മരണമെത്തുമ്പോള്‍


പാതിജീവന്‍ മിടിക്കുമെന്‍ ഹൃത്തിലുയരും
പുത്ര ദു:ഖമറിയാഞ്ഞതെന്തേ നീ?
മരണമെന്നരികില്‍ വന്നണഞ്ഞ വേളയില്‍
എന്തിനെന്നെ വിട്ടകന്നു പോയ്‌ നീ?
രോഗമെന്‍ മേനിയെ കാര്‍ന്നു തിന്നെങ്കിലും
നിനക്കായെന്‍ ഹൃദയം ഞാന്‍ കാത്തു വെച്ചു;
വേദനകളെന്നസ്ഥിയില്‍ തുളഞ്ഞിറങ്ങുമ്പോഴും
നിന്‍ മുഖമോര്‍ത്തു ഞാന്‍ പുഞ്ചിരിച്ചിരുന്നു....

ഇനിയെന്നെക്കാണാന്‍ നീ വരില്ലെന്നറികിലും,
നിന്നെയൊരു നോക്കു കണ്ടീടുവാന്‍ വ്യര്‍ത്ഥമാ-
യെന്‍ മനം കൊതിപ്പൂ; നിന്നെക്കാണാതിന്നു ഞാന്‍
മരിക്കിലെന്നാത്മാവിനു ശാന്തിയില്ലെന്നോതുന്നു ചിലര്‍ ...
എങ്കിലുമോമനേ നീ കരയേണ്ട; കുഞ്ഞിളം പൈതലായി
പുഞ്ചിരി തൂകി നില്‍പ്പൂ നീയെന്നുള്ളിലിപ്പോള്‍ ;
ആ ചിരിയെന്നുള്ളില്‍ നിറഞ്ഞിരിക്കും കാലമത്രയും
ഒരു ചിതയുമെന്നെ പൊള്ളിക്കുകയില്ല - ഞാന്‍ മരിച്ചാലും....

ജീവന്‍ നല്‍കി ഞാന്‍ നിനക്കെന്നാകിലും,
സ്വപ്നം കാണാന്‍ കരുത്തേകിയെന്നാകിലും
പിച്ച വെച്ചു നിന്നെ ഞാന്‍ നടത്തിയെന്നാകിലും
ഉച്ചിയില്‍ കൈവച്ചനുഗ്രഹിച്ചീടുമെന്നാളുമെങ്കിലും,
ഇനി ഞാന്‍ മരിച്ചെന്നു കേട്ടാലും നീ വന്നിടേണ്ട
കണ്ണീര്‍ക്കയങ്ങള്‍ തീര്‍ത്തതില്‍ മുങ്ങിടേണ്ട;
നിന്‍ മോഹന സ്വപ്നങ്ങളില്‍ അമ്മയൊരു
വേദനയായ് നിറഞ്ഞിടാതിരിക്കട്ടെയൊരിക്കലും

ഞാന്‍ മരിച്ചു മണ്ണടിയുമ്പോഴെനിക്കായ്
സ്മാരകമൊന്നും പണിയേണ്ടതില്ല നീ...
അഗ്നിയിലൊരുപിടി ചാരമായ് മാറിയോരെന്‍
ചിത്രത്തെ മുഖപുസ്തകത്താളുകളില്‍ പൂജിക്കേണ്ട;
സ്നേഹത്തോടെ നീയുരിയാടാത്ത വാക്കുകള്‍ -
ക്കൊണ്ടതിന്‍ മതിലുകള്‍ നീ നിറച്ചിടേണ്ടിനിയും;
മനസ്സിനൊരു ചെറു കോണില്‍ പോലുമെന്നെ നീ
നനുത്തോരോര്‍മ്മയായ് കാത്തിടേണ്ടിനിയൊരു നാളും!

Picture Courtesy: Google Images

Comments

 1. ചിത്രത്തെ മുഖപുസ്തകത്താളുകളില്‍
  സ്നേഹത്തോടെ നീയുരിയാടാത്ത വാക്കുകള്‍-
  ക്കൊണ്ടതിന്‍ മതിലുകള്‍ നീ നിറച്ചിടേണ്ടിനിയും....
  ഉള്ളില്‍ തിങ്ങിവിങ്ങും വരികള്‍.
  നന്നായിരിക്കുന്നു കവിത
  ആശംസകള്‍

  ReplyDelete
  Replies
  1. വളരെ നന്ദി സാര്‍

   Delete
 2. പറയാന്‍ കഴിയില്ല.കാലം പോകുന്നതു വല്ലാത്തൊരു കാലത്തിലേക്കാണ് .ഈയിടയായി ഇവിടെ മരണവും, നല്ല കവിതയും നിറയുന്നുണ്ട്‌. (മനുഷ്യനെ പേടിപ്പിക്കാന്‍ :( )

  ReplyDelete
  Replies
  1. മരണം എന്നത് നിത്യ സത്യമല്ലേ? ഇന്നല്ലെങ്കില്‍ നാളെ എല്ലാവരെയും അത് തേടിയെത്തും. പേടിക്കുകയൊന്നും വേണ്ടാ... സന്തോഷപൂര്‍വ്വം ജീവിക്കൂ.

   Delete
 3. മരിച്ചു കഴിഞ്ഞാല്‍ മുഖപുസ്തകചുമരുകളില്‍ പടമൊട്ടിച്ചു പിന്നേം പിന്നേം ദഹിപ്പിക്കും.. മരിക്കാനും ഭയം.. അല്ലെ.. അല്ലെങ്കില്‍ അവിടെയെങ്കിലും നമ്മള്‍ സ്മരിക്കപ്പെടുന്നുണ്ട് എന്ന് കരുതി സ്വര്‍ഗ്ഗത്തില്‍ പോയി സ്വസ്ഥമായിരിക്കണം.. കാലം മാറുന്നതനുസരിച്ച് കവിതയിലെ വ്യാകുലതകളും ഇതുപോലെ മാറി വരും.. കവിത നന്നായി..

  ReplyDelete
  Replies
  1. മുഖ പുസ്തകത്തിലെ പ്രഹസനം തന്നെയാണ് ഈ കവിതയ്ക്ക് ആസ്പദം!

   കവിത നന്നായി എന്നറിഞ്ഞതില്‍ സന്തോഷം.

   Delete
 4. കവിതയിലെ വരികളും
  അമ്മയുടെ ആത്മഗതവും നന്നായി, ട്ടോ...:) ആശംസകള്‍

  ReplyDelete
  Replies
  1. നന്ദി അനിയേട്ടാ :) ചുറ്റിനും കാണുന്ന ചില കാഴ്ചകള്‍ വാക്കുകളായി പുറത്തു വന്നു എന്നേയുള്ളു.

   Delete
 5. മുഖപുസ്തകത്താളുകള്‍ ഓര്‍മകളുടെ ശേഷിപ്പുകളായി കരുതുന്ന കാലം വരും.. വന്നു കൊണ്ടിരിക്കുന്നു.....
  എനിക്കും ഇഷ്ടായി.. ഞാനിപ്പോ ഇത് വായിച്ചു കേള്‍പ്പിച്ച എന്‍റെ സുഹൃത്ത് ദിവ്യക്കും ഇഷ്ടമായി.. :)

  ReplyDelete
  Replies
  1. സന്തോഷം സംഗീ... നമുക്ക് ചുറ്റും നടന്നു കൊണ്ടിരിക്കുന്നത് ഇതാണ് എന്നതാണ് സത്യം

   Delete
 6. മുഖപുസ്തകത്താളുകള്‍ ജീവിതത്തെ മാറ്റിമറിയ്ക്കുന്നു!

  ReplyDelete
  Replies
  1. അതേ, അജിത്തേട്ടാ, മുഖ പുസ്തകം നമ്മുടെ ജീവിതത്തെ വളരെയധികം മാറ്റി മറിക്കുന്നുണ്ട്...

   Delete
 7. ഇരുളടഞ്ഞ ഗുഹാമുഖംപോലെ മരണമെത്തുമ്പോള്‍ ഓര്‍മ്മതന്‍ ചിറകുകള്‍ക്ക് അത്മാവിനോപ്പം ജന്മാന്തരങ്ങള്‍ താണ്ടുവാനാകട്ടെ എന്നാശിച്ചുപോകുന്നു...
  സ്നേഹപൂർവ്വം ...

  ReplyDelete
  Replies
  1. ആശകള്‍ വ്യര്‍ത്ഥമാകാതിരിക്കട്ടെ....

   Delete
 8. മരണമെത്തുന്ന നേരത്ത് നീ എന്‍റെ അരികില്‍ ഇത്തിരി നേരം ഇരിക്കണേ.. (ഫേസ് ബുക്കില്‍ അല്ല, അരികില്‍)

  ReplyDelete
  Replies
  1. എത്ര മനോഹരമായ (നടക്കാത്ത) ആഗ്രഹം എന്ന് പറയേണ്ടുന്ന അവസ്ഥയിലേക്ക് നീങ്ങുന്നു കാര്യങ്ങള്‍... :(

   Delete
 9. പുതു തലമുറ അമ്മമ്മാർ ഇങ്ങനെ തന്നെ ചിന്തിക്കേണ്ടി വരാം

  ReplyDelete
  Replies
  1. അമ്മമാര്‍ മാത്രമല്ല, അച്ഛന്‍മാരും - നമ്മുടെയിടയില്‍ ഇപ്പോഴും നടക്കുന്ന കാര്യം തന്നെയാണ്

   Delete
 10. ദൂരെ ദൂരെ ഒറ്റയ്ക്ക് ഒരമ്മ ! നിഷേച്ചീ ഒന്നുമില്ല പറയാന്‍.

  ReplyDelete
  Replies
  1. :( അതേ ആര്‍ഷ .... ഏറെ വേദനാജനകമായ ഒരവസ്ഥ!

   Delete
 11. വരികൾ ഇഷ്ടമായി. നല്ല കവിത !

  ReplyDelete
  Replies
  1. നന്ദി സുഹൃത്തേ...

   Delete
 12. കൊള്ളാം , അഭിപ്രായം പറയാന്‍ ആളല്ല !

  ReplyDelete
 13. വളരെ നന്നായിട്ട് ഉണ്ട്. ന്യൂ ജെനറേഷന്‍ കവിതകളില്‍ നിന്നും തികച്ചും വിത്യസ്തമായ മനോഹരമായ, സംയോജിത- സംഖലന പദങ്ങളോടു കൂടിയ ഒരു മനോഹരവതരണം....

  ReplyDelete
  Replies
  1. നന്ദി! വരികള്‍ ഇഷ്ടപ്പെട്ടു എന്നറിഞ്ഞതില്‍ സന്തോഷം... വായനക്കാരുടെ ഹൃദയത്തെ സ്പര്‍ശിക്കുംമ്പോഴാണല്ലോ എഴുത്ത് സാര്‍ത്ഥകമാവുക!

   Delete
 14. വളരെ നന്നായി എഴുതിയിരിക്കുന്നു..


  ശുഭാശംസകൾ ....

  ReplyDelete
  Replies
  1. നന്ദി! സന്തോഷം ഈ നല്ല വാക്കുകള്‍ കേള്‍ക്കുമ്പോള്‍

   Delete
 15. മരണത്തെക്കാളും ഭയക്കേണ്ടത് ജീവിതത്തെയല്ലേ !!
  കവിത ഇഷ്ടം !! ആശംസകള്‍

  ReplyDelete
  Replies
  1. ഒരര്‍ത്ഥത്തില്‍ അത് ശരിയാണ് - മരണത്തെക്കാള്‍ പേടിക്കേണ്ടത് ജീവിതത്തെ തന്നെ!

   Delete
 16. The agony of abandonment.... Reminds me of a song I heard a few years back 'Forever Abandoned'.

  ReplyDelete
 17. പാവം ഒരമ്മ ! ചിത്രവും നന്നായിരിക്കുന്നു !

  ReplyDelete

Post a Comment

Popular posts from this blog

സൗഹൃദം

സ്നേഹം

അമ്മയും മകളും