അമ്മിണിക്കുട്ടിയുടെ ലോകം 18 - അമ്മിണിക്കുട്ടിയും മൂന്ന് അമ്മമാരും

അമ്മിണിക്കുട്ടിയുടെ ലോകം 18 - അമ്മിണിക്കുട്ടിയും മൂന്ന് അമ്മമാരും

അമ്മിണിക്കുട്ടിയുടെ ലോകത്തിന് ഭംഗിയേകുന്നത് അവൾക്കു ചുറ്റുമുള്ള ആളുകളാണ് എന്നവൾക്ക് അറിയാം. അതിൽ അമ്മയുമച്ഛനും ഏടത്തിമാരും മുത്തശ്ശിയും മറ്റു ബന്ധുക്കളും മാത്രമല്ല. പാറുവമ്മയും ഭാസ്കരൻനായരും ശങ്കുണ്ണ്യാരും മാണിക്കനും ചാത്തൻകുട്ടിയും ഒക്കെയുണ്ട്. പിന്നെ പല കാര്യങ്ങൾ കൂടിയാലോചിക്കുന്നതിനായി അച്ഛനെ കാണാൻ വരുന്നവരും  നാട്ടുകാരും എല്ലാം കൂടി ഓരോ ദിവസവും ചെറിയൊരു ആഘോഷം പോലെയാണ് അമ്മിണിക്കുട്ടിക്ക് തോന്നാറ്.

പൂമുഖത്ത് ആരെങ്കിലും വന്നെന്ന് അറിഞ്ഞാൽ ഓടിച്ചെല്ലും. അവിടെയൊക്കെ ചുറ്റിപ്പറ്റി നിൽക്കും. ചിലപ്പോൾ സന്ദർശകർക്കുള്ള ചായ, സംഭാരം, വെള്ളം തുടങ്ങി പലതും പൂമുഖത്തേക്ക് എത്തിക്കാൻ അമ്മയെ  സഹായിക്കും. ഗൌരവമുള്ള കാര്യങ്ങളാണ് ചർച്ച ചെയ്യുന്നതെങ്കിൽ അവിടെ അധികം ചുറ്റിപ്പറ്റി നിൽക്കാറില്ല. അല്ലെങ്കിൽ വരുന്ന ആളുകളുടെ നാട്യവും ഭാവവും ഒക്കെ നോക്കി നിൽക്കും.   

എന്നും കാണുന്ന ചിലരൊക്കെ ബന്ധുക്കൾ അല്ലെങ്കിൽ പോലും അമ്മിണിക്കുട്ടിയുടെ ഹൃദയത്തിൽ സ്ഥാനം പിടിച്ചവരാണ്. എല്ലാവർക്കും എപ്പോൾ വേണമെങ്കിലും കടന്നു വരാവുന്ന തറവാട്ടിലാണ് താമസമെന്നതു കൊണ്ടു തന്നെ അവിടെ വരുന്നവരോട് അവൾക്ക് ഒരന്യത്വം തോന്നാറില്ല. എല്ലാവരും വേണ്ടപ്പെട്ടവർ തന്നെ. ചിലരോട് അവൾക്ക് പ്രിയമിത്തിരി കൂടുമെന്ന് മാത്രം. 

ഇത്തിരുവമ്മ സ്ഥിരം സഹായിയായി വരുന്നയാളാണ് എന്നത് കൊണ്ടു തന്നെ അല്പസ്വല്പം അധികാരത്തോടെയാണ് കുട്ടികളോട് പെരുമാറുക. ചെറിയ കുട്ടിയാണ് എന്ന പരിഗണന കിട്ടുമെങ്കിലും പലപ്പോഴും കാർക്കശ്യമുള്ള ഒരു മുത്തശ്ശിയുടെ പെരുമാറ്റവും അവരിൽ നിന്ന് പ്രതീക്ഷിക്കാം. പ്രത്യേകിച്ചും കുളിപ്പിക്കാൻ  കുളത്തിലേക്ക് കൊണ്ടു പോകുമ്പോൾ - അമ്മിണിക്കുട്ടിയെക്കാൾ അധികം അത് അനുഭവിച്ചിട്ടുള്ളത് ഏടത്തിമാരാണ്. 

വല്യേടത്തിയെ മുങ്ങാൻ പഠിപ്പിച്ചതിന്റെയും നീന്താൻ പഠിപ്പിച്ചതിന്റെയുമൊക്കെ  കഥ കേട്ടിട്ട് തന്നെ അമ്മിണിക്കുട്ടിക്ക് പേടിയായിരുന്നു. ഒക്കത്തിരുത്തി ഒറ്റ മുങ്ങലാണത്രെ - ഒരു മുന്നറിയിപ്പുമില്ലാതെ. അതു പോലെ തന്നെ നീന്തൽ പഠിപ്പിക്കാൻ വേണ്ടി വെള്ളത്തിലേക്ക് ഒറ്റയിടലാണ് - കയ്യും കാലും ഇട്ടടിച്ച് നീന്തിക്കൊള്ളണം. മുങ്ങലും നീന്തലും ഒക്കെ കഴിയുമ്പോഴേക്കും മൂക്കിലും വായിലും വെള്ളം കയറി ആകെ വയ്യാതാവും. (എന്നാലും ഒരിക്കലും നീന്തുമ്പോൾ തീർത്തും മുങ്ങിപ്പോവാതെയും വേറെ അപകടങ്ങൾ ഒന്നും വരാതെയും അവർ ശ്രദ്ധിച്ചിരുന്നു എന്നത് ഉറപ്പാണ്). അങ്ങനെയുള്ള സാഹസങ്ങൾ ഏറെ കഴിഞ്ഞാണ് വല്യേടത്തി നീന്താൻ പഠിച്ചത്.   

ഈ കഥകളൊക്കെ കേട്ട് കേട്ട് അമ്മിണിക്കുട്ടിക്ക് ഇത്തിരുവമ്മയുടെ കൂടെ കുളത്തിലേക്ക് പോകാൻ പേടിയാണ്. ഭാഗ്യത്തിന് അവൾ ഇത്തിരി വലുതായി മുങ്ങാനും നീന്താനുമൊക്കെയായപ്പോഴേക്കും കാര്യസ്ഥത മിക്കതും പാറുവമ്മ ഏറ്റെടുത്തിരുന്നു. അതിനാൽ തന്നെ മുങ്ങലും നീന്തലും അവൾക്ക് ഒട്ടും  പേടിപ്പെടുത്തുന്ന ഓർമ്മകളോ അനുഭവമോ ആയില്ല. 

പേടി തോന്നിപ്പിക്കുന്ന പല കഥകളും കേട്ടിട്ടുണ്ടെങ്കിലും  ഇത്തിരുവമ്മയെ അവൾക്കിഷ്ടമാണ് - നീണ്ട കാതിൽ പിടിച്ചു കളിക്കാൻ സമ്മതിക്കും എന്നത് തന്നെ ഏറ്റവും വലിയ കാരണം.  വയസ്സായ മൂത്തശ്ശിമാരെ പോലെ ബ്ലൌസ് ഈടാതെയാണ് മിക്കപ്പോഴും നടത്തം. അലസമായി പുതച്ച മേൽമുണ്ടിനടിയിലൂടെ നീണ്ടു തൂങ്ങിയ അമ്മിഞ്ഞകൾ ഇടയ്ക്കിടെ കാണുമ്പോൾ അമ്മിണിക്കുട്ടിക്ക് നാണമാവും. അപ്പോൾ അവൾ അവിടെ നിന്നും ഓടിപ്പോവും. 

അതു പോലെ തന്നെ ഇടയ്ക്ക് മൂത്തശ്ശിയെയും അമ്മയെയും കാണാൻ വരുന്ന ഒരാളാണ് ഉണിച്ചിരിയമ്മ. പ്രായം കൊണ്ട് ഇത്തിരുവമ്മയെക്കാൾ ചെറുതാണ്  അവരെന്നാണ് അമ്മിണിക്കുട്ടിയുടെ വിചാരം. വലുപ്പം കൊണ്ട് എന്തായാലും അവർ ചെറുതാണ്. അധികം ഉയരമില്ലാത്ത അവർ അല്പം കൂനി ഒരു വടിയും കുത്തിയാണ് നടക്കുക. വേഷം ഒരു മുണ്ടും വലിയ ഒരു മേൽമുണ്ടും. ബ്ലൌസ് ഇടാത്ത വേറൊരു അമ്മമ്മ! അവർ പക്ഷേ മേൽമുണ്ട് നല്ല ഭംഗിയായി ദേഹത്ത് ചുറ്റിയിരിക്കും. അതിനാൽ നീണ്ടു തൂങ്ങിയ അമ്മിഞ്ഞ കണ്ട് നാണിച്ച് ഓടിപ്പോവേണ്ട അവസരങ്ങൾ അധികം ഉണ്ടാവാറില്ല. 

അവർ വന്നാൽ മിക്കവാറും മുത്തശ്ശി കിടക്കുന്ന അറയുടെ വാതിൽക്കൽ നിന്ന് കുറച്ച് സംസാരിക്കും. അതു കഴിഞ്ഞാൽ  വടക്ക്വോറത്തെ തറയിലിരുന്നു കുറെ നേരം സംസാരിച്ചാണ് മടങ്ങുക. മിക്കപ്പോഴും അമ്മയുടെ വക ഒരു ചായയും എന്തെങ്കിലും പലഹാരവും ഉണ്ടാവും.  അവരുടെ വർത്തമാനം കേൾക്കാൻ അമ്മിണിക്കുട്ടി അവിടെയൊക്കെ ചുറ്റിപ്പറ്റി നിൽക്കുമെങ്കിലും അവൾക്ക് താല്പര്യമുള്ള കാര്യങ്ങളൊന്നുമാവില്ല അവർ സംസാരിക്കുക. അതിനാൽ അവൾ അവിടെ അധിക നേരം നിൽക്കാതെ  വേറെ രസകരമായ കാര്യങ്ങൾ തിരഞ്ഞു പോകും. 

പിന്നെയുള്ള ഒരു സ്ഥിരം സന്ദർശക കാർത്ത്യായനിയമ്മയാണ്. വലിയമ്മയുടെ വലംകൈ ആയിരുന്നു അവർ. ഇപ്പോൾ പ്രായമായപ്പോൾ മിക്ക ചുമതലകളും മകൾ ലക്ഷ്മിയമ്മയ്ക്കാണ്. കാർത്ത്യായനിയമ്മയാണ് ഈ മൂന്നു പേരുടെ ഇടയിലെ ചെറുപ്പക്കാരി. അതിനാൽ തന്നെ അത്ര 'പവറ്' കാണിക്കാൻ പറ്റില്ല. മറ്റു രണ്ടു പേരെയും അപേക്ഷിച്ച് കുറച്ച് കൂടി 'പരിഷ്കാരി'യാണ് - ബ്ലൌസ് ഒക്കെ ഇട്ടേ നടക്കൂ.  അവർ തരം പോലെ പാറുവമ്മയോടും ഇത്തിരുവമ്മയോടും ഉണിച്ചിരിയമ്മയോടും ഒക്കെ വർത്തമാനം പറഞ്ഞിരിക്കും. 

അമ്മിണിക്കുട്ടിക്ക് ഉണിച്ചിരിയമ്മയെ ചെറിയ പേടിയാണ്. അതിന് തക്ക കാരണമൊന്നുമില്ല. സ്വതേ ശാന്ത സ്വഭാവിയാണ്. അങ്ങനെ ആരോടും ദേഷ്യപ്പെട്ട് കണ്ടിട്ടില്ല. അമ്മിണിക്കുട്ടിയോടും ഏടത്തിമാരോടും  അധികാരത്തോടെ സംസാരിക്കാറുമില്ല. എന്നാലും അവൾക്ക് അവരെ അല്പം ശങ്കയാണ്. നോക്കിയും കണ്ടുമൊക്കെയെ നിൽക്കൂ. പുന്നാരം പറയാൻ പോകാറില്ല. ചോദിക്കുന്ന ചോദ്യത്തിന് മറുപടി പറഞ്ഞശേഷം എന്തെങ്കിലും രസകരമായ വർത്തമാനമുണ്ടോ  എന്ന് കാക്കും - അത്ര മാത്രം. പാറുവമ്മയോടും ഇത്തിരുവമ്മയോടും തോന്നുന്ന ഒരു പ്രത്യേക അടുപ്പം  അവരോട് തോന്നാറില്ല. ഒരുപക്ഷേ അവർ അവളെ അധികം ലാളിക്കാത്തത് കൊണ്ടാവാം.. 

കാർത്ത്യായനിയമ്മയോടും അതു പോലെ തന്നെ - അവർ ചിലപ്പോൾ അധികാരത്തോടെ എന്തെങ്കിലും പറഞ്ഞാൽ അവൾ അതത്ര വക വെക്കാറില്ല. കേൾക്കാത്ത പോലെ പോവും. അവളുടെ മേൽ കാർത്ത്യായനിയമ്മയുടെ അധികാരം മറ്റുള്ളവരെക്കാൾ കുറവാണ്  എന്ന് അമ്മിണിക്കുട്ടി എങ്ങനെയോ ധരിച്ചു വച്ചിരുന്നു. അതിനാൽ അവരുടെ പരാതി ഇടയ്ക്കൊക്കെ ഇത്തിരുവമ്മയോടോ പാറുവമ്മയോടോ ഒക്കെ അവൾ പറയും. അവരാകട്ടെ, തങ്ങളുടെ കുട്ടിയെ ശാസിക്കാൻ തങ്ങളെക്കഴിഞ്ഞേ വേറെ ആരും ഉള്ളൂ എന്ന് അവളെ സമാധാനിപ്പിച്ചു. അതിനാൽ പാവം കാർത്ത്യായനിയമ്മയുടെ വാക്കുകൾ മിക്കപ്പോഴും വെറുതെയായി. 

കാര്യം ഇങ്ങനെയൊക്കെയാണെങ്കിലും അവരെ ഇടയ്ക്കൊക്കെ കണ്ടില്ലെങ്കിൽ അവൾക്കൊരു സമാധാനമില്ല. രണ്ടു മൂന്നു ദിവസമൊക്കെ അടുപ്പിച്ച് അവർ ഇങ്ങോട്ട് വന്നില്ലെങ്കിൽ വല്ല കാരണവുമുണ്ടാക്കി വല്യമ്മയുടെ അടുത്ത് പോയി സൂത്രത്തിൽ അവരെയും കാണും. അവിടെ  പോയാൽ എന്തെങ്കിലും വികൃതി കാണിച്ച് അവരെ ദേഷ്യം പിടിപ്പിക്കുവാനും അവൾ ശ്രമിക്കും. അവർ വല്യമ്മയോട് പരാതി പറയാൻ വരുമ്പോഴേക്കും അമ്മയുടെ അടുത്തേക്ക് പോണം എന്ന് പറഞ്ഞ് അവൾ അവിടെ നിന്നും രക്ഷപ്പെടും. 

അമ്മിണിക്കുട്ടിയുടെ ലോകത്തെ ഈ അമ്മമാർ എവിടെ നിന്നു വന്നു,  അവരുടെ വീട്ടിൽ വേറെ ആരൊക്കെയുണ്ട് എന്നൊന്നും അവൾക്ക് അറിയുമായിരുന്നില്ല. അവരുടെ വീട് എവിടെയാണ് എന്ന് ഏകദേശമൊക്കെ  അവൾക്കറിയാമെങ്കിലും പാറുവമ്മയുടെ വീട്ടിലല്ലാതെ വേറാരുടെയും വീട്ടിലേക്ക് അവൾ പോയിട്ടില്ല. ഒരിക്കൽ പോലും അവരാരും  'കുട്ടി ഞങ്ങളോടയ്ക്ക് പോര്ണ്ടോ' എന്നവളോട് ചോദിച്ചിട്ടുമില്ല. ഉണിച്ചിരിയമ്മയുടെ വീടിന് മുന്നിലൂടെ അമ്പലത്തിലേക്ക് എത്ര തവണ പോയിട്ടുണ്ടെന്നോ - ഒരിക്കൽ പോലും അവരുടെ വീട്ടിനകം അവൾ കണ്ടിട്ടില്ല. 


വഴിയിൽ നിന്നും നോക്കിയാൽ കാണുന്ന കൊച്ചു വരാന്തയ്ക്കപ്പുറം ആ വീട് എങ്ങനെയിരിക്കും എന്നവൾ ഇടയ്ക്കൊക്കെ ആലോചിച്ചു നോക്കാറുണ്ട്. ഒരെത്തും പിടിയും കിട്ടാറില്ല. പാറുവമ്മയുടെ വീടിന് ചെറിയൊരു പൂമുഖമുണ്ട്, രണ്ടുമൂന്ന് മുറികളുണ്ട് - മുകളിലെ മുറിയിലേക്ക് കേറിപ്പോകാൻ  മുളങ്കോണിയുണ്ട്. മറ്റു വീടുകളിലും അങ്ങനെയൊക്കെ ആവുമോ? അവൾക്ക് അതറിയാൻ നല്ല മോഹമുണ്ട്. പക്ഷേ ചിലയാളുകൾ അമ്മിണിക്കുട്ടിയുടെ ഇല്ലത്ത് വന്നാൽ അകത്തേയ്ക്ക് കയറാത്തത് പോലെ മറ്റുള്ളവരുടെ വീട്ടിൽ അവളും കേറാൻ പാടില്ല എന്നാണെന്ന് തോന്നുന്നു. പടിക്കൽ നിന്ന് വർത്തമാനം പറയുകയല്ലാതെ മുറ്റത്തേയ്ക്കു പോലും ആരും ക്ഷണിക്കാറില്ല. പിന്നെ എങ്ങനെ പോകാനാണ്?

ഒരു വീട്ടിലും മുത്തശ്ശൻമാരില്ലെന്ന് അവൾക്കറിയാം. അവളുടെ ഇല്ലത്തും അമ്മാത്തും ഒന്നും മുത്തശ്ശൻമാരില്ലല്ലോ. അതിനാൽ അതിൽ അവൾക്ക് ഒരു പുതുമയും തോന്നിയില്ല. അതാണ് സാധാരണം എന്നവൾ കരുതി. എന്തായാലും ഇവരൊക്കെ മുത്തശ്ശിമാരായത് നന്നായി. അല്ലെങ്കിൽ ഇവരെയൊന്നും കാണാൻ പറ്റുന്നുണ്ടാവില്ല എന്നാലോചിച്ചപ്പോൾ അമ്മിക്കുട്ടിക്ക് വല്ലാത്ത സങ്കടം തോന്നി. എന്നാൽ ഇവരെയൊക്കെ കാണാൻ പറ്റുന്നുണ്ടല്ലോ എന്നാലോചിച്ചപ്പോൾ അവൾക്ക് സന്തോഷവും തോന്നി. അപ്പോൾ ഇത്തിരുവമ്മ ഒക്കത്തിരുത്തി മുക്കിയാലും നീന്തൽ പഠിപ്പിക്കാൻ വെള്ളത്തിലിട്ടാലും സാരമില്ല അവരൊക്കെ കൂടെയുണ്ടല്ലോ എന്ന ആശ്വാസമാണ് അവൾക്കുണ്ടായത്.  ഇവരൊന്നും ഇല്ലെങ്കിൽ ഓരോ ദിവസവും എത്ര വിരസമായേനെ..         

അങ്ങനെ നൂറായിരം ചിന്തകൾ അമ്മിണിക്കുട്ടിയെ വന്നു മൂടി. എണ്ണമറ്റ ചോദ്യങ്ങളും അവയ്ക്ക് അവൾ കണ്ടെത്തുന്ന ഉത്തരങ്ങളും അവൾ ഉള്ളിൽ തന്നെ മൂടി വെച്ചു. മറ്റാരോടെങ്കിലും പറഞ്ഞാൽ ചിലപ്പോൾ ചീത്ത കേൾക്കും അല്ലെങ്കിൽ കളിയാക്കും. അപ്പോൾ അവൾക്ക് സങ്കടമാവും. സങ്കടപ്പെട്ട് നടക്കാൻ അവൾക്കിഷ്ടമല്ല. അതിനാൽ എല്ലാ ചോദ്യങ്ങളും സ്വയം ചോദിച്ച് ഉത്തരങ്ങളും സ്വയം കണ്ടെത്തി അവൾ സന്തോഷിച്ച് നടന്നു. തന്റെ ഉത്തരങ്ങൾ തെറ്റാവാം എന്നതൊന്നും അവൾക്ക് വിഷയമല്ല. സ്കൂളിലെ പരീക്ഷയൊന്നുമല്ലല്ലോ ഉത്തരം തെറ്റിയാലും സാരമില്ല എന്നവൾ സ്വയം ആശ്വസിച്ചു.    

ഇനിയും കുറെപ്പേരുണ്ട് അമ്മിണിക്കുട്ടിയുടെ (ചെറിയ)വല്യ ലോകത്ത് - അവരെക്കുറിച്ച് എല്ലാം അറിയില്ലെങ്കിലും അവരോടൊക്കെ വർത്തമാനം പറയാനും അവർ പറയുന്നത് കേട്ടിരിക്കാനും അവൾക്ക് നല്ലയിഷ്ടമാണ്. ചെറിയ കുട്ടിയായത് കൊണ്ട് ആരും അവളോട് ഒന്നും കൃത്യമായി പറയാറില്ലെങ്കിലും അവരുടെ വർത്തമാനങ്ങളിൽ നിന്നും ചിലതെടുത്ത് പല പല കഥകൾ മനസ്സിൽ നെയ്തുണ്ടാക്കുന്നത്  അമ്മിണിക്കുട്ടിയുടെ സ്വകാര്യ വിനോദമാണ്. ഒറ്റയ്ക്കിരിക്കുമ്പോൾ  ആ കഥയിലെ കഥാപാത്രങ്ങളോട് കൂട്ടുകൂടുകയും പിണണങ്ങുകയും ഒക്കെയാണ് അവളുടെ ഇഷ്ടവിനോദം.   

തുടരും..)

Comments

Popular posts from this blog

സൗഹൃദം

കൊഴിയുന്ന പൂക്കള്‍....

ദേഹാന്തരയാത്രകള്‍ - ഒരു ആസ്വാദനക്കുറിപ്പ്