കാലമുരുളുന്നു...

അവസാനിക്കാത്ത പകലുകൾ സമ്മാനിച്ച വേനൽ പതുക്കെപ്പതുക്കെ ശിശിരത്തിന് വഴി മാറിക്കൊണ്ടിരിക്കുകയാണ്. തെളിഞ്ഞ ആകാശം ദിവസം കഴിയുന്തോറും വിരളമായ കാഴ്ചയായി മാറും. പകരം നരച്ച ആകാശവും ഇരുണ്ട പകലുകളും ജീവിതങ്ങൾക്കുമുകളിൽ മൂടി നിൽക്കും. ദിവസം തുടങ്ങുന്നതും അവസാനിക്കുന്നതും ഇരുട്ടിൻ്റെ കടും പുതപ്പണിഞ്ഞാവും.. ഇപ്പോൾ തന്നെ അതിൻ്റെ ലക്ഷണങ്ങൾ കണ്ടു തുടങ്ങിയിരിക്കുന്നു.... പൂന്തോട്ടത്തിൽ പുഞ്ചിരിച്ച് തലയിളക്കി നിന്നിരുന്ന ഹൈഡ്രേൻജിയ പൂക്കൾ വാടിക്കരിഞ്ഞു വിഷാദമൂകരായി നിൽക്കുന്നു. വിവിധ നിറങ്ങളും പൂക്കളും വിരിഞ്ഞു നിന്നിരുന്ന കാട്ടുചെടികളും പതുക്കെ ശിശിരത്തിൻ്റെ തണുത്ത കരസ്പർശനത്തിൽ വിറുങ്ങലിച്ചു നിൽക്കാൻ തുടങ്ങിയിട്ടുണ്ട്. രാത്രിയിലെ തണുപ്പ് ജാലകച്ചില്ലുകളിൽ ഘനീഭവിച്ച് നിൽക്കുന്ന കാഴ്ച കാണുമ്പോൾ തന്നെയറിയാം ശിശിരവും ശൈത്യവും പടിക്കലെത്തിയിരിക്കുന്നുവെന്ന്. ബസ്സിൽ ജനലിനടുത്തിരുന്ന് യാത്ര ചെയ്യവേ മുഖത്ത് പതിക്കുന്ന സൂര്യരശ്മികൾ ഇളം ചൂടുള്ള സ്നേഹ സ്പർശമായി തോന്നുമ്പോൾ മനസ്സ് മന്ത്രിക്കും ഈ ഊഷ്മളത ആവോളം ആസ്വദിച്ചോളൂ... ഇനിയൊരു പക്ഷേ കുറേ ദിവസങ്ങളോ ആഴ്ചകളോ ചിലപ്പോൾ മാസങ്ങളോ കഴിഞ്ഞാലേ ഈ ഊഷ്മാവിൻ്റെ സുഖമാസ്...