സ്നേഹം

സ്നിഗ്ദ്ധമാം സ്നേഹത്തിന്‍ മണിവീണ മീട്ടിയെന്‍
ഹൃത്തില്‍ വന്നു നീ പുഞ്ചിരിപ്പൂ...
ആലോലമാം കൈകളാലെന്നെ തഴുകുമൊരു സാനുവിന്‍
മൃദു സപ്ര്‍ശമെന്ന പോലെ...

എന്‍ മനസ്സിന്‍ വീണക്കമ്പികളില്‍നിന്നുയര്‍--
ന്നൊരു ദേവഗാനത്തിന്‍ ശീലുകള്‍ ...
മരുഭൂമിയാം മനസ്സിന്‍ മണിമുറ്റത്തൂടൊഴുകി,
മരതകനിറമാര്‍ന്നൊരു നീരൊലി!

സ്നേഹമൊരു നിറമലരായെന്‍ മനസ്സില്‍ വിരിയവേ
വരണ്ടുപോയൊരെന്‍ ജീവനുമുണര്‍ന്നു;
അതുല്യ സ്നേഹത്തിന്‍ സുന്ദരനിമിഷങ്ങളി,ലെല്ലാം
മറന്നു നിന്‍ തണലില്‍ ഞാനിരുന്നു...

കാലമെന്‍ കരളില്‍ വരയ്ക്കും വരകള്‍, കൊഴിയും
പൂക്കളായ് മാറീടവേ; നിന്‍ സ്നേഹഗാനമെന്‍
പൂങ്കാവനത്തില്‍ നിറച്ചു നല്കുന്നിതായിരം വസന്ത-
ത്തിന്‍ നിറങ്ങളേന്തും പൂക്കാലത്തിന്‍ ഹേമഭംഗി!

ഒരു കൈത്തിരി നാളമായെന്‍ ജീവന്നു വെളിച്ചം
പകര്‍ന്നു നിന്‍ സ്നേഹമെന്നന്തികത്തു മേയവേ,
കൂരിരുള്‍ പടര്‍ത്തുമാ ഘോരാന്ധകാരമൊരു
പകലൊളിതന്‍ സ്പര്‍ശനത്താലെന്നപോലില്ലാതായ്....


ചിത്രത്തിന് കടപ്പാട് : ഗൂഗിള്‍ ഇമേജ്

Comments

കവിത ഇഷ്ട്ടപ്പെട്ടു
വാക്കുകളുടെ സ്പര്‍ശനം
വാക്കുകള്‍ അതിന്‍റെ പൂര്‍ണ വിശുദ്ധിയില്‍ നിന്ന് വരുമ്പോള്‍ നാം അതിനു മുന്പില്‍ ഭാരമില്ലാത്ത ജന്മങ്ങള്‍ ആവും
Aneesh chandran said…
ഒഴുക്കുള്ള വരികള്‍..ആശംസകള്‍
Nisha said…
നന്ദി, സലിം!
Nisha said…
എഴുത്ത് ഹൃദയത്തെ സപ്ര്‍ശിച്ചു എന്ന് കരുതട്ടെ? നന്ദി!
Nisha said…
അതെ കൊമ്പാ!
Nisha said…
നന്ദി ഷാജു!
Nisha said…
നന്ദി കാത്തി!
Unknown said…
സുന്ദരമായ വരികള്‍
ആശംസകള്‍
Nisha said…
നന്ദി പടന്നക്കാരാ....
Nisha said…
നന്ദി ഗോപന്‍!, ആശംസകള്‍ക്കും ആസ്വാദനത്തിനും!
asrus irumbuzhi said…
നല്ല വരികള്‍ ...നിഷ
സ്നേഹം ഒരു തണല്‍ തന്നെയാണ് ..
ക്ഷീണമകറ്റാന്‍ ഉത്തമ തണല്‍ .
വരികളിലെ പ്രണയം എന്നും
നിലനില്കട്ടെ ....
ആശംസകളോടെ
അസ്രുസ്
Jefu Jailaf said…
ലാളിത്യമുള്ള വരികള്‍.. ആശംസകള്‍..
Rainy Dreamz ( said…
കൊള്ളാം നല്ല വരികള്‍....,

അവസാനത്തിനു തൊട്ടു മുന്‍പത്തെ വരികള്‍ "നിന്‍ സ്നേഹഗാനമെന്‍.... ................................. ഹേമ ഭംഗി ..!" ഒരല്പം നീളം കൂടിയത് ചെറിയൊരു വിഷമം ഉണ്ടാക്കി... വലിയ വരികളൊക്കെ വായിച്ചു മനസിലാക്കാന്‍ എനിക്ക് കുറെ നേരം വേണം എന്നത് കൊണ്ടാവാം.
Nisha said…
നന്ദി, അസ്രുസ്! വരികളിലെ പ്രണയം ഹൃദയത്തില്‍ നിന്നും വന്നതാണ് - എന്നെന്നും അത് നിലനില്‍ക്കണമെന്ന ആശയും പ്രാര്‍ത്ഥനയുമുണ്ട്...

Nisha said…
ഉപകാരമുള്ള ഒരു പരസ്യമല്ലേ, ക്ഷമിച്ചിരിക്കുന്നു :-)

ഞാന്‍ വരാം - ഉടനെത്തന്നെ! ലിങ്കുകള്‍ക്ക് നന്ദി!
Nisha said…
നന്ദി ജെഫു! സങ്കീര്‍ണ്ണമായൊന്നും എഴുതാന്‍ അറിയില്ല - മനസ്സിന്‍റെ തോന്നലുകള്‍, മനസ്സിലാകുന്ന ഭാഷയില്‍ എഴുതാന്‍ ശ്രമിക്കുന്നു, അത്രമാത്രം!!
Nisha said…
നന്ദി, റൈനി!

ആ വരികള്‍ കുറെ തവണ മാറ്റിയെഴുതി; ഇപ്പോഴുള്ളത് പോലെ നന്നായി തോന്നിയില്ല, അത് കൊണ്ടാണ് ഇത്തിരി നീളം കൂടുതല്‍ ആണെങ്കിലും അതുതന്നെ മതി എന്ന് തീരുമാനിച്ചത്. വലിച്ചു നീട്ടുന്നത് എനിക്കും ഇഷ്ടമില്ലാത്ത കാര്യം തന്നെ!
കവിത വായിച്ച് ..യേശുദേവനെക്കുറിച്ച് മനസില്‍ വിചാരിച്ച് ഇങ്ങനെ കുറെ നേരം ഇരുന്നു..

നന്ദി..
കാര്യങ്ങള്‍ നേരിട്ട് പറഞ്ഞെ പഴക്കമുള്ളൂ. വാക്കുകളില്‍ മിതത്വം പാലിച്ചു കണ്ടത് കണ്ണടച്ചു കാണാത്തതിനെ സുന്ദരം എന്ന് പറവാന്‍ അറിയില്ല. സദയം ക്ഷമിക്കുക.

കവിതയിലെ വരികള്‍ എല്ലാം തന്നെ കൃത്രിമമായ് സൃഷ്ടിച്ചത് പോലെ അവിടവിടെ നില്‍ക്കുന്നു.

' എന്‍ മനസ്സിന്‍ വീണക്കമ്പികളില്‍ നിന്നുയര്‍ന്നുവന്നു ഒരു വേണുഗാനത്തിന്‍ ശീലുകള്‍' ഈ വരികളില്‍ 'നിന്നുയര്‍ന്നുവന്നു' എന്നതിലെ വന്നു രൌ അരോചകം പോലെ ... ഒന്ന് നോക്കൂ അതോ എന്‍റെ തോന്നലോ ? ( നിന്നുയര്‍ന്നൂ എന്നതല്ലേ കവിതയില്‍ ഭംഗി അത് ഇതൊരു ഗദ്യകവിത അല്ലാത്തതിനാല്‍)

"സ്നേഹമെന്നന്തികത്തു" എന്ന വാക്കിന്‍റെ അര്‍ത്ഥം മനസ്സിലായില്ല.

വായനയില്‍ ഒരു ലളിത്യവ്യം തോന്നിയില്ല കേട്ടോ. ചിലപ്പോള്‍ എന്‍റെ അറിവില്ലയ്മയാകാം..!
Nisha said…
എന്തായാലും ദൈവത്തെ ഓര്‍ക്കാന്‍ ഒരു നിമിതമായല്ലോ; സന്തോഷം!!!
മൃദു സ്പര്‍ശം എന്നാണോ മൃദു സ്പര്‍ശനം എന്നാണോ ? ( വീണ്ടും അറിവില്ലായ്മ.. )
Nisha said…
നന്ദി അംജത്! ഒട്ടും മടിയില്ലാതെ പറഞ്ഞതിന്. ഇത്തരം നിരൂപണങ്ങള്‍ ഒരു എഴുത്തുകാരിയെന്ന നിലയില്‍ വളരുവാന്‍ എനിക്ക് സഹായകരമാവും എന്നിരിക്കേ ഞാന്‍ എന്തിന് അതിനെ സ്വീകരിക്കാതിരിക്കണം.

മനസ്സില്‍ ഒരു ട്യൂണ്‍ ഉണ്ടായിരുന്നു - അതിന് പാകത്തിനാണ് വരികള്‍ ചിട്ടപ്പെടുത്തിയത്. വരികള്‍ കൃത്രിമമായി തോന്നാന്‍ അതാവാം കാരണം... ഉയര്‍ന്നു വന്നു എന്ന പ്രയോഗവും അതിന്‍റെ ഫലസ്വരൂപമാണ്.

സ്നേഹമെന്നന്തികത്തു - സ്നേഹം + എന്‍ + അന്തികത്ത് (ഇവിടെ അന്തികത്ത്‌ എന്നത് ശരിയാണോ എന്ന് ഉറപ്പില്ല കേട്ടോ, അന്തികെ എന്ന വാക്കുണ്ട് - അരികെ എന്നര്‍ത്ഥം. പണ്ട് അന്തികത്ത്‌ എന്ന് പഠിച്ചിട്ടുണ്ടെന്ന ഓര്‍മ്മയില്‍ ഉപയോഗിച്ചതാണ്).

കൂടുതല്‍ ലളിതമാക്കാന്‍ ശ്രമിക്കാം... അറിവില്ലായ്മ എന്‍റെയും ആകാം - അതാവാനാണ് കൂടുതല്‍ സാദ്ധ്യത.

തെറ്റുകളും കുറവുകളും ചൂണ്ടിക്കാണിച്ചതിനു നന്ദി! ഈ സഹായം ഭാവിയിലും ഉണ്ടാകുമെന്ന് പ്രതീക്ഷിക്കുന്നു...നന്ദി!
Nisha said…
മൃദുസ്പര്‍ശം തന്നെയാണ് ശരി! ശരിയാക്കിയിട്ടുണ്ട്! വളരെ നന്ദി!!!
ഒരു കവിതയായി വായിക്കുന്നതിലും ഒരു ലളിതഗാനമായി വായിക്കുന്നതാകും എളുപ്പം.സ്നേഹഭാവത്തെ വരികളാക്കിയപ്പോഴും ഒരു ഈണത്തിന്റെ പരിമിതിയില്‍ വാക്കുകളെ തടഞ്ഞു വച്ചു അല്ലെ.
Nisha said…
ഉവ്വോ? ഉണ്ടാവാം - തര്‍ക്കമില്ല; എന്‍റെ എല്ലാ വരികളും മനസ്സില്‍ തോന്നുന്ന ഒരീണത്തിലാണ് എഴുതാറ്...അതില്‍ പരിമിതികള്‍ കണ്ടേക്കാം.

എന്തായാലും ഇനി എഴുതുമ്പോള്‍ കൂടുതല്‍ ശ്രദ്ധിക്കാം. ഇത്തരം പരിമിതികള്‍ ഇല്ലാതിരിക്കാന്‍!.

അഭിപ്രായം പങ്കുവെച്ചതിന് നന്ദി നിസാര്‍ !
Mohiyudheen MP said…
കവിതയിൽ അല്പം പിറകോട്ടാ അതു കൊണ്ട് തന്നെ ആധികാരികമായ ഒരു അഭിപ്രായത്തിന് അശ്കതൻ.

എന്നാൽ സ്നേഹവും മാനവികതയും വിളിച്ചോതുന്ന വരികൾക്ക് എന്നും പ്രസക്തിയുണ്ട്

ആശംസകൾ!
Nisha said…
ഇവിടെ വന്നു ഈ വരികള്‍ വായിച്ചതിനും രണ്ടു വരി എനിക്ക് വേണ്ടി പറഞ്ഞതിനും ഏറെ നന്ദി!

Popular posts from this blog

സൗഹൃദം

ദേഹാന്തരയാത്രകള്‍ - ഒരു ആസ്വാദനക്കുറിപ്പ്

കൊഴിയുന്ന പൂക്കള്‍....