Posts

Showing posts from 2024

അമ്മിണിക്കുട്ടിയുടെ ലോകം 19 – സത്യ വരുന്നു

Image
അമ്മിണിക്കുട്ടിയുടെ ലോകം – സത്യ വരുന്നു ഒരു ദിവസം സ്കൂൾ വിട്ടു വന്നപ്പോഴാണ് അമ്മിണിക്കുട്ടി ആ വിവരം അറിയുന്നത്. അടുത്ത ദിവസം സത്യ വരുന്നുണ്ടത്രേ! അത് കേട്ടതും അമ്മിണിക്കുട്ടി അല്പം ചിന്തയിലായി. അമ്മയും ഏടത്തിമാരും പാറുവമ്മയും ഒക്കെ പറയുന്നത് സത്യയാണ് അമ്മിണിക്കുട്ടിക്ക് ഏറ്റവും ഇഷ്ടമുള്ള ഒരാൾ എന്നാണ്. ഒരു കാലത്ത് അത് ശരിയായിരുന്നു താനും. പക്ഷേ ഇപ്പോൾ അമ്മിണിക്കുട്ടിയ്ക്ക് സത്യയുടെ മുഖം പോലും ശരിക്ക് ഓർമ്മയില്ല എന്നതാണ് സത്യം. എന്നാൽ അതാരോടും പറയാനും വയ്യ – അവരൊക്കെ അറിഞ്ഞാൽ അവളെ കളിയാക്കാനേ അവർക്ക് നേരമുണ്ടാവൂ. അതാണ് അമ്മിണിക്കുട്ടിയുടെ മൌഢ്യത്തിന് പിന്നിലെ രഹസ്യം.        സത്യ ആരാണെന്നല്ലേ? ഒരു കാലത്ത് അമ്മിണിക്കുട്ടിയുടെ എല്ലാ കാര്യങ്ങളും നോക്കിയിരുന്ന ആളാണ് സത്യ. ഇല്ലത്ത് പണ്ടു മുതല്ക്കേ കുട്ടികളെ നോക്കാൻ പലരും ഉണ്ടായിരുന്നു. ചില പ്രത്യേക കുടുംബങ്ങൾക്ക് അതൊരു അവകാശം പോലെയാണ് എന്ന് പറഞ്ഞു കേട്ടിട്ടുണ്ട്. അതെന്തായാലും അമ്മിണിക്കുട്ടി കുഞ്ഞുവാവ ആയിരുന്നത് മുതൽ സത്യയായിരുന്നു അവളുടെ ‘ആയ’. രാവിലെ ഉണരുന്നത് മുതൽ രാത്രി ഉറങ്ങുന്നത്/ഉറക്കുന്നത് വരെ – അമ്മിണിക്കുട്ടിയെ കുളിപ്പിക്കുന്നതും കള

ഒരു ഗുജിയ കഥ

Image
ഹോളി... നിറങ്ങളുടെ ഉത്സവം എന്നതിലുപരി സ്നേഹത്തിൻ്റെയും ഒത്തുകൂടലിൻ്റെയും സുന്ദരമായ ചില ഓർമ്മകളുടെയും ഉത്സവമാണെനിക്കത്. വിവാഹ ശേഷം ലഖ്നൗവിലെത്തുന്നത് വരെ എനിക്ക് ഹോളി എന്നത് 'രംഗോം കാ ത്യോഹാർ ഹെ' എന്ന് തുടങ്ങുന്ന ഹിന്ദി ഉപന്യാസവും ചിത്രഹാറിൽ മുടങ്ങാതെ വന്നിരുന്ന ഹോളി പാട്ടുകളും മാത്രമായിരുന്നു. ഉത്തരേന്ത്യയിലെ ഒരു  ഉത്സവമെന്നതിൽ കവിഞ്ഞ് ഹോളിക്ക് എൻ്റെ ജീവിതത്തിൽ ഒരു സ്ഥാനവുമില്ലായിരുന്നു. എന്നാൽ ലഖ്നൗവിലെത്തിയ ശേഷം കഥ മാറി. ആദ്യമായി ഹോളി കളിച്ചു. നിറത്തിലും വെള്ളത്തിലും അടിമുടി മുങ്ങി അങ്ങോട്ടുമിങ്ങോട്ടും നിറങ്ങളെറിഞ്ഞും ചിരിച്ചു മറിഞ്ഞും ഹോളി ആഘോഷിച്ചു. പക്ഷേ ആദ്യത്തെ ഒന്നോ രണ്ടോ തവണയ്ക്ക് ശേഷം ഹോളി ദിവസം രാവിലെ പുറത്തിറങ്ങാതെ വീട്ടിലിരുന്നു. പേരിന് നിറം കൊണ്ട് കുറിയെഴുതും എന്നലാതെ ഹോളി കളിക്കൽ പിന്നെയുണ്ടായിട്ടില്ല. ചെറിയ തോതിൽ ശ്വാസംമുട്ടുള്ളത് കൊണ്ട് നിറങ്ങളും മറ്റും വാരിവിതറുന്ന ഇടങ്ങൾ മന:പ്പൂർവ്വം ഒഴിവാക്കി. അങ്ങനെ എൻ്റെ ആഘോഷം മറ്റുള്ളവരുടെ ഹോളി കളി ദൂരെയിരുന്ന് ആസ്വദിക്കലായി ചുരുങ്ങി. പക്ഷേ ഹോളിക്ക് അമ്മ  പലഹാരങ്ങൾ മുടങ്ങാതെ ഉണ്ടാക്കിയിരുന്നു. ഗുജിയയായിരുന്നു പ്രധാന വിഭവ

ഓർമ്മകൾ

Image
ജാലകപ്പുറത്തെ മഗ്നോളിയ പൂക്കളും  മാനം മൂടിയ നനുത്ത കാർമേഘക്കൂട്ടങ്ങളും കാണുമ്പോൾ നിന്റെ ഓർമ്മകൾ എന്നിലേക്ക് ഓടിയെത്തുന്നു. നിന്റെ കൈകളിൽ കൈ കോർത്ത് പാടവരമ്പത്തൂടെ നടക്കുമ്പോൾ ചെറു നാണത്തോടെ കാല്പാദങ്ങളെ ചുമ്പിക്കാൻ വെമ്പുന്ന നെൽക്കതിരുകൾ ഓർമ്മയിലെവിടെയോ കൊണിഞ്ഞിരിപ്പുണ്ട്.  ആ ഓർമ്മകൾ മനസ്സിനും ശരീരത്തിനും ഊഷ്മളതയേകുന്നുണ്ടിപ്പോഴും. സാധാരണ ഗുൽമോഹർ പൂത്തുലഞ്ഞു നിൽക്കുന്ന പാതയോരങ്ങളും  ഇടവപ്പാതിയിൽ ജനലിനപ്പുറത്തു നിറഞ്ഞു പെയ്യുന്ന രാത്രിമഴയും നിനച്ചിരിക്കാത്ത നേരത്തു കേൾക്കുന്ന കുയിലിന്റെ പാട്ടുമാണ് നിന്റെ ഓർമ്മകളിലേക്ക് എന്നെ തള്ളിയിടാറുള്ളത്. ഇപ്പോഴെന്തേ ഓരോ പുലരിയും മഴവില്ലും പൂക്കളും നിന്റെയോർമ്മകൾ കൊണ്ടെന്നെ മൂടുന്നു?   വസന്തമെത്തുന്നതിനു മുൻപു തന്നെ ചെറിമരങ്ങൾ പൂത്തുലഞ്ഞത് നിന്നെയോർത്താണോ? തണുപ്പിൻ്റെയാഴങ്ങളിൽ മരവിച്ചു പോയ ഓർമ്മപ്പൂക്കൾ  വസന്തത്തിൻ്റെ ചൂടേറ്റ് പതുക്കെപ്പതുക്കെ മൊട്ടിട്ട് പുഷ്പിച്ചു തുടങ്ങിയിരിക്കുന്നു. പ്രഭാത കിരണത്തിൽ വജ്രം തിളങ്ങുന്ന കണക്കെ മഞ്ഞുതുള്ളികൾ ജ്വലിച്ചു നിൽക്കുന്നു. മുൻപൊന്നുമില്ലാത്ത വിധം ഭംഗി അതിനുള്ളതു പോലെ... മുന്നോട്ടു കുതിച്ചു പായുന്ന