അമ്മിണിക്കുട്ടിയുടെ ലോകം 19 – സത്യ വരുന്നു

അമ്മിണിക്കുട്ടിയുടെ ലോകം – സത്യ വരുന്നു

ഒരു ദിവസം സ്കൂൾ വിട്ടു വന്നപ്പോഴാണ് അമ്മിണിക്കുട്ടി ആ വിവരം അറിയുന്നത്. അടുത്ത ദിവസം സത്യ വരുന്നുണ്ടത്രേ! അത് കേട്ടതും അമ്മിണിക്കുട്ടി അല്പം ചിന്തയിലായി. അമ്മയും ഏടത്തിമാരും പാറുവമ്മയും ഒക്കെ പറയുന്നത് സത്യയാണ് അമ്മിണിക്കുട്ടിക്ക് ഏറ്റവും ഇഷ്ടമുള്ള ഒരാൾ എന്നാണ്. ഒരു കാലത്ത് അത് ശരിയായിരുന്നു താനും. പക്ഷേ ഇപ്പോൾ അമ്മിണിക്കുട്ടിയ്ക്ക് സത്യയുടെ മുഖം പോലും ശരിക്ക് ഓർമ്മയില്ല എന്നതാണ് സത്യം. എന്നാൽ അതാരോടും പറയാനും വയ്യ – അവരൊക്കെ അറിഞ്ഞാൽ അവളെ കളിയാക്കാനേ അവർക്ക് നേരമുണ്ടാവൂ. അതാണ് അമ്മിണിക്കുട്ടിയുടെ മൌഢ്യത്തിന് പിന്നിലെ രഹസ്യം.      

സത്യ ആരാണെന്നല്ലേ? ഒരു കാലത്ത് അമ്മിണിക്കുട്ടിയുടെ എല്ലാ കാര്യങ്ങളും നോക്കിയിരുന്ന ആളാണ് സത്യ. ഇല്ലത്ത് പണ്ടു മുതല്ക്കേ കുട്ടികളെ നോക്കാൻ പലരും ഉണ്ടായിരുന്നു. ചില പ്രത്യേക കുടുംബങ്ങൾക്ക് അതൊരു അവകാശം പോലെയാണ് എന്ന് പറഞ്ഞു കേട്ടിട്ടുണ്ട്. അതെന്തായാലും അമ്മിണിക്കുട്ടി കുഞ്ഞുവാവ ആയിരുന്നത് മുതൽ സത്യയായിരുന്നു അവളുടെ ‘ആയ’. രാവിലെ ഉണരുന്നത് മുതൽ രാത്രി ഉറങ്ങുന്നത്/ഉറക്കുന്നത് വരെ – അമ്മിണിക്കുട്ടിയെ കുളിപ്പിക്കുന്നതും കളിപ്പിക്കുന്നതും എടുത്തു നടക്കുന്നതും ഉച്ചയ്ക്ക് ഉറക്കുന്നതും എല്ലാ കാര്യങ്ങളും ചെയ്യുന്നത് സത്യയായിരുന്നത്രേ. സത്യയല്ലാതെ ആരും അവളെ തൊടുന്നത് പോലും അമ്മിണിക്കുട്ടിക്ക് ഇഷ്ടമില്ലായിരുന്നു എന്നതും എല്ലാവരും എപ്പോഴും പറഞ്ഞു കേട്ടിട്ടുണ്ട്. സത്യയെക്കുറിച്ച് ആരും കുറ്റം പറയുന്നത് അമ്മിണിക്കുട്ടിക്ക് ഇഷ്ടമല്ല – ആരെങ്കിലും അങ്ങനെ എന്തെങ്കിലും പറഞ്ഞാൽ അമ്മിണിക്കുട്ടി ഇന്നയാൾ സത്യയെ ചീത്ത പറഞ്ഞൂ എന്നും പറഞ്ഞു കരഞ്ഞു ബഹളം വെയ്ക്കും. 

അങ്ങനെ അവളുടെ എല്ലാമെല്ലാം ആയിരുന്ന സത്യയെ ഓർമ്മയില്ല എന്നു പറഞ്ഞാലത്തെ കഥ എന്താവും എന്നവൾക്ക് ഊഹിക്കാം. പക്ഷേ അമ്മിണിക്കുട്ടി ഇത്തിരി വലുതായപ്പോഴേക്കും സത്യ വിവാഹം കഴിഞ്ഞ് ഭർത്താവിന്റെ വീട്ടിലേക്ക് പോയി. പിന്നീട് വല്ലപ്പോഴും വന്നാലായി, കണ്ടാലയായി എന്ന സ്ഥിതിയായി. സത്യ പോയപ്പോൾ അമ്മിണിക്കുട്ടി അലറിക്കരഞ്ഞുവെങ്കിലും പിന്നീടങ്ങോട്ട് അവരെ അധികം കാണാതായപ്പോൾ അവർ പതുക്കെപ്പതുക്കെ അമ്മിണിക്കുട്ടിയുടെ ചിന്തകളിൽ നിന്നും ഓർമ്മകളിൽ നിന്നുമെല്ലാം അകന്നകന്നു പോയി  എന്നതാണ് സത്യം. ഇപ്പോൾ അവൾക്ക് പാറുവമ്മയാണ് എല്ലാം.

കാര്യം ഇങ്ങനയൊക്കെയാണെങ്കിലും സത്യയുടെ വിവരങ്ങൾ ആരെങ്കിലും പറഞ്ഞാൽ അവൾക്ക് ഉള്ളിൽ എന്തോ ഒരു സന്തോഷം തോന്നാറുണ്ട്. അതുകൊണ്ടു തന്നെ ഇപ്പോഴും സത്യയെപ്പറ്റി  ആരെങ്കിലും എന്തെങ്കിലും പറഞ്ഞാൽ അവൾ കാതുകൂർപ്പിച്ചിരിക്കും – ആവശ്യമെങ്കിൽ സത്യയുടെ ഭാഗം പിടിക്കാൻ തയ്യാറായിത്തന്നെ.

‘പെണ്ണുങ്ങൾ’ എല്ലാരും കൂടുമ്പോൾ ചിലപ്പോൾ ആളുകളുടെ നിറവും വണ്ണവും മറ്റും ചർച്ച ചെയ്യും. അമ്മിണിക്കുട്ടിക്ക് അതിഷ്ടമല്ല. തൊലിനിറം നോക്കി ആളുകളുടെ ഭംഗി തീരുമാനിക്കുന്നത് വിഡ്ഢിത്തമാണ് എന്ന് അവൾക്ക് തീർച്ചയുണ്ട്. സത്യ പോയതിന് ശേഷവും അവളെ ചൊടിപ്പിക്കാൻ വേണ്ടി അവർ ‘ഇരുണ്ട നിറ’മുള്ള സത്യ’ എന്നൊക്കെ അമ്മിണിക്കുട്ടി കേൾക്കാൻ വേണ്ടിയെന്നോണം പറയും. അത് കേൾക്കുമ്പോൾ അവൾക്ക് ദേഷ്യവും സങ്കടവും ഒക്കെ വരും. സത്യ സുന്ദരിയാണ് എന്ന് അലറിക്കരയും. സത്യയെ കണ്ടിട്ട് കുറച്ചു കാലമായെങ്കിലും അമ്മിണിക്കുട്ടിയുടെ മനസ്സിൽ നിന്നും അവരോടുള്ള സ്നേഹം ഒട്ടും കുറഞ്ഞിട്ടില്ല. അതറിഞ്ഞു തന്നെ മന:പ്പൂർവ്വം അവളെ സങ്കടപ്പെടുത്താൻ വേണ്ടി അവർ അങ്ങനെ പറയുന്നത് എത്ര ക്രൂരമാണ് എന്നവൾക്ക് തോന്നാറുണ്ട്. പക്ഷേ അതൊന്നും ആരോടും പറഞ്ഞിട്ട് കാര്യമില്ല. അവളെ ഭീരുപിടിപ്പിക്കുന്നത് അവർക്കൊക്കെ ഒരു വിനോദമാണ്.      

എന്നാൽ ഇപ്പോൾ അമ്മിണിക്കുട്ടിയുടെ ഉള്ളിലെ നീറുന്ന പ്രശ്നം അതൊന്നുമല്ല. അമ്മിണിക്കുട്ടിക്ക് സ്ഥിരം കാണുന്ന ആളുകളെ മാത്രമേ ശരിക്കും അറിയൂ. ഇടയ്ക്ക് കാണുന്നവരുടെ മുഖം ചിലപ്പോൾ പരിചിതമായി തോന്നുമെങ്കിലും അതാരാണെന്ന് അവൾക്ക് ഉറപ്പിച്ച് പറയാൻ പറ്റാറില്ല. അതിനാൽ സത്യ ഒറ്റക്കല്ല വരുന്നതെങ്കിൽ അവരെ കണ്ടിട്ട് തിരിച്ചറിഞ്ഞില്ലെങ്കിലോ എന്ന പരിഭ്രമം നന്നായുണ്ട് മനസ്സിൽ. സത്യയ്ക്ക് വല്ലാതെ സങ്കടമാവില്ലേ, അവൾ അവരെ തിരിച്ചറിഞ്ഞില്ലെങ്കിൽ!

അങ്ങനെ പല ആധികളും മനസ്സിലുണ്ടെങ്കിലും അതൊന്നും പുറത്ത് കാണിക്കാതെ അവൾ വൈകുന്നേരം എങ്ങനെയൊക്കെയോ തള്ളിനീക്കി. കളിക്കാനും വികൃതി കാട്ടാനും ഉത്സാഹം കുറഞ്ഞ അവളെ നോക്കി എന്ത് പറ്റിയോ ആവോ എന്ന് എല്ലാവരും അദ്ഭുതപ്പെടുന്നത് അവൾ അറിഞ്ഞെങ്കിലും അറിയാത്ത നാട്യത്തിൽ നടന്നു. കുളിയും നാമജപവും കഴിഞ്ഞ് പതിവുപോലെ പഠിത്തവും കഴിഞ്ഞ് വേഗം ഭക്ഷണം കഴിച്ച് ഉറങ്ങാൻ പോയി. ആലത്തൂരെ ഹനുമാനെ ജപിച്ച് കഴിഞ്ഞിട്ടും ഉറക്കം വരുന്നില്ല. തലയും പുതപ്പിനടിയിൽ ഒളിപ്പിച്ച് കണ്ണ് മുറുക്കെ അടച്ച് സത്യയെ എനിക്കറിയാം എന്ന് മനസ്സിൽ പറഞ്ഞുപറഞ്ഞ് എപ്പോഴോ അവൾ ഉറങ്ങിപ്പോയി..

പിറ്റേ ദിവസം രാവിലെ എണീറ്റ് സ്കൂളിൽ പോവാനുള്ള തിരക്കിനിടയിൽ വൈകുന്നേരത്തെ കാര്യം ആലോചിച്ച് പരിഭ്രമിക്കാൻ അമ്മിണിക്കുട്ടിക്ക് നേരം കിട്ടിയില്ല. ഭാഗ്യത്തിന് ഏടത്തിമാരും അമ്മയും പാറുവമ്മയും ഒക്കെ തിരക്കിൽ ആയിരുന്നു. ആർക്കും സത്യയെപ്പറ്റി അവളോട് ചോദിക്കാൻ സമയം കിട്ടിയില്ല. എന്തൊക്കെയായാലും വൈകുന്നേരം സ്കൂൾ വിട്ട് ബസ്സിറങ്ങി ഇല്ലത്തേക്ക് നടക്കുന്നത് വരെ അവൾ അക്കാര്യം മറന്നിരുന്നു. എന്നാൽ ഇല്ലത്ത് എത്താറാവുമ്പോഴേക്കും പരിഭ്രമം കൂടിത്തുടങ്ങി. പടി കടന്ന് തൊടിയിലേക്ക് എത്തിയതും ബാഗ് പൂമുഖത്ത് വെച്ച് വല്യമ്മയെ കാണാൻ പോയാലോ എന്ന് അവൾ ആലോചിച്ചു.

എന്നാൽ പൂമുഖത്ത് എത്തിയതും വടക്ക്വോറത്ത് നിന്ന് അത്ര പരിചയമില്ലാത്ത ഒച്ചകൾ കെട്ടു. മുൻപ് കേട്ടിട്ടുള്ള ചിരിയും. 'അമ്മിണിക്കുട്ടീ, നിന്റെ സത്യ വന്നിരിയ്ക്കണൂ ന്നാ തോന്നണേ' എന്നും പറഞ്ഞ് കുഞ്ഞേടത്തി അവളെയും പിടിച്ചു കൊണ്ട് അകത്തേയ്ക്ക് ഓടി. പട പടാന്ന് മിടിക്കണ നെഞ്ചോടെ അമ്മിണിക്കുട്ടി നാലിറയം വഴി വടക്ക്വോറത്ത് എത്തിപ്പെട്ടു. അവിടെ മൂന്നാല് പേര് വട്ടം കൂടിയിരുന്ന് ചായയും കുടിച്ച് വർത്തമാനം പറഞ്ഞിരിക്കുന്നുണ്ട്.

കുഞ്ഞേടത്തിയും അമ്മിണിക്കുട്ടിയും അവിടെ എത്തിയതും വർത്തമാനം നിന്നു. അവിടെയുള്ളവരെ ശരിക്കും നോക്കി മനസ്സിലാക്കുന്നതിന് മുൻപ് തന്നെ ‘ന്റെ കുട്ടി നല്ല മിടുക്കത്തി ആയിണ്ടല്ലോ’ എന്ന് ആരോ പറയുന്നത് അവൾ കേട്ടു. ശബ്ദം കേട്ട ഭാഗത്തേയ്ക്ക് നോക്കിയപ്പോൾ അവൾ സത്യയെ കണ്ടു. കണ്ടിട്ട് കുറച്ചു കാലമായെങ്കിലും ആ മുഖം കണ്ടപ്പോൾ അവരെ അവൾ തിരിച്ചറിഞ്ഞു. അവൾ പേടിച്ച പോലെ അവരെ അറിയാതിരുന്നില്ല. അവളെ കണ്ടതിന്റെ സന്തോഷം ആ മുഖത്ത് വളരെ വ്യക്തമായി കാണാം.

വർത്തമാനമൊക്കെ നിർത്തി സത്യ അമ്മിണിക്കുട്ടിയുടെ അടുത്തേയ്ക്ക് ഓടി വന്നു. അവളെ ആകമാനം ഒന്ന് നോക്കി വാത്സല്യത്തോടെ എടുത്തു പൊക്കി. ഇത്ര വലിയ കുട്ടിയായ തന്നെ സത്യ എടുക്കുന്നതിന്റെ ജാള്യത മനസ്സിൽ തോന്നിയെങ്കിലും അതൊന്നും പുറത്ത് കാട്ടാതെ നാണത്തിൽ പൊതിഞ്ഞ ഒരു പുഞ്ചിരിയും തൂകി അവൾ ചുറ്റും നോക്കി. അമ്മയും കുഞ്ഞേടത്തിയും പാറുവമ്മയും സത്യയ്ക്ക് കൂട്ടുവന്ന സ്ത്രീയും ഒക്കെ ചെറിയ കൌതുകത്തോടെ അവരെ തന്നെ നോക്കുന്നത് കണ്ടപ്പോൾ അമ്മിണിക്കുട്ടിയ്ക്ക് നാണം കൂടി. അറിയാതെ അവൾ സത്യയുടെ തോളിൽ മുഖം പൂഴ്ത്തി.. സത്യയാവട്ടെ ഏറെ സ്നേഹവാത്സല്യത്തോടെ അവളുടെ തലയിൽ പതുക്കെ തലോടി.

അങ്ങനെ കുറച്ചു നേരം കഴിഞ്ഞപ്പോൾ അവൾ പതുക്കെ സത്യയുടെ കയ്യിൽ നിന്നും ഊഴ്ന്നിറങ്ങി. സത്യ എടാഴിയിൽ നിന്നും വടക്ക്വോറത്തയ്ക്കുള്ള ഉമ്മറപ്പടിയിൽ ഇരുന്നു. അമ്മിണിക്കുട്ടിയെ മടിയിലിരുത്തി. ഇത്തരം ലാളനകൾ ഇപ്പോൾ തീരെ ശീലമില്ലാത്തതിനാൽ അമ്മിണിക്കുട്ടി ആകെ പരുങ്ങിത്തുടങ്ങി. സത്യയുടെ മടിയിൽ നിന്നും എണീറ്റ് പോണത് മര്യാദയല്ല എന്ന് അവൾക്കറിയാം. അതു കൊണ്ട് അവൾ ഒന്നും മിണ്ടാതെ അവിടെ തന്നെയിരുന്നു. സത്യയാവട്ടെ അവളുടെ വിശേഷങ്ങൾ അറിയാനുള്ള മോഹത്തിൽ ഓരോരോ ചോദ്യങ്ങൾ ചോദിക്കുന്നുണ്ട്. മിക്കതിനും ഉത്തരം നല്കുന്നത് കുഞ്ഞേടത്തിയാണ് എന്ന് മാത്രം! ബാക്കിയുള്ളവരും ഓരോന്ന് പറയുകയും ചോദിക്കുകയും ചെയ്യുന്നുണ്ട്. അമ്മിണിക്കുട്ടി മാത്രം അധികം ഒന്നും പറയാതെ എല്ലാം കണ്ടും കേട്ടും അങ്ങനെയിരുന്നു.

സത്യയുടെ ചിരി കണ്ടിട്ട് അവൾക്ക് ഏറെ സന്തോഷം തോന്നി. വെറും കാട്ടിക്കൂട്ടലല്ല, മനസ്സിൽ നിന്നും ശരിക്കും വരുന്നതാണ് ആ സന്തോഷച്ചിരിയെന്ന് അവൾക്കാരും പറഞ്ഞു കൊടുക്കേണ്ടി വന്നില്ല. ചിരിക്കുമ്പോൾ മുഖം മുഴുവൻ തിളങ്ങുന്ന പോലെ. നെറ്റിയിലെ വട്ടപ്പൊട്ടും കുറിയും തലയിലെ കുങ്കുമവും ഒക്കെ നന്നായി യോജിക്കുന്നുണ്ട്. സത്യയുടെ സാരിയ്ക്കും നല്ല ഭംഗി എന്ന് അവൾ മനസ്സിൽ ആലോചിച്ചു. അങ്ങനെ കുറച്ചു നേരം അവരുടെ വർത്തമാനവും കേട്ടിരുന്ന് ഇന്നലത്തെ പരിഭ്രമം ഒക്കെ മാറി എപ്പോഴോ അമ്മിണിക്കുട്ടി മയങ്ങിപ്പോയി.

പിന്നെ കണ്ണു തുറന്നപ്പോൾ അവൾ നാലിറയത്തെ വടക്കേകോലായിൽ സത്യയുടെ മടിയിൽ തലവെച്ച് കിടക്കുകയാണ്. നിലത്തു വിരിച്ച തഴപ്പയായിൽ ഇരുന്ന് ഒരു വിശറി കൊണ്ട് സത്യ പതുക്കെ വീശുന്നുണ്ട്. ഉണർന്നതും വിശപ്പ് അമ്മിണിക്കുട്ടിയുടെ വയറിൽ വേദനയായി അനുഭവപ്പെടാൻ തുടങ്ങി. കരയണോ വേണ്ടയോ എന്ന് ആലോചിക്കുമ്പോഴേക്കും 'ആഹാ, കുട്ടി എണീറ്റോ, ന്നാ പാല് കൂടിച്ചോളൂ' എന്ന് പറഞ്ഞ് സത്യ അവൾക്ക് ഒരു ഗ്ലാസ്സിൽ പാലും വെള്ളം കൊടുത്തു. പാല് ഇഷ്ടമില്ലെങ്കിലും വിശപ്പ് കൊണ്ടും സത്യയോട് തർക്കിക്കാൻ വയ്യാത്തത് കൊണ്ടും അവൾ ഒന്നും മിണ്ടാതെ അത് കുടിച്ചു.

അപ്പോഴേക്കും സന്ധ്യയായിത്തുടങ്ങിയിരുന്നു. സത്യയ്ക്ക് തിരിച്ചു പോവാനുള്ള സമയം ആയീത്രേ! അമ്മിണിക്കുട്ടിയെ ഒന്നിറുക്കെ കെട്ടിപ്പിടിച്ച് വാത്സല്യത്തോടെ മുഖത്തും മൂടിയിലും തലോടി സത്യ പോവാൻ ഒരുങ്ങി. അമ്മയോട് യാത്ര പറഞ്ഞപ്പോൾ കല്യാണം കഴിഞ്ഞ് ആദ്യം വരുകയല്ലേ എന്ന് പറഞ്ഞ് അമ്മ എന്തോ ഒരു പൊതി കൊടുക്കുന്നത് കണ്ടു. പറ്റുമ്പോഴൊക്കെ വരാം എന്ന് പറഞ്ഞ് എല്ലാവരോടും യാത്ര പറഞ്ഞ് സത്യയും കൂട്ടിന് വന്നവരും യാത്രയായി.

വടക്ക്വോറത്ത് നിന്നും അവർ പോയപ്പോൾ അമ്മിണിക്കുട്ടി ഓടി പൂമുഖത്തെത്തി. സാവധാനം പടികൾ കയറി പോകുന്ന അവരെ നോക്കി സത്യേ റ്റാറ്റാ എന്ന് അമ്മിണിക്കുട്ടി ഉറക്കെ വിളിച്ചു പറഞ്ഞു. അവളുടെ ഒച്ച കേട്ട് സത്യ തിരിഞ്ഞു നോക്കി കൈവീശി യാത്ര പറഞ്ഞു. അവർ പടിയും കടന്ന്  ദൂരെ കാണാതാവുന്നത് വരെ അമ്മിണിക്കുട്ടി കൈവീശി റ്റാറ്റ പറഞ്ഞു കൊണ്ടേയിരുന്നു. ഒടുവിൽ അവരെ കാണാതായപ്പോൾ ഇനിയെന്നാണാവോ സത്യ വര്വാ എന്നാലോചിച്ച് പതുക്കെ അകത്തേയ്ക്ക് നടന്നു. അപ്പോൾ എന്തുകൊണ്ടോ അവൾക്ക് സന്തോഷവും സങ്കടവും ഒപ്പം തന്നെ തോന്നി.. സത്യയെ കണ്ടത്തിലെ സന്തോഷവും ഇനി കുറെകാലം കഴിഞ്ഞാലേ കാണാൻ പറ്റുന്നുണ്ടാവുളളൂ എന്ന സങ്കടവും...       

Comments

Popular posts from this blog

സൗഹൃദം

കൊഴിയുന്ന പൂക്കള്‍....

ദേഹാന്തരയാത്രകള്‍ - ഒരു ആസ്വാദനക്കുറിപ്പ്