ഹൃദയം വീണ്ടും മിടിക്കുമ്പോള്‍...

ഇവിടെ എന്തെങ്കിലും കുത്തിക്കുറിച്ചിട്ട് നാളുകള്‍ ഏറെയായി. എഴുതാന്‍ ഒന്നും ഇല്ലാതിരുന്നതു കൊണ്ടായിരുന്നില്ല മൌനം... മറിച്ച്, എന്തെഴുതണം എന്നൊരു തീരുമാനത്തില്‍ എത്താന്‍ കഴിയാത്തതായിരുന്നു ഈ നീണ്ട ഇടവേളയ്ക്ക് കാരണം. ഈ നാലഞ്ചു മാസം പലതും എഴുതാന്‍ തുടങ്ങുകയും അവ പാതി വഴിയില്‍ നിര്‍ത്തുകയും, അവയില്‍ തന്നെ പലതും അപ്രസക്തമായിമാറിയതിനാല്‍ ഡിലീറ്റ് ചെയ്യുകയും ഉണ്ടായി. അങ്ങനെ, പ്രസിദ്ധീകരണത്തിനു തയ്യാറാവാത്ത കുറെ ചിന്തകളുടെ ഭാരവുമേന്തി, കനത്ത മൌനവും പേറി ഈ ബ്ലോഗ്‌ ഇങ്ങനെ ബൂലോകത്ത് മറഞ്ഞു കിടന്നു. ഈ മൌനം എന്നെ ഏറെ അലോസരപ്പെടുത്തിയിരുന്നെങ്കിലും പ്രധാനപ്പെട്ട മറ്റു പല കാര്യങ്ങളിലേക്കും ശ്രദ്ധ തിരിച്ചതോടെ ആ അലോസരം മനസ്സിന്റെ അടിത്തട്ടിലേക്ക് താഴ്ത്തപ്പെട്ടു.

എഴുത്തിനെ പ്രോത്സാഹിപ്പിച്ചിരുന്ന സുഹൃത്തുക്കള്‍ പലരേയും ഇതിനിടയില്‍ ഓണ്‍ലൈന്‍ എഴുത്തിടങ്ങളില്‍ കാണാതായി; ഇഷ്ടപ്പെട്ട വായനകളും കുറഞ്ഞു. സജീവമായ കൂട്ടായ്മകള്‍ പലതും പരസ്പരം പഴിചാരലിന്റെയും അഹംഭാവത്തിന്റെയും അലകളില്‍പ്പെട്ട് ഉലഞ്ഞപ്പോള്‍ അവയില്‍ നിന്നെല്ലാം മാറി നിന്ന്, ജീവിതത്തിലെ മറ്റു പല കാര്യങ്ങളിലും വ്യാപൃതയായി. ജോലി, കുടുംബം, വീട്, എന്നിവയിലേക്ക് പലപ്പോഴും ഒതുങ്ങിക്കൂടിയപ്പോഴും ചില സൗഹൃദങ്ങളും സ്നേഹങ്ങളും ഒരു ചെറു ചിരിയോ സന്ദേശമോ ആയി മുഖപുസ്തകത്തിലോ മൊബൈലിലോ പ്രത്യക്ഷപ്പെട്ടിരുന്നു. അവ മനസ്സിനേകിയ കുളിര്‍മ്മ പറഞ്ഞറിയിക്കാനാവില്ല.

ഇപ്പോള്‍ വീണ്ടും ഇവിടെയ്ക്ക് എന്നെ പിടിച്ചു വലിക്കുന്നതും അതു തന്നെ! വലിയൊരു എഴുത്തുകാരിയല്ലെങ്കിലും, എഴുതുന്നത് വലിയ വലിയ തത്വങ്ങളോ അറിവുകളോ ഒന്നുമല്ലെങ്കിലും എന്റെ എഴുത്തില്‍ ചില നന്മകളൊക്കെയുണ്ടെന്നു പറയുന്ന അവരാണ് എന്നെ വീണ്ടും ഇവിടെ എത്തിച്ചത്. അവരോടുള്ള എന്റെ നന്ദിയും സ്നേഹവും ഈ തിരിച്ചു വരവിലൂടെ ഞാന്‍ അറിയിക്കുന്നു.

കൊച്ചുകൊച്ചു കാര്യങ്ങളും ചിന്തകളും തോന്നലുകളും ഒക്കെയായി ഞാന്‍ ഇവിടെയുണ്ടാവും എന്ന പ്രതീക്ഷയിലാണ് ഞാന്‍... കൂട്ടിന് ലോകം മുഴുവനും വേണ്ട, ഇത് വായിച്ച് ഒരല്പം സന്തോഷം തോന്നുന്ന ഒരു മനസ്സെങ്കിലും ഉണ്ടെങ്കില്‍ അത് മതിയെനിക്ക്... (അതുണ്ടെന്ന് അറിയുന്നതാണ് എന്റെ ധൈര്യവും!)

സജീവമായ എഴുത്തിലൂടെ, മറഞ്ഞിരിക്കുന്ന ചില സൌഹൃദങ്ങളെയെങ്കിലും തിരിച്ചു കൊണ്ടുവരാനാവും എന്ന പ്രത്യാശയില്‍ ഞാനിരിക്കുന്നു...

Comments

 1. കൂട്ടിനു ലോകം മുഴുവന്‍ ഉണ്ടാകുമോ എന്നറിയില്ല. ഞാനുണ്ടാകും, എന്റെ ലോകം ചേച്ചിയും കൂടി ചേര്‍ന്നതാണ് :)

  ReplyDelete
  Replies
  1. അറിയാം സാന്‍, അതല്ലേ തിരിച്ചു വന്നത് - എന്റെ ലോകവും നിങ്ങളൊക്കെ ചേര്‍ന്നതാണ്.

   Delete
 2. തിരിച്ചുവരവിന് ആശംസകൾ...

  ReplyDelete
 3. നിഷ, ഹൃദയതാളങ്ങള്‍ വീണ്ടും പഴയത് പോലെ സജീവമാകുമെന്ന് പ്രതീക്ഷിക്കുന്നു.... ഒരുപാട് സന്തോഷം തിരിച്ചു വന്നതില്‍.. :) :)

  ReplyDelete
  Replies
  1. സജീവമാകാനുള്ള തയ്യാറെടുപ്പിലാണ്. പാതിവെന്ത അക്ഷരങ്ങള്‍ പാകമാവേണ്ടുന്ന താമസമേയുള്ളൂ...

   Delete
 4. വായിക്കാന്‍ ഞാന്‍ ഇപ്പഴും ബൂലോഗത്തൊക്കെയുണ്ട്

  ReplyDelete
  Replies
  1. അജിത്തേട്ടനെ പോലെയുള്ള വായനക്കാരാണ് എന്നെപ്പോലെയുള്ളവര്‍ക്ക് പ്രചോദനം. ഈ കരുതല്‍ തന്നെയാണ് തിരിച്ചു ഇവിടേക്ക് വിളിച്ചതും. നന്ദി പറയുന്നില്ല... :)

   Delete
 5. മുഖവുര പോട്ടെ.
  കാര്യത്തിലേക്ക് വേഗം വാ.

  ReplyDelete
  Replies
  1. ട്രെയിലര്‍ കണ്ടിട്ടുള്ള പ്രതികരണം അറിഞ്ഞിട്ടാവാം എന്ന് കരുതിയതാ രാംജിയേട്ടാ... കാര്യത്തിലേക്ക് കടക്കുകയായി - ഉടനെതന്നെ! :)

   Delete
 6. നല്ല ചിന്ത. ആശംസകള്‍.

  ReplyDelete
  Replies
  1. നന്ദി സുഹൃത്തേ!

   Delete
 7. സ്വാഭാവികം!
  എല്ലാവര്‍ക്കും ഉണ്ടാവുന്നൊരു മനസ്ഥിതിയാണിത്.പലകാരണങ്ങള്‍ കൊണ്ടുമാവാം.മടുപ്പ്,മരവിപ്പ്,മടി ......
  തുടര്‍ന്നെഴുതുന്നു എന്നറിഞ്ഞതില്‍ സന്തോഷം.ആശംസകള്‍

  ReplyDelete
  Replies
  1. നന്ദി സര്‍!
   ഇപ്പറഞ്ഞതെല്ലാം പലപ്പോഴും തോന്നിയിട്ടുണ്ട്. ഇപ്പോള്‍ അതിനെയൊക്കെ മറികടക്കാനുള്ള ശ്രമമാണ്.

   Delete
 8. "പക്ഷെ " എന്നല്ല "പക്ഷേ " എന്നെഴുതണം എന്ന് പഠിപ്പിച്ച നിഷയെ ഓരോ പ്രാവശ്യം പക്ഷെ എന്നെഴുതി മാറ്റി എഴുതുമ്പോൾ ഞാൻ ഓർക്കാറുണ്ട് :) .
  എന്നെ പോലെ മടി പിടിച്ചിരിക്കാതെ എഴുതൂ .

  ReplyDelete
  Replies
  1. :) സന്തോഷം മന്‍സൂര്‍!

   മടിയെക്കാള്‍ മടുപ്പായിരുന്നു. എന്തായാലും ഒരു മടങ്ങി വരവ് അനിവാര്യമായിരുന്നു എന്ന് തോന്നുന്നു.

   Delete
 9. ങെ, മടുപ്പൊ? ഇങട് മാറി നിൽക്കാ....... ചെറുതൊന്ന് ഉപദേശിച്ച് നേര്യാക്കാൻ പറ്റോന്ന് നോക്കട്ടെ..! ഹും.

  അല്ലെങ്കി വേണ്ട രണ്ടീസം കഴിയട്ടെ, ഇന്നൊരു മൂഡില്യ :p

  ReplyDelete
  Replies
  1. അതെന്നെ എല്ലാര്‍ടേം പ്രശ്നം ചെറുതേ :P

   Delete
 10. ഒരു എഴുത്തുകാരിയ്ക്ക് ഒരിക്കലും എഴുത്തിലേയ്ക്ക് തിരികെ വരാതിരിക്കാനാവില്ല .സജീവമാവൂ .

  ReplyDelete
  Replies
  1. :) ദാ സജീവമായി ....

   Delete
 11. ഇതെന്താ വെന്റിലേറ്ററിൽ വല്ലതും ആണോ? മാർച്ച് 15 ന് ഹൃദയം ഒന്ന് തുടിച്ചതാണ്. ഇപ്പോൾ ഒരു മാസം ആകുന്നു. ഹൃദയം തുടിയ്ക്കുന്നുണ്ടോ ഇപ്പോഴും?

  കുറെ കാരണങ്ങളും ഒഴിവ് കാഴിവുകളും നിരത്തിയിട്ടുണ്ട്. എന്തെഴുതണം എന്ന തീരുമാനത്തിൽ എത്തിയില്ല,പ്രധാനപ്പെട്ട മറ്റു ചിലകാര്യങ്ങളിലെയ്ക്ക് തിരിഞ്ഞു എന്നൊക്കെ. അതിനർത്ഥം ഇത് അത്ര പ്രധാനം അല്ല എന്നല്ലേ?

  പിന്നെ ഞങ്ങളെ,ബ്ലോഗറന്മാരെ, പറ്റിയുള്ള ഒരു ആരോപണം ഉണ്ട്. തമ്മിലടി, സജീവമായി പരിഗണിയ്ക്കുന്നില്ല എന്നൊക്കെ. ഇതൊക്കെ ആയിട്ടും ഈ ബ്ലോഗുലകം വളരുകയും ഇന്നും നില നിൽക്കുകയും ചെയ്യുന്നില്ലേ? അതിനർത്ഥം ഇത് എല്ലാറ്റിനെയും അതി ജീവിയ്ക്കും എന്നല്ലേ?

  നിഷ വെറുതെ കാട് കയറി ചിന്തിയ്ക്കുകയാണ്. ഈ ബ്ലോഗുലകം നമ്മുടെ പ്രപഞ്ചത്തോളം വലുതാണ്‌.ഓരോരുത്തർക്കും അതിൽ അവരവരുടേതായ ഇടം ഉണ്ട്.

  പിന്നെ വരും വരും എന്ന് ഭീഷണി പ്പെടുത്താതെ വരൂ.നിഷയെ കാത്തിരിയ്ക്കുകയാണ് ഞങ്ങൾ.

  ReplyDelete
  Replies
  1. ഹ ഹ ഹ... വെന്റിലേറ്ററില്‍ ആയിരുന്നില്ല യാത്രയിലായിരുന്നു. ഹൃദയം ഇപ്പഴും തുടിക്കുന്നുണ്ടേ...

   എന്തെഴുതണം എങ്ങനെ എഴുതണം എന്നൊക്കെ വ്യക്തമായി തീരുമാനിച്ചുറച്ച് വന്നിരിക്യാ... ഇത് പ്രധാനം തന്നെ. പക്ഷേ, പലപ്പോഴും മറ്റു പലതിനും കൂടുതല്‍ പ്രാധാന്യം നല്‍കേണ്ടി വരാറുണ്ട് എന്നതാണ് സത്യം.

   ബ്ലോഗുലകം വളരെ വലുതാണ്‌ - അതിലെ ഒരു മണല്‍ത്തരി മാത്രമാണ് ഞാന്‍. എന്നാലും താങ്കള്‍ പറഞ്ഞപോലെ എനിക്കും ഇവിടെ ഒരിടമുണ്ട് :)

   പുതിയ പോസ്റ്റുമായി വന്നിട്ടുണ്ട് - ബാക്കി അവിടെ :D

   Delete
 12. എഴുതാന്‍ കഴിവുള്ളവര്‍ എങ്ങനെ എഴുതാതിരിക്കും.

  ReplyDelete

Post a Comment

Popular posts from this blog

സൗഹൃദം

സ്നേഹം

അമ്മയും മകളും