അമ്മിണിക്കുട്ടിയുടെ ലോകം 19 - അമ്മമ്മയുടെ സന്ദർശനം
അമ്മിണിക്കുട്ടിയുടെ ലോകം 19 - അമ്മമ്മയുടെ സന്ദർശനം
ഒരു ദിവസം അമ്മിണിക്കുട്ടി സ്കൂളിൽ നിന്നും വന്നപ്പോൾ അപ്രതീക്ഷിതമായി ഒരാൾ അടുക്കളയിൽ സ്റ്റൂളിലിരുന്ന് അമ്മയോട് സംസാരിക്കുന്നത് കണ്ടു. അമ്മമ്മയെ കണ്ടപ്പോൾ സന്തോഷവും തോന്നി ചെറിയ ദു:ഖവും തോന്നി. അമ്മമ്മ വന്നതിൽ സന്തോഷം തന്നെ - വല്ലപ്പോഴുമേ അമ്മമ്മ ഇങ്ങോട്ട് വരാറുള്ളൂ. മിക്കപ്പോഴും അമ്മയും അച്ഛനും ഏടത്തിമാരും അവളും അമ്മാത്ത് പോയി അമ്മമ്മയെ കാണുകയാണ് പതിവ്.അവൾ സ്കൂളിൽ പോവാൻ തുടങ്ങിയതോടെ അമ്മമ്മയെ കാണുന്നത് കുറഞ്ഞു. മിക്കപ്പോഴും അച്ഛനുമമ്മയും രാവിലെ പോയി അമ്മമ്മയെ കണ്ട് വൈകുന്നേരമാവുമ്പോഴേക്കും തിരിച്ചു വരികയാണ് പതിവ്.
എപ്പഴും നമ്മളെന്താ അങ്ങ്ട് പോണത്? അമ്മമ്മ ഇങ്ങ്ട് വരാത്തത് എന്താ-ന്ന് ഒരൂസം അമ്മയോട് ചോദിച്ചപ്പോൾ അമ്മമ്മയ്ക്ക് യാത്ര ചെയ്താൽ കുറെ വയ്യായ്കയാണ് എന്നാണ് അമ്മ പറഞ്ഞത്. ഇപ്പോൾ മുത്തശ്ശിക്ക് അത്ര വയ്യാത്തത് കൊണ്ട് അമ്മ അമ്മാത്ത് പോയിട്ട് കുറച്ചു ദിവസമായി - ആതാവും അമ്മമ്മ ഇങ്ങോട്ട് വന്നത് എന്ന് തോന്നുന്നു.
പതിവിന് വിപരീതമായി അമ്മമ്മയെ കണ്ടപ്പോൾ സന്തോഷമായി. പക്ഷേ അമ്മമ്മ നല്ല കർക്കശക്കാരിയാണ് എന്നാണ് അമ്മിണിക്കുട്ടിയുടെ അനുഭവം. ചില ചില ചിട്ടകൾ ഒക്കെയുണ്ട്. അതൊക്കെ തെറ്റിച്ചാൽ ഇഷ്ടപ്പെടില്ല. അതിനാൽ അമ്മമ്മയോട് ഒരല്പം ശങ്കയോടെയേ അവൾ എപ്പോഴും പെരുമാറുകയുള്ളൂ.
മടി, അല്പസ്വല്പം വാശി, അനുസരണക്കേട് തുടങ്ങി ഏടത്തിമാർക്കില്ലാത്ത പല ദുശ്ശീലങ്ങളും അമ്മിണിക്കുട്ടിയ്ക്കുണ്ട്. അതിനാൽ തന്നെ ഏറ്റവുമധികം ശകാരം കിട്ടുന്നതും അവൾക്കാണ്. പോരാത്തതിന് എന്തിനും ഏതിനും ചോദ്യങ്ങളും സംശയങ്ങളും. എല്ലാം കൊണ്ടും പല ബന്ധുക്കളുടെയും നോട്ടപ്പുള്ളിയാണ് അവൾ.അതുകൊണ്ടു തന്നെ അമ്മമ്മയുടെ കാര്യങ്ങൾ ശ്രദ്ധിക്കാൻ ചുമതലപ്പെടുത്തിയത് വല്യേടത്തിയെയാണ്. അമ്മമ്മയ്ക്ക് വല്യേടത്തിയെ നല്ല കാര്യമാണ് താനും. വല്യേടത്തി അസ്സലായി അമ്മമ്മയുടെ കൂടെത്തന്നെ നിന്ന് പരിചരിക്കും. അമ്മിണിക്കുട്ടിയ്ക്ക് അക്കാര്യത്തിൽ വല്യ പരിചയമോ ഉത്സാഹമോ ഇല്ല താനും. കൂടി വന്നാൽ അമ്മമ്മയുടെ ഒപ്പം കുളത്തിലേയ്ക്ക് കൂട്ട് പോണം അത്ര മാത്രം! അതും ഒരു ചടങ്ങാണ്. അമ്മമ്മയ്ക്ക് തണുത്ത വെള്ളത്തിൽ കുളിക്കാൻ പറ്റില്ല. അതു കൊണ്ട് ഒരു ബക്കറ്റിൽ ചൂടു വെള്ളവും കുളത്തിലേക്ക് കൊണ്ടു പോവണം.
അമ്മമ്മയുടെ സോപ്പിനും ഒരു പ്രത്യേക വാസനയാണ്. സാധാരണ അമ്മിണിക്കുട്ടിയും മറ്റുള്ളവരും ഉപയോഗിക്കുന്ന സോപ്പല്ല അമ്മമ്മയുടേത്. ഒരു തരം പച്ച നിറത്തിൽ ഒരു കട്ട സോപ്പ്. അത് തേച്ച് ഒന്നു കുളിച്ചു നോക്കണം എന്നൊക്കെയുണ്ടെങ്കിലും ഇടയ്ക്ക് ഒന്ന് വാസനിച്ചു നോക്കുകയല്ലാതെ അതു തേച്ചു കൂളിക്കാനൊന്നും അവൾ ശ്രമിച്ചിട്ടില്ല.
വെള്ള, വെണ്ണീറിന്റെ നിറം, വളരെ നേർത്ത ഇളം പച്ച അല്ലെങ്കിൽ നീല തുടങ്ങിയ നിറത്തിലുള്ള ബ്ലൌസും കരയില്ലാത്ത മുണ്ടും വേഷ്ടിയും ആണ് അമ്മമ്മയുടെ വേഷം. കാതിൽ ചെറിയ ഒരു കമ്മൽ, ഭസ്മക്കുറി, ഒരു മോതിരം എന്നിവയും ഉണ്ട്.
അമ്മമ്മയുടെ ബ്ലൌസിന്റെ കൂടുക്കാണ് അമ്മിണിക്കുട്ടിക്ക് കൌതുകം തോന്നിയിട്ടുള്ള മറ്റൊരു കാര്യം. അമ്മയുടെ ബ്ലൌസിലും അമ്മിണിക്കുട്ടിയുടെ ഉടുപ്പിലും ഒക്കെ തുണിയിൽ തുന്നിപ്പിടിപ്പിച്ച ഹുക്കുകളോ ബട്ടനുകളോ ആണുള്ളത്, അമ്മമ്മയുടെ ബ്ലൌസിന്റെ കൂടുക്കുകൾ പക്ഷേ ഒരു ബ്ലൌസിൽ നിന്നും ഊരി മറ്റേതിൽ പിടിപ്പിക്കാം. വെള്ളയും ഇളം നീലയും നിറത്തിലുള്ള ആ കുടുക്കുകൾ കാണുമ്പോൾ അമ്മിണിക്കുട്ടിക്ക് അവളുടെ കാതിലിടാറുള്ള ചെറിയ സ്റ്റഡ് പോലെ തോന്നും. അമ്മമയുടെ കുടുക്ക് കാതിലിട്ടാൽ എങ്ങനെയുണ്ടാവും എന്നൊക്കെ അവൾ ആലോചിക്കാറുണ്ടെങ്കിലും അത് പരീക്ഷിച്ചു നോക്കാൻ പറ്റിയിട്ടില്ല. ആ കൂടുക്കുകൾ വളരെ ശ്രദ്ധയോടെയാണ് അമ്മമ്മ സൂക്ഷിച്ച് വെക്കാറ്.
പൊതുവേ മുതിർന്നവരെല്ലാം ഒരു വിധം നല്ല ഉയരം ഉണ്ടെന്നാണ് അമ്മിണിക്കുട്ടിയുടെ നിരീക്ഷണം. എന്നാൽ ഒരിക്കൽ അമ്മാത്ത് ഏതോ വിശേഷത്തിന് എല്ലാവരും കൂടിയിരിക്കുന്ന സമയത്ത് അവളൊരു പ്രഖ്യാപനം നടത്തി - ആദ്യം എല്ലാവരും ചെറുതാവും പിന്നെ വലുതാവും പിന്നെ വയസ്സാവുമ്പോ വീണ്ടും ചെറുതാവും - എന്നായിരുന്നു അത്, അന്ന് അവിടെക്കൂടിയവരെല്ലാം അവളുടെ വാക്ക് കേട്ട് ചിരിച്ചതിന് കണക്കില്ല. അതെന്തിനാണ് അവരൊക്കെ ചിരിച്ചത് എന്ന് അവൾക്ക് ഇന്നും അറിയില്ല. കാരണം, അവളുടെ കണ്ണിൽ അമ്മമ്മ അമ്മയേക്കാൾ ഉയരം കുറവാണ്. ഇല്ലത്ത് മുത്തശ്ശിയും അച്ഛനേക്കാൾ ഉയരം കുറവാണ്. ഇതിൽ ഇത്ര ചിരിക്കാൻ എന്തിരിക്കുന്നു എന്നവൾക്ക് മനസ്സിലായില്ല.
എന്തായാലും അമ്മമ്മ വന്നത് കൊണ്ട് രാത്രിയിലത്തെ കിടപ്പ് ക്രമീകരണം ഇത്തിരി മാറി. വല്യേടത്തിയും അമ്മമ്മയും കൂടി തെക്കിണിമോളിലെ മുറിയിൽ കിടക്കട്ടെ എന്നാണ് അമ്മയുടെ നിർദ്ദേശം. സാധാരണ അമ്മിണിക്കുട്ടിയും ഏടത്തിമാരും കിടക്കാറുള്ള മുറിയിൽ എല്ലാവർക്കും കിടക്കാൻ സ്ഥലമില്ല. പോരാത്തതിന് അതിലെത്തെ 'ഓവറ'യും അത്ര പോര!
അതിഥികൾ വരുമ്പോഴേ തെക്കിണിമോളിലെ മുറി കിടപ്പ് മുറിയായി ഉപയോഗിക്കാറുള്ളൂ. പകൽ സമയം അവിടേയ്ക്ക് പോവുന്നത് മിക്കവാറും തുണികൾ തോരയിടാൻ മാത്രമാണ്. അതിനാൽ തന്നെ സന്ധ്യ ആവുമ്പോഴേക്കും തെക്കിണിമോളിൽ നരച്ചീറുകളുടെ ബഹളമാണ്. ഉറങ്ങാൻ വേണ്ടി കിഴക്കേമുറിയിലേയ്ക്ക് പോണമെങ്കിൽ അട്ടത്ത് കിഴക്കാന്തൂക്കായി തൂങ്ങിക്കിടക്കുന്ന നരച്ചീർ കൂട്ടത്തിന്റെ അടിയിലൂടെ വേണം പോവാൻ.
അമ്മിണിക്കുട്ടിയയ്ക്ക് എന്തിനെന്നറിയാതെ പേടിതോന്നുന്ന വവ്വാലുകൾ എന്ന ജീവികളുടെ ചെറിയ രൂപമാണ് നരച്ചീറുകൾ. എന്തെങ്കിലും തരത്തിൽ അവരെ ശല്യപ്പെടുത്തിയാൽ രാത്രി തെക്കിണിമോളിൽ നിന്നും നിരനിരയായി പറന്നിറങ്ങി ഇരുട്ടിൽ മറയുന്ന അവറ്റകൾ പകൽ എവിടെപ്പോയി ഒളിക്കുന്നുവെന്ന് അമ്മിണിക്കൂട്ടിക്ക് അറിയില്ല. പകൽ അവയെ തപ്പയിപ്പോയാൽ ആകെ കാണാൻ പറ്റണത് അവയുടെ കാട്ടം മാത്രമാണ്. നിലത്ത് മുഴുവനും അവറ്റകളുടെ കാട്ടം തന്നെ! പിന്നെ ഒരു ചണ്ടി നാറ്റവും. ചെരുപ്പില്ലാതെ അവിടേയ്ക്ക് കേറാൻ എല്ലാവർക്കും അറപ്പ് തോന്നും. എല്ലാ ദിവസവും അടിച്ചു വാരി വൃത്തിയാക്കിയാലും പിന്നത്തെ ദിവസം രാവിലെ ആവുമ്പോഴേക്കും ഇത് തന്നെ സ്ഥിതി! നരച്ചീർ കാട്ടത്തിന്റെയും മൂത്രത്തിന്റെയും നാറ്റം തെക്കിണിമോളിൽ എപ്പോഴും തളംകെട്ടി നിലക്കുന്ന പോലെ അമ്മിണിക്കുട്ടിയ്ക്ക് തോന്നാറുണ്ട്.
അതു കൊണ്ടു തന്നെ രാത്രി തെക്കിണിമോളിൽയ്ക്ക് പോണത് അമ്മിണിക്കുട്ടിയ്ക്ക് അത്ര ഇഷ്ടമുള്ള കാര്യമല്ല. അമ്മമ്മ കിടക്കാൻ പോവുന്നതിന് മുൻപ് കുടിക്കാനുള്ള വെള്ളവും ഓവറയിലേയ്ക്കുള്ള വെള്ളവും കൊണ്ടു വെക്കുന്നത് മിക്കവാറും കുഞ്ഞേടത്തിയുടെയോ വല്യേടത്തിയുടേയോ ചുമതലയാണ്. അവർക്ക് കൂട്ടു പോവുക എന്നത് അമ്മിണിക്കൂട്ടിയുടേതും. മൂട്ട വിളക്കും പിടിച്ച് കോണികേറി നരച്ചീറിനെ പേടിച്ച് രാത്രി കിഴക്കേമുറിയിലേയ്ക്ക് പോവുകയെന്നത് ജീവിതത്തിലെ ഏറ്റവും വലിയ സാഹസമാണ് എന്നവൾക്ക് തോന്നിയിട്ടുണ്ട്. എന്നാൽ ആരെങ്കിലും വരുമ്പോൾ തെക്കിണിമോളില് പോവാൻ കിട്ടുന്ന അവസരം കളയാനും വയ്യ!
അമ്മമ്മ അവളോട് അധികം സംസാരിക്കറില്ല എന്നത് കൊണ്ടു തന്നെ അമ്മമ്മയുടെ കൂടെ രാത്രി കിടക്കാൻ പോയാലും കഥ കേൾക്കാനൊന്നും പറ്റുമെന്ന് അമ്മിണിക്കുട്ടിയ്ക്ക് ഉറപ്പില്ല. അതിനാൽ അവരോടൊപ്പം തെക്കിണിമോളിൽ കിടക്കാനും അവൾക്ക് ഒട്ടും മോഹമില്ല. അമ്മമ്മ രാവിലെ നേർത്തെ എണീക്കുമ്പോൾ തന്നെയും എണീപ്പിക്കും എന്ന പേടിയും അവൾക്കുണ്ട്. അതിനാൽ അമ്മമ്മയുടെ പിറകെ അധികം ചുറ്റിപ്പറ്റി നടക്കാറില്ല. എന്നാലും കുറെ കാലത്തിന് ശേഷം അമ്മമ്മ വന്നത് കൊണ്ട് അമ്മമ്മയെ വിട്ട് പോകാനും മടി. എന്ത് ചെയ്യണം എന്ന് ഉറപ്പില്ലാതെ അവൾ പൂമുഖത്ത് നിന്ന് അടുക്കളയിലേക്കും തിരിച്ചും ഓടി നടന്നു - അമ്മ അവളോട് ഉറങ്ങാൻ പോകാൻ പറയുന്നത് വരെ.
അമ്മയുടെ നിർദ്ദേശം കിട്ടിയതും കുഞ്ഞേടത്തിയേയും കൂട്ടി അവൾ ഉറങ്ങാൻ പോവാനൊരുങ്ങി. ഉറങ്ങുന്നതിന് മുൻപ് താഴത്തെ ഓവറയിൽ പോയി മൂത്രമൊഴിച്ചാൽ ബക്കറ്റിൽ അധികം വെള്ളം ഏറ്റി മുകളിലേയ്ക്ക് കൊണ്ടു പോവണ്ട. അല്ലെങ്കിൽ കുഞ്ഞേടത്തിയും അവളും കൂടി വെള്ളവും മൂട്ട വിളക്കും ഒക്കെ ഏറ്റി കൊണ്ടു പോവണം. അത് വലിയ പണി തന്നെയാണ്. അതിനാൽ താഴത്തെ ഓവറയിൽ മൂത്രമൊഴിച്ചു കയ്യും കാലും കഴുകി മൂട്ട വിളക്കും കൊണ്ട് രണ്ടാളും മുകളിലേയ്ക്ക് പോയി.
കോസറി വിരിച്ച ശേഷം വിളക്ക് കോണിയുടെ അരികിലേക്ക് നീക്കി വെച്ച്, ആലത്തൂരെ ഹനുമാനെ ജപിച്ച് കണ്ണ് ഇറുകെ അടച്ച് കിടന്നു. ഉറക്കം കാത്തു കിടക്കുമ്പോൾ അവളുടെ ഉള്ളിൽ കുറെ ചോദ്യങ്ങൾ ഉയർന്നു വന്നു - അമ്മമ്മ എന്നാണ് തിരിച്ചു പോവുക? അമ്മയും കൂടെ പോവുമോ? പോയാൽ അമ്മ അന്ന് തന്നെ തിരിച്ചു വര്വോ? ബസ്സിലാണോ അവർ പോവുക, അതോ കാറ് വിളിച്ച് പോവുമോ? കാറിലാണ് പോണതെങ്കിൽ അമ്മിണിക്കുട്ടിയ്ക്കും പോവാൻ പറ്റുമോ? ഇങ്ങനെ നിരവധി ചോദ്യങ്ങൾ സ്വയം ചോദിച്ചു ചോദിച്ച് എപ്പോഴോ അവൾ ഉറങ്ങിപ്പോയി....
Comments