ഒരു ഗുജിയ കഥ

ഹോളി... നിറങ്ങളുടെ ഉത്സവം എന്നതിലുപരി സ്നേഹത്തിൻ്റെയും ഒത്തുകൂടലിൻ്റെയും സുന്ദരമായ ചില ഓർമ്മകളുടെയും ഉത്സവമാണെനിക്കത്. വിവാഹ ശേഷം ലഖ്നൗവിലെത്തുന്നത് വരെ എനിക്ക് ഹോളി എന്നത് 'രംഗോം കാ ത്യോഹാർ ഹെ' എന്ന് തുടങ്ങുന്ന ഹിന്ദി ഉപന്യാസവും ചിത്രഹാറിൽ മുടങ്ങാതെ വന്നിരുന്ന ഹോളി പാട്ടുകളും മാത്രമായിരുന്നു. ഉത്തരേന്ത്യയിലെ ഒരു  ഉത്സവമെന്നതിൽ കവിഞ്ഞ് ഹോളിക്ക് എൻ്റെ ജീവിതത്തിൽ ഒരു സ്ഥാനവുമില്ലായിരുന്നു.

എന്നാൽ ലഖ്നൗവിലെത്തിയ ശേഷം കഥ മാറി. ആദ്യമായി ഹോളി കളിച്ചു. നിറത്തിലും വെള്ളത്തിലും അടിമുടി മുങ്ങി അങ്ങോട്ടുമിങ്ങോട്ടും നിറങ്ങളെറിഞ്ഞും ചിരിച്ചു മറിഞ്ഞും ഹോളി ആഘോഷിച്ചു. പക്ഷേ ആദ്യത്തെ ഒന്നോ രണ്ടോ തവണയ്ക്ക് ശേഷം ഹോളി ദിവസം രാവിലെ പുറത്തിറങ്ങാതെ വീട്ടിലിരുന്നു. പേരിന് നിറം കൊണ്ട് കുറിയെഴുതും എന്നലാതെ ഹോളി കളിക്കൽ പിന്നെയുണ്ടായിട്ടില്ല. ചെറിയ തോതിൽ ശ്വാസംമുട്ടുള്ളത് കൊണ്ട് നിറങ്ങളും മറ്റും വാരിവിതറുന്ന ഇടങ്ങൾ മന:പ്പൂർവ്വം ഒഴിവാക്കി. അങ്ങനെ എൻ്റെ ആഘോഷം മറ്റുള്ളവരുടെ ഹോളി കളി ദൂരെയിരുന്ന് ആസ്വദിക്കലായി ചുരുങ്ങി.

പക്ഷേ ഹോളിക്ക് അമ്മ  പലഹാരങ്ങൾ മുടങ്ങാതെ ഉണ്ടാക്കിയിരുന്നു. ഗുജിയയായിരുന്നു പ്രധാന വിഭവം. കഴിക്കാൻ നല്ല സ്വാദാണെങ്കിലും അതുണ്ടാക്കൽ ഒരു വലിയ യജ്ഞം തന്നെയായിരുന്നു. ഖോയ ചെറുതായി വറുത്ത് അതിൽ പഞ്ചസാരപ്പൊടി ഏലം പൊടിച്ചത് അണ്ടിപ്പരിപ്പ് ഉണക്കമുന്തിരി ഒക്കെ ചേർത്ത് മൈദ കുഴച്ച് പരത്തി അതിൽ ഈ മിശ്രിതം വെച്ച് എണ്ണയിൽ വറുത്തെടുക്കും. മിക്കവാറും ഒരു ദിവസത്തെ പണിയാണ്. ഞാൻ എത്തിയ ശേഷം ഞങ്ങൾ (അമ്മയും ഞാനും) രണ്ടു പേരും കൂടിയാണ് പലഹാര പണി. ആട്ട പരത്തി ഗുജിയ മിശ്രിതം അതിൽ നിറയ്ക്കുക എന്നതായിരുന്നു എൻ്റെ പ്രധാന ജോലി. ബാക്കി മിക്കതും ചെയ്യുന്നത് അമ്മ തന്നെ.

ഹോളിക്ക് ഏത് വീട്ടിൽ പോയാലും ആര് വീട്ടിൽ വന്നാലും സത്കാരത്തിൽ ഗുജിയ ഉണ്ടാവാതിരിക്കില്ല. ഓരോ വീട്ടിലേയും ഗുജിയക്ക് ഓരോ സ്വാദാണ്. അമ്മയുണ്ടാക്കുന്ന ഗുജിയ ഞങ്ങളുടെ ഹോളിയുടെ ഹെെലൈറ്റ് ആയിരുന്നു. അതുപോലെത്തന്നെ സ്വാദിഷ്ടമായിരുന്നു ലതോപ്പോളുണ്ടാക്കുന്ന ഗുജിയയും. ഉണ്ണിച്ചേട്ടനും ലതോപ്പോളും കുട്ടികളും ഹോളിക്ക് വരാതിരിക്കാറില്ല. വരുമ്പോൾ ഗുജിയയും മറ്റു മധുരങ്ങളും ഉണ്ടാവും.. ഞങ്ങൾ അങ്ങോട്ട് പോവുമ്പോഴും അങ്ങനെ തന്നെ. ഹോളി കഴിഞ്ഞ് ഒരാഴ്ച്ച - പത്തു ദിവസം എവിടെ പോയാലും ഗുജിയ തന്നെ! 

ആദ്യമായി ഞാൻ ഒറ്റയ്ക്ക് ഗുജിയ ഉണ്ടാക്കിയത് ഞങ്ങൾ അലഹബാദിൽ താമസിക്കുമ്പോഴാണ്. അപ്പോഴേക്കും അച്ഛനുമമ്മയും നാട്ടിലേക്ക് താമസം മാറിയിരുന്നു. അക്കൊല്ലവും പതിവ് തെറ്റിക്കാതെ ഉണ്ണിച്ചേട്ടനും ലതോപ്പോളും സൂരജും ഞങ്ങളെ കാണാൻ (ലഖ്നൗവിൽ നിന്നും) വന്നു. അന്നാണ് ഞാൻ അവസാനമായി ഹോളി കളിച്ചത്. പിന്നെ അധികം വൈകാതെ ഞങ്ങൾ നോർത്തിന്ത്യയോട് യാത്ര പറഞ്ഞ് നാട്ടിലെത്തി. അതോടെ ഹോളിയും അതിനോടനുബന്ധിച്ച എല്ലാ നിറങ്ങളും മധുരം തുളുമ്പുന്ന ഓർമ്മകളായി.

പിന്നെയും കുറെ കഴിഞ്ഞ് യുകെയിലെത്തിയപ്പോൾ കുറേ നോർത്തിന്ത്യൻ കൂട്ടുകാരെ കിട്ടി. അങ്ങനെ ദീവാലിയും ഹോളിയുമാെക്കെ വീണ്ടും ജീവിതത്തിലേക്ക് തിരിച്ചു വന്നു. എല്ലാ കൊല്ലവും ഇന്ത്യൻ അസോസിയേഷനുകളും മറ്റും അവരവരുടേതായ ആഘോഷങ്ങൾ സംഘടിപ്പിക്കുന്നുണ്ട്. ജോലി ചെയ്യുന്നത് ഒരു multicultural സ്ഥാപനത്തിലായതിനാൽ അവിടെയും ഞങ്ങൾ ഹോളി ആഘോഷിക്കാറുണ്ട്. പക്ഷേ ഇത്തവണ ഒന്നിലും പങ്കെടുത്തില്ല. ചുമയും മറ്റുമായി വീട്ടിൽ വിശ്രമത്തിലായിരുന്നു. 

രണ്ടു ദിവസമായി ആരോഗ്യം അല്പം മെച്ചപ്പെട്ടപ്പോൾ ഒരാഗ്രഹം - ഗുജിയ ഉണ്ടാക്കിയാലോ! പക്ഷേ ഖോയ എവിടെ കിട്ടുമെന്ന് ഒരു പിടിയുമില്ല..ചിലർ ഖാേയയ്ക്ക് പകരം റവ ഉപയോഗിക്കും. അത് പക്ഷേ അത്ര സ്വാദില്ല എന്നാണ് എനിക്ക് തോന്നിയിട്ടുള്ളത്. ഖോയ വീട്ടിലുണ്ടാക്കിയാലോ എന്നായി അടുത്ത ചിന്ത. പക്ഷേ ഒന്ന് രണ്ട് മണിക്കൂർ അതിന് വേണ്ടി ചിലവാക്കാൻ പറ്റുമോ എന്നുറപ്പില്ല. ഗുജിയ തിന്നാനുള്ള മോഹമാണെങ്കിൽ ഓരോ ദിവസവും കൂടിക്കൂടി വരുന്നു... 

ഒടുവിൽ രണ്ടും കല്പിച്ച് പുറപ്പെട്ടു. ഒന്നു രണ്ടു മണിക്കൂറിൽ പാൽ കുറുക്കി ഖോയ ഉണ്ടാക്കി. പഞ്ചസാരയും ഏലവും പൊടിച്ചു. അണ്ടിപ്പരിപ്പും മുന്തിരിയും ചേർത്ത് മിശ്രിതം തയ്യാറാക്കി. മൈദ കുഴച്ച് പരത്തി മിശ്രിതം  അച്ചിൽ വെച്ച് ഗുജിയയുടെ രൂപത്തിലാക്കാൻ നോക്കി. അച്ച് വളരെ ചെറുതായത് കാരണം അതിലുണ്ടാക്കിയ ഗുജിയയുടെ രൂപം അത്ര തൃപ്തികരമായി തോന്നിയില്ല. അപ്പോൾ പിന്നെ കൈ കൊണ്ടു തന്നെ ചെയ്യാമെന്ന് കരുതി. അത് തരക്കേടില്ല എന്ന് തോന്നി. പിന്നെ എല്ലാം വറുത്തെടുത്തു. സാധാരണ പലഹാരങ്ങൾ ഉണ്ടാക്കിയാൽ സ്വാദു നോക്കുക മാത്രം ചെയ്യാറുള്ള മകൻ ഒന്നിനു പുറകെ ഒന്നായി രണ്ടു മൂന്നു ഗുജിയകൾ കഴിച്ചപ്പോൾ സംഭവം കൊള്ളാമെന്ന് പറയാതെ തന്നെ മനസ്സിലായി. 

അങ്ങനെ ഇത്തവണത്തെ ഹോളി പ്രത്യേകതയൊന്നുമില്ലെങ്കിലും പ്രത്യേകമായി. അപ്പോ എല്ലാവർക്കും ഹാപ്പി ഹോളി

Comments

Popular posts from this blog

സൗഹൃദം

കൊഴിയുന്ന പൂക്കള്‍....

സ്നേഹം