e-മഷി ലക്കം 4 - വിശകലനം
ഇനി കാര്യത്തിലേക്ക് കടക്കാം...
ഓരോ ലക്കം പിന്നിടുമ്പോഴും e-മഷി കൂടുതല്‍ നന്നാവുകയാണ് എന്നതില്‍ തര്‍ക്കമില്ല. പ്രത്യേകിച്ചും ഇതിലെ രചനകള്‍ നമ്മുടെ ഇടയിലെ സാധാരണ ബ്ലോഗ്ഗര്‍മാരുടേതാണ് എന്ന യാഥാര്‍ത്ഥ്യം പരിഗണിക്കുമ്പോള്‍!.; ഇത് പറയാന്‍ കാരണം e-മഷിയിലെ രചനകള്‍ സാഹിത്യലോകത്തെ പ്രഗത്ഭരായ വ്യക്തികള്‍ എഴുതിയവയല്ല; ഇവ എന്നെയും നിങ്ങളെയും പോലെ ബ്ലോഗിനെയും എഴുത്തിനേയും സ്നേഹിക്കുന്ന ഒരു പറ്റം സുഹൃത്തുക്കളുടെ രചനകളാണ്. ഇക്കാര്യം മനസ്സില്‍ വെച്ചുകൊണ്ട് തന്നെയാണ് ഈ വിലയിരുത്തല്‍...... എന്ന് പ്രത്യേകം പറയേണ്ടതില്ലല്ലോ... അപ്പോള്‍ തുടങ്ങട്ടെ?
എഡിറ്റോറിയലില്‍ വിവര സാങ്കേതിക വിദ്യയെക്കുറിച്ച് പ്രതിപാദിച്ചിരിക്കുന്നത് വായിച്ചപ്പോള്‍ അതിനെക്കുറിച്ച് എന്തെകിലും ഒരു ലേഖനം ഉണ്ടാകുമെന്ന് പ്രതീക്ഷിച്ചു. അതുണ്ടായില്ല... എങ്കിലും പ്രസക്തമായ ഒരു വിഷയത്തിലേക്ക് ശ്രദ്ധ ക്ഷണിക്കാന്‍ കഴിഞ്ഞുവെന്നു പറയാം.
കുമാരന്‍റെ 'new media new fans' എന്ന രചന ഒരേ പോലെ ചിരിപ്പിക്കുന്നതും ചിന്തിപ്പിക്കുന്നതുമാണ്... ആസ്ഥാന ബ്ലോഗ്ഗര്‍ എന്ന് സ്വയം വിശ്വസിക്കുന്ന ഒരാളുടെ ആശാഭംഗവും അയാള്‍ക്ക് കിട്ടുന്ന തിരിച്ചടിയും നന്നായി പറഞ്ഞിരിക്കുന്നു...ഇതില്‍ പറഞ്ഞ പോലെ കമന്റുകളും ലൈക്കുകളും കിട്ടാന്‍ വേണ്ടി ചിലര്‍ കാണിക്കുന്ന അഭ്യാസങ്ങളില്‍ പലതും ശരിയാണെന്ന് സമ്മതിക്കാതെ തരമില്ല...
ഷാജഹാന്‍ നന്മണ്ടയുടെ 'പ്രിയ നഗരത്തിലേക്കുള്ള യാത്ര'യിലെ പ്രമേയം നന്ന്. എന്നിരുന്നാലും വായനാസുഖം പലയിടത്തും നഷ്ടപ്പെട്ട പോലെ. നഗരത്തെ കുറിച്ചും ഭൂമിയെക്കുറിച്ചും വിവരിച്ചത് പലയിടത്തും അനാവശ്യമായി തോന്നി. നാദിറിന്‍റെ കഥ എന്തിനു പറഞ്ഞു, അതില്‍ ഒരപൂര്‍ണ്ണത തോന്നി. ജസിന്ത എന്ന കഥാപാത്രം പെട്ടന്ന് എവിടെ നിന്ന് പ്രത്യക്ഷപ്പെട്ടു? 'നഗരത്തെ വീര്‍പ്പു മുട്ടല്‍ അനുഭവപ്പെടുത്തുമെങ്കിലും' എന്നിങ്ങനെ പറയേണ്ട ആവശ്യമുണ്ടോ എന്നും തോന്നി. വളരെ നല്ല ഒരു കഥ ആവശ്യമില്ലാതെ വലിച്ചു നീട്ടിയ പോലെയൊരു തോന്നല്‍ ഉളവാക്കി. അക്ഷരത്തെറ്റുകള്‍ ഒന്നും കണ്ടില്ല എന്നത് വളരെ ശ്രദ്ധേയമായി. നല്ല കഥകള്‍ പറയാന്‍ കഴിവുള്ള ഒരെഴുത്തുകാരന്‍ തന്നെയാണ് എന്ന് പറയേണ്ടിരിക്കുന്നു.
അനിതാ കാപ്പാടന്‍ ഗോവിന്ദന്റെ കഥ 'കാത്തിരുന്നൊരാള്‍' തികച്ചും പ്രതീക്ഷിക്കാത്ത ഒരു പ്രമേയമാണ് തുറന്നു തരുന്നത്. അത് അഭിനന്ദനീയം തന്നെ. എങ്കിലും ആ കഥ എവിടെയും എത്താതെ നിറുത്തിയപ്പോള്‍ ഈ കഥ പറഞ്ഞതെന്തിന് എന്നൊരു ചോദ്യം ഉള്ളില്‍ നിന്നും വന്നു. തുടക്കം വളരെ നന്നായി, പിന്നെ കഥ അവസാനിപ്പിക്കാന്‍ ധൃതിയായിട്ട് അതിനെ എങ്ങിനെയെങ്കിലും അവസാനിപ്പിച്ചിരിക്കുകയാണ് എഴുത്തുകാരി. അത് ആസ്വാദനത്തേയും ബാധിച്ചു.
സജിത രമണന്‍റെ 'മടക്കയാത്ര' വായിച്ചപ്പോള്‍ ഒരു അത്യന്താധുനിക പെയിന്റിംഗ് കണ്ട പോലെയാണ് തോന്നിയത്. ആശാനെക്കുറിച്ചു കഥാകാരിക്ക് ഒന്നും അറിയില്ല എന്ന തോന്നലാണ് ആദ്യം ഉണ്ടായത്. പക്ഷെ, ആശാന്‍റെ മനോവികാരങ്ങള്‍ പലയിടത്തും വിശദീകരിച്ചിരിക്കുന്നു... എന്തൊക്കെയോ പറയണമെന്നുണ്ട്, പക്ഷെ ചിന്തകള്‍ അവിടവിടെയായി ചിതറിപ്പോയിരിക്കുന്നു. സമൂഹത്തില്‍ ഇന്നും നിലനില്‍ക്കുന്ന അന്ധവിശ്വാസങ്ങളെ തുറന്നു കാണിക്കാന്‍ ആശാന്‍ ഒരുപാധിയാകും എന്ന് കരുതിയെങ്കിലും അതുണ്ടായില്ല..വായിച്ചു തീര്‍ന്നപ്പോള്‍ കൂടുതല്‍ ആശയക്കുഴപ്പമായി. ചിലയിടങ്ങളില്‍ അക്ഷരത്തെറ്റുകളും കാണുകയുണ്ടായി. ആശാന്‍റെ വ്യക്തമായ ചിത്രം മാത്രം വായനക്കാരില്‍ ശേഷിക്കുന്നു...
ഫാഇസ് കിഴക്കേതിലിന്‍റെ 'എന്‍റെ വിരുന്നുകാരന്‍' എന്ന കവിത നഷ്ട പ്രണയത്തെ കുറിച്ച് പറയുന്നു. കേട്ടു പഴകിച്ച ഈ പ്രമേയത്തില്‍ നിന്ന് വായനക്കാരന് കൂടുതലൊന്നും കിട്ടിയില്ലെങ്കില്‍ അത്ഭുതമൊന്നുമില്ല... വ്യര്‍ഥമായ കാത്തിരിപ്പിന്‍റെ ലാഞ്ഛന അതില്‍ കണ്ടു.
ശ്രീനന്ദന്‍റെ 'ഓര്‍മ്മപ്പൂക്കള്‍' വീണ്ടും പ്രണയത്തെക്കുറിച്ച് തന്നെയാണ് പ്രതിപാദിക്കുന്നത്. കൌമാര പ്രണയവും നഷ്ടങ്ങളും, പുതു പ്രണയം നാമ്പിട്ടതുമെല്ലാമാണ് പ്രമേയം. ഒരിക്കലും വാടാത്ത സൂര്യകാന്തിപ്പൂക്കള്‍ പോലെ ആദ്യ പ്രണയം മനസ്സില്‍ കൊഴിയാതെ നില്‍ക്കുമെങ്കിലും സഹധര്‍മിണിയാകുന്ന ചെമ്പനീര്‍പ്പൂ തന്നെയാണ് ജീവിതത്തിന് മാറ്റ് കൂട്ടുന്നത് എന്നൊരു ധ്വനി ഈ കഥയില്‍ കണ്ടു.
'ഭൂമി വിധിക്കുന്ന നേരം' എന്ന പ്രവീണ്‍ കാരോത്തിന്‍റെ കവിത ഒരു ഗദ്യ കാവ്യം ആണെന്ന് വേണം പറയാന്‍!; വിതയ്ക്കുന്നതേ കൊയ്യൂ എന്ന സന്ദേശം പകരുന്ന ഈ കവിത ഇന്ന് വ്യാപകമായി നടക്കുന്ന ചൂഷണങ്ങളെക്കുറിച്ച് പറയുന്നു. ചുറ്റും നടക്കുന്ന ഒരു വിധം എല്ലാ തിന്മകളെയും തുറന്നു കാണിക്കുന്ന ഈ കാവ്യം സമൂഹത്തിന്‍റെ നേരെ കാണിക്കുന്ന ഒരു കണ്ണാടിയാണ്.
മുഹമ്മദ് സാലിഹ് രചിച്ച 'മരണ സര്‍ട്ടിഫിക്കറ്റ്' വ്യത്യസ്തമായ ഒരു കഥയാണ്. എങ്കിലും ദുരന്തത്തില്‍ അവസാനിച്ച ഈ കഥ വായിച്ചു കഴിയുമ്പോള്‍ നഷ്ടങ്ങളും കോട്ടങ്ങളും മാത്രമാണോ ജീവിതം എന്ന് ചോദിച്ചു പോകുന്നു... ക്ഷണികമായ ഈ ജീവിതത്തില്‍ പലതിനു വേണ്ടിയുമുള്ള നെട്ടോട്ടത്തില്‍ നമുക്ക് നഷ്ടമാവുന്നത് നമ്മെ തന്നെയാണെന്ന് ഓരോര്മ്മിപ്പിക്കല്‍ കൂടിയാണ് ഈ കഥ എന്നും പറയാം.
'മലാല യുസുഫ് സായി' എന്ന ലേഖനത്തിലൂടെ മുഹമ്മദ് സഗീര്‍ പണ്ടാരത്തില്‍ ലോക ജനതയുടെ മുഴുവന്‍ കണ്ണിലുണ്ണിയായി മാറിയ മലാലയെ കൂടുതല്‍ പരിചയപ്പെടുത്തുന്നു. ലോകത്ത് നടക്കുന്ന ഭീകര പ്രവര്‍ത്തങ്ങളില്‍ നിന്നും പിഞ്ചു കുട്ടികള്‍ക്ക് പോലും രക്ഷയില്ലെന്ന നഗ്ന സത്യം നാം കൂടുതല്‍ ശക്തമായി തിരിച്ചറിയുന്നു...
ഷിറാസ് കാദറിന്‍റെ മൂന്ന് കവിതകള്‍ - നിനവ്, കനവ്, അറിവ് - പതിവ് രീതിയില്‍ അല്ലാതെ ഒരു വ്യത്യസ്ത രീതിയില്‍ പറയുന്നതും പ്രണയത്തെ ക്കുറിച്ചും പ്രണയിനിയെക്കുറിച്ചുമാണ്... നീട്ടി വലിച്ചെഴുതാതെ ചുരുങ്ങിയ വരികളില്‍ ഒതുക്കി എന്നതാണ് ഇവയുടെ പ്രത്യേകത.
ഡോ. അബ്സാര്‍ മുഹമ്മദിന്‍റെ ആരോഗ്യ പംക്തി എന്നത്തെയും പോലെ വിജ്ഞാനപ്രദമാണ്. ആയുര്‍വേദത്തിലും കാന്‍സര്‍ പോലെയുള്ള മാരക രോഗങ്ങള്‍ക്ക് പ്രതിവിധി ഉണ്ടെന്ന അറിവ് പലര്‍ക്കും പുതുമയാകും...
രാജേഷ് ചന്നാറിന്‍റെ 'ഒറ്റ മരം' വിഷയത്തിന്‍റെ വ്യത്യസ്തത കൊണ്ട് ശ്രദ്ധേയമായി. നാം പ്രകൃതിയോട് ചെയ്യുന്ന ക്രൂരതയും ഇതിലൂടെ കാണാം...
ജോമി അബ്രഹാമിന്‍റെ 'ക്ഷീരം' എന്ന ലേഖനം കര്‍ഷകന്‍റെ ലോകം എന്ന വിഭാഗത്തിലാണ്. കാലി വളര്‍ത്തലിനെക്കുറിച്ച് വളരെ വിശദമായി പറഞ്ഞ ഈ ലേഖനം പാലുല്പാദന-വിതരണങ്ങളെക്കുറിച്ച് അധികം പ്രതിപാദിച്ചു കണ്ടില്ല. അവിടവിടെയായി കുറച്ചു അക്ഷരപ്പിശകുകളും ഈ ലേഖനത്തില്‍ കണ്ടു.
എന്‍റെ കവിത എന്ന തലക്കെട്ടില്‍ മാത്യൂസ് ഡേവിഡ് എഴുതിയ കവിത സത്യത്തില്‍ എന്തിനെക്കുറിച്ചാണ് എന്ന് മനസ്സിലായില്ല. അതിലെ പല പ്രയോഗങ്ങളും പരസ്പര വിരുദ്ധങ്ങളും അര്‍ത്ഥശൂന്യവുമായി തോന്നി - പ്രത്യേകിച്ചും 'എന്‍റെ ബീജങ്ങളുടെ പൂര്‍വരോധനം
പലിശപടികാരന്‍റെ പേനത്തുമ്പിലും
നദികളൊക്കെ വരണ്ടു പോകട്ടെ
പ്രളയമിങ്ങനെ കവിഞ്ഞു പോരട്ടെ' എന്നീ വരികള്‍!....!; അക്ഷരത്തെറ്റുകളും കടന്നു കൂടിയിരിക്കുന്നു.
പ്രവീണ്‍ ശേഖറിന്‍റെ ചലിക്കുന്ന ചിത്രങ്ങള്‍ പ്രശസ്ത കഥ 'ബ്ലാക്ക് ബ്യൂട്ടി'യെ ആസ്പദമാക്കി എടുത്ത സിനിമയെക്കുറിച്ചാണ്. ഇതില്‍ സിനിമയുടെ കഥയും ചില സന്ദര്‍ഭങ്ങളെയും കുറിച്ച് പറഞ്ഞതൊഴിച്ചാല്‍ സിനിമയുടെ സാങ്കേതിക വശങ്ങളെക്കുറിച്ച് ലേഖകന്‍ കാര്യമായൊന്നും പ്രതിപാദിച്ചു കണ്ടില്ല. സിനിമയെകുറിച്ചാണോ നോവലിനെ കുറിച്ചാണോ പറയുന്നത് എന്ന് ഒരു സന്ദര്‍ഭത്തില്‍ സംശയവും തോന്നി! ഈ കഥയുടെ പ്രത്യേകത മൂലമാവാം അത്!
അങ്ങിനെ ആകെ മൊത്തം എടുത്താല്‍ വലിയ തരക്കേടില്ലാത്ത രചനകളാണ് e-മഷിയില്‍.; പ്രമേയങ്ങള്‍ വ്യത്യസ്തമായാല്‍ നന്ന് എന്നൊരു അഭിപ്രായം ഉണ്ട്. വെറും പ്രണയവും, നഷ്ടസ്വപ്നങ്ങളും മാത്രമല്ലാത്ത ചില വിഷയങ്ങളും ഉള്‍ക്കൊള്ളിച്ചാല്‍ നല്ലതെന്ന് തോന്നുന്നു.
ലേ ഔട്ടും ചിത്രങ്ങളും മൊത്തത്തില്‍ നന്നായിരിക്കുന്നു. മുന്‍ ലക്കങ്ങളെ അപേക്ഷിച്ച് അക്ഷരത്തെറ്റുകള്‍ വളരെ കുറവാണ് എന്നത് നല്ലൊരു ലക്ഷണമായി കരുതുന്നു. ചില സ്ഥിരം പംക്തികള്‍ - ബ്ലോഗ് പരിചയം, പ്രശസ്തരായ എഴുത്തുകാരെ പരിചയപ്പെടുത്തുക, ടെക്നോളജി സംബന്ധിച്ച സംശയ നിവാരണം (ചോദ്യോത്തരങ്ങള്‍)) ; അല്ലെങ്കില്‍ ഒറ്റ പേജ് ലേഖനം), പുസ്തക പരിചയം, നല്ല മലയാളം തുടങ്ങിയവ ഉള്‍പ്പെടുത്തിയാല്‍ കൂടുതല്‍ അറിവും വായനക്കാര്‍ക്ക് പകര്‍ന്നു കിട്ടും എന്ന ഒരു നിര്‍ദ്ദേശവും കൂടി എഡിറ്റോറിയല്‍ ബോര്‍ഡ് മുന്‍പാകെ സമര്‍പ്പിക്കുന്നു...
PS: കഴിയുന്നത്ര നിഷ്പക്ഷമായി അവലോകനം ചെയ്യാന്‍ ശ്രമിച്ചിട്ടുണ്ട്. എന്നിരിക്കിലും ഈ എഴുത്തില്‍ എന്തെങ്കിലും ന്യൂനതകള്‍ ഉണ്ടെങ്കില്‍ അതെന്‍റെ അറിവില്ലായ്മയായി കരുതി ക്ഷമിക്കുമല്ലോ. എഴുത്തിനെ മാത്രമാണ് അവലോകനം ചെയ്യുന്നത്, എഴുത്തുകാരനെ/കാരിയെ അല്ല എന്ന് പ്രത്യേകം ഓര്‍ക്കുമല്ലോ!
ആദ്യമായി ഇത്തരമൊരു ദൌത്യം ഏറ്റെടുക്കാന്‍ നിഷ കാണിച്ച മനസ്സിന് നന്ദി പറയുന്നു . അതിനൊപ്പം ഓരോ അഭിപ്രായവും മുഖവിലയ്ക്ക് എടുക്കുകയും ചെയ്യുന്നു .കുറവുകള്‍ ഇല്ലാതെ മുന്നോട്ടു പോകാന്‍ കഴിയണമെങ്കില്‍ ഇത്തരത്തിലുള്ള പിന്തുണ വായനക്കാരുടെ ഭാഗത്തുനിന്നും ഉണ്ടായേ മതിയാകൂ . വീണ്ടു ഞങ്ങളോട് സഹകരിക്കുക . ബ്ലോഗില്‍ ഇട്ടത് നന്നായി . ഓരോ പോയന്റും വിട്ടു പോകാതെ വായിക്കാന്‍ കഴിഞ്ഞു . ഒരിക്കല്‍ കൂടി നന്ദി ,സ്നേഹം ...
ReplyDeleteനന്ദി, അനാമിക, ഈ പ്രോത്സാഹനത്തിനും സ്നേഹത്തിനും! നാമെല്ലാം ഒറ്റക്കെട്ടായി ഈ സംരംഭത്തെ മുന്നോട്ട് കൊണ്ട് പോവുമ്പോള്‍ അത് ഓരോ തവണയും കൂടുതല്‍ മെച്ചപ്പെടും എന്നതില്‍ എനിക്ക് സംശയമില്ല.
Deleteമുന്‍പ് പറഞ്ഞത് തന്നെ ആവര്‍ത്തിക്കുന്നു - ഈ ഗ്രൂപ്പിന്‍റെ ഏതൊരു നല്ല സംരംഭത്തിനും എന്‍റെ ഉറച്ച പിന്തുണയുണ്ടാകും.
ഓടി വന്നു തേങ്ങാ ഉടക്കുന്നു...
ReplyDeleteഹാവൂ...ഇനി വയിക്കെട്ടെട്ടോ !
:-)
Deleteകൊള്ളാം, കുറഞ്ഞ വരികളിൽ വാരി വലിച്ചെഴുതാതെ, അകക്കാമ്പ് തെരെഞ്ഞെടുത്ത്, എല്ലാ രചനകളെയും സ്പർശിച്ചു കടന്നു പോയി അവലോകനം.. വായിച്ചു തീർന്നപ്പോൾ മുകളിലെ മുൻ കൂർ ജാമ്യം ആവശ്യമില്ലായിരുന്നു എന്ന് തന്നെ തോന്നി കെട്ടോ.... :)
ReplyDeleteആശംസകള്
നന്ദി, റൈനി... ഒരു മുന്‍കരുതല്‍ എപ്പോഴും നല്ലതല്ലേ?
Deleteനല്ല ഉദ്യമം...ഒരു ബ്ലോഗര്‍ എന്നനിലയില്‍ ഈ കൂട്ടായ്മ വളരെ സന്തോഷം നല്‍കുന്നുണ്ട് .നമ്മുടെ ഈ കൂട്ടായ്മയുടെ പ്രത്യേകത എന്ന് പറഞ്ഞാല്‍ അതിലെ ഓരോ അംഗങ്ങളും തുല്യരാണ് എന്നുള്ളതാണ് .കാര്യങ്ങള്‍ നിയന്ത്രിക്കാന്‍ ഒരു ഡ്രൈവര്‍ പോലെയാണ് അഡ്മിന്‍ പാനല്‍. . അത് കൊണ്ട് തന്നെ നമ്മള്‍ ഓരോരുത്തരുമാണ് അതിലെ സംഘാടകര്‍ . അപ്പോള്‍ ബ്ലോഗേര്‍സിനെ പ്രോത്സാഹിപ്പിക്കുന്ന ഇതൊരു നടപടിയും താങ്കളെപ്പോലുള്ള നല്ല മനസ്സുള്ള ആര്‍ക്കും സദൈര്യം ഏറ്റെടുക്കാം വിജയിപ്പിക്കാം .
ReplyDeleteഒരു സാധാ ബ്ലോഗര്‍ എന്നാ നിലയിലും മ ഗ്രൂപ്പ് അംഗം എന്ന നിലയിലും ഏറെ അഭിമാത്തോടെ ഞാന്‍ താങ്കളെ അഭിനന്ദിക്കുന്നു...ആശംസിക്കുന്നു
വളരെ നന്നായി വിശകലനം ചെയ്തിരിക്കുന്നു...എങ്കിലും കുറച്ചു കൂടി വിശദമായി അഭിപ്രായങ്ങള്‍ പറയാമെന്നു എനിക്ക് ചെറിയ ഒരു തോന്നല്‍ ...
നന്ദിയോടെ
അസ്രുസ്
നന്ദി അസ്രുസ്! ഈ ഉദ്യമം ഒരു സാഹസമായിരുന്നു.... അതില്‍ വലിയ പാകപ്പിഴകള്‍ ഇല്ലാതെ കടന്നു കൂടി എന്നത് വളരെ ചാരിതാര്‍ത്ഥ്യം നല്‍കുന്നു... ഇനിയും വിശദമാക്കിയാല്‍ കുളമായേനെ!!!!
Deleteഇങ്ങനെയൊരവലോകനം തയാറാക്കാനായി സമയം കണ്ടെത്തിയ നിഷയ്ക്ക് എഡിറ്റോറിയൽ ടീമിന്റെ നന്ദി അറിയിക്കുന്നു. വായനക്കാരുടെ കൃത്യമായ ഇടപെടലുകളിലൂടെ മാത്രമേ മാഗസിൻപോലൊരു സംരംഭം വിജയത്തിലെത്തുകയുള്ളു. എഴുത്തുകാരും അണിയറ പ്രവർത്തകരും ജാഗ്രത പാലിക്കാൻ വിമർശനങ്ങൾ അനിവാര്യമാണ്.
ReplyDeleteഅക്ഷരത്തെറ്റുകൾ പൂർണ്ണമായി ഒഴിവാക്കാൻ വളരെയേറെ സമയം വ്യയം ചെയ്തിരുന്നു. കണ്ണിൽപ്പെട്ടവ ചൂണ്ടിക്കാണിച്ചാൽ മാത്രമേ അവ തിരുത്തുവാൻ കഴിയുകയുള്ളു. അതുകൂടി ഒന്നറിയിക്കുമല്ലോ.
അവസാനം പറഞ്ഞ നിർദ്ദേശങ്ങൾ തീർച്ചയായും പരിഗണിക്കുന്നതാണ്.
Good effert!! Agree with E mashi editor Nassar bhai!!
Deleteനന്ദി നാസ്സര്‍!!; സമയ പരിമിതി മൂലമാണ് ഓരോ തെറ്റും പ്രത്യേകം ചൂണ്ടി കാണിക്കാതിരുന്നത്...
Deleteനാള്‍ക്കുനാള്‍ മുന്നേറാന്‍ ..നമ്മുടെ ഈ-മഷിചെപ്പിനു സാധിക്കും...
ReplyDeleteസാധിക്കട്ടെ.....
തെറ്റുകള്‍ ചൂണ്ടിക്കാട്ടാന്‍ നിഷ ചേച്ചിയെ പോലുള്ളവര്‍ ഉള്ളിടത്തോളം കാലം....മാഗസിന്റെ നിലവാരം കൂടി കൂടി വരികയേ ഉള്ളൂ....എന്നുള്ള പ്രത്യാശയോടെ....
ആശംസകള്.....
നന്ദി ലിബി, ഈ പ്രോത്സാഹനത്തിനും നല്ല വാക്കുകള്‍ക്കും. e-മഷി ഇനിയും ഉയരങ്ങള്‍ താണ്ടട്ടെ എന്ന് ആത്മാര്‍ത്ഥമായി ആഗ്രഹിക്കുന്നു...
Deleteപണ്ട് മലയാളനാട് വാരികയില്‍ വന്നിരുന്ന
ReplyDeleteഎം. കൃഷ്ണന്‍ നായര്‍ സാറിന്റെ 'വാരഫലം'
വായിച്ച ഒരു പ്രതീതി - അല്ലെങ്കില്‍ 'മാതൃഭൂമി ആഴ്ചപതിപ്പിലെ
പഴയ സിനിക്കിന്റെ പംക്തി ഓര്‍മ വന്നു.
കമന്റ്സ് വരുന്നതിനു, മറുപടി എഴുതി നന്ദി പോലും
പലപ്പോഴും എഴുതാന്‍ പറ്റാറില്ല - എല്ലാം വായിക്കാനും പറ്റില്ലല്ലോ.
എന്തായാലും ഈ റോളിലേക്ക്, സമയം കണ്ടെത്തി സ്വയം അവരോധിച്ചത്
ഒരു സേവനമായി ആണ് എനിക്ക് തോന്നിയത് -
കൃഷ്ണന്‍ നായര്‍ സാറിന്റെ നിശിതമായ ശൈലി ഒഴിവാക്കിയത്
ഔചിത്യമായി - 'ശരിയായിട്ടല്ല' എന്ന അഭിപ്രായം സൌമ്യമായും
ലളിതമായും, പറയാം !! പുതിയ ഉദ്ദ്യമത്തിന് ഭാവുകങ്ങള്‍
നന്ദി രഘു മേനോന്‍! - ഈ വാക്കുകള്‍ എന്നില്‍ പകര്‍ന്നു നല്‍കുന്ന ഊര്‍ജ്ജം ചെറുതല്ല - ആരെയും അനുകരിക്കണോ ആരുടെയെങ്കിലും പോലെ ആവാനോ ശ്രമിച്ചിട്ടില്ല; ഓരോ എഴുത്തുകാരന്റെയും സ്ഥാനത്ത് എന്നെ തന്നെ സങ്കല്‍പ്പിച്ചുകൊണ്ട് അവരുടെ സര്‍ഗ്ഗാത്മകതയെ തകര്‍ക്കാതെ അവരുടെ രചനകളെ അവലോകനം ചെയ്യാനുള്ള ശ്രമമാണ് നടത്തിയത്...
Deleteഅത് ഒരളവു വരെയെങ്കിലും വിജയിച്ചു എന്നത് ഏറെ ചാരിതാര്‍ത്ഥ്യം നല്‍കുന്നു...
ഓരോ വിഭവങ്ങളും നന്നായി അവലോകിച്ചിരിക്കുന്നു . അവസാനം മൊത്തത്തിലുള്ള ഒരു അവലോകനവും നിര്‍ദേശങ്ങളും .. ഈ അവലോകനത്തിന്റെ മൊത്തത്തിലുള്ള ഒരു ഘടന വളരെ നന്നായിരിക്കുന്നു നിഷ . ഓരോ നിര്‍ദേശങ്ങളും നിരൂപണങ്ങളും ബ്ലോഗ് എഴുത്തുകാര്‍ക്ക് സ്വയം വിലയിരുത്തി , കൂടുതല്‍ ആസ്വാദ്യങ്ങളായ വളരെ നല്ല വിഭവങ്ങളുമായി അടുത്ത തവണ ഏവരുടേയും മുന്നിലെത്താന്‍ പ്രചോദനമാവട്ടെ.
ReplyDeleteനന്ദി നന്ദന്‍!; ആ ഒരു പ്രതീക്ഷയിലാണ് ഈ സാഹസത്തിനു മുതിര്‍ന്നത് തന്നെ!
Deleteഈ ലക്കം eമഷി വായിച്ചിട്ടില്ല..
ReplyDeleteഅതുകൊണ്ടു തന്നെ ഈ വിശകലനത്തെക്കുറിച്ച് എന്തെങ്കിലും പറയുക വയ്യ,
എന്തായാലും ഈ ഉദ്യമത്തിന് ആശംസകള്..!!
നന്ദി സമീരന്‍!; മഷി വായിക്കു. എന്നിട്ട് പറയു...
Deleteകൊള്ളാം നല്ല വിവരണം
ReplyDeleteതാങ്കൾ നിരൂപണത്തിൽ ഇനിയും വളരാന്നുണ്ട്, ഇത് അടുത്ത ലക്കത്തിലും തുടരുക
നന്ദി ഷാജു! തീര്‍ച്ചയായും; നിരൂപണം എന്ന കല എനിക്ക് വശമില്ലെന്ന് നന്നായി അറിയാം; എങ്കിലും ഒരു ചെറിയ ശ്രമം നടത്തി നോക്കിയതാണ്... എന്റെ കുറവുകളെ കുറിച്ച് നല്ല ബോദ്ധ്യമുള്ളതിനാല്‍ ഇത് ഒരു കുറ്റമറ്റ വിശകലനമാണെന്ന് ഒരിക്കല്‍ പോലും ഞാന്‍ കരുതുന്നില്ല.
Deleteനിഷ,
ReplyDeleteഅവലോകനം നന്നായിട്ടുണ്ട്,മുഴുവനും മനസ്സിരുത്തി വായിക്കാന്‍ സമയം കണ്ടെത്തിയത് തന്നെ അഭിനന്ദനീയം.
പിന്നെ എന്‍റെ കഥ( കാത്തിരുന്നൊരാള്‍),
എനിക്ക് പറയാനുള്ളത് അത്രയെ ഉണ്ടായിരുന്നുള്ളൂ.അതുകൊണ്ടാണ്.
സ്നേഹത്തോടെ, അനിത.
നന്ദി, അനിത! വായിച്ചപ്പോള്‍ തോന്നിയ ഒരു ചിന്ത പങ്കുവെച്ചുവെന്നേയുള്ളു... എഴുത്ത് തുടരുക... ഇനിയുമിനിയും കഥകള്‍ വായിക്കാന്‍ കാത്തിരിക്കുന്നു...
Deleteengane masika okke undo ....link koodi kodukkumo
ReplyDeleteഉണ്ടല്ലോ ...http://emashi.blogspot.in/2012/12/4.html ഇതാണ് ലിങ്ക്
Deleteനന്നായി നിഷ, പക്ഷെ എന്‍റെ പേര് ഒന്ന് തിരുത്തണം പ്രവീണ്‍ കാരോത്ത് എന്നാണ് ശരി! അവിടെ ഞാന്‍ കുടുങ്ങി, ഇനി ബാക്കി പോയി വായിചിട്ടാകം ബാക്കി അഭിപ്രായം!
ReplyDeleteക്ഷമിക്കണം പ്രവീണ്‍; തെറ്റ് പറ്റിയതില്‍ ഏറെ ഖേദിക്കുന്നു... ശരിയാക്കിയിട്ടുണ്ട്.
Deleteപ്രിയ നിഷ,
ReplyDeleteഇതിനെ തികച്ചും സമഗ്രമായ ഒരു അവലോകനം തന്നെ എന്ന് പറയേണ്ടി വരും. ഇതിലെ പല രചനകളും നേരത്തെ വായിച്ചതിനാൽ നിഷയുടെ അഭിപ്രായങ്ങളോട് ഐക്യദാർഢ്യപ്പെടുന്നു.
ഷാജഹാൻ നന്മണ്ടന്റെ കഥയിലെ ഒരു കഥാപാത്രത്തിന്റെ പേര് അവസാന ഭാഗത്ത് മാറിയിരിക്കുന്നു എന്ന് ഷാജഹാനും പറഞ്ഞതിൽ നിന്നും ആ ഭാഗത്ത് എന്തോ ചില പോരായ്മകൾ സംഭവിച്ചിട്ടുണ്ട് എന്ന് മനസ്സിലാക്കുന്നു.
കുറവുകളെല്ലാം നികത്തി മേന്മയോടെ അടുത്ത ലക്കവും ഇറക്കാൻ ഇതിന്റെ പിന്നണിയിൽ പ്രവർത്തിക്കുന്ന് എഡിറ്റോറിയൽ ടീമിന് ഇത്തരം ശ്രമങ്ങൾ നവോന്മേഷമേകും.
നിഷയുടെ ആത്മാർത്ഥമായ നിരൂപണത്തിന് ആശംസകൾ , അഭിനന്ദനങ്ങൾ
നന്ദി.
നന്ദി മൊഹി! e-മഷിയുടെ ഉന്നമനത്തിനായി നാമെല്ലാവരും ഒറ്റക്കെട്ടായി പ്രവര്‍ത്തിച്ചാല്‍ അത് മലയാളത്തിലെ ഏറ്റവും നല്ല മാസികയായി മാറാന്‍ ഏറെ നാളുകള്‍ വേണ്ടി വരില്ല എന്ന് എനിക്ക് തോന്നുന്നു. മഷിയുടെ അണിയറ ശില്പികള്‍ക്ക് എന്‍റെ അഭിനന്ദനങ്ങള്‍!!!
Deleteഈ ഉദ്യമത്തിനു നിഷയെ ആത്മാർത്ഥമായി അഭിനന്ദിക്കട്ടെ..
ReplyDeleteനിരൂപണത്തിലും ഇ - മഷിയിലുമായി വന്ന, അപാകതകളെന്ന് തോന്നുന്ന ചിലത് ചൂണ്ടി കാണിക്കാൻ ഈ വേദി ഉപയോഗിക്കുന്നു.
എന്റെ ദൈവമമെ, ഇത്രയും എഴുതി അവലോകനത്തിലെ ചിലത് കോപി - പേസ്റ്റ് ചെയ്യാൻ ശ്രമിച്ചപ്പോഴാണു മനസ്സിലാകുന്നത് അത് നിരോധിച്ചിരിക്കുകയാണെന്ന്.. പണിയായി..
"ഇതു പറയാൻ കാരണം e - മഷിയിലെ രചനകൾ സാഹിത്യലോകത്തെ പ്രഗത്ഭരായ വ്യക്തികൾ എഴുതിയ വ്യക്തികൾ എഴുതിയതല്ല. എന്നെയും നിങ്ങളെയും പോലെ ഒരു പറ്റം സുഹൃത്തുക്കളുടെ രചന." ഈ രണ്ടു വാചകത്തിലും തെറ്റുണ്ട് എന്നു കരുതുന്നു. ആദ്യ വാചകം പൂർണ്ണമല്ല. 'എഴുതിയതല്ല' എന്നുള്ളതിനു ശേഷം, ' എന്നുള്ളതു തന്നെ' പോലെ എന്തെങ്കിലും കൂട്ടി ചേർക്കേണ്ടതുണ്ട്. രണ്ടാമത്തെ വാചകത്തിൽ 'രചനകൾ' എന്നു വേണം. ആദ്യ വാചകത്തിനു ശേഷം, ഫുൾസ്റ്റോപ്പിനു പകരം സെമി കോളൻ ആയിരുന്നെങ്കിൽ ഒറ്റവാചകമായി തീർക്കാമായിരുന്നു. അപ്പോഴും അവസാനം രചനകൾ എന്നു വേണം.
e-മഷിയിൽ കുമാരന്റെ പോസ്റ്റ് 'കഥ' എന്നാണ് എഴുതിയിരിക്കുന്നത്. നിഷ അതിനെ ലേഖനം എന്നു വിശേഷിപ്പിച്ചിരിക്കുന്നു. എനിക്കു തോന്നുന്നത് അത് ആക്ഷേപഹാസ്യം ( satire ) എന്ന വിഭാഗത്തിലാണു പെടുത്തേണ്ടത് എന്നാണ്.
ഷാജഹാൻ നന്മണ്ടന്റെ പോസ്റ്റിൽ വരുന്ന പലരും - സന്ദീപ് പാമ്പള്ളി ( പാമ്പള്ളി സിനിമാഫീൽഡുമായി ബന്ധപ്പെട്ടയാളുമാണ് ) , വെട്ടത്താൻ ഇവരൊക്കെ ജീവിച്ചിരിക്കുന്നവരാണ്. പക്ഷെ പോസ്റ്റിനെ 'കഥ' എന്നാണു e-മഷിയിൽ വിശേഷിപ്പിച്ചിരിക്കുന്നത്. ജീവിതത്തെക്കുറിച്ചാവുമ്പോൾ അതിന് അനുസ്മരണം/അനുഭവം തുടങ്ങിയ വിശേഷണങ്ങളല്ലെ ചേരുക ? ഇനി ജീവിച്ചിരിക്കുന്നവരെ ചേർത്ത് ഷാജഹാനൊരു കഥയെഴുതിയതാണോ ? എന്തായാലും ഷാജഹാൻ പലയിടത്തും അനാവശ്യമായി വലിച്ചു നീട്ടി തന്റെ തന്റെ മനോഹരമായ ഭാഷയുടെ ഭംഗി കെടുത്തിയിരിക്കുന്നു എന്നു പറയാതെ വയ്യ.
മറ്റുള്ള സൃഷ്ടികളെ കുറിച്ചുള്ള നിഷയുടെ വിലയിരുത്തലുകളോട് യോജിക്കുന്നു.
നന്ദി വിഡ്ഢിമാന്‍!; താങ്കള്‍ ചൂണ്ടി കാണിച്ച തെറ്റുകള്‍ തിരുത്തിയിട്ടുണ്ട്.
Deleteലേഖനം എന്ന് പൊതുവായി പറഞ്ഞതാണ്. എന്തായാലും ഭാവിയില്‍ കൂടുതല്‍ ശ്രദ്ധിക്കാം. ഷാജഹാന്‍റെ കഥയിലെ കഥാപാത്രങ്ങള്‍ വെറും കഥാപാത്രങ്ങള്‍ മാത്രമല്ല എന്ന് എനിക്കറിയില്ലായിരുന്നു...
സമഗ്രമായ ഈ അവലോകനം കൊള്ളാം ..
ReplyDeleteനിഷക്ക് അഭിനന്ദനങള്‍
നന്ദി വേണുഗോപാല്‍!
Deleteപ്രിയ നിഷ, നല്ല ഉദ്യമം. എന്റെ ബ്ലോഗ് അവലോകനം പോലൊന്ന് നിഷക്കും തുടങ്ങാം. ഞാന്‍ മാത്രം എല്ലാ ബ്ലോഗിലും എത്തിപ്പെടില്ല. ഇപ്പൊ തന്നെ രണ്ടു ഭാഗം മാത്രമേ ആയുള്ളൂ. നന്നായി തന്നെ വിലയിരുത്തി ..ഭാഷയിലെ മിതത്വം സൌമ്യത എന്നാല്‍ പറയാനുള്ളത് പറഞ്ഞു..അങ്ങിനെ..ആശംസകള്‍..എന്റെ അവലോകനങ്ങള്‍ കണ്ടില്ലെങ്കില്‍ ഒന്ന് നോക്കുക..
ReplyDeleteanwarikal.blogspot.in
നന്ദി അന്‍വര്‍!; ബ്ലോഗ് വായന വളരെ കുറവാണ്. സമയപരിമിതി മൂലം പലതും വായിക്കാതെ പോകുന്നു...
Deleteതാങ്കളുടെ അവലോകനം ഞാന്‍ വായിച്ചിരുന്നു. അത് വളരെയധികം പ്രചോദനം നല്‍കി, ഈ ഉദ്യമത്തിന്...
വിശദമായ വിശകലനം. അല്ലറ ചില്ലറ പോരായ്മകള്‍ മുകളില്‍ ഉള്ളവര്‍ സൂചിപ്പിച്ചല്ലോ..ഇത്തരം വിലയിരുത്തലുകള്‍ തീര്‍ച്ചയായും ഇ മഷിയുടെ പിന്നില്‍ ഉള്ളവര്‍ക്ക് പ്രചോദനവും, പ്രോത്സാഹനവും ആവും.... ആശംസകള്‍ നിഷാ
ReplyDeleteനന്ദി അബ്സാര്‍!; അതെ, പോരായ്മകള്‍ ഒക്കെ മനസ്സിലാക്കി അവ ഒഴിവാക്കാന്‍ സാധിക്കുമെന്ന് കരുതുന്നു...
Deleteആദ്യമായി എല്ലാ കൂട്ടുകാര്‍ക്കും നന്ദി.എന്റെ കഥയിലെ മാധവേട്ടനും ,എലിസബത്തും (ജസീന്ത) ഒഴിച്ച് മറ്റെല്ലാവരും ജീവിചിരിക്കുനവരാന്.ഈ കഥ എഴുതാനുള്ള പ്രചോദനം ,പ്രശസ്ത മനുഷ്യാവകാശ പ്രവര്‍ത്തകനായ കെ പി ശശിയും ,അറബി യായ നാദി റും ആണ്. ഇവര്‍ ഇപ്പോഴും മാതൃ രാജ്യവും,മാതൃ നഗരവും ഉപേഷിച്ച് ,മറ്റു അനേകആയിരങ്ങളും ഇപ്പോഴും കോഴിക്കോടിനെ സ്നേഹിച്ച് അവിടെ താമസിക്കുന്നു.അക്ഷരത്തെറ്റു കണ്ടില്ല എന്ന് അറിഞ്ഞതില്‍ സന്തോഷിക്കുന്നു.പിന്നെ പ്രകൃതിയില്ലാതെ നന്മാണ്ടനില്ല .പ്രകൃതിയെ പ്രണയി ക്കുന്നതിനാലാവാം വിവരണങ്ങള്‍ വന്നത് ,ക്ഷമ ചോദിക്കുന്നു .നല്ല അവലോകനം,നിഷ പ്രത്യേക അഭിനന്ദന മര്‍ഹിക്കുന്നു ..എല്ലാവര്ക്കും നന്ദി..എന്നും നന്മകള്‍.നന്മണ്ട ന്
ReplyDeleteനന്ദി ഷാജഹാന്‍ - കഥ വായിച്ചപ്പോള്‍ അവരുടെ റോള്‍ കൃത്യമായി മനസ്സിലായില്ല...
Deleteപ്രകൃതിയെ പ്രണയിക്കണം - പക്ഷെ അധികമായാല്‍ അമൃതും വിഷം എന്നല്ലേ? കുറച്ചു കൂടി ഒതുക്കി എഴുതാന്‍ താങ്കള്‍ക്കു കഴിയും എന്ന് തന്നെയാണ് എന്റെ വിശ്വാസം! ഭാവുകങ്ങള്‍!!!
ഈ മഷി വായിച്ചിട്ടില്ല ഇതുവരെ.. നിരൂപണത്തില്‍ നിന്നും ഏതു വായിക്കണം ഏതു വായിക്കരുത് എന്നൊരു സൂചന കിട്ടി. ഒരു സുഖിപ്പിക്കലോ കരി വാരിത്തേക്കലോ കണ്ടില്ല.. പക്ഷെ അവിടവിടെയായി ചില അക്ഷര തെറ്റുകള്‍ കണ്ടു ലാഞ്ചന, ചെമ്പനീര്‍പ്പൂ എന്നൊക്കെ എഴുതിയതില്‍ .. ഇനി എനിക്ക് തെറ്റിയതാണോ എന്നും അറിയില്ല. ഒന്ന് ശ്രദ്ധിക്കണേ..
ReplyDeleteപിന്നൊരു സംശയം നിരൂപണവും അവലോകനവും തമ്മിലുള്ള വ്യത്യാസമെന്താണ്?
നന്ദി സംഗീത്! ആശംസകള്‍ക്കും തെറ്റുകള്‍ ചൂണ്ടി കാണിച്ചതിനും. അക്ഷരതെറ്റുകള്‍ (അവയെങ്ങിനെ കടന്നു കൂടി????) ശരിയാക്കിയിട്ടുണ്ട്. രണ്ടും തമ്മിലുള്ള വ്യത്യാസം ഗ്രൂപ്പില്‍ കമന്റ്റ് ആയി ഇട്ടിട്ടുണ്ട്. ഇവിടെ ആവര്‍ത്തിക്കുന്നില്ല...
Deleteഹായ് നിഷ ...നല്ല അവലോകനം....ആശംസകള്‍ ...
ReplyDeleteനന്ദി രസ്ല!
Deleteഈ പ്രാവശ്യത്തെ ഈമഷി വായിക്കാന്‍ കഴിഞ്ഞില്ല
ReplyDeleteനിഷയുടെ ഈ അവലോകനം നന്നായി, അവലോകനം
നടത്തുന്നവരെ അവലോകനം ചെയ്യുന്നതായി കരുതല്ലേ! ഒരു വാക്ക്
ഇവിടെയും/അവലോകനത്തിലും അക്ഷരപ്പിശാച് കടന്നു കൂടിയതില്‍ ഖേദിക്കുന്നു,
അതും ആദ്യ വരിയില്‍ തന്നെ "വിശലനം"നോക്കുക, തിരുത്തുക,
നിഷയെപ്പൊലെ തിരക്ക് പിടിച്ചവര്‍ക്കിത് പ്രയാസം തന്നെ, പക്ഷെ!!! :-)
PS
മറ്റൊരു കൃഷ്ണന്‍ നായര്‍ ആകാതിരിക്കാന്‍ ശ്രമിക്കുക. മലയാള നാട് :-)
നന്ദി, ഈ നല്ല വാക്കുകള്‍ക്ക്! തെറ്റ് തിരുത്തിയിട്ടുണ്ട്... അത് ശ്രദ്ധയില്‍ പെടുത്തിയതിനു പ്രത്യേകം നന്ദി!
Deleteആരെ പോലെയും ആകാന്‍ ശ്രമിക്കുന്നില്ല. എന്തെങ്കിലും ആവുമോ എന്നുമറിയില്ല; എങ്കിലും ശ്രമം ആത്മാര്‍ത്ഥമായി തുടര്‍ന്ന് കൊണ്ടേയിരിക്കും...
താങ്കളുടെ ബ്ലോഗ് പരാമര്‍ശിക്കപ്പ്ട്ടിരിക്കുന്നു ഈ ലിങ്കില്‍ കാണുക. Ariel's Jottings
Deleteഅവിടെ വന്നിരുന്നു - അഭിപ്രായം പറയാന്‍ പറ്റിയില്ല. നെറ്റ് കുഴപ്പം. പിന്നെ മടിയായി! :-(
Delete