പഴുത്ത പ്ലാവിലകള്‍ ഞെട്ടറ്റു വീഴുമ്പോള്‍
പ്രായമായ അമ്മമാരെ മക്കള്‍ ഗുരുവായൂരില്‍ നടതള്ളുന്നു എന്ന വാര്‍ത്ത മാദ്ധ്യമങ്ങളില്‍ വന്നപ്പോള്‍ സത്യത്തില്‍ എനിക്കദ്ഭുതമൊന്നും തോന്നിയില്ല. നാട്ടില്‍ നടക്കുന്ന പല വാര്‍ത്തകളും കേട്ട് കേട്ട് ഒരുതരം നിസ്സംഗത എന്റെ മനസ്സിലും വേരുറപ്പിച്ചിരിക്കുന്നുവെന്ന് തോന്നുന്നു. പത്രമെടുത്താല്‍ കാണാവുന്നത് അഴിമതിയുടേയും, തട്ടിപ്പിന്റെയും വഞ്ചനയുടെയും മാത്രമല്ല, അതി ഭീകരമായ മനുഷ്യ മനസ്സിന്റെ ക്രൂരകഥകള്‍ കൂടിയാണ്. പലപ്പോഴും അവയെല്ലാം ഒന്നോടിച്ചു നോക്കുകയല്ലാതെ വായിക്കുവാന്‍ മുതിരാറില്ല. ഒരു ദിവസം തുടങ്ങുന്നത് തന്നെ കലുഷിതമായ മനസ്സോടെയാവണ്ടല്ലോ! ഇന്നിപ്പോള്‍ യാദൃച്ഛികമായി ഒരു സുഹൃത്തിന്റെ ബ്ലോഗ് വായിക്കാനിടയായി. സാമാന്യം നല്ല നിലയില്‍ ജീവിച്ച, എന്നാലിപ്പോള്‍ ഒരല്പം സമാധാനത്തോടെ ശേഷകാലം ജീവിച്ചു തീര്‍ക്കാനായി അനുയോജ്യമായ ഒരു വൃദ്ധസദനം അന്വേഷിച്ചു നടക്കുന്ന വൃദ്ധ ദമ്പതിമാരുടെ അനുഭവമാണ് അതില്‍ പ്രതിപ്രാദിച്ചിരിക്കുന്നത്. (ഇവിടെ ക്ലിക്കിയാല്‍ ആ കഥ നിങ്ങള്‍ക്കും വായിക്കാം) . വായിച്ചപ്പോള്‍ ആദ്യം തോന്നിയത്, ഇങ്ങനെ എത്ര പേര്‍ കാണും - ഞാന്‍ എന്ത് ചെയ്യാനാ എന്ന സങ്കുചിതമായ ചിന്ത തന്നെ! എന്നാല്‍ അല്പ...