ഓർമ്മകൾ

ജാലകപ്പുറത്തെ മഗ്നോളിയ പൂക്കളും 
മാനം മൂടിയ നനുത്ത കാർമേഘക്കൂട്ടങ്ങളും കാണുമ്പോൾ
നിന്റെ ഓർമ്മകൾ എന്നിലേക്ക് ഓടിയെത്തുന്നു. നിന്റെ കൈകളിൽ കൈ കോർത്ത് പാടവരമ്പത്തൂടെ നടക്കുമ്പോൾ ചെറു നാണത്തോടെ കാല്പാദങ്ങളെ ചുമ്പിക്കാൻ വെമ്പുന്ന നെൽക്കതിരുകൾ ഓർമ്മയിലെവിടെയോ കൊണിഞ്ഞിരിപ്പുണ്ട്.  ആ ഓർമ്മകൾ മനസ്സിനും ശരീരത്തിനും ഊഷ്മളതയേകുന്നുണ്ടിപ്പോഴും. സാധാരണ ഗുൽമോഹർ പൂത്തുലഞ്ഞു നിൽക്കുന്ന പാതയോരങ്ങളും  ഇടവപ്പാതിയിൽ ജനലിനപ്പുറത്തു നിറഞ്ഞു പെയ്യുന്ന രാത്രിമഴയും നിനച്ചിരിക്കാത്ത നേരത്തു കേൾക്കുന്ന കുയിലിന്റെ പാട്ടുമാണ് നിന്റെ ഓർമ്മകളിലേക്ക് എന്നെ തള്ളിയിടാറുള്ളത്. ഇപ്പോഴെന്തേ ഓരോ പുലരിയും മഴവില്ലും പൂക്കളും നിന്റെയോർമ്മകൾ കൊണ്ടെന്നെ മൂടുന്നു?  

വസന്തമെത്തുന്നതിനു മുൻപു തന്നെ ചെറിമരങ്ങൾ പൂത്തുലഞ്ഞത് നിന്നെയോർത്താണോ? തണുപ്പിൻ്റെയാഴങ്ങളിൽ മരവിച്ചു പോയ ഓർമ്മപ്പൂക്കൾ  വസന്തത്തിൻ്റെ ചൂടേറ്റ് പതുക്കെപ്പതുക്കെ മൊട്ടിട്ട് പുഷ്പിച്ചു തുടങ്ങിയിരിക്കുന്നു. പ്രഭാത കിരണത്തിൽ വജ്രം തിളങ്ങുന്ന കണക്കെ മഞ്ഞുതുള്ളികൾ ജ്വലിച്ചു നിൽക്കുന്നു. മുൻപൊന്നുമില്ലാത്ത വിധം ഭംഗി അതിനുള്ളതു പോലെ...

മുന്നോട്ടു കുതിച്ചു പായുന്ന കാലം ദേഹത്തു വരച്ചിടുന്ന വരകൾ നരയായും ചുളിവുകളായും പ്രത്യക്ഷപ്പെടുമ്പോൾ മനസ്സ് പൂർവ്വാധികം ഭ്രമത്തോടെ പിന്നാക്കം ഓടിപ്പോകാൻ ശ്രമിക്കുകയാണോ? പഴയ കാല സ്മരണകളെല്ലാം കുത്തിയൊലിച്ചു പോവുമ്പോഴും നിൻ്റെയോർമ്മകൾ മാത്രം അടിയൊഴുക്കിൽ പെട്ടുഴറാത്ത കളിവഞ്ചി കണക്കേ മനസ്സിൻ്റെ കരയിൽ മന്ദമന്ദമാടി നില്പുണ്ട്. അതിൽ കയറി കടലോളം സഞ്ചരിക്കാമെന്നത് എൻ്റെ വ്യാമോഹമാണന്ന് അറിയുന്നതിനാലാണോ പിടി തരാതെ ഓർമ്മകളിൽ മാത്രം നീ വന്നെത്തി നോക്കിപ്പോവുന്നത്? 

Comments

Popular posts from this blog

സൗഹൃദം

കൊഴിയുന്ന പൂക്കള്‍....

ദേഹാന്തരയാത്രകള്‍ - ഒരു ആസ്വാദനക്കുറിപ്പ്