Posts

Showing posts from 2015

ഓര്‍മകളില്‍ ഒരു പെന്‍സില്‍ ബോക്സ്‌

Image
പണ്ട് - അത്ര പണ്ടുപണ്ടൊന്നുമല്ലട്ടോ, ഒരു പത്തിരുപത്തെട്ടു കൊല്ലം മുന്‍പ് - സ്കൂളില്‍ പഠിക്കുന്ന കാലം... സ്കൂളില്‍ പല കുട്ടികളും ഗള്‍ഫിലുള്ള ബന്ധുക്കള്‍ കൊണ്ടു വന്ന സാധനങ്ങള്‍ പ്രദര്‍ശിപ്പിക്കുന്ന കാലം. ഫെബെര്‍ കാസ്റ്റിലിന്റെ മഞ്ഞ നിറത്തിലുള്ള പെന്‍സില്‍, ഇരുപത്തിനാലോളം കളറുകള്‍ ഉള്ള ക്രയോണ്‍സിന്‍റെ പെട്ടി, മൂട്ടില്‍ റബ്ബറുള്ള പെന്‍സില്‍, പെന്‍സില്‍ കൂര്‍പ്പിക്കുമ്പോള്‍ അതിന്റെ അവശിഷ്ടങ്ങള്‍ പുറത്ത് വീഴാതിരിക്കാന്‍ അടപ്പുള്ള പെന്‍സില്‍ ഷാര്‍പ്ണര്‍, ഒരറ്റത്ത് റബ്ബറും (ഇറേസര്‍) മറ്റേ അറ്റത്ത് മായ്ക്കുമ്പോള്‍ ഉണ്ടാവുന്ന പൊടി തട്ടിക്കളയാനുള്ള ചെറിയ ബ്രഷുമുള്ള റബ്ബര്‍, കാന്തിക ശക്തിയാല്‍ അടയുന്ന അടപ്പുള്ള, രണ്ടു ഭാഗവും തുറക്കാവുന്ന  പെന്‍സില്‍ ബോക്സ് എന്നിങ്ങനെ കൌതുകകരമായ പല സാമഗ്രികളും ക്ലാസ്സില്‍ മിക്കവാറും പേരുടെ കൈയ്യില്‍ കണ്ടിരുന്ന കാലം. ചില മഹാമനസ്കര്‍ അവയെല്ലാം തൊട്ടു നോക്കാനും ചിലപ്പോള്‍ ഉപയോഗിക്കാനും അനുവദിച്ചിരുന്നെങ്കിലും മിക്കപ്പോഴും അവയെല്ലാം ഒരു വിലപ്പെട്ട വസ്തുവിനെപ്പോലെ ഏറെ സൂക്ഷിച്ച് മറ്റാര്‍ക്കും നല്കാതെ വച്ചിരുന്നു. അവരുടെ പത്രാസ് കണ്ടപ്പോള്‍ നമ്മുടെയുള്ളില്‍ എന്തോ ഒര...

ഞാന്‍ കണ്ടിട്ടില്ലാത്ത എന്റെ മുത്തശ്ശന്‍

Image
ആമുഖം: കുറേക്കാലം മുന്‍പ് ഏറ്റവും വേണ്ടപ്പെട്ട ഒരു ബന്ധുവിന്റെ പിറന്നാള്‍ ആഘോഷത്തില്‍ പങ്കെടുത്തു. അവിടുത്തെ പേരക്കുട്ടികള്‍ മുത്തശ്ശന്റെ പിറന്നാള്‍ കൊണ്ടാടുന്നതിന് എത്ര ഉത്സാഹത്തോടെയാണ് ഓരോ കാര്യങ്ങളും ചെയ്തതെന്നോ! അതു കണ്ടപ്പോള്‍, കുറേ നാളായി എന്റെ മനസ്സിലുണ്ടായിരുന്ന ഓര്‍മ്മകള്‍ അക്ഷരങ്ങളായി പ്രവഹിക്കുകയായിരുന്നു. ആശകളാല്‍ പൂരിതമാണ് ജീവിതം. പല പല ആശകളും ആശാഭംഗങ്ങളും ഇല്ലാത്ത ജീവിതത്തിന് ഒരു നിറപ്പകിട്ടില്ല. പൊതുവേ ജീവിതത്തില്‍ അത്രയധികം നിരാശകളൊന്നും തോന്നാത്ത എനിക്കു പക്ഷേ ഒരു കാര്യത്തില്‍ മാത്രം വലിയ സങ്കടവും നിരാശയുമാണ്‌. എന്താണെന്നാവും, അല്ലേ? പറയാം! കുട്ടിക്കാലത്ത്, അതായത് കഥകളും മറ്റും വായിച്ചു തുടങ്ങിയ കാലത്ത്, എന്നെ ഏറ്റവും ദു:ഖിപ്പിച്ചിട്ടുള്ള സത്യമാണ് ആ കഥകളില്‍ പറയുന്ന പോലെ കുട്ടിക്കാലത്തെ സുഹൃത്തായിരിക്കാന്‍ മുത്തശ്ശന്‍ ഇല്ലല്ലോ എന്നത്. എന്റെ അച്ഛന്റെ അച്ഛനെയോ അമ്മയുടെ അച്ഛനെയോ ഞാന്‍ കണ്ടിട്ടില്ല. അമ്മാത്തെ മുത്തശ്ശന്‍ (അമ്മയുടെ അച്ഛന്‍) എന്റെ അമ്മയുടെ കുട്ടിക്കാലത്തു തന്നെ അതിദാരുണമായി കൊല്ലപ്പെടുകയാണുണ്ടായത്രേ! അദ്ദേഹം മരിക്കുമ്പോള്‍ തീരെ കുഞ്ഞായിരുന്ന എന്റെ ചെറിയ...

ഉണ്ണിയ്ക്കായ് ....

Image
നാരായണനാമ മുഖരിതമാം തൃസന്ധ്യയില്‍ ഉണ്ണീ നീ പിറന്നപ്പോളൊരമ്മയും ജനിച്ചു; പിഞ്ചു പൈതലെ മാറോടണച്ചവളിതു- വരെയറിയാതിരുന്നൊരു നിര്‍വൃതിയറിഞ്ഞു. ഉറക്കമില്ലാത്ത രാവുകളില്‍ സ്വസ്ഥമാ- യുറങ്ങും നിന്‍ ചെറുചിരിയവള്‍ കണ്ടിരുന്നു... അമ്മിഞ്ഞപ്പാലിനൊപ്പം നീ നുകര്‍ന്നത് നന്മതന്‍ മാധുര്യമെന്നുമവളെന്നും നിനച്ചു കാലത്തിന്‍ ചക്രമൊരിടപോലും നിന്നിടാതെ, ആരെയും കാക്കാതെ, വേഗമങ്ങുരുണ്ടു പോയ്‌; നിയതി തന്‍ നിശ്ചയം പോലെയുണ്ണി വളര്‍ന്നു അമ്മതന്‍ തോളോടു തോള്‍ ചേര്‍ന്നല്ലോ പുഞ്ചിരിപ്പൂ... കൌമാരത്തിന്‍ പടിവാതിലിലവന്‍ പകച്ചിടാതെ, അടിയൊന്നുപോലുമവനു പിഴച്ചിടാതെ, ജീവിതയാന- ത്തിലവനെന്നും മുന്നേറിടാന്‍ - അനുനിമിഷമമ്മ തന്‍ ചുണ്ടിലും ഹൃത്തിലും പ്രാര്‍ത്ഥനതന്‍ അലയടികള്‍; ആരോരുമറിയാതെയവ മൌനമായ് എന്നുമവന്റെ ചുറ്റിലും ഒരു ചെറു കവചമായ് വിളങ്ങിടുമോ??? കാലമേറെ കഴിഞ്ഞാലു,മേറെ നീ വളര്‍ന്നാലും അമ്മതന്‍ ഉള്ളില്‍ ചെറുകുഞ്ഞായ് നീയെഴും.. ദൂരെ നീ പോകിലും അമ്മ തന്‍ ഹൃത്തിലെന്നു- മകലാതെ,യൊളിമങ്ങാതെ നീ ജ്വലിച്ചു നില്‍ക്കും... നല്‍കുന്നു ഞാനെന്നോമലേ നിനക്കായെന്നും ആയുരാരോഗ്യസൌഖ്യത്തി...

കുടുംബത്തിന്റെ ശ്രീ

Image
കുറച്ചു കാലങ്ങളായി വിഡ്ഢിപ്പെട്ടിയുടെ മുന്നില്‍ ചിലവഴിക്കുന്ന സമയം വളരെ കുറഞ്ഞിരിക്കുന്നു. മുന്‍പൊക്കെ സിനിമയും മറ്റും കണ്ടിരുന്നുവെങ്കിലും ഇപ്പോള്‍ അതൊക്കെ വിരളമായിരിക്കുന്നു. രാത്രിയിലത്തെ ഇംഗ്ലീഷ് വാര്‍ത്തയും അതിനു ശേഷം മലയാളം ചാനലുകളില്‍ ഏതെങ്കിലുമൊന്നില്‍ വരുന്ന തമാശകളുമായി ചുരുങ്ങിയിരുന്നു ടിവിയുമായുള്ള ബന്ധം. എന്നാല്‍ ന്യൂസ് അവര്‍ ആര്‍ണബ് ഗോസ്വാമിയുടെ അലറല്‍ അവര്‍ ആയി മാറിയപ്പോള്‍ പ്രൈം ടൈം ന്യൂസും അവഗണിക്കാന്‍ തുടങ്ങി. അടുക്കളയില്‍ അന്നന്നത്തെ പണികള്‍ അവസാനിപ്പിക്കാനുള്ള തിരക്കിനിടയിലും പാത്രങ്ങളുടെ കലപിലയ്ക്കിടയിലും ടിവിയില്‍ നിന്നും ഉയര്‍ന്നു കേള്‍ക്കുന്ന ഉച്ചത്തിലുള്ള ശബ്ദകോലാഹലങ്ങളെ ഒരു പാട്ടിലോ അല്ലെങ്കില്‍ എന്തെങ്കിലും ചിന്തയിലോ മുക്കിക്കളയുകയാണ് പതിവ്. പത്തു മണിക്ക് ഹിസ്റ്ററി ചാനലില്‍ വരുന്ന പരിപാടി രസകരം എന്ന് തോന്നിയാല്‍ കാണും. അതും നല്ല പാതിക്കൊപ്പം മാത്രം. അദ്ദേഹം സ്ഥലത്തില്ലാത്ത ദിവസങ്ങളില്‍ വൈകുന്നേരം കുട്ടികള്‍ കുറച്ചു നേരം ടി വി കണ്ടു കഴിഞ്ഞാല്‍ അതിനു വിശ്രമം നല്‍കുകയാണ് പതിവ്. ഇന്നലെ പതിവിനു വിപരീതമായി പത്തരകഴിഞ്ഞും എന്തൊക്കെയോ തമാശകള്‍ കണ്ടു രസിച്ചിരുന്നു. ഒ...

കൈമുക്കല്‍

കിള്ളിക്കുറിശ്ശിമംഗലത്തു നിന്നിരു വിപ്രര്‍ ഏറെ പെരുമയെഴും ശുകപുരത്തെത്തി; ദക്ഷിണാമൂര്‍ത്തിയെ ഭജിക്കുവാനായാ സോദരര്‍ കുളിയും ജപവുമായ് പാര്‍ത്തു വന്നു.. ചാരെയെഴുന്നോരില്ലത്തു വാഴുന്നൊരു കൊച്ചു പെണ്‍കിടാവിന്‍ സ്പര്‍ശനത്താലന്നൊരിക്കല്‍ പാതിത്യം വന്നു ഭവിച്ചെന്നു നിശ്ചയിച്ചു മറ്റുള്ളോര്‍ ചാക്യാരായിക്കൊള്‍കിനിയെന്നോതിയ നേരം സാത്വികനാകിയ ജ്യേഷ്ഠസോദരന്‍ തന്നുടെ നിരപരാധമുറപ്പിക്കാന്‍ 'കൈമുക്കല്‍ 'തന്നെ യുപാധിയെന്നങ്ങുറച്ചു; സംശയം തീരാതിരുന്നൊ- രനിയന്‍ ചാക്യാരാകാമെന്നുമങ്ങുറപ്പിച്ചു നൂനം! സത്യം തെളിയാതിരിക്കുകില്‍ നായടിയായിപ്പോവാതെ ചാക്യാരായ് കാലം കഴിച്ചു കൊള്ളാമെന്നു നിനച്ചു പാവം ഓത്തിനു വന്നൊരു ബ്രാഹ്മണശ്രേഷ്ഠനങ്ങനെ കൂത്തറിയാത്തൊരു ചാക്യാരായതും കാലത്തിന്‍ കളി! കൈമുക്കി സത്യം തെളിയിക്കുവാനായി രാജാവിന്‍ സമ്മതം കാത്തു നിന്നാ ജേഷ്ഠസോദരനേറെക്കാലം ഒടുവില്‍ ശുചീന്ദ്രത്തു പോയിട്ടാ സന്നിദ്ധിയില്‍ സത്യം തെളിയിക്കേണ്ട കാലമാഗതമായ് സാക്ഷീ ഗണപതി തന്‍ചാരെ, തിളയ്ക്കുന്ന നെയ്യില്‍ കിടന്നു തിളങ്ങും വെള്ളിക്കാളയെ തന്‍ കരം കൊണ്ടു വെള്ളത്തില്‍ നിന്നെന്നപോലെയാ...

സ്നേഹ നമസ്കാരം!

Image
ഓര്‍മ്മകള്‍ പതിറ്റാണ്ടുകള്‍ പിന്നിലേക്കു പാഞ്ഞപ്പോള്‍ കാണ്മായ് ഞങ്ങള്‍ തന്‍ ബാല്യത്തിന്‍ മോഹന ദൃശ്യങ്ങള്‍ സ്നേഹവായ്പ്പോടന്നു ഞങ്ങളെ മാറോടണച്ചമ്മയോളം മമതയോടൂട്ടിയുമുറക്കിയും കാത്തു പോന്നു വല്ല്യമ്മ... അച്ഛനുമമ്മയുമല്ലാതൊരു ശരണമുണ്ടെങ്കിലന്നവര്‍ മാത്രം വളര്‍ന്നിടും ഞങ്ങള്‍ക്കേറെ പാഠങ്ങള്‍ പകര്‍ന്നു നല്‍കി നന്മ തന്‍ വഴികള്‍, നല്ല തത്ത്വങ്ങള്‍, അമ്മയില്ലാത്ത നേരം അമ്മയെപ്പോലെ കരുതല്‍, വേവലാതികള്‍  ഞങ്ങളെച്ചൊല്ലി; യാത്രയില്‍ കൂട്ടുമെന്നും, എത്ര ദൂരെത്തേക്കെങ്കിലും, കൈ വിടാതെ കണ്ണു തെറ്റാതെയാ സ്നേഹത്തണലില്‍ കാത്തു വെച്ചു ഞങ്ങളെ... ഞങ്ങള്‍ തന്‍ കളിചിരികള്‍ മനം നിറഞ്ഞാസ്വദിച്ചവര്‍ - ഒരിക്കലു- മൊരു നോക്കു കൊണ്ടുപോലും നോവിച്ചില്ലന്നു ഞങ്ങളെ... ദൂരദിക്കില്‍ നിന്നുമേട്ടന്‍ വരുമ്പോള്‍ കൊണ്ടുവരും വര്‍ണ്ണ മിഠായി- പ്പൊതികള്‍ പാത്തുവെക്കാതെ കൈ നിറയെ വാരി നല്‍കിയെന്നും; മധുരവും സ്നേഹവും ചേര്‍ത്തെത്രയോ വട്ടം പായസമുണ്ണാന്‍ വല്യമ്മ ഞങ്ങളെ കാത്തു കാത്തു കണ്‍നട്ടിരുന്നിരുന്നുവന്ന്‍......

തുഞ്ചന്‍പറമ്പ് ബ്ലോഗ്‌ മീറ്റ്‌ - ഒരു പിടി നല്ല ഓര്‍മ്മകള്‍

Image
ഇതാദ്യമായാണ് ഞാന്‍  ഒരു ബ്ലോഗ്‌ മീറ്റില്‍ പങ്കെടുത്തത്. മീറ്റിന് പോകുമ്പോള്‍ അവിടെ കണ്ടുമുട്ടാവുന്ന പലരേയും പേര് പറഞ്ഞാലെങ്കിലും ഞാന്‍ തിരിച്ചറിയും എന്ന ഒരു തോന്നലുണ്ടായിരുന്നു. ബ്ലോഗിംഗ് രംഗത്ത് അത്ര സജീവമല്ലെങ്കിലും ചുരുക്കം ചില ചര്‍ച്ചകളിലും മറ്റും പങ്കു ചേരാനും പലരുമായി സംവദിക്കാനും കഴിഞ്ഞിട്ടുണ്ട്. ജോലിത്തിരക്കും മറ്റുമായപ്പോള്‍ എഴുത്ത് നന്നേ കുറഞ്ഞു. വായനയും... അതില്‍ നിന്നെല്ലാം ഒരു മാറ്റം വരണം, എഴുതണം, അതിലേറെ വായിക്കണം എന്നൊക്കെ നിനച്ചിരിക്കുന്ന നേരത്താണ് തുഞ്ചന്‍ പറമ്പിലെ മീറ്റിന്റെ കാര്യങ്ങള്‍ അറിയുന്നതും കഴിയുമെങ്കില്‍ പങ്കെടുക്കണം എന്ന്‍ തീരുമാനിക്കുകയും ചെയ്തത്. എന്നാലും  മീറ്റിന് ഏതാനും ദിവസങ്ങള്‍ ബാക്കിയുള്ളപ്പോള്‍ വരെ ഒരു തീരുമാനത്തിലെത്താന്‍ എന്തുകൊണ്ടോ മടിച്ചിരുന്നു. മീറ്റിന് മൂന്നാലു ദിവസങ്ങള്‍ ബാക്കി നില്‍ക്കേ സാബു (കൊട്ടോട്ടി) വിളിക്കുകയും തീര്‍ച്ചയായും വരണം എന്ന്‍ ഒരിക്കല്‍ കൂടി നിര്‍ബന്ധിക്കുകയും ചെയ്തപ്പോള്‍ അന്നത്തെ എറണാകുളം യാത്ര വൈകീട്ടത്തേയ്ക്ക് മാറ്റുകയും രാവിലെ തുഞ്ചന്‍ പറമ്പില്‍ എത്തുകയും ചെയ്തു. അന്‍വര്‍ ഇക്കാക്കും അബ്സാറിനുമൊപ്പം  ...

ഹൃദയം വീണ്ടും മിടിക്കുമ്പോള്‍...

ഇവിടെ എന്തെങ്കിലും കുത്തിക്കുറിച്ചിട്ട് നാളുകള്‍ ഏറെയായി. എഴുതാന്‍ ഒന്നും ഇല്ലാതിരുന്നതു കൊണ്ടായിരുന്നില്ല മൌനം... മറിച്ച്, എന്തെഴുതണം എന്നൊരു തീരുമാനത്തില്‍ എത്താന്‍ കഴിയാത്തതായിരുന്നു ഈ നീണ്ട ഇടവേളയ്ക്ക് കാരണം. ഈ നാലഞ്ചു മാസം പലതും എഴുതാന്‍ തുടങ്ങുകയും അവ പാതി വഴിയില്‍ നിര്‍ത്തുകയും, അവയില്‍ തന്നെ പലതും അപ്രസക്തമായിമാറിയതിനാല്‍ ഡിലീറ്റ് ചെയ്യുകയും ഉണ്ടായി. അങ്ങനെ, പ്രസിദ്ധീകരണത്തിനു തയ്യാറാവാത്ത കുറെ ചിന്തകളുടെ ഭാരവുമേന്തി, കനത്ത മൌനവും പേറി ഈ ബ്ലോഗ്‌ ഇങ്ങനെ ബൂലോകത്ത് മറഞ്ഞു കിടന്നു. ഈ മൌനം എന്നെ ഏറെ അലോസരപ്പെടുത്തിയിരുന്നെങ്കിലും പ്രധാനപ്പെട്ട മറ്റു പല കാര്യങ്ങളിലേക്കും ശ്രദ്ധ തിരിച്ചതോടെ ആ അലോസരം മനസ്സിന്റെ അടിത്തട്ടിലേക്ക് താഴ്ത്തപ്പെട്ടു. എഴുത്തിനെ പ്രോത്സാഹിപ്പിച്ചിരുന്ന സുഹൃത്തുക്കള്‍ പലരേയും ഇതിനിടയില്‍ ഓണ്‍ലൈന്‍ എഴുത്തിടങ്ങളില്‍ കാണാതായി; ഇഷ്ടപ്പെട്ട വായനകളും കുറഞ്ഞു. സജീവമായ കൂട്ടായ്മകള്‍ പലതും പരസ്പരം പഴിചാരലിന്റെയും അഹംഭാവത്തിന്റെയും അലകളില്‍പ്പെട്ട് ഉലഞ്ഞപ്പോള്‍ അവയില്‍ നിന്നെല്ലാം മാറി നിന്ന്, ജീവിതത്തിലെ മറ്റു പല കാര്യങ്ങളിലും വ്യാപൃതയായി. ജോലി, കുടുംബം, വീട്, എന്നിവ...