വീട്ടിലെ കിളികൾ -2
കുട്ടിക്കാലത്തെ ഓർമ്മകളുടെ അവിഭാജ്യഘടകമാണ് ഇല്ലത്തെ കുളം. മഴക്കാലത്ത് നിറഞ്ഞു നില്ക്കുന്ന വെള്ളത്തിൽ ചാടിത്തിമർത്തും മുങ്ങാംകൂഴിയിട്ടും നീന്തിക്കളിച്ചും മണിക്കൂറുകളാണ് കുളത്തിൽ ചിലവിട്ടിട്ടുള്ളത്. കുളിമുറിയെന്നത് പേരിനു മാത്രം ഉണ്ടായിരുന്ന ആ കാലത്ത് കുളത്തിനോട് അല്പം അനിഷ്ടം തോന്നിയിരുന്നത് തിരുവാതിരക്കാലത്താണ്. കുളിരുള്ള പ്രഭാതത്തിൽ നീരാവി വെള്ളത്തിൽ നിന്നും മൂടൽ മഞ്ഞു പോലെ ഉയർന്നു പൊങ്ങുന്ന കാഴ്ച തണുപ്പിന്റെ ആധിക്യം കൂട്ടിയതേ ഉള്ളു. അതിനാൽ അവധി ദിവസങ്ങളിൽ നല്ലവണ്ണം വെയിൽ പരന്നാലേ കുളത്തിൽ പോയിരുന്നുള്ളു. കുളത്തിന്റെ ഏതാണ്ട് പകുതിയിലായി ഭിത്തിയോട് ചേർന്ന് ഒരു മരമുണ്ടായിരുന്നു. വളഞ്ഞു പുളഞ്ഞ് ഒരു ശിഖരം വെള്ളത്തിലേയ്ക്ക് തള്ളി നിൽക്കുന്ന ഒരു ചെറു മരം. മഴക്കാലത്ത് ആ ശിഖരത്തിനൊപ്പം വെള്ളമെത്തുമ്പോൾ നീന്തിച്ചെന്ന് ഇലകൾക്കിടയിലൂടെ ഊഴ്ന്ന് (നീർക്കോലിയില്ലെന്നുറപ്പിച്ച്) ആ കൊമ്പിൽ പോയിരിക്കാറുണ്ട്. വെള്ളം കുറയുമ്പോൾ അതിന്റെ മുകളിൽ കയറി വെള്ളത്തിലേയ്ക്ക് മലക്കം മറിയും. എന്നാൽ തിരുവാതിരക്കാലമാവുമ്പോഴേയ്ക്കും വെള്ളം ഒരുപാട് താഴ്ന്നിട്ടുണ്ടാവും. അപ്പോൾ ആ കൊമ്പിന്റെ അവകാശികൾ കിളികളും അ