുടെ കാര്യമൊന്നും നോക്കണ്ട, ഇഷ്ടം പോലെ സമയമുള്ളതിനാൽ എന്തും ചെയ്യാം... ഇങ്ങനെ നീണ്ടു പോകുന്ന ആക്ഷേപങ്ങളെ കേട്ടില്ലെന്നും അറിഞ്ഞില്ലെന്നും നടിക്കുകയായിരുന്നു പതിവ്.