അമ്മിണിക്കുട്ടിയുടെ ലോകം #5 കുളക്കരയിലെ കാഴ്ചകൾ
അമ്മിണിക്കുട്ടിയുടെ ലോകം #5 കുളക്കരയിലെ കാഴ്ചകൾ ഭാഗം നാല് വായിക്കാൻ ഇവിടെ ക്ലിക്ക് ചെയ്യുക അധികനേരം കാത്തിരിക്കേണ്ടി വന്നില്ല. അറയിൽ നിന്നും ഒരു പായയുമെടുത്ത്, കയ്യിൽ ഒന്നുരണ്ടു വാരികകളുമായി പാറുവമ്മ വടക്ക്വോർത്ത് ഹാജരായി. പായ തിണ്ണയിൽ വിരിച്ച്, കാലു നീട്ടിയിരുന്ന് രാവിലെ അമ്പലക്കുളത്തിലെ കുളി കഴിഞ്ഞു മുടിപ്പിന്നു കെട്ടിയതഴിച്ച്, മുടി പതുക്കെ വേറെടുത്ത് ജടയൊക്കെ കളഞ്ഞ ശേഷം അറയുടെ മേല്പടിയിൽ സൂക്ഷിച്ചു വെക്കാറുള്ള ചീർപ്പെടുത്ത് ഭംഗിയായി ചീകി ഒതുക്കിക്കെട്ടുന്നത് വരെ അമ്മിണിക്കുട്ടി ക്ഷമയോടെ കാത്തിരുന്നു. 'പാറോമ്മേ, പാറോമ്മ എന്തിനാ അമ്മേ കുഞ്ചാത്തലേന്ന് വിളിക്ക്യണത്?' 'അത്പ്പോ ന്താ പറയ്യാ ൻറെ കുട്ട്യേ... അതങ്ങനെയാണ്. അതെന്നെ!' 'അപ്പോ അച്ഛൻപെങ്ങളെ എന്തിനാ മാളാത്തലേന്ന് വിളിക്ക്യണെ? എന്താ അച്ഛൻപെങ്ങൾ കുഞ്ചാത്തല് ആവാത്തെ?' 'അതോ, അവരൊക്കെ ഇവ്ട്ന്ന് പോയോരല്ലേ?. അപ്പൊ അവരെ അങ്ങനെയാ വിളക്ക്യാ. അമ്മിണിക്കുട്ടീടെ അമ്മ ഇങ്ങട് വന്നതല്ലേ - അതാ കുഞ്ചാത്തല്ന്ന് വിളിക്ക്യണെ.' പോയോരും വന്നോരും...അതെന്താണെന്ന് അമ്മിണിക...