പുനര്‍ജ്ജനി
നിങ്ങളില്‍ നിന്നെല്ലാം ദൂരെയായ് ഇന്നൊ-
രല്പനേരം ഞാനൊന്നു മാറിയിരിക്കട്ടെ
കണ്ണു തുറന്നാല്‍ കണ്മുന്നില്‍ കാണുന്ന
അക്രമങ്ങള്‍ കണ്ടില്ലെന്നു നടിക്കട്ടെ;
കാതോര്‍ത്താല്‍ കേള്‍ക്കുന്ന ഏങ്ങലടികള്‍
കേട്ടില്ലെന്നും നടിക്കട്ടെയൊരു മാത്ര നേരം...
ചുറ്റിനും പരക്കുന്ന ദുര്‍ഗന്ധത്തിന്‍ കുത്തലിന്നു-
നേരെയൊരു നിമിഷം മൂക്കു പൊത്തട്ടെ!
ആള്‍ക്കൂട്ടത്തില്‍ നിന്നുമറിയാത്തപോലെന്‍
നേരെ നീളുന്ന സ്പര്‍ശനമറിയാതെ പോട്ടെ
നാക്കിന്‍ തുമ്പത്ത് വിടരുന്ന വാക്കുകള്‍
കയ്പ്പോടെയെങ്കിലും കുടിച്ചിറക്കട്ടെ...
എന്നിട്ടുവേണം എനിക്കെന്നിലെ ശക്തിയെ
ഉയര്‍ത്തെഴുന്നേല്‍പ്പിക്കാന്‍ - എന്നേയ്ക്കുമായ്...
അപ്പോഴെന്‍ കണ്ണില്‍ നിന്നു വമിക്കുമഗ്നിജ്വാല
നിന്നെ ദഹിപ്പിച്ചേക്കാമൊരു നിമിഷാര്‍ദ്ധത്തില്‍ ;
എന്നട്ടഹാസത്തില്‍ വിറച്ചു പോം നിന്നേങ്ങലടികള്‍
കേള്‍ക്കാതെ പോകുമീ ലോകമെല്ലാമെന്നോര്‍ക്കുക,
പനിനീരില്‍ കുളിച്ചാലും ദുര്‍ഗന്ധം വമിക്കുന്ന നിന്‍
ദേഹവും മനസ്സുമൊരു കൊടുങ്കാറ്റായ് പിഴുതെറിയും,
നിന്‍ ദുഷിച്ച കരങ്ങള്‍ കൊയ്തെറിയുവാന്‍ ഞാന്‍
ഇരുതല മൂര്‍ച്ചയേറുന്നൊരു ഖഡ്ഗമായ് മാറും...
എന്‍ നാക്കില്‍ നിന്നുയരും ശാപത്തിന്‍ തീയില്‍
നീ വെറും ചാരമായ് ഭൂമിയില്‍ ലയിച്ചു ചേരും...
ഓര്‍ക്കുക, എന്റെ മൌനമെന്‍ ദൗര്‍ബല്യമല്ലെന്നത്,
അതൊരിടവേളമാത്രം - സഹനത്തിന്‍ നീര്‍കുമിള;
ഒരു നാളത് പൊട്ടുമെന്നറികയിപ്പോള്‍ത്തന്നെ നീ,
കരുതിയിരിക്കുക - വിധിപറയും ദിനമിങ്ങെത്താറായി...
എപ്പോഴുമെന്നെ ചവിട്ടിക്കയറിയ നിന്‍ വഴികളില്‍
സത്യത്തിന്‍ ശക്തമാം കരങ്ങളേറി ഞാന്‍ നില്‍ക്കുന്നു
ഞാനൊന്ന് കണ്ണുതുറന്നു നോക്കിയാല്‍ നീ ചാമ്പല്‍ ...
ഒന്നുറക്കെയട്ടഹസിച്ചാല്‍ നീ ഞെട്ടിവിറച്ചിരിക്കും
എന്നെ ഞെരിച്ചമര്‍ത്തിയ നിന്‍ കൈകാലുകള്‍
പിഴുതെറിയാന്‍ ക്ഷണനേരം വേണ്ടെനിക്കിപ്പോള്‍
അമ്മയല്ല മകളല്ല പത്നിയല്ല സഖിയല്ല ഞാനിനി
അടിച്ചമര്‍ത്തലില്‍ നിന്നുത്ഭവിച്ച സംഹാരരുദ്രയല്ലോ!!
Comments
മാറിച്ചിന്തിക്കട്ടെ സമൂഹം...!
വളയിട്ട കൈബലം അറിയട്ടെ
ആത്മവിശ്വാസത്തിന്‍
ആര്‍ജ്ജവം ഊര്‍ജ്ജമായ്
വരികളില്‍ തെളിയട്ടെ,
വാക്കുകളില്‍ മുഴങ്ങട്ടെ...
ആശംസകള്‍....
കാണുമ്പോള്‍ തോന്നിയിട്ടുണ്ട്........................
മൂര്‍ച്ചയുള്ള വരികള്‍
നന്നായിട്ടുണ്ട്
ആശംസകള്‍
www.hrdyam.blogspot.com