കാലമുരുളുന്നു...

 അവസാനിക്കാത്ത പകലുകൾ സമ്മാനിച്ച വേനൽ പതുക്കെപ്പതുക്കെ ശിശിരത്തിന് വഴി മാറിക്കൊണ്ടിരിക്കുകയാണ്. തെളിഞ്ഞ ആകാശം ദിവസം കഴിയുന്തോറും വിരളമായ കാഴ്ചയായി മാറും. പകരം നരച്ച ആകാശവും ഇരുണ്ട പകലുകളും ജീവിതങ്ങൾക്കുമുകളിൽ മൂടി നിൽക്കും. ദിവസം തുടങ്ങുന്നതും അവസാനിക്കുന്നതും ഇരുട്ടിൻ്റെ കടും പുതപ്പണിഞ്ഞാവും.. ഇപ്പോൾ തന്നെ അതിൻ്റെ ലക്ഷണങ്ങൾ കണ്ടു തുടങ്ങിയിരിക്കുന്നു....

പൂന്തോട്ടത്തിൽ പുഞ്ചിരിച്ച് തലയിളക്കി നിന്നിരുന്ന ഹൈഡ്രേൻജിയ പൂക്കൾ വാടിക്കരിഞ്ഞു വിഷാദമൂകരായി നിൽക്കുന്നു. വിവിധ നിറങ്ങളും പൂക്കളും വിരിഞ്ഞു നിന്നിരുന്ന കാട്ടുചെടികളും പതുക്കെ ശിശിരത്തിൻ്റെ തണുത്ത കരസ്പർശനത്തിൽ വിറുങ്ങലിച്ചു നിൽക്കാൻ തുടങ്ങിയിട്ടുണ്ട്. രാത്രിയിലെ തണുപ്പ് ജാലകച്ചില്ലുകളിൽ ഘനീഭവിച്ച് നിൽക്കുന്ന കാഴ്ച കാണുമ്പോൾ തന്നെയറിയാം ശിശിരവും ശൈത്യവും പടിക്കലെത്തിയിരിക്കുന്നുവെന്ന്.
ബസ്സിൽ ജനലിനടുത്തിരുന്ന് യാത്ര ചെയ്യവേ മുഖത്ത് പതിക്കുന്ന സൂര്യരശ്മികൾ ഇളം ചൂടുള്ള സ്നേഹ സ്പർശമായി തോന്നുമ്പോൾ മനസ്സ് മന്ത്രിക്കും ഈ ഊഷ്മളത ആവോളം ആസ്വദിച്ചോളൂ... ഇനിയൊരു പക്ഷേ കുറേ ദിവസങ്ങളോ ആഴ്ചകളോ ചിലപ്പോൾ മാസങ്ങളോ കഴിഞ്ഞാലേ ഈ ഊഷ്മാവിൻ്റെ സുഖമാസ്വദിക്കാൻ പറ്റൂ... മനസ്സ് മന്ത്രിക്കാൻ തുടങ്ങി.
പച്ചവിരിച്ചു നിന്നിരുന്ന മരങ്ങളും പതുക്കെ തങ്ങളുടെ കുപ്പായത്തിൻ്റെ നിറം മാറ്റാനുള്ള തയ്യാറടെുപ്പുകൾ തുടങ്ങിയിരിക്കുന്നു. ഇളം മഞ്ഞയിൽ നിന്നു തുടങ്ങി കടും ചുവപ്പിലേക്കും തവിട്ടുനിറത്തിലേക്കും അവ വൈകാതെ നിറം മാറും. പിന്നെയൊരു ദിവസം ഇലകൾ പൂർണ്ണമായും കാഴ്ചകളിൽ നിന്നും വിണുമറയും. ആകാശത്തെ തൊടാൻ വെമ്പി നിൽക്കുന്ന അസ്ഥിപഞ്ജരം പോലെ മരങ്ങൾ അഷ്ടദിക്കുകളിലേക്കും ചില്ലകളാകുന്ന കൈകൾ വിടർത്തി നിൽക്കും. ചക്രവാള സീമയിൽ ഇത്തരം മരങ്ങൾ പരന്നു നിൽക്കുന്ന കാഴ്ച കാണുമ്പോൾ അമാനുഷികമായ എന്തോ ഒന്നാണെന്ന് തോന്നിപ്പോവും.
പൂക്കളും ചെടികളും മരങ്ങളും മാത്രമല്ല കിളികളും ശിശിര-ശീത കാലങ്ങളിൽ വേഷവിധാനങ്ങൾ മാറ്റും. ആകർഷണീയമായ നിറങ്ങളും ഇണയെ ആകർഷിക്കുന്ന പെരുമാറ്റങ്ങളും എല്ലാം മാറ്റി വെച്ച് അവ മങ്ങിയ നിറങ്ങൾ എടുത്തണിയും. വസന്തകാലത്ത് കണ്ടിരുന്ന അതേ കിളികളാണോ ഇവ എന്ന് നാം അത്ഭുതപ്പെടും!
മനുഷ്യരും ഈ കാലത്ത് മാറ്റത്തിനതീതരല്ല. രോമക്കുപ്പായങ്ങളും കട്ടിയുള്ള കൈ- കാലുറകളും ഒക്കെ ജീവിതത്തിൻ്റെ ഭാഗമാവും. എന്നാൽ പുറമേ നിന്നും നോക്കി കാണാനാവാത്ത തരം വിഷാദത്തിലും ചിലർ അകപ്പെടും. സീസണൽ അഫക്റ്റീവ് ഡിസോഡർ അഥവാ സാഡ് എന്ന ഓമന പേരു
ള്ള ഈ അവസ്ഥ തണുപ്പു രാജ്യങ്ങളിൽ താമസിക്കുന്നവരിൽ സാധാരണയായി കാണുന്ന അവസ്ഥയാണത്രേ! സൂര്യപ്രകാശം കാണാത്ത/ കിട്ടാത്ത അവസ്ഥയിൽ നിന്നുദ്ഭവിക്കുന്ന ഒരു രോഗാവസ്ഥ! അതിൻ്റെ കരാള ഹസ്തങ്ങളിൽ വീഴാതെ നോക്കണം. അല്ലെങ്കിൽ വെറുതെയങ്ങനെ സങ്കടക്കടലിൽ മുങ്ങിയുഴറിക്കൊണ്ടേയിരിക്കും...
എന്തായാലും കാലചക്രമിങ്ങനെ വേഗത്തിൽ കറങ്ങിക്കൊണ്ടിരിക്കുകയാണ്. കണ്ണടച്ചു തുറക്കുമ്പോഴേക്കും ക്രിസ്തുമസും പുതുവർഷവും പടിക്കലെത്തും. അപ്പോഴേക്കും തണുപ്പിൻ്റെ വിറങ്ങലിക്കുന്ന കൈകളിൽ നിന്നും മോചനം തേടി, മനസ്സ് വരാൻ പോകുന്ന ശരത്കാലത്തെ കാത്തിരിക്കും... കാലം ഇതിനെല്ലാം സാക്ഷ്യം വഹിച്ചു കൊണ്ട് നിസ്സംഗമായി ചലിച്ചു കൊണ്ടേയിരിക്കും.....



Comments

Popular posts from this blog

സൗഹൃദം

ദേഹാന്തരയാത്രകള്‍ - ഒരു ആസ്വാദനക്കുറിപ്പ്

കൊഴിയുന്ന പൂക്കള്‍....