പഴുത്ത പ്ലാവിലകള്‍ ഞെട്ടറ്റു വീഴുമ്പോള്‍

പ്രായമായ അമ്മമാരെ മക്കള്‍ ഗുരുവായൂരില്‍ നടതള്ളുന്നു എന്ന വാര്‍ത്ത മാദ്ധ്യമങ്ങളില്‍ വന്നപ്പോള്‍ സത്യത്തില്‍ എനിക്കദ്ഭുതമൊന്നും തോന്നിയില്ല. നാട്ടില്‍ നടക്കുന്ന പല വാര്‍ത്തകളും കേട്ട് കേട്ട് ഒരുതരം നിസ്സംഗത എന്റെ മനസ്സിലും വേരുറപ്പിച്ചിരിക്കുന്നുവെന്ന് തോന്നുന്നു. പത്രമെടുത്താല്‍ കാണാവുന്നത് അഴിമതിയുടേയും, തട്ടിപ്പിന്റെയും വഞ്ചനയുടെയും മാത്രമല്ല, അതി ഭീകരമായ മനുഷ്യ മനസ്സിന്റെ ക്രൂരകഥകള്‍ കൂടിയാണ്. പലപ്പോഴും അവയെല്ലാം ഒന്നോടിച്ചു നോക്കുകയല്ലാതെ വായിക്കുവാന്‍ മുതിരാറില്ല. ഒരു ദിവസം തുടങ്ങുന്നത് തന്നെ കലുഷിതമായ മനസ്സോടെയാവണ്ടല്ലോ!

ഇന്നിപ്പോള്‍ യാദൃച്ഛികമായി ഒരു സുഹൃത്തിന്റെ ബ്ലോഗ്‌ വായിക്കാനിടയായി. സാമാന്യം നല്ല നിലയില്‍ ജീവിച്ച, എന്നാലിപ്പോള്‍ ഒരല്പം സമാധാനത്തോടെ ശേഷകാലം ജീവിച്ചു തീര്‍ക്കാനായി അനുയോജ്യമായ ഒരു വൃദ്ധസദനം അന്വേഷിച്ചു നടക്കുന്ന വൃദ്ധ ദമ്പതിമാരുടെ അനുഭവമാണ് അതില്‍ പ്രതിപ്രാദിച്ചിരിക്കുന്നത്.  (ഇവിടെ ക്ലിക്കിയാല്‍ ആ കഥ നിങ്ങള്‍ക്കും വായിക്കാം). വായിച്ചപ്പോള്‍ ആദ്യം തോന്നിയത്, ഇങ്ങനെ എത്ര പേര്‍ കാണും - ഞാന്‍ എന്ത് ചെയ്യാനാ എന്ന സങ്കുചിതമായ ചിന്ത തന്നെ! എന്നാല്‍ അല്പം കഴിഞ്ഞിട്ടും മനസ്സില്‍ നിന്നും ആ അച്ഛനമ്മമാരുടെ ചിത്രം മാഞ്ഞു പോകുന്നില്ല. ഒരു നൊമ്പരമായി അതെന്നെ നീറ്റിക്കൊണ്ടിരുന്നു. അപ്പോള്‍ എനിക്ക് കഴിയാമായിരുന്നത് അവരുടെ കഥ മറ്റുള്ളവരില്‍ എത്തിക്കുക എന്നതായിരുന്നു. ഉടനെ ആ ബ്ലോഗ്‌ ഫേസ്ബുക്കില്‍ ഷെയര്‍ ചെയ്തു. ചില സമാനമനസ്കര്‍ അവരുടെ വാളിലും അത് പോസ്റ്റ്‌ ചെയ്ത് തങ്ങള്‍ക്കാവുന്ന പോലെ അവരെ സഹായിക്കുവാന്‍ ശ്രമിക്കുന്നുണ്ട് എന്നത് ഏറെ സന്തോഷം നല്കുന്നു. അധികം വൈകാതെ അവര്‍ക്ക് ഒരു തണല്‍ കിട്ടും എന്ന്‍ പ്രത്യാശിക്കുകയും ചെയ്യുന്നു.



എങ്കിലും എന്നെ ചിന്തിപ്പിച്ച സംഗതി ഇതാണ് - സാമാന്യം നല്ല വിദ്യാഭ്യാസവും, പ്രാപ്തിയുമൊക്കെയുള്ള അച്ഛനമ്മമാരുടെ ഗതി ഇതാണെങ്കില്‍ ഇവയൊന്നും ഇല്ലാത്തവരുടെ കാര്യം എന്താവും?

എന്റെ സുഹൃത്ത് പറഞ്ഞ പോലെ ഇതൊരു കാന്‍സര്‍ ആണ്. സമൂഹത്തെ ആകമാനം ബാധിച്ച മാരകമായ കാന്‍സര്‍ ! പിറന്നു വീഴുമ്പോള്‍ കൈകാലിളക്കി അലറിക്കരയാന്‍ മാത്രം കഴിഞ്ഞിരുന്ന ഒരു കുഞ്ഞിനെ തങ്ങളുടെ സര്‍വസ്വവും നല്‍കി വളര്‍ത്തി വലുതാക്കി, അവരെ സ്വന്തം കാലില്‍ നില്കാനും പരസഹായമില്ലാതെ ജീവിക്കാനും പ്രാപ്തരാക്കുന്ന മാതാപിതാക്കള്‍ പിന്നീട് എന്തു കൊണ്ട് മക്കള്‍ക്ക് വെറുക്കപ്പെട്ടവരാകുന്നു? പലപ്പോഴും ഇല്ലായ്മകളും വല്ലായ്മകളും മറന്ന്‍, മക്കള്‍ക്ക് വേണ്ടി സകല ത്യാഗങ്ങളും ചെയ്യുന്ന മാതാപിതാക്കളെ, എന്തു കൊണ്ട് സമ്പന്നമായ ജീവിതം നയിക്കുമ്പോള്‍ മക്കള്‍ വിസ്മരിക്കുന്നു?

ഇന്നത്തെ തലമുറ തങ്ങളുടെ ചിന്തകളും പ്രവര്‍ത്തികളും ശരിയായ ദിശയിലേക്ക് നയിച്ചില്ലെങ്കില്‍ ഒരു പക്ഷേ നാളെ അവരെ കാത്തിരിക്കുന്നതും ഇതേ ദുരവസ്ഥയാവാം. ഇന്ന്‍ ഭാരമാണെന്ന് പറഞ്ഞു മാതാപിതാക്കളെ അനായാസം ഉപേക്ഷിച്ചു സുഖലോലുപരായി കഴിയുമ്പോള്‍ ഓര്‍ക്കുക - അത്ര വിദൂരമല്ലാത്ത ഒരു ഭാവിയില്‍ നമ്മുടെയും ഗതി ഇത് തന്നെയായിരിക്കാം എന്നത്! പഴുത്ത പ്ലാവില കൊഴിഞ്ഞു വീഴുമ്പോള്‍ ചിരിക്കുന്ന പച്ചപ്ലാവിലകള്‍ അറിയാതെ പോകുന്നതും ഈ നഗ്നസത്യം തന്നെ!

അപ്പോഴും ഉത്തരം കിട്ടാത്ത ചോദ്യം മനസ്സില്‍ കിടക്കുന്നു - എന്തേ നമ്മള്‍ ഇങ്ങനെയൊക്കെ ആവുന്നത്? ഏറെ കഷ്ടപ്പെട്ട് ജീവിതം കരുപ്പിടിപ്പിച്ചവരാണ് നമ്മുടെ മുന്നത്തെ തലമുറ. തുച്ഛമായ വരുമാനത്തില്‍ രണ്ടറ്റം കൂട്ടിമുട്ടിക്കാന്‍ അവര്‍ പാടുപെടുന്നത് എന്റെ സമപ്രായക്കാരായവരില്‍ ചിലരെങ്കിലും കണ്ടിരിക്കും. അപ്പോള്‍ ഒരു പക്ഷേ ബാല്യത്തിന്റെ നിഷ്കളങ്കതയില്‍ നിങ്ങളും ചിന്തിച്ചിരിക്കും -  "ഞാന്‍ വളര്‍ന്ന്‍ വലുതായി, നല്ല ജോലിയൊക്കെ നേടി അച്ഛനെയും അമ്മയെയും നന്നായി നോക്കും" എന്ന്‍! നാം വലുതാവും തോറും നമ്മിലെ നന്മകളോടൊപ്പം ആ ചിന്തകളും മൃതിയടയുകായിരുന്നുവോ??? അറിയില്ല....

ഇന്ന്‍ ആര്‍ക്കും ഒന്നിനും സമയമില്ല - ഭാര്യയും ഭര്‍ത്താവും ജോലിക്കാര്‍ . തങ്ങളനുഭവിച്ച വേദനകളും ഇല്ലായ്മകളും മക്കള്‍ അറിയരുതെന്ന് കരുതി അവരെ താഴത്തും തലയിലും വെക്കാതെ വളര്‍ത്തും (നമ്മള്‍ കുഞ്ഞായിരിക്കുമ്പോള്‍ നമ്മുടെ അച്ഛനമ്മമാര്‍ക്കും ഇതേ ചിന്ത തന്നെയായിരിക്കാം ഉണ്ടായിരുന്നത് എന്ന്‍ നമ്മള്‍ മറക്കുന്നു). അവര്‍ ചോദിക്കുന്നതും അല്ലാത്തതുമായ എല്ലാ സൗകര്യങ്ങളും അവര്‍ക്ക് കൊടുക്കുന്നു - അവര്‍ നല്ല നിലയിലെത്തിയാന്‍ തങ്ങളെ അവര്‍ പരിപാലിക്കുമെന്ന് വ്യാമോഹിക്കുന്നു. അതേസമയം, സ്വന്തം മാതാപിതാക്കളോട് തങ്ങള്‍ ചെയ്തത് എന്താണെന്ന് സൗകര്യപൂര്‍വ്വം മറക്കുന്നു....

ചിലരെയെങ്കിലും ഞാന്‍ കണ്ടിട്ടുണ്ട് - അവര്‍ പറയും: ഞങ്ങള്‍ അദ്ധ്വാനിച്ചുണ്ടാക്കിയ കാശ് മതി ഞങ്ങള്‍ക്ക് വയസ്സുകാലത്ത് സുഖമായി കഴിയാന്‍, ഞങ്ങള്‍ മക്കള്‍ക്ക് ഒരു ഭാരമാവില്ല, വയസ്സായാല്‍ വല്ല വൃദ്ധസദനത്തിലും പോകും എന്നൊക്കെ. സ്വന്തം മാതാപിതാക്കളെ വേണ്ടപോലെ പരിപാലിക്കാത്തത് കൊണ്ടാണോ അവര്‍ക്ക് ഈ ചിന്ത എന്നറിയില്ല. അതോ അങ്ങനെ ഒരു ഗതി വരുമെന്ന് മുന്‍കൂട്ടി കണ്ട് അതിനു മാനസികമായി തയ്യാറെടുക്കുകയാണോ? അറിയില്ല! എന്ത് തന്നെയായാലും ഈ പറയുന്നവരും ആ പ്രായം എത്തുമ്പോള്‍ ഒരു പക്ഷേ മക്കളുടെയും പേരക്കുട്ടികളുടെയും കൂടെയുള്ള ഒരു സന്തോഷഭരിതമായ ജീവിതമാവും ഇഷ്ടപ്പെടുക - അല്ലെന്ന് ആര്‍ക്ക് പറയാന്‍ കഴിയും?

എന്തായാലും ഒരു കാര്യം തീര്‍ച്ച - നാളെ എങ്ങനെയാവും എന്ന് ഇപ്പോള്‍ പറയാന്‍ പറ്റില്ല. തല്‍ക്കാലം ഇന്നില്‍ ജീവിക്കുക. നാളത്തെ ജീവിതം സ്വസ്ഥമാക്കാനുള്ള തത്രപ്പാടില്‍ ഇന്നിനെ മറക്കാതിരിക്കുക. കുട്ടികള്‍ക്ക് സൗകര്യങ്ങള്‍ ഒരുക്കി കൊടുക്കുന്നതിനൊപ്പം അല്പം സ്നേഹവും സമയവും കൂടി കൊടുക്കുക. ഒരു പക്ഷേ നാളെ നാം പഴുത്ത പ്ലാവിലയായി ഞെട്ടറ്റു വീഴാറാവുമ്പോള്‍ ഇന്ന് നമ്മള്‍ അവര്‍ക്ക് കൊടുത്ത സ്നേഹം ഒരു വടവൃക്ഷമായ് വളര്‍ന്ന് ഒരു ചെറു തണല്‍ നമുക്കായി കാത്തു വെക്കില്ലെന്നാരു കണ്ടു!

വാല്‍കഷ്ണം: അച്ഛനമ്മമാരുടെ സ്വത്തുക്കള്‍ തട്ടിയെടുത്ത് അവരെ ഉപേക്ഷിക്കുന്ന മക്കളെ കണ്ടു പിടിച്ച് അവര്‍ക്കെതിരെ ശക്തമായ നടപടി സ്വീകരിക്കാന്‍ സര്‍ക്കാരും ബന്ധപ്പെട്ടവരും തയ്യാറാകണം. അത്തരം ആളുകളെ സമൂഹം പകര്‍ച്ചവ്യാധിയെ പോലെ അകറ്റി നിര്‍ത്തണം. മാതാപിതാക്കള്‍ക്ക്  നിയമ പരിരക്ഷ ലഭിക്കുമ്പോള്‍ , അവരെ ഉപേക്ഷിക്കുന്ന മക്കള്‍ക്ക് തക്കതായ ശിക്ഷ ലഭിക്കും എന്ന് വരുമ്പോള്‍ , ഈ ദുഷ്-പ്രവണതയ്ക്ക് ഒരല്പം കുറവുണ്ടാവും എന്നു കരുതാം. അങ്ങനെയെങ്കില്‍ ചില പാവം മാതാപിതാക്കളെങ്കിലും അവരുടെ അവസാനകാലം ഇത്തിരി സമാധാനത്തോടെ ജീവിച്ചു തീര്‍ക്കും...

ചിത്രത്തിന് കടപ്പാട്: ഗൂഗിള്‍ ഇമേജ്

Comments

നൂറു ശതമാനം സാക്ഷരര്‍ എന്ന് അഹങ്കരിക്കുമ്പോഴും നാം നൂറ്റാണ്ടുകള്‍ക്ക് പിറകിലേക്ക് പോവുന്നു എന്നതാണ് സത്യം, കാലിക പ്രസക്തമായ വിഷയം സമൂഹത്തില്‍ ചര്‍ച്ചയാവേണ്ടത് .
സര്‍ക്കാര്‍ ഇടപെടണം.. ???
നല്ല തമാശ.. അതൊന്നും നടക്കൂല.. വല്ല സംഘടനകളും അശരണര്‍ക്ക് വല്ല സഹായവും വല്ലപ്പോഴും ചെയ്താലായി.. അത്ര തന്നെ.

ഏതായാലും മനസ്സിലെ നന്മയില്‍ നിന്നും വിരിഞ്ഞ ഈ വരികള്‍ക്ക് അഭിനന്ദനങ്ങള്‍.. ഒരാള്‍ എങ്കിലും തിരുത്തപ്പെടുന്നെങ്കില്‍ അത്രയും നല്ലത്.. :)
asrus irumbuzhi said…
എനിക്ക് തോന്നുന്നത് സ്നേഹകുറവിന്റെ അഭാവമാണ് ഇതിനെല്ലാം കാരണം .നമ്മള്‍ നമ്മളെ മക്കളെ എത്രത്തോളം അറിഞ്ഞു സ്നേഹിക്കുന്നുണ്ടെന്ന് നാം സ്വയം ചോദിച്ചു നോക്കുക .ഒരു പക്ഷെ ഉത്തരം ശൂന്യമായിരിക്കും !. പലപ്പോഴും നമ്മളുടെ ഇഷ്ട്ടങ്ങള്‍ നമ്മള്‍ അവരില്‍ അടിച്ചേല്‍പ്പിക്കുകയാണ് ചെയ്യുന്നത് . ..വസ്ത്രം,ഭക്ഷണം ,പഠനം ,കളികള്‍ തുടങ്ങി എല്ലാ മേഖലകളിലും . കുട്ടികള്‍ക്ക് അവരുടെ ഇഷ്ട്ടങ്ങള്‍ അറിയാന്‍ പോലും സാധിക്കാതെ പോകുന്നു .എനികൊന്നേ പറയാനൊള്ളൂ .. " മത്തം കുത്തിയാല്‍ കുമ്പളം മുളക്കില്ലല്ലോ " :)
വിദ്യാഭ്യാസവും ധനപ്രാപ്തിയും ഒന്നുമല്ല ഈ ദുരവസ്ഥക്ക് ആധാരമായിട്ടുള്ളത്. കുറെ പിറകോട്ട് പോയി നോക്കുക. വിദ്യാഭ്യാസമില്ലാത്തവരും ദരിദ്രരുമായ ഒരു സമൂഹം എങ്ങിനെയാണ് സ്വന്തം മാതാപിതാക്കളെയും കൂടപ്പിറപ്പുകളെയും സംരക്ഷിച്ചിരുന്നതെന്ന് മനസ്സിലാക്കാന്‍ സാധിക്കും. നന്മതിന്മകള്‍ തിരിച്ചറിയാന്‍ അവരെ പ്രാപ്തരാക്കിയിരുന്നത് ആത്മീയമായ അറിവുകളായിരിക്കണം.അത് നല്‍കിയിരുന്നത് വേദങ്ങളും ഗുരുക്കന്‍മാരുമായിരിക്കണം.ആത്മാര്‍ഥതയുള്ളവരായി ജീവിക്കാന്‍ അവരെ പ്രേരിപ്പിച്ചത് ദൈവഭയമായിരിക്കണം.ദൈവമെന്നാല്‍ ദയയും കാരുണ്യവും ആണെന്നെങ്കിലും അവര്‍ മനസ്സിലാക്കിയിരിക്കണം.
ചിന്തിക്കാനുള്ള വക നല്‍കുന്നു ഈ കുറിപ്പ്..ആശംസകള്‍
RAGHU MENON said…
ഗുരുവായൂര്‍ മാത്രമല്ല, ആറന്മുള , ചോറ്റാനിക്കര, ഏറ്റുമാനൂര്‍ തുടങ്ങിയ അമ്പലങ്ങളിലും ഇത്തരം കൂട്ടര്‍
നിരവധിയുണ്ട് - ലോക മഹായുദ്ധ ജേതാക്കള്‍ പറയുന്ന വീര കഥകള്‍, മക്കളില്‍ നിന്നും അനുഭവിച്ച പീഡനങ്ങള്‍ ഇതൊക്കെ ആണ്, അത്താഴ പൂജ കഴിഞ്ഞ് നേദ്യ ചോറ് വിതരണം ചെയ്യന്നത് വരെ ഉള്ള ഇവരുടെ സംസാര വിഷയങ്ങള്‍ - ഒരു കല്യാണം കൂടാന്‍ തലേ ദിവസമേ ആറന്മുളയില്‍ എത്തിയ ഞാന്‍
അവരുടെ അടുത്ത് അവര്‍ അറിയാതെ പോയി ഇരുന്ന് ശ്രദ്ധിച്ചിട്ടുണ്ട് - നിയമ നിര്‍മാണം വരാന്‍ പോകുന്നു
എന്ന് കേള്‍ക്കുന്നു - പക്ഷെ ഇതെല്ലാം നിയമത്തില്‍ കൂടി മാത്രം നിലവില്‍ വരേണ്ട കാര്യങ്ങളല്ല -
RAGHU MENON said…
നല്ല സന്ദേശം
Mukesh M said…
സംഭവാമി യുഗേ..യുഗേ !! എന്ന് മാത്രം ചിന്തിക്കുന്നു !!
നമ്മുടെ മക്കളെ നന്മ പഠിപ്പിക്കേണ്ടത് നമ്മള്‍ തന്നെ അല്ലെ? അവര്‍ ചെയ്യുന്ന ഓരോ പ്രവര്‍ത്തിയിലും ചെറുതായെങ്കിലും നമ്മള്‍ക്കും ഉത്തരവാദിത്തം ഇല്ലേ? ഒരു വാര്‍ത്ത മാത്രം വായിച്ച് നാം പ്രക്ഷുബ്ദരാകേണ്ട ആവശ്യമില്ല എന്നാണ് എന്‍റെ പക്ഷം. പിന്നെ ഈ വാര്‍ത്തകളും അനുഭവങ്ങളും നമുക്ക് ഒരു പുതിയ വെളിച്ചമാകട്ടെ, നാളെയെ വിവേകത്തോടെ കാണാന്‍ അത് നമ്മളെ സഹായിക്കട്ടെ.
നല്ല ലേഖനം, ആശംസകള്‍ നിഷ ചേച്ചി .
വൃദ്ധസദനങ്ങളില്‍ പോകാന്‍ വില്ലിംഗ് ആവുന്നവര്‍ കാലത്തിനൊത്ത് നീങ്ങുന്നവര്‍ ആണെന്നാണ്‌ എനിക്ക് തോന്നിയിട്ടുള്ളത്. ഒന്നും ഒന്നരയുമായി പിറക്കുന്ന മക്കള്‍ക്ക് നമ്മളെ നോക്കാന്‍ അവരുടെ തിരക്കുകള്‍ക്കിടയില്‍ കഴിഞ്ഞെന്നു വരില്ല. അപ്പോള്‍ അവരെ ശല്യപ്പെടുത്താതെ, ഒതുങ്ങി കൂടുകയല്ലേ നല്ലത്. വല്ലപ്പോഴുമെങ്കിലും അവര്‍ ഒന്ന് വന്നന്വേഷിക്കണം എന്ന് മാത്രം.. (ഇത് എന്നെപ്പറ്റി പലപ്പോഴും ഞാന്‍ തന്നെ ചിന്തിച്ചിട്ടുള്ളതാണ്, എന്‍റെ വാര്‍ധക്യത്തെപ്പറ്റി ഓര്‍ക്കുമ്പോള്‍)
ajith said…
വാര്‍ദ്ധക്യവിലാപസ്വരം എമ്പാടും കേള്‍ക്കുന്നു.
വര്‍ദ്ധിച്ചും വരുന്നു
Manoj Vellanad said…
ഇന്നും കണ്ടു ഇതുപോലെ കുറെ വാര്‍ത്തകള്‍... :(
Unknown said…
യൗവനത്തില്‍ പലരും പറയും ഞാന്‍ ഉണ്ടാക്കിയ പൈസകൊണ്ട് ഞാന്‍ വാര്‍ധക്യം കഴിച്ചോളാം എന്നു.... പക്ഷെ വാര്‍ധക്യം എത്തുമ്പോള്‍ എല്ലാവരും കുട്ടികളുടെ മാനസികാവസ്ഥയിലേക്ക് പോകും....അപ്പോള്‍ അവര്‍ക്ക് വേണ്ടി വരിക തങ്ങളെ സ്നേഹിക്കുന്ന മക്കളുടെയും കുഞ്ഞുമക്കളുടെയും കൂട്ടാണ്.....
ഇപ്പോഴിപ്പോള്‍ കൂടുതല്‍ കൂടുതല്‍ ഇത്തരം സംഭവങ്ങള്‍ ആവര്‍ത്തിക്കുന്നതിന് പിന്നില്‍ മറ്റൊരു കാരണം കൂടെയുണ്ട്. രക്തബന്ധം ഒരു കടമ മാത്രമാണ്. പക്ഷെ അത് ഹൃദയ ബന്ധം കൂടെയാകുമ്പോഴാണ് അതിന്റെ പൂര്‍ണ്ണത കൈവരിക്കുന്നത്. ഈ ഉപേക്ഷിക്കപ്പെടുന്ന മാതാപിതാക്കളില്‍ പലര്‍ക്കും അങ്ങനെയൊരു ഹൃദയബന്ധം തങ്ങളുടെ മക്കളുമായി അതിനവര്‍ക്ക് കഴിയുമായിരുന്ന കാലത്ത് ഉണ്ടാക്കാന്‍ കഴിഞ്ഞിട്ടുണ്ടാകില്ല എന്നത് കൂടെ പരിഗണിക്കണം..
drpmalankot said…
ഇരുത്തി ചിന്തിപ്പിക്കുന്ന ലേഖനം. പഴുത്തില വീഴുമ്പോൾ പച്ചില ചിരിക്കുന്നു - പച്ചിലയും പഴുക്കും എന്ന് ആലോചികാതെ.
ആശംസകൾ.
പച്ചിലകള്‍ ചിരിച്ചോട്ടെ ..അവരെ ചിരിക്കാന്‍ അനുവദിക്കൂ പ്ലീസ് ...നാളെ നമുക്ക് കാണാം ....
ഹരി.... said…
ഈ പറഞ്ഞ കാര്യങ്ങള്‍ ഒക്കെ സത്യം തന്നെ...പക്ഷെ ഇതിനൊക്കെ ഒരു മറുവശവും കൂടി ഉണ്ടാവും...അതും കണ്ടില്ലെന്നു നടിക്കരുത് ..
നല്ല ലേഖനം. വാര്‍ധക്യം എനിക്കുമുണ്ട് നിനക്കുമുണ്ട് എല്ലാവര്‍ക്കുമുണ്ട്.മാതാപിതാക്കളുടെ സ്വത്ത് കൈക്കലാക്കിയ ശേഷം അവരെ ഉപേക്ഷിക്കുന്ന മക്കള്‍ക്കെതിരെ കേസെടുക്കാവാന്‍ നമ്മുടെ നാട്ടില്‍ നിയമം ഉണ്ട്ട് എന്നാണെന്റെ അറിവ്.
ശ്രീ said…
നല്ല ലേഖനം...
Unknown said…
നല്ല ലേഖനങ്ങള്‍ ...പക്ഷെ ശരണാലയങ്ങള്‍ വര്ധിക്കുകയല്ലാതെ കുറവുണ്ടാകില്ല ഈ ലോകത്ത്....!
സ്വന്തം മാതാപിതാക്കളെ വൃദ്ധസദനതിലാക്കി ജീവിതത്തില്‍ പരക്കം പായുന്നവര്‍ ഒരു നിമിഷം ചിന്തിക്കുക നാളെ ഞാനും... ഒപ്പം നമ്മുടെ എല്ലാം പ്രതികരണങ്ങള്‍ പ്രതികരണം മാത്രമായി അവശേഷിച്ചു ഇത്തരം സംഭവങ്ങള്‍ തുടരുന്നു എന്ന ദുഃഖ സത്യവും
Unknown said…
ഇരുത്തി ചിന്തിപ്പിക്കുന്ന ഒരു പോസ്റ്റ്‌.. നല്ല എഴുത്ത്..
ഒരു മകന് അവന്റെ അച്ഛനമ്മമാരെ സംരക്ഷിക്കണം എന്ന ആഗ്രഹം തീര്‍ച്ചയായും ഉണ്ട്. പക്ഷെ അച്ഛനുമമ്മയും അവരുടെ കിടപ്പാടം പണയപ്പെടുത്തിയും ഒടുവില്‍ വിട്ടിട്ടും ആണ് അവനെ പഠിപ്പിച്ചത്. അച്ഛന് പെന്‍ഷന്‍ ഇല്ലാത്ത ജോലിയായിരുന്നു. വയസ്സായപ്പോള്‍ ജോലിയും ഇല്ലാതായി. വാടക കൊടുക്കാനും ഭക്ഷണത്തിനും പണമില്ല.അപ്പോഴേക്കും ഉദ്യോഗസ്തനും വിവാഹിതനുമായ മകന്‍ വിടെഷതാണ്.അവന്റെ ഭാര്യക്ക്‌ ഭര്‍തൃ മാതാപിതാക്കളെ നോക്കുന്നതിനെക്കാള്‍ താല്പര്യം അവളുടെ അമ്മയെയും അച്ഛനെയും ശുശ്രൂഷിക്കുന്നതാണ് .
ഈ സാഹചര്യത്തില്‍ ഒക്കെയായിരിക്കും വൃദ്ധജനങ്ങള്‍ നിരാലംബാര്‍ ആയിതീരുന്നത്...
ഇതുപോലെ നമുക്കും ഗതി വന്നാല്‍ എന്ത് ചെയ്യും ദൈവമേ....?
Cv Thankappan said…
അണുകുടുംബങ്ങള്‍ ബാധ്യതകള്‍ തീര്‍ക്കാനുള്ള ബദ്ധപ്പാടില്‍.....
നല്ല ലേഖനം
ആശംസകള്‍
Anonymous said…
An age-old problem..... Any solution????

Popular posts from this blog

സൗഹൃദം

കൊഴിയുന്ന പൂക്കള്‍....

സ്നേഹം