ബ്ലോഗിങ്ങ് ചിന്തകള്‍

പണ്ട് (അത്ര പണ്ടൊന്നുമല്ല കേട്ടോ!) ഏതൊരു ബ്ലൊഗ്ഗറേയും പോലെ ഞാനും ഇടയ്ക്കൊക്കെ എന്റെ ബ്ലോഗിലെ ഫോളോവേര്സിന്റെ എണ്ണവും സന്ദര്‍ശകരുടെ എണ്ണവും നോക്കി നിര്‍വൃതിയടയാറുണ്ടായിരുന്നു. ഇപ്പോള്‍ ഈ സംഖ്യകള്‍ക്ക് ഞാന്‍ കൊടുക്കുന്ന പ്രാധാന്യം മുന്‍പത്തേക്കാള്‍ വളരെക്കുറവാണ് എന്ന്‍ മാത്രം! കാരണം വേറെ ഒന്നുമല്ല - കണക്കുകള്‍ പലപ്പോഴും യാഥാര്‍ത്ഥ്യമാകണമെന്നില്ല എന്നത് തന്നെ!

എന്നാല്‍ ഇന്നിപ്പോള്‍ എന്നെ ചിന്തിപ്പിച്ച വിഷയം വേറെ ഒന്നാണ് - യാദൃച്ഛികമായി ഇന്നൊരു ബ്ലോഗില്‍ എത്തിപ്പെട്ടു. നല്ല എഴുത്ത് - വിവിധ വിഷയങ്ങള്‍ കൈകാര്യം ചെയ്യുന്നു - പക്ഷേ ഫോളോവര്‍മാര്‍ കുറവാണ്. കമന്റുകളും കുറവ് - ഒരു പക്ഷേ ആ ബ്ലോഗര്‍ തന്റെ ബ്ലോഗ്‌ വേണ്ട പോലെ മാര്‍ക്കറ്റ് ചെയ്യാത്തത് കൊണ്ടാവാം... 

ബ്ലോഗിങ്ങ് രംഗത്ത് കുറച്ചൊക്കെ സജീവമായത് മുതല്‍ ഞാന്‍ നിരീക്ഷിച്ചു വരുന്ന ഒരു പ്രതിഭാസമാണിത്...  നല്ല ബ്ലോഗുകള്‍ വേണ്ട പോലെ ശ്രദ്ധിക്കപ്പെടുന്നില്ല എന്നൊരു തോന്നല്‍ . എന്നെക്കാള്‍ നന്നായി എഴുതുന്നവരും, വിവിധ വിഷയങ്ങള്‍ എഴുതുന്നവരുമൊക്കെ അറിയപ്പെടാതെ പോകുന്നതില്‍ വിഷമം തോന്നാറുണ്ട്. അത് പോലെ തന്നെ നിലവാരമില്ലാത്ത ചില ബ്ലോഗുകള്‍ കേമം എന്നുപറഞ്ഞു കൊട്ടിഘോഷിക്കപ്പെടുമ്പോഴും...

ബ്ലോഗ്‌ പ്രചരിപ്പിക്കാന്‍ ഫേസ്ബുക്ക്‌ ഏറെ സഹായകരമാണെങ്കിലും ഇപ്പോള്‍ പല പോസ്റ്റുകളും ഫേസ്ബുക്കിലെ ചര്‍ച്ചാ വിഷയങ്ങളായി മാത്രം ഒതുങ്ങുന്നുണ്ടോ എന്ന സംശയവും ഇല്ലാതില്ല. വളരെ സജീവമായി എഴുതിയിരുന്ന പലരും ഇപ്പോള്‍ ഇത്തരം ചര്‍ച്ചകളില്‍ മാത്രം പങ്കെടുത്ത് സന്തോഷിക്കുന്ന കാഴ്ച്ചയാണ് ചുറ്റിനും. ബ്ലോഗ്‌ ഒരല്പം പിന്തള്ളപ്പെട്ടോ എന്ന സംശയം സ്വാഭാവികമായും ഉയരുന്നു. ഒരു പക്ഷേ ഫേസ്ബുക്കില്‍ ഇടുന്ന സ്റ്റാറ്റസ് അപ്ഡേറ്റുകള്‍ക്ക് ഉടന്‍ തന്നെ പ്രതികരണം കിട്ടുന്നുവെന്നും വായനക്കാരനും എഴുത്തുകാരനും തമ്മില്‍ ഉടന്‍ തന്നെ സംവദിക്കാനുള്ള അവസരം കൈവരുന്നു എന്നതും അതിന്റെ ഒരു മെച്ചമാണ്. എന്നാല്‍ പിന്നീടെപ്പോഴെങ്കിലും ഇവ കണ്ടെത്തണമെങ്കില്‍ വളരെ ബുദ്ധിമുട്ടാണെന്നത് ഏറ്റവും വലിയ ഒരു കുറവായാണ് എനിക്ക് തോന്നിയിട്ടുള്ളത്.

ബ്ലോഗില്‍ എല്ലാം അടുക്കിലും ചിട്ടയിലും വെക്കാന്‍ കഴിയും. വായനക്കാരന് തന്റെ പ്രതികരണം എഴുത്തുകാരനെ അറിയിക്കാനും കഴിയും. പക്ഷേ അതിന് അപ്പപ്പോള്‍  മറുപടിയും, അതിന്മേല്‍ ഒരു ചര്‍ച്ചയും ബ്ലോഗില്‍ പൊതുവേ കാണാറില്ല. എന്നാല്‍ എത്ര ദിവസം കഴിഞ്ഞാലും ബ്ലോഗില്‍ നിന്നും ആ പോസ്റ്റ്‌ കണ്ടെടുക്കാന്‍ വലിയ വിഷമം ഒന്നുമില്ല എന്നത് ഒരു വലിയ മെച്ചം തന്നെ! സൗകര്യം പോലെയിരുന്നു വായിക്കാവുന്ന ഒരു പുസ്തകം പോലെയാണ് ബ്ലോഗ്‌.

പറഞ്ഞു വന്നത് ഇതൊന്നുമല്ല - നല്ല എഴുത്തുകാരെ എങ്ങനെ വായനക്കാരിലേക്ക് എത്തിക്കാം എന്നതാണ്. ചില ബ്ലോഗ്‌ കൂട്ടായ്മകളില്‍ അതിനുള്ള പരിശ്രമങ്ങള്‍ നിരന്തരം ഉണ്ടെങ്കിലും അവ കൂടുതല്‍ ഫലപ്രദമാവേണ്ടിയിരിക്കുന്നു എന്നാണ് എന്റെ അനുഭവം പറയുന്നത്. പലപ്പോഴും അറിയുന്നവരെ മാത്രം വായിച്ചും പ്രോത്സാഹിപ്പിച്ചും നാം സന്തോഷകരമായി മുന്നോട്ട് പോകുന്നു. അത് പോര എന്ന് തോന്നുന്നു.

നല്ല ഒരു പോസ്റ്റ്‌ കണ്ടാല്‍ അത് മറ്റുള്ളവരിലേക്കും എത്തിക്കണം എന്ന തോന്നലുണ്ടാവണം. ഇടയ്ക്കെങ്കിലും അവനവന്റെ മാത്രമല്ലാതെ മറ്റുള്ളവരുടെ ബ്ലോഗിനെയും നമ്മള്‍ പ്രോത്സാഹിപ്പിക്കണം - പ്രത്യേകിച്ചും അവ മികവുറ്റതാവുമ്പോള്‍ ! അതു പോലെ ആരെങ്കിലും ഒരു പോസ്റ്റ്‌ ഷെയര്‍ ചെയ്‌താല്‍ അവ വായിച്ചു നോക്കാനുള്ള സന്മനസ്സ് കാണിക്കണം. 

ഒരു നല്ല വായനക്കാരനേ ഒരു നല്ല എഴുത്തുകാരനാവാന്‍ കഴിയൂ എന്ന് കേട്ടിട്ടുണ്ട്. പല ബ്ലോഗുകളിലും പോയി നോക്കുമ്പോള്‍ അത് സത്യമാണെന്ന്‌ തോന്നിയിട്ടുണ്ട്. എത്ര വൈവിദ്ധ്യമാര്‍ന്ന വിഷയങ്ങളാണ് വായിക്കാന്‍ കഴിയുന്നത് - എത്ര വ്യത്യസ്തമായ കാഴ്ചപ്പാടുകളും! അവ വായിക്കുന്നവരിലും ഒരു പുതിയ ചിന്തയുടെ വിത്ത്‌ മുളപ്പിക്കില്ലെന്നു ആര്‍ക്ക് പറയാന്‍ കഴിയും?

കുറെ ദിവസങ്ങളായി മുടങ്ങിക്കിടന്ന ബ്ലോഗ്‌ വായന കൂടുതല്‍ ചിട്ടയോടെ തുടരുവാന്‍ ഉദ്ദേശിക്കുന്നു. എന്റെ കാഴ്ചയില്‍ വ്യത്യസ്തമെന്ന്‍ തോന്നുന്നവ ഞാന്‍ തീര്‍ച്ചയായും നിങ്ങളുമായി പങ്കുവെക്കും. നിങ്ങള്‍ ചൂണ്ടിക്കാണിക്കുന്നവ വായിക്കാനും ശ്രമിക്കും - അത് നിങ്ങളുടെ സ്വന്തം ബ്ലോഗായാലും അല്ലെങ്കിലും. 

അങ്ങനെ ചിലരെങ്കിലും കൂടുതല്‍ അറിയപ്പെടാന്‍ ഒരു നിമിത്തമായെങ്കില്‍ ഏറ്റവും ചാരിതാര്‍ത്ഥ്യം പകരുന്ന ഒരനുഭാവമാകും അത്. 

ഞാന്‍ ഈയടുത്ത് എത്തിപ്പെട്ട, എനിക്ക് ശ്രദ്ധേയമായി തോന്നിയ ചില ബ്ലോഗുകള്‍ ഇവയാണ്

http://harshamohank.blogspot.in/
http://sahithyasamgamam.blogspot.in/
http://disorderedorder.blogspot.in/
http://swanthamsyama.blogspot.in/
http://spandanam-athira.blogspot.in
http://pukayunnakadhakal.blogspot.in/
http://praveen-sekhar.blogspot.in
http://worldofshivakami.blogspot.in/
http://www.vishnulokam.com/

ഇനിയും എത്രയോ നല്ല ബ്ലോഗുകളില്‍ എത്താനുണ്ട് എന്നറിയാം... ഇന്നല്ലെങ്കില്‍ നാളെ അവിടെ എത്തിച്ചേരുമെന്ന വിശ്വാസത്തില്‍ ഞാന്‍ വായന തുടരട്ടെ!

ചിത്രത്തിന് കടപ്പാട് : ഗൂഗിള്‍ ഇമേജ്

Comments

© Mubi said…
സൗകര്യം പോലെയിരുന്നു വായിക്കാവുന്ന ഒരു പുസ്തകമാണ് ബ്ലോഗ്‌.... :)

'ക്ഷമ' യാണ് ഇല്ലാതെ പോകുന്നത്, നിഷ...സമം കിട്ടുമ്പോഴും ക്ഷമാപൂര്‍വ്വം ബ്ലോഗുകള്‍ വായിക്കാന്‍ പലപ്പോഴും കഴിയുന്നില്ല എന്നത് ദു:ഖസത്യം മാത്രം...പിന്നെ എഴുതുന്നത് മറ്റുള്ളവരിലേക്ക് എത്താറില്ല എന്ന മട്ടു യാഥാര്‍ത്ഥ്യവും...:(
ajith said…
ബ്ലോഗ് ഒന്നുണരട്ടെ
Cv Thankappan said…
എന്‍റെ കണ്ണില്‍പ്പെടുന്ന ബ്ലോഗുകളിലെ പോസ്റ്റുകള്‍ വായിക്കുകയും അതില്‍ അഭിപ്രായം രേഖപ്പെടുത്തുകയും
ചെയ്യാറുണ്ട്.സത്യം പറഞ്ഞാല്‍ ഇപ്പോള്‍ അതിനാണ് കൂടുതല്‍ സമയവും വിനിയോഗിക്കുന്നത്.
അപ്പോള്‍ എന്‍റെ ബ്ലോഗില്‍ കയറാനും എഴുതാനും പറ്റാറില്ല എന്നതാണ് വാസ്തവം......
നല്ലൊരു രചന വായിക്കുമ്പോള്‍ മനസ്സില്‍ സംതൃപ്തി.
പ്രോത്സാഹനം നല്‍കുമ്പോള്‍ ഉള്ളിലൊരു സന്തോഷവും.
ബ്ലോഗുകളുടെ ലിങ്കുകള്‍ ചേര്‍ത്തത് ഉചിതമായി.
ആശംസകള്‍
Manoj Vellanad said…
നല്ല എഴുത്തുകള്‍ പ്രോത്സാഹിപ്പിക്കപ്പെടണം... ഞാനും ഉള്ള സമയത്ത് പരമാവധി ബ്ലോഗുകള്‍ സന്ദര്‍ശിക്കുകയും, പ്രോത്സാഹിപ്പിക്കുകയും ചെയ്യാറുണ്ട്..

ബ്ലോഗ്‌ ലിങ്കുകള്‍ തന്നത് നന്നായി.. കണ്ടിട്ടില്ലാത്ത രണ്ടു മൂന്നെണ്ണം കിട്ടി.. :)
nannai, iththaram samrabham
വായിക്കുക.. അഭിപ്രായങ്ങള്‍ എഴുതുക.. എന്നത് ദിനചര്യയാക്കിയ കുറച്ചു പേരുണ്ട്.. അതില്‍ ചിലരാണ് മുകളില്‍ അഭിപ്രായം എഴുതിയ സുഹൃത്തുക്കള്‍ .ഈ സന്ദര്‍ഭത്തില്‍ അവര്‍ക്ക് പ്രത്യേക അഭിനന്ദനങ്ങള്‍ . പിന്നെ, ഓരോരുത്തരും അവരവരുടെ ഡാഷ്ബോര്‍ഡില്‍ നിന്നും ഫോളോവേര്‍സിന്‍റെ പുതിയ പോസ്റ്റുകള്‍ വായിക്കുകയും അഭിപ്രായം എഴുതുകയും ചെയ്യുകയാണെങ്കില്‍ ഈ മാന്ദ്യം മാറുമെന്ന് തോന്നുന്നു.
ആശംസകള്‍ .. തുടരുക..
Aneesh chandran said…
വായന നടക്കട്ടെ....
Mukesh M said…
വായന മുടങ്ങിയത്കൊണ്ട് മാത്രം, ഈ ചിന്തയും ഉണരാന്‍ വൈകി.
വായിച്ചു വളരട്ടെ; ബ്ലോഗ്ഗെന്‍മാര്‍/ബ്ലോഗ്ഗികള്‍ !!
Unknown said…
അജിത്‌ ചേട്ടൻ "ഒരു സുഹൃത്തിന്റെ വീടുപോലെയാണ്‌ വീട് ബ്ലോഗ്‌" എന്നുപറഞ്ഞത്‌ എവിടെയോ വായിച്ചു.
.
പരമാവതി കൂട്ടുകാർ ഉണ്ടാവുവാനും സമയംപോലെ അവരുടെ വീടുകൾ വിസിറ്റ് ചെയ്യാനും കഴിയട്ടെ എല്ലാവർക്കും.
ആശംസകൾ !
Joselet Joseph said…
അതെ. ഇത്തരം ഇടപെടലുകള്‍ ബ്ലോഗിന് ഉണര്‍വേകും.
Promodkp said…
വരും വായനകാര്‍ .നല്ലതാണെങ്കില്‍ എത്ര വൈകിയാലും
Unknown said…
ഈയിടെയായി ബ്ലോഗ്‌ വായിച്ചു തുടങ്ങിയ ഒരാളാണു ഞാന്‍...പുതിയ ബ്ലോഗുകളെ പരിചയപെടുത്തിയതിനു നന്ദി....
തുടരട്ടെ വായന ബൂലോകത്തും ഭൂലോകത്തും
ബ്ലോഗിനെ കുറിച്ച് ഒരക്ഷരം പറയരുത് :)
മുകളില്‍ വായിച്ചത് എല്ലാം എന്റെ മനസ്സില്‍ പലപ്പോഴും തോന്നിയിട്ടുള്ളതാണ്.

Popular posts from this blog

സൗഹൃദം

കൊഴിയുന്ന പൂക്കള്‍....

ദേഹാന്തരയാത്രകള്‍ - ഒരു ആസ്വാദനക്കുറിപ്പ്