അമ്മിണിക്കുട്ടിയുടെ ലോകം 17 - ജീവിതത്തെ അറിയുന്നു

അമ്മിണിക്കുട്ടിയുടെ ലോകം 17 - ജീവിതത്തെ അറിഞ്ഞു തുടങ്ങുന്നു 

സ്കൂളിൽ പോയിത്തുടങ്ങി വളരെക്കുറച്ചു നാളുകൾ കഴിഞ്ഞപ്പോഴേക്കും സ്കൂൾ  എന്ന മായാലോകം അമ്മിണിക്കുട്ടിയെ എത്രത്തോളം മോഹിപ്പിച്ചിരുന്നുവോ, അത്രയുമധികം തന്നെ വേദനിപ്പിക്കാനും തുടങ്ങി. അതുവരെ ഇല്ലത്തെ തൊടിയിലും വല്യമ്മയുടെ അടുത്തുമൊക്കെ യഥേഷ്ടം തുള്ളിച്ചാടി നടന്നിരുന്ന അവൾക്ക് സ്കൂളിൽ പോകാനായി രാവിലെ നേർത്തെ എണീക്കുന്നത് മുതൽ എല്ലാ കാര്യങ്ങളും വലിയ ബുദ്ധിമുട്ടായി തോന്നി. എങ്ങനെയെങ്കിലുമൊക്കെ എഴുന്നേറ്റ് (എഴുന്നേല്പിച്ച്) കുളിച്ച് ഭക്ഷണം കഴിച്ചു എന്ന് വരുത്തി സ്കൂൾ ബസ്സ് വരുമ്പോഴേക്കും ബസ്സ് സ്റ്റോപ്പിലെത്താനുള്ള ഓട്ടമാണ് എല്ലാ ദിവസവും രാവിലത്തെ പ്രധാന പരിപാടി. 

അതിനാൽ തന്നെ സ്കൂൾ ബസ്സിൽ കയറുമ്പോഴേക്കും അവൾ ക്ഷീണിച്ചു പോകും. ബസ്സിൽ അവൾക്ക് കൂട്ടുകാരൊന്നും ഇല്ല. സ്കൂളിലും അത്ര അധികം കൂട്ടുകാരൊന്നും ഇല്ല. വീട്ടിൽ അത്യാവശ്യം വീറും വാശിയുമൊക്കെ ഉണ്ടെങ്കിലും സ്കൂളിൽ അവൾ ഒരു പാവമാണ്. എന്തെങ്കിലും തെറ്റ് പറ്റിയാൽ ടീച്ചർ ചീത്ത പറയുമോ എന്ന പേടിയാണ് എപ്പോഴും. ചില വിഷയങ്ങളൊക്കെ പഠിക്കാൻ രസമാണെങ്കിലും ഏതു നേരവും ക്ലാസിൽ ഇരുന്ന് പഠിക്കുന്നത് അവൾക്ക് ഒട്ടും ഇഷ്ടമായില്ല. 

ഇടവേളകളിൽ കളിക്കാൻ പറ്റുമെന്നതാണ് ആകെ ഒരാശ്വാസം. എന്നാൽ അവിടെയും കൂട്ടുകൂടാൻ അവൾക്ക് പറ്റിയില്ല. സ്കൂൾ തുടങ്ങി കുറച്ചു ദിവസം കഴിഞ്ഞപ്പോൾ തന്നെ ക്ലാസിലെ പലരും തമ്മിൽ കൂട്ടുകൂടിയിരുന്നു. കുറേപ്പേര് അടുത്തടുത്താണ് താമസിക്കുന്നത് എന്നത് കൊണ്ട് പണ്ടു മുതലേ കൂട്ടുകാരാണ്. വേറെ ചിലരാകട്ടെ മിടുക്കരായി പഠിക്കാനും പാട്ടുപാടാനും നാണിക്കാതെ വർത്തമാനം പറയാനും കഴിയുന്നവർ. അമ്മിണിക്കുട്ടിയ്ക്കാണെങ്കിൽ എന്തു പറയുമ്പോഴും സംശയമാണ് - താൻ കൊഞ്ചിയാണോ സംസാരിക്കുന്നത്? വ്യക്തമായി വർത്തമാനം പറയാൻ അറിയാത്തത് കൊണ്ട് കൊഞ്ചിപ്പട്ടെന്ന് ബന്ധുക്കൾ ചിലരൊക്കെ എപ്പോഴും അവളെ കളിയാക്കാറുണ്ട്. പോരാത്തതിന് ചില വാക്കുകൾ ഉച്ചരിക്കുവാൻ നല്ല ബുദ്ധിമുട്ടും...  

ഒന്നു രണ്ടു തവണ ടീച്ചർ പറഞ്ഞു തന്ന വാക്കുകൾ നേരെ പറയാനാവാതെ അവൾ വിഷമിച്ചപ്പോൾ ക്ലാസിലെ എല്ലാവരും ചിരിക്കുക കൂടി ചെയ്തപ്പോൾ അവൾക്ക് സംസാരിക്കാൻ കുറേശ്ശെ പേടി തോന്നിത്തിടങ്ങിയിരുന്നു. അതിനാൽ സ്കൂളിലെത്തിയാൽ വർത്തമാനം പറയാൻ അവൾക്ക് മടിയാണ്. എല്ലാവരും അവളെ കളിയാക്കാൻ തക്കം പാർത്തിരിക്കുകയാണ് എന്ന് അവൾക്ക് തോണാറുണ്ട്.  അതൊക്കെ മറക്കുന്നത് കളിമുറ്റത്ത് വെച്ചാണ്. 

പക്ഷേ അവിടെയും അവൾ മിക്കപ്പോഴും ഒറ്റപ്പെട്ടു പോവും. ആരോടും അധികം വർത്തമാനം പറയാത്തത് കൊണ്ട് അവളെ കൂട്ടത്തിൽ ചേർക്കാൻ ആർക്കും അത്ര താത്പര്യമില്ല. പിന്നെ മറ്റു കുട്ടികൾ കളിക്കുന്ന പല കളികളും അവൾക്ക് അറിയില്ല താനും. മിക്കവാറും ദിവസങ്ങളിൽ മറ്റുള്ളവരെ ഊഞ്ഞാലാട്ടി കൊടുത്തും സീസോ ഉയർത്തിയും താഴ്ത്തിയും കൊടുത്തും ഇടവേളകൾ കഴിഞ്ഞു പോകും. ഒരിക്കൽ കാത്തു കാത്തു നിന്ന് അവസരം കിട്ടിയപ്പോഴേക്കും ബെല്ലടിച്ചു. സീസോയിൽ കയറാതെ ക്ലാസ്സിൽ പോവുകയില്ല എന്ന് തീരുമാനിച്ച് അതിൽ കയറിപ്പറ്റിയപ്പോഴേക്കും ആയ വന്ന് അവളെ നിർബന്ധപൂർവ്വം ക്ലാസ്സിലേക്ക് കൂട്ടിക്കൊണ്ടു പോയി.. കരച്ചിലടക്കാൻ പാടുപെട്ട് അവൾ സങ്കടത്തോടെ ക്ലാസ്സിലേക്ക് പോയി.  

കുഞ്ഞേടത്തിയുടെ കൂട്ടു പിടിച്ച് സീസോ, സ്ലൈഡ്, ഊഞ്ഞാൽ തുടങ്ങിയവയിൽ കയറിപ്പറ്റാൻ ശ്രമിച്ചെങ്കിലും അതും നടന്നില്ല.  സ്കൂളിലെത്തിയാൽ കുഞ്ഞേടത്തിക്ക് വല്ലാത്ത ഗമയാണ്. അവൾ അടുത്ത് ചെല്ലുന്നതും സംസാരിക്കുന്നതും ഒന്നും ഇഷ്ടമല്ല. പോരാത്തതിന് പണ്ടത്തെ  'പാലുകുടി' സംഭവത്തിന് ശേഷം സ്കൂളിലെത്തിയാൽ അവളോട് വലിയ ലോഹ്യമൊന്നും ഇല്ല. 

സ്കൂളിലെ ഏറ്റവും വലിയ നിയമം ക്ലാസ്സിൽ സംസാരിക്കാൻ പാടില്ല എന്നതാണ്. എന്തെങ്കിലും പറയണം എന്നുണ്ടെങ്കില് കയ്യുയർത്തി ടീച്ചറുടെ അനുവാദം കിട്ടിയാലേ സംസാരിക്കാവൂ. പലപ്പോഴും അവൾ കയ്യുയർത്തുന്നത് ടീച്ചർ കണ്ടില്ലെന്ന് നടിക്കുകയും ചിലപ്പോഴെങ്കിലും അവളെ ശാസിക്കുകയും ചെയ്തതോടെ അതും അവൾ നിർത്തി. 

ഇല്ലത്ത് എന്തൊക്കെയാണെങ്കിലും അവളോട് സംസാരിക്കാൻ ആരെങ്കിലും ഉണ്ടാവും. അമ്മയ്ക്കും അച്ഛനും ഏടത്തിമാർക്കും സമയമില്ലെങ്കിൽ പാറുവമ്മയോ നന്ദിനിയോ ആരെങ്കിലും ഉണ്ടാവും. ഒന്നുമില്ലെങ്കിൽ തൊഴുത്തിലെ പശുവിനോടെങ്കിലും വർത്തമാനം പറയാം. സ്കൂളിൽ അതൊന്നും നടക്കില്ലല്ലോ.. 

അങ്ങനെ പല കാരണങ്ങളും കൊണ്ട് സ്കൂൾ അമ്മിണിക്കുട്ടിക്ക് അത്ര രസമുള്ള സ്ഥലമല്ലാതെയായി. ചില കൂട്ടുകാരെയൊക്കെ അവൾക്ക് വലിയ ഇഷ്ടമാണെങ്കിലും അവർക്ക് അവളോട് അത്ര തന്നെ ഇഷ്ടം ഇല്ലായിരുന്നു. എന്നാലും അവരോടൊപ്പം പാടാനും കളിക്കാനും അവൾ കാത്തിരുന്നു. 

ചില ദിവസങ്ങളിൽ ചിത്രം വരക്കാനോ നിറം കൊടുക്കാനോ അവസരം കിട്ടും. അത് നല്ല രസമാണ്. പക്ഷേ ഓരോ ചിത്രവും നിറങ്ങൾ വരയ്ക്ക് പുറത്തൊന്നും പോവാതെ വൃത്തിയിൽ നിറം കൊടുക്കണം. അല്ലെങ്കിൽ ടീച്ചർക്ക് തൃപ്തിയാവില്ല. ഒരിക്കലങ്ങനെ വരച്ച് നിറം കൊടുക്കുന്ന സമയത്ത്  അമ്മിണിക്കുട്ടിയുടെ കയ്യിലെ നിറങ്ങൾക്ക് മറ്റു ചില കുട്ടികളുടെ കയ്യിലെ നിറങ്ങളുടെ അത്ര മിഴിവില്ല എന്ന് തോന്നിയപ്പോൾ അവൾ അവരോട് നിറങ്ങൾ തരാമോ എന്ന് ചോദിച്ചു. ഒന്നു രണ്ടു തവണ ഒരു കൂട്ടുകാരി അവൾക്ക് തന്റെ കയ്യിലെ മെഴുകുനിറങ്ങൾ കൊടുത്തു. അമ്മിണിക്കുട്ടിക്ക് ഏറെ സന്തോഷമായി. പക്ഷേ അമ്മിണിക്കുട്ടിയുടെ കയ്യിൽ വെച്ച് അത് പൊട്ടിയതോടെ ആ കൂട്ടുകാരിയും അവൾക്ക് നിറങ്ങൾ കൊടുക്കാതെയായി. അതോടെ അവളുടെ കയ്യിലെ, എത്ര അമർത്തി വരച്ചാലും അധികം തെളിയാത്ത മെഴുകു നിറങ്ങളെപ്പോലെ,  ദിവസം കഴിയുന്തോറും അമ്മിണിക്കുട്ടിയുടെ ഉത്സാഹവും നിറം കെട്ടുതുടങ്ങി. 

അവധി ദിവസങ്ങൾക്കായുള്ള കാത്തിരുപ്പായി പിന്നീട്. ഇതിനിടയിൽ പലതും അവൾ പഠിച്ചു. പാഠ്യപദ്ധതിയിൽ ഉള്ളതും ഇല്ലാത്തതും. മിക്ക കുട്ടികളും നല്ലവരാണ്. അത് അമ്മിണിക്കുട്ടിയ്ക്ക് നന്നായറിയാം - പക്ഷേ ടീച്ചറുടെ ശ്രദ്ധയും സ്നേഹവും കിട്ടാൻ എല്ലാവരെക്കാളും മികച്ചതാവണം എന്ന കാര്യം മനസ്സിലാക്കിയതോടെ അവരിൽ മിക്കവരും അതിനുള്ള ശ്രമമായി. അപ്പോൾ മറ്റുള്ളവരെ സഹായിക്കാൻ പലർക്കും മടിയായി. എന്നാൽ സ്വയം ഒന്നാമതായി കഴിഞ്ഞാൽ മറ്റുള്ള സഹായിക്കാൻ തയ്യാറാവുന്ന ചിലരും ഉണ്ടായിരുന്നു. എന്നാലും മിക്കപ്പോഴും അത്രയധികം പഠിക്കാത്ത, വലിയ ഉത്സാഹിയല്ലാത്ത, എപ്പോഴും എന്തെങ്കിലും ചോദ്യങ്ങൾ ചോദിക്കുന്ന, പല സഹായങ്ങളും ആവശ്യമുള്ള അമ്മിണിക്കുട്ടിയെ അവർ അവഗണിച്ചു തുടങ്ങി. മിസ്സ്, ഈ കുട്ടി എഴുതാൻ സമ്മതിക്കുന്നില്ല, എന്റെ സ്ലേറ്റിൽ നോക്കുന്നു തുടങ്ങിയ പരാതികൾ അവളെക്കുറിച്ച് എന്നും ഉയർന്നു കൊണ്ടേയിരുന്നു. 

അമ്മിണിക്കുട്ടിക്കാണെങ്കിൽ സ്കൂൾ എന്ന വലിയ ലോകം ഓരോ ദിവസം കഴിയുന്തോറും സങ്കീർണ്ണമായാണ് അനുഭവപ്പെട്ടത്. പലതും അവൾ സങ്കല്പിച്ചിരുന്ന പോലെയൊന്നും അല്ല എന്ന് തിരിച്ചറിവ് അവളെ ദു:ഖത്തിലാഴ്ത്തി. പലപ്പോഴും പഠനമെന്നത്  ടീച്ചർമാർ പറയുന്നത് അതുപോലെ ആവർത്തിക്കുക എന്ന യാന്ത്രിക പ്രക്രിയയായി. അവർ പറയുന്നത് കാര്യമാണെന്ന് അവൾക്കറിയാമെങ്കിലും എന്തു കൊണ്ട് അങ്ങനെയെന്ന ചോദ്യം ചോദിക്കുവാനോ, അതിനുത്തരം കണ്ടെത്തുവാനോ പറ്റാതെ അവൾ വലഞ്ഞു.  

വീടും സ്കൂളും വളരെ വ്യത്യസ്തമായ ഇടങ്ങളാണ് എന്നും അവൾ തരിച്ചറിഞ്ഞു. ഇല്ലം, ഏടത്തി, അച്ഛൻ, അമ്മ ഒക്കെ സ്കൂളിൽ എത്തുമ്പോൾ വീട്, ചേച്ചി, ഡാഡി, മമ്മി എന്നിങ്ങനെയായി.. അല്ലാത്ത പക്ഷം താൻ വേറെ ഏതോ ഒരു ലോകത്ത് നിന്നും വന്ന പോലെയുള്ള നോട്ടവും പെരുമാറ്റവും. മറ്റുള്ളവരിൽ നിന്നും വ്യത്യസ്തയാവാൻ അവൾക്കിഷ്ടമല്ലായിരുന്നു. എന്നാൽ ചില ചില കാര്യങ്ങളിൽ അവരും താനും തമ്മിൽ എന്തൊക്കെയോ വ്യത്യസ്തതകൾ ഉണ്ടെന്നും അവൾക്ക് തോന്നിത്തുടങ്ങി. അതെന്താണ് എന്ന് മാത്രം മുഴുവനായും മനസ്സിലാക്കാൻ അവൾക്ക് പറ്റിയില്ല. 

പതുക്കെപ്പതുക്കെ സ്കൂളിലെത്തിയാൽ ഉൾവലിഞ്ഞ് തന്നിലേക്ക് തന്നെ അവൾ ഒതുങ്ങിക്കൂടി. എങ്കിലും പഠനം ഒരു വിധം തൃപ്തികരമായി മുന്നോട്ട് പോയി. കളിയും ചിരിയും പരിഭവങ്ങളും കൊച്ചു കൊച്ചു പിണക്കങ്ങളും ഇണക്കങ്ങളുമായി ദിവസങ്ങൾ കൊഴിഞ്ഞു പോയിക്കൊണ്ടേയിരുന്നു. പല കാര്യങ്ങളും പഠിച്ചു - പലതും ടീച്ചർ ചോദിക്കുമ്പോൾ മറന്നു. കുറെ ദിവസങ്ങൾ കഴിഞ്ഞപ്പോൾ ഒന്നുരണ്ടു കൂട്ടുകാരെ കിട്ടി. അതോടെ സ്കൂൾ ജീവിതം കുറച്ചൊക്കെ രസകരമായി തോന്നി. 

എന്നിരുന്നാലും അമ്മിണിക്കുട്ടിയുടെ പ്രിയപ്പെട്ട ലോകം അവളുടെ ഇല്ലവും പരിസരങ്ങളും തന്നെയായിരുന്നു. അവിടെയാണ് അവൾക്ക് ഏറ്റവും സന്തോഷം - കളിക്കാനും സംസാരിക്കാനും ആരും ഇല്ലെങ്കിലും തൊടിയിൽ ചുറ്റിനടന്ന് മരങ്ങളോടും കാട്ടുപൂക്കളോടും കുളത്തിലെ മത്സ്യങ്ങളോടും ഒക്കെ അവൾ കിന്നാരം പറഞ്ഞു. ഓരോ രാത്രിയിലും ജനലിൽ കൂടി കാണുന്ന നക്ഷത്രത്തിളക്കം അവൾക്ക് പുതിയൊരു ദിവസത്തെ വരവേൽക്കാൻ ഉത്സാഹം പകർന്നു നല്കി. കാരണം, തെളിഞ്ഞും മങ്ങിയും മിന്നിക്കൊണ്ടിരിക്കുന്ന നക്ഷത്രത്തെപ്പോലെ ജീവിതവും ഇടയ്ക്ക് സന്തോഷവും ഇടയ്ക്ക് സങ്കടവും നിറഞ്ഞതായിരിക്കും എന്ന സത്യം അപ്പോഴേക്കും അവൾ മനസ്സിലാക്കി കഴിഞ്ഞിരുന്നു..      

 തുടരും..)

Comments

Anonymous said…
The Best Mobile Casino Site in the Philippines
The Best Mobile Casino Site in luckyclub.live the Philippines. The best mobile casino site in the Philippines. The best mobile casino site in the Philippines. The best mobile casino site in the Philippines.

Popular posts from this blog

സൗഹൃദം

കൊഴിയുന്ന പൂക്കള്‍....

സ്നേഹം