ഡ്രാക്കുളയെത്തേടി



നമ്മെയൊക്കെ ഭയപ്പെടുത്തിയ വായനകളിൽ ഒന്നാവും ബ്രാം സ്റ്റോക്കറുടെ ഡ്രാക്കുള. ചെറുപ്പത്തിൽ ഡ്രാക്കുളയുടെ കഥ കേട്ട് പേടിച്ചവരുടെ എണ്ണം കുറച്ചൊന്നുമാവില്ല. ദൂരെയൊരു നാട്ടിൽ നടക്കുന്ന കഥയാണെങ്കിലും നാട്ടിൻപുറത്തെ ഇരുണ്ട വഴികളിലും നമ്മുടെ ചോരയൂറ്റിക്കുടിക്കാൻ ദാഹിച്ചു നിൽക്കുന്ന, തീക്കണ്ണുള്ള, കൂർത്ത ദ്രംഷ്ടങ്ങളുള്ള ഡ്രാക്കുള കാത്തിരിപ്പുണ്ടാവുമെന്ന് പേടിച്ച് ഒറ്റയ്ക്ക് ഇരുട്ടിലൂടെ നടക്കാത്ത എത്ര രാത്രികൾ! അന്നൊന്നും ഡ്രാക്കുള വെറുമൊരു കഥയാണെന്നും ആ കഥയുടെ രൂപീകരണത്തിനെ സ്വാധീനിച്ച സ്ഥലത്ത് ഒരിക്കൽ പോകുമെന്നും കരുതിയതേയില്ല.


ഈ ക്രിസ്തുമസ് അവധിക്കാലത്ത് കുറെ ദിവസം വീട്ടിൽ വെറുതേയിരുന്നു മടുത്തപ്പോൾ യാത്ര പോകാൻ പറ്റിയ സ്ഥലങ്ങൾ നെറ്റിൽ തപ്പി. പണ്ടെന്നോ കേട്ടുമറന്ന ഒരു സ്ഥലപ്പേര് അതിൽ കണ്ടു. അവിടെ രണ്ടു നാളത്തെ താമസത്തിന് പറ്റിയ ഒരു സ്ഥലം കണ്ടെത്തിയപ്പോൾ പിന്നെ ഒന്നും നോക്കിയില്ല - താമസം ബുക്ക് ചെയ്ത് പെട്ടി പാക്ക് ചെയ്ത് റെഡിയായി. സാധാരണ പോകുന്ന സ്ഥലങ്ങളെപ്പറ്റി വിശദമായി റിസേർച്ച് ചെയ്ത് കൃത്യമായ പ്ലാൻ ഉണ്ടാക്കിയാണ് ഞങ്ങൾ എങ്ങോട്ടും പോകാറുള്ളത്. ഇത്തവണ യാത്ര പോകുന്നതിന്റെ തലേദിവസം ഉച്ചയ്ക്ക് താമസസൌകര്യം ഏർപ്പാടാക്കിയതല്ലാതെ മറ്റൊരു മുന്നൊരുക്കങ്ങളും ഇല്ല. എന്തായാലും ഒരു ചൊവ്വാഴ്ച രാവിലെ ഒൻപത് മണിയോടെ ലിവർപൂളിൽ നിന്നും യോർക്ഷയറിലെ വിറ്റ്ബിയിലേക്ക് യാത്ര തിരിച്ചു. യാത്ര പുറപ്പെടുന്നതിന് തലേന്ന് രാത്രി വിറ്റ്ബിയെപ്പറ്റി ഒന്നോടിച്ചു വായിച്ച വിവരങ്ങൾ അല്ലാതെ മറ്റൊന്നും കാര്യമായി അറിയില്ല. ഒട്ടും പ്ലാൻ ചെയ്യാതെയുള്ള യാത്രയായതിനാൽ ആശങ്കയും ആവേശവും ഒരുപോലെ അനുഭവപ്പെട്ടു. കുറെ ദൂരം യാത്ര ചെയ്ത് പിക്കറിങ് എന്ന ചെറിയ പട്ടണത്തിൽ എത്തി. അവിടെ ചെറിയൊരു ബ്രേക്ക്. പുരാതനമായ ഒരു മാർക്കറ്റ് ടൌൺ ആണ് പിക്കറിങ്. ഒരു കൊച്ചു ഇംഗ്ലീഷ് പട്ടണത്തിന്റെ എല്ലാ വശ്യതയും നിറഞ്ഞ ഒരു സ്ഥലം. പട്ടണത്തിന്റെ ഹൃദയഭാഗത്ത് സ്വച്ഛന്ദമായി ഒഴുകുന്ന ഒരു നദി. തിരക്കും ബഹളവും ഇല്ലാതെ ശാന്തമായ അന്തരീക്ഷം. Gateway to North York Moors എന്നറിയപ്പെടുന്ന ഈ കൊച്ചു പട്ടണത്തിൽ ഒരു റയിൽവേ സ്റ്റേഷനും ഉണ്ട്. നോർത്ത് മൂർസ് റെയിൽവേ ആരംഭിക്കുന്നത് ഇവിടെ നിന്നാണ്. ഞങ്ങൾ ചെന്നു നോക്കുമ്പോൾ സ്റ്റേഷനും പരിസരവും ശൂന്യമാണ് - ക്രിസ്തുമസ് ദിനത്തിലോ മറ്റോ നടത്തിയ ചില ആഘോഷങ്ങളുടെ ശേഷിപ്പുകൾ അല്ലാതെ വേറൊന്നും അവിടെയില്ല. കുറച്ചു നേരം അവിടെ ചുറ്റിനടന്നു കണ്ട ശേഷം അടുത്തുള്ള കടയിൽ നിന്നും കുറച്ച് സ്നാക്സ് വാങ്ങി ഞങ്ങൾ യാത്ര തുടർന്നു. ലക്ഷ്യം വിറ്റ്ബി ആണെങ്കിലും വഴിയിൽ ഗോത്ലാൻഡ് എന്ന് പേരായ ഒരു സ്റ്റേഷൻ ഉണ്ട്. അതൊന്നു കാണണം. അതിന്റെ പ്രത്യേകത എന്താണെന്നോ? ഹാരി പോട്ടർ സിനിമയിൽ ഹോഗ്സ്മേഡ് സ്റ്റേഷൻ ആയി കാണിക്കുന്നത് ഗോത്ലാൻഡ് ആണ്. ഹാരി പോട്ടർ സിനിമയുടെ ആദ്യത്തെ ഷൂട്ടിങ് നടന്നത് ഇവിടെ വച്ചാണ്. ആദ്യ സിനിമയിലെ അവസാന രംഗങ്ങൾ. ഹാരിയും കൂട്ടരും ആദ്യത്തെ അദ്ധ്യയനവർഷാവസാനം വീട്ടിലേക്ക് തിരിച്ചു പോകുന്ന സീൻ - ഹാഗ്രിഡിനോട് യാത്ര പറഞ്ഞു പിരിയുന്ന രംഗങ്ങൾ..


അവിടെയെത്തിയപ്പോൾ ശരിക്കും ഹോഗ്സ്മേഡ് സ്റ്റേഷനിൽ എത്തിയ തോന്നൽ. അത് വാക്കുകളിൽ വിവരിക്കാനാവില്ല. അതിസുന്ദരമായ ഒരു കൊച്ചു സ്റ്റേഷൻ. സ്റ്റേഷനിലെ ഓവർബ്രിഡ്ജ് കയറി അപ്പുറത്തെത്തി. ആ മേൽപ്പാലം ഏകദേശം 200 കൊല്ലം പഴക്കമുള്ളതാണ്. അപ്പുറത്ത് കുന്നിൻ ചെരുവിൽ കണ്ട പടികൾ കയറി മുകളിൽ എത്തി. അവിടെ നിന്നും താഴോട്ട് നോക്കുമ്പോൾ ശരിക്കും ഹോഗ്സ്മേഡ് സ്റ്റേഷന്റെ മായക്കാഴ്ച തന്നെ! മനസ്സിൽ സന്തോഷം അലതല്ലിയ നിമിഷങ്ങൾ!!!

കുറച്ചു നേരം അവിടെ നിന്ന് ആ കാഴ്ചകൾ ഒക്കെ ആസ്വദിച്ച ശേഷം യാത്ര തുടർന്നു. അപ്പോഴേക്കും ചുറ്റിനും കനത്ത കോട പരന്നിരുന്നു. നൂറടി അകലെയുള്ള കാഴ്ചകൾ പോലും കാണാൻ പറ്റാത്തത്ര കോട! പതുക്കെപ്പതുക്കെ വണ്ടിയോടിച്ച് 4 മണി കഴിഞ്ഞപ്പോഴേക്കും വിറ്റ്ബിയിൽ എത്തി. അപ്പോഴേക്കും നേരം ഇരുട്ടിയിരുന്നതിനാൽ പ്രതേകിച്ചൊന്നും ചെയ്യാനില്ലാത്തതുകൊണ്ട് ഭക്ഷണം കഴിച്ച് കുറച്ചു നേരം വിശ്രമിച്ചു. രാത്രി നഗരക്കാഴ്ചകൾ കാണാൻ പുറത്തിറങ്ങി. പിറ്റേന്ന് നേരം പുലർന്നത് കനത്ത മഴയോടെയായിരുന്നു. മഴത്തിറങ്ങിയിട്ട് കാര്യമൊന്നും ഇല്ലെന്ന് അറിയാവുന്നതു കൊണ്ട് മഴ തോരുന്നതും കാത്തിരുന്നു. വിറ്റ്ബിയെ പറ്റി കുറച്ച് കാര്യങ്ങൾ കൂടി ആ സമയം കൊണ്ട് മനസ്സിലാക്കി. മഴ തോർന്നതും ക്യാമറയും മറ്റുമെടുത്ത് പുറത്തിറങ്ങി. ശൈത്യകാലമായതിനാൽ തണുപ്പും മൂടിയ കാലാവസ്ഥയും നമ്മുടെ സന്തതസഹചാരിയാണ്. വിറ്റ്ബി കീസൈഡ് ആണ് ആദ്യത്തെ ലക്ഷ്യം. പട്ടണമദ്ധ്യത്തിൽ എസ്ക് നദിക്കരയിൽ ഒരുപാട് കാഴ്ചകൾ നമ്മെ കാത്തിരിക്കുന്നുണ്ട്. ഒറ്റ നോട്ടത്തിൽ ഇംഗ്ലീഷ് പട്ടണങ്ങളുടെ തന്നത് നാട്യം തന്നെയാണ് വിറ്റ്ബിയ്ക്കും. എന്നാൽ നദിക്കരയിലൂടെ നടക്കുമ്പോൾ വിറ്റ്ബി വ്യത്യസ്തമായ കാഴ്ചകൾ കൊണ്ട് മനം കവരും. പഴയകാല തുറമുഖ നഗരമാണ് വിറ്റ്ബി. മത്സ്യബന്ധനവും കപ്പൽ നിർമ്മാണവും ഗതാഗതവും ഒക്കെയായി തിരക്കേറിയ ഒരു നഗരം. പ്രസിദ്ധ നാവികപരിവേഷകനായ ക്യാപ്റ്റൻ കുക്ക് നാവിക പരിശീലനം നേടിയ സ്ഥലം കൂടിയാണ് വിറ്റ്ബി. ഇന്നും പല തരം മത്സ്യബന്ധനബോട്ടുകളും സഞ്ചാരികൾക്കായുള്ള യാത്രാ ബോട്ടുകളും ഫെറികളും പായ്ക്കപ്പലുകളും മറ്റും നമുക്കവിടെ കാണാം. മൂന്നാലു മണിക്കൂർ നീണ്ടു നിൽക്കുന്ന കടൽ യാത്രകളും മറ്റും പ്രസിദ്ധമാണ്. വിക്റ്റോറിയൻ കാലഘട്ടത്തോടെ വിറ്റ്ബി ഒരു സുപ്രധാന വേനൽക്കാല വിനോദസഞ്ചാര കേന്ദ്രമായി മാറിയിരുന്നു.

ആ കാഴ്ചകൾ ഒക്കെ ആസ്വദിച്ച് ഞങ്ങൾ പതുക്കെ പുഴയുടെ അക്കരെക്ക് നടന്നു. വിറ്റ്ബി വെസ്റ്റ് ക്ലിഫിനും ഈസ്റ്റ് ക്ലിഫിനും ഇടയിലൂടെയാണ് എസ്ക് നദി ഒഴുകുന്നത്. ഇന്നത്തെ ഞങ്ങളുടെ ലക്ഷ്യം വിറ്റ്ബിയിലെ ഏറ്റവും പ്രധാന ആകർഷണമായ വിറ്റ്ബി അബിയാണ്. കീസൈഡിൽ നിന്നു തന്നെ അങ്ങ് ദൂരെ കുന്നിൻ മുകളിൽ അബിയുടെ അവശിഷ്ടങ്ങൾ കാണാം. ഭൂതക്കോട്ട പോലെ ഉയർന്നു നിൽക്കുന്ന ആ അവശിഷ്ടങ്ങളാണ് ബ്രാം സ്റ്റോക്കർക്ക് ഡ്രാക്കുളയിലെ പല കഥാ സന്ദർഭങ്ങളും എഴുതാൻ പ്രചോദനമായതത്രേ! നദിക്കു കുറുകേയുള്ള പാലം കടന്ന് തിരക്കേറിയ ഒരു ഇടുങ്ങിയ തെരുവിലൂടെ ഞങ്ങൾ നടന്നു. ചുറ്റും തിരക്കേറിയ ഒരു പട്ടണത്തിന്റെ എല്ലാ ചലനങ്ങളും കാണാം. നടന്നു നടന്ന് തെരുവിന്റെ അറ്റത്ത് എത്തി. അവിടെ നിന്നും പഴയ കടൽപ്പാലത്തിലേക്ക് നടന്നു. അവിടെ നിന്നുള്ള കാഴ്ച മനോഹരമാണ്. രണ്ടു വശത്തായി പട്ടണം പരന്നു കിടക്കുന്നു. നടുവിലൂടെ എസ്ക് നദി സ്വച്ഛന്ദമൊഴുകി കടലിൽ ചേരുന്നു. കുറച്ചപ്പുറത്ത് കടലിനോട് ചേർന്ന് രണ്ടു കരകളിൽ നിന്നും കടൽപ്പാലങ്ങൾ.. കിഴക്കു വശത്തെ ഒരു പാറയുടെ ഭാഗത്ത് പണ്ട് ഒരു കപ്പൽ തകർന്നടിഞ്ഞുവത്രെ. 1800 കളുടെ അവസാനത്തിൽ അവധിക്കാലമാഘോഷിക്കാൻ വിറ്റ്ബിയിലെത്തിയ ബ്രാം സ്റ്റോക്കർ ആ കപ്പലിനെ കുറച്ച് കേൾക്കുകയും അതിന്റെ പേര് മാറ്റി തന്റെ കഥയിൽ ചേർക്കുകയും ചെയ്തു. റൊമേനിയയിൽ നിന്നും ലണ്ടനിലേക്ക് പോകുന്ന കപ്പൽ വിറ്റ്ബിയിൽ തകർന്നു കരയടുക്കുകയായിരുന്നു. അതിൽ ജീവനോടെയുണ്ടായിരുന്നത് ഡ്രാക്കുള മാത്രം. തകർന്ന കപ്പലിൽ നിന്നും ഒരു കൂറ്റൻ നായയുടെ രൂപത്തിൽ അടുത്തുള്ള കുന്നു കയറി അവിടുത്തെ പള്ളിയിലെ സെമിത്തേരിയിലേക്ക് പോവുകയാണ്.. അവിടെ ആ കടൽപ്പാലത്തിൽ നിന്നും ആ കുന്നിൻ ചേരുവിലേക്ക് നോക്കി നിന്നപ്പോൾ ആ കഥാസന്ദർഭം കൺമുന്നിൽ നടക്കുന്നത് പോലെ തോന്നി. ശരിക്കും അത്തരമൊരു കഥയ്ക്ക് പറ്റിയ അന്തരീക്ഷമാണ് അവിടെ. കുറച്ചു നേരം അവിടെ നിന്ന് ചുറ്റുമുള്ള കാഴ്ചകൾ ആസ്വദിച്ച് ഞങ്ങൾ പള്ളിയിലേക്ക് പോകാൻ തീരുമാനിച്ചു. 199 പടികൾ കയറി വേണം മുകളിൽ എത്താൻ. സാവധാനം പടികൾ കയറി മുകളിലെത്തി തിരിഞ്ഞു നോക്കിയപ്പോൾ അതി മനോഹരമായ നഗരക്കാഴ്ചയാണ് ഞങ്ങളെ വരവേറ്റത്. അതു വർണ്ണിക്കാൻ വാക്കുകൾ പോര! അതിപുരാതനമായ ഒരു പള്ളിയാണ് സെന്റ് മേരീസ് പള്ളി. 1110 കളിൽ സ്ഥാപിച്ച ഈ പള്ളിയുടെ പരിസരങ്ങൾ ഡ്രാക്കുള കഥയിൽ ഒരു പ്രധാനപങ്ക് വഹിക്കുന്നുണ്ട്. ഇവിടുത്തെ സെമിത്തേരിയിലെ കല്ലറയിലാണ് ഡ്രാക്കുള ഉറങ്ങിയിരുന്നത്! അതു പോലെ ഡ്രാക്കുള നോവലിൽ വിറ്റ്ബിയിൽ ഡ്രാക്കുള കൊല്ലുന്ന ആളുകളുടെ പേര് ബ്രാം സ്റ്റോക്കർ കണ്ടെത്തിയത് ഈ സെമിത്തേരിയിലെ കല്ലറകളിൽ നിന്നാണ്. അതായത്, നോവലിൽ ഡ്രാക്കുളയാൽ കൊല്ലപ്പെടുന്നയാളുകൾ എല്ലാം തന്നെ വിറ്റ്ബിയിൽ ജീവിച്ചിരുന്ന യഥാർത്ഥ ആളുകളാണ്.
പള്ളി താരതമ്യേന ചെറുതാണ്. അകത്ത് വിശ്വാസികൾക്കായി പ്രത്യേകം വേർത്തിരിച്ച ഇരിപ്പിടങ്ങളാണ്. ഓരോ കുടുംബത്തിനും ഓരോ കൂടുകൾ എന്നാണ് തോന്നുന്നത്. ക്രിസ്തുമസ് കഴിഞ്ഞതേയുള്ളൂ എന്നതിനാലാവണം നിറയെ അലങ്കരിച്ച ചെറിയ ക്രിസ്മസ് ട്രീ പള്ളിയിൽ നിരത്തി വെച്ചിട്ടുണ്ട്. പുൽക്കൂട്, മറ്റ് അലങ്കാരങ്ങൾ എന്നിവ ക്രിസ്തുമസിന്റെ ബാക്കിയായി അവിടെ സന്ദർശകരെ സ്വാഗതം ചെയ്യുന്നു. പള്ളിയിലെ പ്രധാന വാതിലിൽ തന്നെ ഒരു നോട്ടീസ് കാണാം - ഡ്രാക്കുളയുടെ കല്ലറ ഇവിടെയില്ല, കാരണം ഡ്രാക്കുള ഒരു സാങ്കല്പിക കഥാപാത്രമാണ്. കഥയിൽ തന്നെ ഡ്രാക്കുളയുടെ കല്ലറ റൊമാനിയയിൽ ആണ്, അതിനാൽ ദയവു ചെയ്ത് പള്ളിയിലെ ആളുകളോട് കല്ലറയെക്കുറിച്ച് ചോദിക്കരുത് എന്നാണ് അതിന്റെ ചുരുക്കം!

എന്തായാലും പള്ളിയും സെമിത്തേരിയും കണ്ട ശേഷം ഞങ്ങൾ പോയത് തൊട്ടടുത്തുള്ള അബി കാണാനാണ്. അതി ഗംഭീരമായ ഒരു നിർമ്മിതിയാണെങ്കിലും ഇപ്പോൾ അത് വെറും അവശിഷ്ടം മാത്രമാണ്. ഏഴാം നൂറ്റാണ്ടിലാണ് ആദ്യം ഇത് പണിതത്. പക്ഷേ ഇപ്പോൾ കാണുന്ന ഭൂരിഭാഗം നിർമിതിയും പതിനൊന്നാം നൂറ്റാണ്ടിലേതാണ്. 1538 ൽ ഹെൻറി എട്ടാമൻ ചർച്ച് ഓഫ് ഇംഗ്ലണ്ട് സ്ഥാപിച്ചപ്പോൾ നിലവിലുണ്ടായിരുന്ന കത്തോലിക്കാ പള്ളികളും മതപഠനകേന്ദ്രങ്ങളും തകർക്കാൻ ഉത്തരവിട്ടു. അക്കൂട്ടത്തിൽ തകർക്കപ്പെട്ട ഒന്നാണ് വിറ്റ്ബി അബിയും. ഏകദേശം 500 കൊല്ലമായി ഇത് ഈ നിലയിലായിട്ട്.

വിറ്റ്ബി അബിയുടെ സംരക്ഷണവും മേൽനോട്ടവും English Heritage എന്ന NGO ആണ് നടത്തിവരുന്നത്. അബി നില്ക്കുന്നയിടത്തേക്ക് പോകാൻ ടിക്കറ്റ് വേണം. മുൻകൂറായി ബുക്ക് ചെയ്യേണ്ട ആവശ്യമില്ലെങ്കിലും ഓൺലൈൻ ആയോ ബുക്ക് ചെയ്താൽ കുറച്ച് കിഴിവുകൾ കിട്ടും. English Heritage മെംബർമാർക്ക് പ്രവേശനം സൌജന്യമാണ്.

ഞങ്ങൾ അബി പുറത്തു നിന്നും കാണാനേ ഉദ്ദേശിച്ചിരുന്നുള്ളൂ. ചുറ്റും വലിയ മതിലുള്ളതിനാൽ ദൂരക്കാഴ്ചയും സുഗമമല്ല. പക്ഷേ ചുറ്റുമതിലിന് ചുറ്റും നമുക്ക് നടക്കാം - അപ്പോൾ ചിലയിടങ്ങളിൽ നിന്നും നല്ല വ്യൂ കിട്ടും. സത്യത്തിൽ തൊട്ടടുത്തു നിന്നും കാണുന്നതിനെക്കാൾ വശ്യഭംഗി ദൂരക്കാഴ്ച്ചയ്ക്കാണ് എന്ന് തോന്നാതിരുന്നില്ല. എന്തായാലും ചുറ്റി നടന്ന് എല്ലാം കണ്ടു. അപ്പോഴേക്കും നേരം ഇരുട്ടിത്തുടങ്ങാറായിരുന്നു. സൂര്യൻ അസ്തമിച്ചു തുടങ്ങിയതോടെ 199 പടികളിറങ്ങി ഞങ്ങൾ താഴെയെത്തി. ഇടുങ്ങിയ തെരുവിലൂടെ കുറച്ചു ദൂരം നടന്നു. തിരക്കിന് ഒരു കുറവുമില്ല. പലതരം കടകളിൽ കച്ചവടം പൊടിപൊടിക്കുന്നു.. ജെറ്റ് എന്ന് പേരുള്ള ഒരു വിലപിടിപ്പുള്ള കല്ല് ഇവിടെ പ്രസിദ്ധമാണ്. അത് വിൽക്കുന്ന കുറെ ആഭരണക്കടകൾ അവിടെ കാണുകയുണ്ടായി. പിന്നെ ചില പഴയ കടകൾ - അങ്ങനെ കുറെ കാഴ്ചകൾ ആസ്വദിച്ച് ഞങ്ങൾ ക്യാപ്റ്റൻ കുക്ക് മെമോറിയൽ മ്യൂസിയത്തിന് മുന്നിലെത്തി. പക്ഷേ അത് അടച്ചിട്ടിരിക്കുയയാണ്. വിന്ററില് തുറക്കാറില്ല എന്നാണ് മനസ്സിലായത്. എന്തായാലും ഇരുട്ടിത്തുടങ്ങിയതോടെ ഇനി അധികമൊന്നും ചെയ്യാനാവില്ല എന്നുറപ്പായി. അവിടെ ഒരു കടയിൽ നിന്നും പാലും മറ്റു ചില അവശ്യസാധങ്ങളും വാങ്ങി ഞങ്ങൾ മുറിയിൽ തിരിച്ചെത്തി. കാഴ്ചകൾ ആസ്വദിക്കുന്നതിനിടയിൽ ഉച്ചയൂണ് കഴിച്ചില്ല എന്ന് അപ്പോഴേക്കും ഞങ്ങളുടെ വയർ ഓർമ്മിപ്പിക്കാൻ തുടങ്ങിയിരുന്നു. വേഗം ഭക്ഷണമുണ്ടാക്കിക്കഴിച്ച് അടുത്ത ദിവസത്തേക്കുള്ള പരിപാടികൾ ആസൂത്രണം ചെയ്യുന്ന തിരക്കിൽപ്പെട്ടു. അടുത്ത ദിവസം കണ്ട കാഴ്ചകളുടെ വിശേഷങ്ങളും ഡ്രാക്കുളയുമായി ബന്ധപ്പെട്ട കൂടുതൽ വിവരങ്ങളുമായി അടുത്ത തവണ വരാം.. ഈ കാഴ്ചകൾ എല്ലാം ഞങ്ങളുടെ യൂട്യൂബ് ചാനലിൽ (Wanderscapes) ഉണ്ട്. അത് കാണാൻ താത്പര്യമുള്ളവർ ഇവിടെ ക്ലിക്ക് ചെയ്യുക.

Comments

Popular posts from this blog

സൗഹൃദം

കൊഴിയുന്ന പൂക്കള്‍....

സ്നേഹം