Posts

Showing posts from February, 2014

കാണാതെ കാണുമ്പോള്‍

Image
ഏറെ നേരമായി ഈ നടത്തം തുടങ്ങിയിട്ട്... എവിടെയെങ്കിലും ഒന്നിരിക്കാനായെങ്കില്‍ ! – അയാള്‍ ചിന്തിച്ചു... തന്റെ കൈയ്ക്കുള്ളില്‍ , സാന്ത്വനസ്പര്‍ശമായ ഒരു കുഞ്ഞു കൈത്തണ്ട അയാള്‍ ചേര്‍ത്തു പിടിച്ചിരുന്നു. ആ കൈ അയാള്‍ക്ക് വെറുമൊരു വഴികാട്ടി മാത്രമല്ല, സ്വന്തം ജീവന്‍ തന്നെയായിരുന്നു. ഇരുള്‍ മൂടിയ ലോകത്ത് വെളിച്ചത്തിലേയ്ക്കു നയിക്കുന്ന വഴിവിളക്കായിരുന്നു ആ കൊച്ചു കൈ. അയാളുടെ അവശത മനസ്സിലാക്കിയെന്നോണം ആ കൈ അയാളെ നയിച്ചത് വഴിവക്കില്‍ കണ്ട പണിതീരാത്ത ഒരു അരമതിലിലേയ്ക്കായിരുന്നു. ക്ഷീണിച്ച കാലുകളും തളര്‍ന്ന മനസ്സുമായി അയാള്‍ അവിടെയിരുന്നു – ദൂരെ ആകാശത്തിലേയ്ക്ക് കണ്ണും നട്ട്! കാഴ്ചയില്ലാത്ത അയാളുടെ കണ്ണുകള്‍ക്കു മുന്നില്‍ അപ്പോള്‍ ഒരായിരം കാഴ്ചകള്‍ മിന്നി മറഞ്ഞുവോ? കുഞ്ഞിന് താങ്ങായ് തന്‍റെ ചുമലുകള്‍ കൊടുത്ത്, മുഷിഞ്ഞ സഞ്ചി തോളിലിട്ട്‌, സന്തതസഹചാരിയായ വടിയും കുത്തിപ്പിടിച്ച് അയാളിരുന്നു – ജീവിതത്തിന്‍റെ കയ്പും മധുരവും അയവിറക്കിക്കൊണ്ട്! അകക്കണ്ണില്‍ അയാള്‍ കണ്ട കാഴ്ച്ച തെളിമയാര്‍ന്നതായിരുന്നു. ഒരു കുഞ്ഞിന്‍റെ  വാത്സല്യം തുളുമ്പുന്ന മുഖവും, തന്നെ കാണുമ്പോള്‍ ആ മുഖത്തു വിരിയുന്ന സന്തോഷവും തന്‍റെ അ

1983 - എന്റെ തോന്നലുകള്‍

Image
ഒരു നല്ല പടം എന്ന് 'ഇ-ലോക'ത്ത് നിന്നും ചില അഭിപ്രായങ്ങള്‍ ഉയര്‍ന്നു തുടങ്ങിയ വേളയിലാണ് 1983 എന്ന സിനിമ കാണാന്‍ പോയത്. ക്രിക്കറ്റ് സംബന്ധിയായ സിനിമയാണ് എന്നറിയാവുന്നതിനാല്‍ ഇഷ്ടപ്പെടാനുള്ള സാദ്ധ്യതകള്‍ കൂടുതലാണ് എന്ന്‍ ഉള്ളിന്റെയുള്ളില്‍ ഞാനറിഞ്ഞിരുന്നുവോ ആവോ! (കുട്ടിക്കാലം മുതല്‍ക്കേ ഒരു 'ക്രിക്കറ്റ് പ്രാന്തി'യായിരുന്ന എനിക്ക് അങ്ങനെ തോന്നാതിരുന്നാലേ അദ്ഭുതമുള്ളൂ, അല്ലേ?) ക്രിക്കറ്റ് ഇതിഹാസം സച്ചിന്‍ ടെന്‍ണ്ടുല്‍ക്കറുടെ വിടവാങ്ങല്‍ പ്രസംഗവും, ഇന്ത്യയുടെ കന്നി ലോകകപ്പ് വിജയവുമെല്ലാം കൂട്ടിച്ചേര്‍ത്ത് തുടങ്ങിയ കഥ രമേശന്റെയും കൂട്ടുകാരുടേയും ജീവിതത്തിലൂടെ പുരോഗമിച്ചപ്പോള്‍ കാണികളും തങ്ങളുടെ ഭൂതകാലങ്ങളിലേക്ക് സഞ്ചരിക്കുകയായിരുന്നിരിക്കണം. ഓലമടല്‍ ബാറ്റുകളും ചുള്ളിക്കമ്പുകൊണ്ടുള്ള സ്റ്റമ്പും റബര്‍ പന്തും കള്ളക്കളിയും പൊക്കിയടിച്ചാല്‍ ഔട്ടാവലും എല്‍ ബി ഇല്ല എന്ന പറച്ചിലുമെല്ലാം നമ്മുടേതല്ലേ എന്ന്‍ മിക്കവരും ഗൃഹാതുരതയോടെ ഓര്‍ത്തിരിക്കും... കളിക്കിറുക്കുമായി നടന്നതിനു കിഴുക്കു കിട്ടാത്ത തലകളും അക്കൂട്ടത്തില്‍ കുറവാകും. മകന്റെ ഭാവിയെക്കുറിച്ചുള്ള ആധി സിനിമയിലെ അച്ഛനെപ്പോലെ

ഓഷ്വിറ്റ്സിലെ ചുവന്ന പോരാളി - ആസ്വാദനക്കുറിപ്പ്‌

Image
പുസ്തകത്തിന്‍റെ മുന്‍ കവര്‍ 'ഓഷ്വിറ്റ്സിലെ ചുവന്ന പോരാളി' ബ്ലോഗില്‍ പ്രസിദ്ധീകരിച്ചപ്പോള്‍ ഞാന്‍ വായിച്ചിരുന്നില്ല. അതുകൊണ്ടുതന്നെ പുസ്തകരൂപത്തില്‍ ഈ കഥ പുറത്തിറങ്ങിയപ്പോള്‍ ഒരു പുത്തന്‍ വായനാനുഭവമാണ് അത് പകര്‍ന്നു നല്‍കിയത്. പുസ്തകത്തെക്കുറിച്ച് വിശദമായി പറയുന്നതിനു മുന്‍പ് ഗ്രന്ഥകര്‍ത്താവിന് പ്രത്യേക നന്ദി രേഖപ്പെടുത്തട്ടെ - സ്വന്തം കയ്യൊപ്പോടെ ഈ പുസ്തകം എനിക്ക് സമ്മാനിച്ചതിന്! പുസ്തകം കയ്യില്‍ കിട്ടിയതിനു ശേഷം പത്തു പന്ത്രണ്ട് ദിവസങ്ങള്‍ കഴിഞ്ഞാണ് വായന തുടങ്ങിയത്. ലോകചരിത്രത്തിലെ തന്നെ ഏറ്റവും വലിയ ഒരേടിലെ വരികള്‍ വായിക്കുവാന്‍ പ്രത്യേക സമയം കണ്ടെത്തേണ്ടതുണ്ട് എന്നതിനാല്‍ വായന നീണ്ടു പോയി - അതിനിടയില്‍ പുസ്തകം ഒന്ന് മറിച്ചു നോക്കാനുള്ള അഭിനിവേശത്തെ മന:പൂര്‍വ്വം നിയന്ത്രിച്ചു - വായന തുടങ്ങിയാല്‍ അതവസാനിച്ചല്ലാതെ പുസ്തകം താഴെവെക്കാന്‍ കഴിയില്ല എന്നറിയാവുന്നതുകൊണ്ടുതന്നെ! ഒടുവില്‍ അക്ഷമയോടെ കാത്തിരുന്ന ആ ദിനം വന്നെത്തി - മുന്‍പ് സൂചിപ്പിച്ച പോലെതന്നെ വായിക്കാന്‍ തുടങ്ങിയപ്പോള്‍ കഥയോടൊപ്പം സഞ്ചരിച്ചുകൊണ്ടേയിരുന്നു... അവസാന പേജും വായിച്ചവസാനിച്ചപ്പോള്‍ ഈ യാത്ര ഇത്രവേഗ