1983 - എന്റെ തോന്നലുകള്‍


ഒരു നല്ല പടം എന്ന് 'ഇ-ലോക'ത്ത് നിന്നും ചില അഭിപ്രായങ്ങള്‍ ഉയര്‍ന്നു തുടങ്ങിയ വേളയിലാണ് 1983 എന്ന സിനിമ കാണാന്‍ പോയത്. ക്രിക്കറ്റ് സംബന്ധിയായ സിനിമയാണ് എന്നറിയാവുന്നതിനാല്‍ ഇഷ്ടപ്പെടാനുള്ള സാദ്ധ്യതകള്‍ കൂടുതലാണ് എന്ന്‍ ഉള്ളിന്റെയുള്ളില്‍ ഞാനറിഞ്ഞിരുന്നുവോ ആവോ! (കുട്ടിക്കാലം മുതല്‍ക്കേ ഒരു 'ക്രിക്കറ്റ് പ്രാന്തി'യായിരുന്ന എനിക്ക് അങ്ങനെ തോന്നാതിരുന്നാലേ അദ്ഭുതമുള്ളൂ, അല്ലേ?)

ക്രിക്കറ്റ് ഇതിഹാസം സച്ചിന്‍ ടെന്‍ണ്ടുല്‍ക്കറുടെ വിടവാങ്ങല്‍ പ്രസംഗവും, ഇന്ത്യയുടെ കന്നി ലോകകപ്പ് വിജയവുമെല്ലാം കൂട്ടിച്ചേര്‍ത്ത് തുടങ്ങിയ കഥ രമേശന്റെയും കൂട്ടുകാരുടേയും ജീവിതത്തിലൂടെ പുരോഗമിച്ചപ്പോള്‍ കാണികളും തങ്ങളുടെ ഭൂതകാലങ്ങളിലേക്ക് സഞ്ചരിക്കുകയായിരുന്നിരിക്കണം. ഓലമടല്‍ ബാറ്റുകളും ചുള്ളിക്കമ്പുകൊണ്ടുള്ള സ്റ്റമ്പും റബര്‍ പന്തും കള്ളക്കളിയും പൊക്കിയടിച്ചാല്‍ ഔട്ടാവലും എല്‍ ബി ഇല്ല എന്ന പറച്ചിലുമെല്ലാം നമ്മുടേതല്ലേ എന്ന്‍ മിക്കവരും ഗൃഹാതുരതയോടെ ഓര്‍ത്തിരിക്കും... കളിക്കിറുക്കുമായി നടന്നതിനു കിഴുക്കു കിട്ടാത്ത തലകളും അക്കൂട്ടത്തില്‍ കുറവാകും. മകന്റെ ഭാവിയെക്കുറിച്ചുള്ള ആധി സിനിമയിലെ അച്ഛനെപ്പോലെ നമ്മുടെ അച്ഛനുണ്ടായിരുന്നതും ഓര്‍മ വന്നിരിക്കാം. എന്നിരിക്കേ, നായകന്‍റെ ദു:ഖവും നിരാശയും നമ്മുടേതായി മാറിയതില്‍ ആശ്ചര്യപ്പെടാന്‍ ഒന്നുമില്ല.

സിനിമയുടെ ആദ്യ പകുതി സുഖകരമായ ഗൃഹാതുരത്വമാണ് പകര്‍ന്നു തന്നതെങ്കില്‍ രണ്ടാം പകുതി ഒരു സ്വപ്ന സാക്ഷാത്കാരത്തിലേക്കുള്ള വഴി (അതെത്ര കഠിനമാണെങ്കിലും) തുറന്നു കാണിക്കുന്നു. ഒരല്പം കൂടി ഒതുക്കിപ്പറയാം എന്ന്‍ തോന്നിപ്പിച്ചെങ്കിലും ഒഴുക്ക് നഷ്ടപ്പെടാതെ കഥ മുന്നേറിയത് കൊണ്ട് കാണികള്‍ക്ക് മുഷിപ്പനുഭവപ്പെട്ടിരിക്കില്ല. ഒരു ക്രിക്കറ്റ് പ്രേമിയെ ഈ സിനിമ തൃപ്തിപ്പെടുത്തും എന്നതില്‍ സംശയമില്ല - ഒരു സാധാരണ പ്രേക്ഷകനേയും ഈ സിനിമ നിരാശപ്പെടുത്താന്‍ ഇടയില്ല എന്നാണെനിക്ക് തോന്നിയത്.

നിവിന്‍ പോളി അവതരിപ്പിച്ച കേന്ദ്രകഥാപാത്രമായ രമേശന്‍ ഈ നടന്‍റെ മികച്ച വേഷങ്ങളില്‍ ഒന്നാണ്. മൂന്ന് കാലഘട്ടങ്ങളിലൂടെ കടന്നു പോകുന്ന നായക വേഷത്തെ നന്നായി അവതരിപ്പിക്കാന്‍ നിവിന് കഴിഞ്ഞിരിക്കുന്നു. ഈ നടന്റെ കരിയര്‍ ഗ്രാഫ് ഉയരത്തിലേക്കാണ് അനുദിനം നീങ്ങിക്കൊണ്ടിരിക്കുന്നത് എന്ന് പറയാതെ തരമില്ല.

കഥ എന്നത് പോലെ തന്നെ സിനിമയുടെ മികവായി എടുത്തുപറയാനുള്ളത് ഈ സിനിമയുടെ കാസ്റ്റിംഗ് ആണ്. ഓരോ കഥാപാത്രത്തിനും അനുയോജ്യരായ അഭിനേതാക്കളെ കണ്ടെത്തുന്നതില്‍ ഇതിനു പിന്നില്‍ പ്രവര്‍ത്തിച്ചവര്‍ വിജയിച്ചിരിക്കുന്നു. മുഴച്ചു നില്‍ക്കാത്ത പ്രകടനങ്ങളുമായി അവര്‍ ഓരോരുത്തരും തങ്ങളുടെ വേഷം ഭംഗിയായി അവതരിപ്പിച്ചു.

ഇതിലെ ഗാനങ്ങളും അനുയോജ്യമായവ തന്നെ. 'നെഞ്ചിലെ' എന്ന പാട്ട് കായികപ്രേമികള്‍ ഏറ്റുപിടിച്ചാല്‍ അദ്ഭുതപ്പെടാനില്ല. ഏറെക്കാലത്തിനു ശേഷം ജയചന്ദ്രനും വാണി ജയറാമും ഒരുമിച്ചു പാടിയ 'ഓലഞ്ഞാലിക്കുരുവി' എന്ന ഗാനം എല്ലാവരുടെയും ഇഷ്ടഗാനമായിക്കഴിഞ്ഞിരിക്കുന്നു.

നല്ലൊരു സിനിമ കണ്ടിറങ്ങിയ സംതൃപ്തി സഹപ്രേക്ഷകരുടെ മുഖത്തുനിന്നും വായിച്ചെടുക്കാന്‍ സാധിച്ചു. സിനിമ കഴിഞ്ഞപ്പോള്‍ തിയറ്ററില്‍ മുഴങ്ങിയ കയ്യടികള്‍ ഈ സിനിമയ്ക്ക് പിന്നില്‍ പ്രവര്‍ത്തിച്ചവര്‍ അര്‍ഹിക്കുന്നത് തന്നെയാണ്. അവസാന സീനില്‍ രമേശനും കണ്ണനും കൈ കോര്‍ത്ത് നീങ്ങുമ്പോള്‍ മുന്നില്‍ ഒറ്റയടിപ്പാതകള്‍ തെളിഞ്ഞു കാണുന്ന ഒരു മല കാണാം - തങ്ങള്‍ക്ക് കീഴടക്കാനുള്ള ഉയരം എന്താണെന്ന് അവര്‍ക്ക് ബോദ്ധ്യമുണ്ട് - അവിടെക്കുള്ള വഴി ദുഷ്കരമാവും എന്നുമവര്‍ തിരിച്ചറിയുന്നു. അച്ഛന്‍ മകന് പകര്‍ന്നു കൊടുക്കുന്നത് സച്ചിന്‍റെ അച്ഛന്‍ അദ്ദേഹത്തിന് പകര്‍ന്നു കൊടുത്ത വിവേകമാണ് - "നീ നിന്റെ സ്വപ്നങ്ങളെ പിന്തുടരൂ - കുറുക്കുവഴികള്‍ തേടാതെ തന്നെ. സ്വപ്നസാക്ഷാത്കാരത്തിലേക്കുള്ള വഴി ദുര്‍ഘടമാകാം, എങ്കിലും പിന്തിരിയരുത്. നല്ലൊരു കളിക്കാരനാവുന്നതിനേക്കാള്‍ പ്രധാനമാണ് നല്ലൊരു മനുഷ്യനാവുക എന്നത്... "

വീട്ടില്‍ തിരിച്ചെത്തിയിട്ടും കുറെ നേരം സിനിമ മനസ്സില്‍ നിന്നും മായാതെ നിന്നു. അപ്പോള്‍ ചില ചിന്തകള്‍ മനസ്സിലേക്ക് വന്നു:
  • തന്റെ ആഗ്രഹങ്ങള്‍ക്ക് പിന്തുണ നല്‍കാഞ്ഞിട്ടും രമേശന് തന്റെ അച്ഛനോട് പ്രത്യേകിച്ച് വിരോധമോ ദേഷ്യമോ തോന്നിയില്ല എന്നത് ശ്രദ്ധേയമായി തോന്നി. തന്‍റെ ജീവിതം ഇങ്ങനെയൊക്കെ ആയത് ഇഷ്ടപ്പെട്ട കാര്യം ചെയ്യാന്‍ അച്ഛന്‍ സമ്മതിക്കാത്തത് കൊണ്ടാണെന്ന് അയാള്‍ എവിടേയും പറയുന്നില്ല. ആരെയും പഴി ചാരാതെ അയാള്‍ ജീവിതവുമായി സമരസപ്പെട്ട് പോകുന്നത് അധികം കാണാത്ത കാഴ്ച്ചയാണ്. 
  • തനിക്ക് ലഭിക്കാതെ പോയ അവസരങ്ങള്‍ തന്റെ മകന് ലഭിക്കുന്നതിനു വേണ്ടി എന്ത് വിഷമവും സഹിക്കാന്‍ രമേശന്‍ തയ്യാറാവുന്നു. എന്നാല്‍ അതൊന്നും സ്വന്തം അച്ഛനോടുള്ള ഒരു വെല്ലുവിളിയാകുന്നില്ല. മകന്റെ താല്പര്യത്തെ പ്രോത്സാഹിപ്പിക്കുന്നുണ്ടെങ്കിലും  അച്ഛന്റെ മുന്നില്‍ അയാള്‍ ഇപ്പോഴും മകന്‍ തന്നെയാണ്.

    അതോടൊപ്പം ഒരു മറു ചിന്ത കൂടി ഉടലെടുത്തു:
  • കണ്ണന് ക്രിക്കറ്റിനോടല്ലാതെ മറ്റേതെങ്കിലും കളിയോടാണ്‌ താല്പര്യമുണ്ടായിരുന്നതെങ്കില്‍ രമേശന്‍ ഇത്രയും പിന്തുണ നല്കുമായിരുന്നുവോ? ഒരു പക്ഷേ ഉണ്ടാവുമായിരിക്കാം... ഏറ്റവും പ്രിയപ്പെട്ട ഒരു കാര്യം ചെയ്യുന്നതിനു വിലക്ക് ലഭിച്ച ഒരാള്‍ക്ക് മറ്റൊരാളെ അങ്ങനെ വിലക്കാന്‍ കഴിയുമോ? 
  • സിനിമ കണ്ടിറങ്ങുന്ന കുട്ടികള്‍ തങ്ങളുടെ അച്ഛന്മാരും രമേഷിനെപ്പോലെയായിരുന്നെങ്കില്‍ എന്ന് ആഗ്രഹിച്ചിരിക്കും. അച്ഛന്മാരാകട്ടെ, ഒരു നിമിഷമെങ്കിലും തങ്ങള്‍ രമേശനെപ്പോലെയുള്ള അച്ഛനാണോ അതോ അയാളുടെ അച്ഛന്‍ ഗോപിയുടെ പോലെയാണോ എന്നും ചിന്തിച്ചിരിക്കാം...

    എബ്രിഡ്‌ ഷൈന്‍ - സംവിധായകന്‍
    ഒരു നല്ല സിനിമ സമ്മാനിച്ചതിന്, ശേഷം അല്പം ചിന്തിപ്പിച്ചതിന്, എബ്രിഡ് ഷൈനിനും കൂട്ടര്‍ക്കും നന്ദി! ഇത്തരം നല്ല ചിത്രങ്ങളെ പ്രേക്ഷകര്‍ ഇരുകയ്യും നീട്ടി സ്വീകരിക്കുമാറാകട്ടെ! 

വാല്‍ കഷ്ണം: ഇതൊരു സിനിമാവലോകനമല്ല. ഒരു സാധാരണ പ്രേക്ഷകയുടെ ചില എളിയ തോന്നലുകള്‍ മാത്രം. അതുകൊണ്ടു തന്നെ സിനിമയുടെ (ഛായാഗ്രഹണം, ചിത്രസംയോജനം തുടങ്ങി) പല പ്രധാന മേഖലകളെയും ഇവിടെ പ്രതിപാദിച്ചിട്ടില്ല. വായനക്കാര്‍ സദയം ക്ഷമിക്കുമല്ലോ!

ചിത്രങ്ങള്‍ക്ക് കടപ്പാട്: ഗൂഗിള്‍ ഇമേജ്

Comments

സിനിമ കണ്ടില്ല ..അപ്പൊ കണ്ടിട്ട് പറയാം..പിന്നെ തോന്നലുകളും സിനിമാ വിചാരണയും ഒക്കെ പേറ്റന്റ് ഉള്ളതാ...
Swapna Sanchari said…
nannayi ezhuthi .................aasamkasakl.................
Cv Thankappan said…
ആശംസകള്‍
ajith said…
കാണുന്നുണ്ട്!
keraladasanunni said…
മതി. ഇത്രയേ സാധാരണ പ്രേക്ഷകന്ന് വേണ്ടൂ.
Manoj Vellanad said…
ആദ്യമേ പോയി കണ്ടൂ.. അത് പിന്നെ എല്ലാ പടവും അങ്ങനെ തന്നെയാണല്ലോ.. കണ്ടിറങ്ങിയപ്പോള്‍ ഫേസ്ബൂക്കിലിട്ട സ്റ്റാറ്റസ് ഇവിടെ കോപ്പി ചെയ്തിടട്ടെ..

"ഇന്നും കണ്ടു ഒരു മികച്ച മലയാളചിത്രം.. 1983.. സിനിമ കണ്ടിറങ്ങുന്നവര്‍ നേരെ ഗ്രൌണ്ടില്‍ പോയി ഒരു 4 ഓവര്‍ മാച്ച് കളിച്ചിട്ട് പോയാലോ എന്ന് ചിന്തിച്ചുപോയാല്‍ അവരെ കുറ്റം പറയാന്‍ പറ്റില്ല.. അങ്ങനെയാണ് സിനിമ പടച്ചു വച്ചേക്കുന്നത്.."
Sangeeth K said…
കണ്ടിരുന്നു...നല്ല സിനിമ...ജനവരി മാസത്തിലിറങ്ങിയ ആദ്യത്തെ നല്ല സിനിമ എന്നും പറയാം...
Nisha said…
ഈ സിനിമ താങ്കള്‍ക്ക് ഇഷ്ടപ്പെടും എന്നാണ് എനിക്ക് തോന്നുന്നത് അന്‍വറിക്കാ

തോന്നലുകള്‍ എന്നല്ലാതെ ഇതിനെ എന്ത് വിളിക്കണം എന്നറിയില്ല... അതാ അങ്ങനെ തന്നെ എഴുതിയത്. നിരൂപണം എന്നൊക്കെ പറഞ്ഞ് ഇങ്ങനെ എഴുതിയാല്‍ ശരിയാവില്ലല്ലോ!
Nisha said…
നന്ദി ലിജു! സന്തോഷം!
Nisha said…
നന്ദി തങ്കപ്പേട്ടാ!!!
Nisha said…
കണ്ടു നോക്കൂ - ഇഷ്ടപ്പെടും എന്ന്‍ തോന്നുന്നു.
Nisha said…
അതേ, സകുടുംബം ഇരുന്നു കാണാവുന്ന ഒരു സിനിമ. അതാണ് സാധാരണ പ്രേക്ഷകന് ആവശ്യം!
Nisha said…
വളരെ ശരി തന്നെ മനോജ്‌! ഞാന്‍ ഈ വലിച്ചു നീട്ടി എഴുതിയതിനേക്കാള്‍ ഭംഗിയായി കാര്യങ്ങള്‍ ചുരുങ്ങിയ വാക്കുകളില്‍ മനോജ്‌ പറഞ്ഞിരിക്കുന്നു. :)
Nisha said…
നിങ്ങളെപ്പോലെയുള്ള സിനിമാ നിരൂപകന്മാരെ തൃപ്തിപ്പെടുത്തുന്ന ഒന്നും ഇതില്‍ ഉണ്ടാവില്ലെങ്കിലും ഇവിടെ വന്നതിനും രണ്ടു വാക്ക് കുറിച്ചിട്ടതിനും നന്ദി സംഗീത്!
Mohiyudheen MP said…
THEERCHAYAYUM KANAN AGRAHIKKUNNA MOVIE, ISHTA VISHAYAMAYATHINAL THANNE KATHIRIKKUNNU ONLINE LINKINU :D
ങാഹാ.. അങ്ങനാണേല്‍ കാണണമല്ലോ... :)
kanakkoor said…
Good attempt. will come back after watching the movie
asrus irumbuzhi said…
ഒരു സിനിമ കണ്ടിറങ്ങുന്ന ഓരോ പ്രേക്ഷകന്റെ മനസ്സിലും ഒരു തരി കനലെങ്കിലും ദഹിക്കാതെ അവശേഷിപ്പിക്കാന്‍ കഴിഞ്ഞാല്‍ ആ പടം നൂറുവട്ടം വിജയിച്ചു ...നല്ല സിനിമാ ചിന്തകള്‍ ഉണ്ടാവട്ടെ ,എന്നെപോലുള്ളവര്‍ വീണ്ടും സിനിമാ കാണല്‍ ഉണ്ടാവട്ടെ !!
നല്ല ആശംസകള്‍
@srus..
Nisha said…
കാണണം - ഇഷ്ടപ്പെടും എന്നതില്‍ സംശയമില്ല. തിയറ്ററില്‍ പോയിത്തന്നെ കാണണം :)
Nisha said…
വേണം - കാണണം. കണ്ടേ തീരൂ :)
Nisha said…
thanks - looking forward to hear your opinion. Thanks for dropping in and sharing your thoughts!
Nisha said…
ശരിയാണ് - അത്തരത്തില്‍ ഈ സിനിമ ഒരു വലിയ വിജയം തന്നെയാണ് എന്ന്‍ തോന്നുന്നു. മടുപ്പിക്കുന്ന പ്രമേയങ്ങളും പ്രയോഗങ്ങളും കൊണ്ട് സാധാരണ പ്രേക്ഷകരെ തിയറ്ററില്‍ നിന്നകറ്റിയ കാലം ഇല്ലാതാകട്ടെ! അസ്രുവിനെപ്പോലെയുള്ളവര്‍ വീണ്ടും സിനിമ കാണട്ടെ! :)
വായിച്ചിട്ട് ഒരു നാട്ടിൻ പുറത്തെ ... ക്രിക്കറ്റ് കളി പോലെയാണല്ലോ ... എന്തായാലും കാണണം കാരണം പഴയ ഓർമ്മകളെ തട്ടിയുണർത്തുമെങ്കിലോ
Nisha said…
ഒരു നാട്ടിന്‍പുറത്തെ കഥയാണ്... ഇപ്പോള്‍ നഷ്ടമായിക്കൊണ്ടിരിക്കുന്ന ചില കാഴ്ചകള്‍ ! കണ്ടാല്‍ സുന്ദരമായ ഒരു ബാല്യം ഓര്‍മ്മ വരാതിരിക്കില്ല.
Joselet Joseph said…
പടം ദുബൈയില്‍ വരട്ടെ, കാണണം.
ലംബൻ said…
എന്റെ കൂട്ടുകാര്‍ കണ്ടു നല്ല പടം എന്ന് പറഞ്ഞു..
നാട്ടില്‍ വരുമ്പോള്‍ കാണണം.
Unknown said…
സിനിമ കണ്ടിട്ടേ ഞാന്‍ ഈ ലേഖനം വായിക്കു.... കാരണം അതെന്‍റെ തോന്നല്‍ ആണ്.... സിനിമ കണ്ടിട്ട് പറയാം കേട്ടോ അഭിപ്രായം
എനിക്കിനി എന്നാണാവോ കാണാന്‍ പറ്റ്വാ
ഇങ്ങിനെയൊക്കെ എഴുതിയാല്‍ കാണാതിരിക്കാനും പറ്റില്ല.
+വെറുതെ ഇതിലൂടെയൊന്ന് കയറിയിറങ്ങിയെന്ന് മാത്രം. കാര്യമായൊന്നും വായിച്ചില്ല. പിന്നെ വരാം എന്തെങ്കിലും പറയാന്‍... ശുഭ രാത്രി നിഷക്കും നിഷയുടെ കൂട്ടുകാരനും
Promodkp said…
ക്രികെറ്റ്‌ മനസ്സില്‍ കൊണ്ട് നടക്കുന്നവര്‍ കാണേണ്ട ചിത്രം.നിഷ അത് നന്നായി എഴുതി ...ഇനിയും ക്രികെറ്റ്‌ കളിയ്ക്കാന്‍ ആഗ്രഹം തോന്നുന്നു
പ്രവീണിന്റെ വഴിയെ നിഷയും ....

കൂട്ടുകാര്‍ പറഞ്ഞു നല്ല ചിത്രമെന്ന്. ഇത് വായിച്ചപ്പോള്‍ കാണാന്‍ മുട്ടുന്നു
നാട്ടിൽ വന്നപ്പോൾ ആദ്യമായി കണ്ട സിനിമ .. ശിൽപ്പയുടെ കൂടെ ആദ്യമായി കണ്ട സിനിമ എന്ന് പറയുന്നതിനാണ് ഇപ്പോൾ മധുരം. എന്തായാലും സിനിമ എനിക്കിഷ്ടമായി. കഥയേക്കാളും സിനിമ പോയ വഴിയാണ് എനിക്കിഷ്ടമായത് .. നിഷ് ചേച്ചിയുടെ നിരീക്ഷണങ്ങൾ വളരെ ശരിയാണ് .. ഈ സിനിമ കണ്ട ശേഷം ഞാൻ കണ്ട സിനിമ ഹാപ്പി ജേർണി ആയിരുന്നു .. അതിലും സമാന കഥാ പാതകൾ ഉണ്ട് ..എങ്കിലും അതും ഇഷ്ടമായി ..

Popular posts from this blog

സൗഹൃദം

കൊഴിയുന്ന പൂക്കള്‍....

ദേഹാന്തരയാത്രകള്‍ - ഒരു ആസ്വാദനക്കുറിപ്പ്