അമ്മിണിക്കുട്ടിയുടെ ലോകം #16 - ചില സ്കൂൾ പുരാണങ്ങൾ

അമ്മിണിക്കുട്ടിയുടെ ലോകം #16 - ചില സ്കൂൾ പുരാണങ്ങൾ 

മഴക്കാലത്ത് സ്കൂളിൽ പോവുക വലിയ ബുദ്ധിമുട്ടുള്ള പണിയാണ്. സ്കൂൾ ബസ് കേറാൻ റോഡ് വരെ കുറെ ദൂരം നടക്കണം. ഇല്ലത്ത് പ്രധാന വഴി പടികളും മറ്റുമായതിനാൽ അതിലൂടെ വാഹനങ്ങൾക്ക് വരാൻ പറ്റില്ല. പക്ഷേ തെക്കുഭാഗത്ത്, പത്തായപ്പുരയുടെ അരികിലൂടെ കഷ്ടിച്ച് ഒരു കാറിന് പോവാനുള്ള വഴിയുണ്ട്. അവിടെ ഒരു ഗേറ്റ് വെച്ചിട്ടുണ്ട്. അതിലൂടെയാണ് വല്ലപ്പോഴും ഇല്ലത്തേക്ക് വരാറുള്ള കാറുകൾ അച്ഛന്റെ ബുള്ളറ്റ് തുടങ്ങിയവയുടെ പോക്കും വരവുമൊക്കെ. പടിഞ്ഞാട്ടിറങ്ങി പറമ്പിന്റെ ഒരുഭാഗം ചുറ്റിവളഞ്ഞു പൊവേണ്ട എന്നതുകൊണ്ട് അമ്മിണികുട്ടിയും ഏടത്തിമാരും സ്കൂളിലേയ്ക്ക് പോക്കും വരവുമൊക്കെ അതിലൂടെയാണ്.   

മഴക്കലമായാൽ മുറ്റം മുഴുവനും വെള്ളം നിറയും. മഴ പെയ്തൊഴിഞ്ഞാലും വെള്ളമങ്ങനെ ഒരു കുഞ്ഞു തടാകം പോലെ മുറ്റത്ത് പലയിടങ്ങളിൽ കെട്ടിക്കിടക്കും. ഇടയ്ക്ക് അതിൽ മത്സ്യക്കുഞ്ഞുങ്ങളേയും മറ്റും കാണാം. വഴി മുഴുവൻ ഉറവ് വെള്ളവുമാവും. പല ചാലുകളായി ഉറവ് വെള്ളം ഒലിച്ചു വന്ന് ഏതെങ്കിലും ഒരു കുട്ടിത്തടാകത്തിൽ ചെന്നു ചേരും. പിന്നെ അത് നിറഞ്ഞു കവിഞ്ഞ് വലിയൊരു ചാലായി ഒഴുകി കുളത്തിൽ ചെന്നു വീഴും - അല്ലെങ്കിൽ തൊടിയിലൂടെ പരന്നൊഴുകി  വീണ്ടും ഒരു കൈവഴിയായ് പുറത്തേയ്ക്ക് ഒഴുകി അപ്പുറത്തെ പാടത്ത് പോയി ചേരും. അതൊക്കെ കണ്ടും നിരീക്ഷിച്ചും നീർച്ചാലുകൾ പുഴകളായി മാറുന്നതും പുഴ കടലിൽ പോയി ചേരുന്നതുമൊക്കെ എങ്ങനെയാണെന്ന് സ്കൂളിൽ പഠിപ്പിച്ചപ്പോൾ വളരെ എളുപ്പത്തിൽ അമ്മിണിക്കുട്ടിക്ക്  മനസ്സിലായിരുന്നു.   

പക്ഷേ സ്കൂളിൽ പോവുന്ന നേരത്ത് കാലിൽ ചെളിപറ്റാതെ ഈ ചാലുകൾ കടന്ന് ബസ് സ്റ്റോപ്പിലെത്തുക വലിയ ബുദ്ധിമുട്ടുള്ള പണി തന്നെയാണ്. തെക്കേപ്പടി വരെയുള്ള വഴിയിൽ അച്ഛൻ വെട്ടുകല്ല് ഇടാൻ ഏർപ്പാടാക്കിട്ടുണ്ടാവും. ഒരു കല്ലിൽ നിന്നും മറ്റേ കല്ലിലേക്ക് ചാടിച്ചാടി പടി വരെ എത്താം. പടി കടന്നു കഴിഞ്ഞാൽ കുറച്ചപ്പുറം ഒരു വളവുണ്ട്. ആ ഭാഗത്ത് എപ്പോഴും ചെളി നിറഞ്ഞിരിക്കും. അവിടെയും അച്ഛൻ കല്ലുകൾ ഇടാൻ ഏർപ്പാട് ചെയ്യും. അതനുസരിച്ച് പണിക്കാർ ആരെങ്കിലും കല്ലുകൾ ഇടാറുമുണ്ട്. പക്ഷേ അത് പൊതുവഴി ആയതിനാൽ കല്ലുകൾ പലപ്പോഴും സ്ഥാനം മാറും. പോരാത്തതിന് വല്ലപ്പോഴും അതിലൂടെ പോകുന്ന ഭാരം കൂടിയ വണ്ടികൾ ചില കല്ലുകളൊക്കെ തകർത്തിട്ടുമുണ്ടാവും. 

അപ്പോൾ ഒരു കല്ലിൽ നിന്നും മറ്റേ കല്ലിലേക്ക് ചാടാൻ അമ്മിണിക്കുട്ടിയയ്ക്കും കുഞ്ഞേടത്തിക്കും പറ്റാറില്ല. അങ്ങനെയാവുമ്പോൾ അച്ഛൻ അതു വരെ അവരോടൊപ്പം വരും എന്നിട്ട് നടുക്ക് ഒരു കല്ലിന്റെ മുകളിൽ കയറി നിന്ന് അമ്മിക്കുട്ടിയെയും കുഞ്ഞേടത്തിയെയും അനായാസം പൊക്കി അപ്പുറത്തേക്ക് എത്തിക്കും. വല്യേടത്തി ഓട്ടച്ചാട്ടത്തിന് അപ്പുറത്തെത്തി അക്ഷമയോടെ കാത്തു നില്ക്കുന്നുണ്ടാവും. 

അവിടെ നിന്നും ഓടിയോടി നടക്കും. സമയം തെറ്റിയാൽ ബസ്സ് അതിന്റെ പാട്ടിന് പോവും. ആർക്കു വേണ്ടിയും അധികം കാത്തു നിലക്കില്ല. അതിനാൽ കൃത്യ സമയത്തിന് അമ്മിണിക്കുട്ടിയേയും കുഞ്ഞേടത്തിയെയും സ്കൂൾ ബസ്സില് കയറ്റി വിട്ടിട്ട് വേണം വല്യേടത്തിക്ക് ലൈൻ ബസ്സിൽ കയറി സ്കൂളിലെത്താൻ. 

അമ്മിണിക്കുട്ടിയും കുഞ്ഞേടത്തിയും കയറുമ്പോൾ സ്കൂൾ ബസ്സിൽ അധികം കുട്ടികൾ ഒന്നും ഉണ്ടാവില്ല. ഇത്ര ദൂരെ നിന്നും സ്കൂൾ ബസ്സിൽ പോകുന്ന കുട്ടികൾ കുറവാണ്. എന്നാൽ സ്കൂളിൽ എത്താറാവുമ്പോഴേക്കും ബസ്സ് നിറയെ കുട്ടികൾ ഉണ്ടാവും. അമ്മിണിക്കുട്ടിയുടെ സ്റ്റോപ്പ് കഴിഞ്ഞ് അധികം ദൂരമില്ല അടുത്ത സ്റ്റോപ്പിലേക്ക് - അവിടെ നിന്നും അമ്മിണിക്കുട്ടിയുടെ ക്ലാസിൽ തന്നെയുള്ള ഒരു കുട്ടിയും ചേച്ചിയും കേറും. അവരുടെ വീടും റോഡരികിലല്ല. പാടത്തുകൂടെ കുറച്ചു ദൂരം നടന്നാലെ അവർക്ക് സ്റ്റോപ്പിൽ എത്താനാവൂ. 

മിക്ക ദിവസവും അവർ സമയത്തിനു മുൻപ് തന്നെ സ്റ്റോപ്പിൽ ഉണ്ടാവും.      എന്നാൽ ചില ദിവസം അവർ അല്പം താമസിക്കും. പക്ഷേ ബസ്സിലിരുന്നാൽ അവർ ഓടിയോടി വരുന്നത് കാണാം. അപ്പോൾ അവർക്കായി കുറച്ചു നേരം കാത്തു നിലക്കും. ചില ദിവസം അനിയനാണ് ആദ്യം ഓടിയെത്തുകയെങ്കിൽ മറ്റു ചിലപ്പോൾ ചേച്ചിയാവും ആദ്യമെത്തുക. 

ബസ്സിൽ കയറിയാൽ എല്ലാവരും അവരവരുടെ കൂട്ടുകാരുടെ ഒപ്പം ഇരിക്കാൻ തിരക്കു കൂട്ടും. ആദ്യമാദ്യം കേറുന്നവർ അവരുടെ കൂട്ടുകാർക്കായി സ്ഥലം പടിച്ചു വെക്കും. പക്ഷേ ഇടയ്ക്കൊക്കെ ബസ്സിലെ കിളി വേലായുധനോ ആയയോ ഗൌരവം പൂണ്ട് അതിനൊന്നും സമ്മതിക്കില്ല. 

ആദ്യമായി സ്കൂളിൽ പോകുന്നതിന് മുൻപ് അമ്മിണിക്കുട്ടിക്ക് സ്കൂൾ ബസ്സിന്റെ കാര്യങ്ങളൊക്കെ കുഞ്ഞേടത്തി പറഞ്ഞു കൊടുത്തിരുന്നു. ബസ്സിൽ വേലായുധനുണ്ട് എന്ന് കേട്ടപ്പോൾ അമ്മിണിക്കുട്ടിക്ക് പേടിയായി - അമ്മിണിക്കുട്ടിക്ക് അറിയാവുന്ന വേലായുധൻ പാമ്പു വേലായുധനാണ്. പാമ്പുകളോടൊപ്പം താമസിക്കുന്ന, പാമ്പിനെ പിടിക്കുന്ന പാമ്പു വേലായുധൻ. അയാളാണ് ബസ്സിലും എന്ന് വിചാരിച്ച് അമ്മിണിക്കുട്ടിക്ക് ആകെ ഭയമായി. വേലായുധൻ ബസ്സിലും പാമ്പിനെ കഴുത്തിലിട്ട് നടക്കുമോ, ആ പാമ്പ് നമ്മളെ കൊത്തുമോ എന്നൊക്കെ അമ്മയോട് ചോദിച്ചപ്പോൾ പൊട്ടിച്ചിരിയായിരുന്നു മറുപടി. ബസ്സിലെ വേലായുധൻ പാമ്പു വേലായുധനല്ല ഒരു പാവം വേലായുധനാണ് എന്ന് അമ്മ വിശദീകരിച്ച് പറഞ്ഞപ്പോഴേ അമ്മിണിക്കുട്ടിക്ക് ആശ്വാസമായുള്ളൂ. 

എന്നാലും പിന്നീട് ആദ്യമായി വേലായുധനെ നേരിട്ട് കണ്ടപ്പോൾ കഴുത്തിൽ പാമ്പൊന്നും ചുറ്റിക്കിടക്കുന്നില്ല എന്ന് ഉറപ്പിച്ചപ്പോഴേ ശരിക്കും സമാധാനമായുള്ളൂ. കുറച്ച് ഉയരം കുറഞ്ഞ, ചുരുണ്ട തലമുടിയുള്ള വേലായുധൻ പാമ്പു വേലായുധനല്ല എന്ന് തീർച്ചയാക്കാൻ എന്നിട്ടും കുറച്ചു ദിവസങ്ങളെടുത്തു. അത് ബോദ്ധ്യപ്പെട്ടത്തോടെ സങ്കോചം മാറി. അതോടെ മഴ പെയ്യുമ്പോൾ മൂടൽ വന്നു നിറയുന്ന ബസ്സിന്റെ ചില്ല് തുടച്ചു കൊടുക്കയും  എഞ്ചിൻ പെട്ടിയുടെ മുകളിൽ കയറിയിരുന്ന് കുട്ടികളോട് തമാശ പറയുകയും ഡ്രൈവർ വരാൻ വൈകിയാൽ ഡ്രൈവറുടെ സീറ്റിന്റെ വശത്തുള്ള ഉയരത്തിലുള്ള കിളി വാതിലിലേക്ക് ചാടിക്കയറി പോം പോം എന്ന് ഹോൺ അടിക്കുകയും ബസ്സിന്റെ ഉയരമുള്ള പടികൾ കയറാനും ഇറങ്ങാനും ബുദ്ധിമുട്ടുന്ന ചെറിയ കുട്ടികളെ കൈപിടിച്ച് കയറ്റുകയും ഇറക്കുകയും ഒക്കെ ചെയ്യുന്ന വേലായുധൻ ഒരു താരപരിവേഷമുള്ളയാളായി മാറാൻ അധികം താമസമുണ്ടായില്ല.       

ഇതൊക്കെയാണെങ്കിലും സ്കൂൾ ജീവിതം ചിലപ്പോഴൊക്കെ അല്പസ്വല്പം മടുപ്പിക്കുന്ന ഒന്നായാണ് അമ്മിണിക്കുട്ടിക്ക് തോന്നിയത്. കൂട്ടുകാരൊത്ത് കളിക്കാൻ രസമാണ്. എന്നാൽ ചിലപ്പോൾ ചിലരൊന്നും കൂട്ടത്തിൽ കൂട്ടുകയില്ല. ഊഞ്ഞാലാടാനും സ്ലൈഡിൽ ഉരുസാനുമൊക്കെ ഊഴം കാത്തു നിന്നാലും ഇടയ്ക്കൊക്കെ അതിനുള്ള അവസരം കിട്ടാതെ പോവും. അല്ലെങ്കിൽ അവളുടെ ഊഴമെത്തുമ്പോഴേക്കും ഇടവേള കഴിഞ്ഞ് ക്ലാസ്സ് തുടങ്ങാനുള്ള മണി മുഴങ്ങും. 

ഒന്നു രണ്ടു പിരിയഡ് കഴിഞ്ഞാൽ രാവിലത്തെ ചെറിയ ഇടവേളയിൽ കഴിക്കാൻ ബിസ്കറ്റ്, റസ്ക്ക് തുടങ്ങി വല്ലതും അമ്മ കൊടുത്തയക്കും. ഒപ്പം ഒരു ഫ്ലാസ്കിൽ പാലുംവെള്ളവും. കുഞ്ഞേടത്തിക്കും അമ്മിണിക്കുട്ടിക്കും ഒരേ ഫ്ലാസ്കിലാണ് അമ്മ പാല് കൊടുത്തു വിടുക. ആദ്യം അമ്മിണിക്കുട്ടിയും പിന്നെ കുഞ്ഞേടത്തിയും ഊഴമിട്ട് ഫ്ലാസ്കിന്റെ അടപ്പില് തന്നെയാണ് അത് കുടിക്കുക. ആയമാർ അതൊക്കെ കൃത്യമായി എടുത്തു തരുകയാണ് പതിവ്. 

അന്നൊരു ദിവസം ആയക്ക് പകരം എല്ലാം എടുത്തു കൊടുക്കുന്നത് പുതിയതായി വന്ന ഒരു  സിസ്റ്റർ ആയിരുന്നു. അമ്മിക്കുട്ടിയ്ക്ക് ഫ്ലാസ്കിന്റെ അടപ്പിൽ പാല് ഒഴിച്ചു കൊടുത്തിട്ടും പിന്നെയും ബാക്കി. സിസ്റ്റർ അതും അടപ്പിൽ ഒഴിച്ച് അമ്മിണിക്കുട്ടിയോട് കുടിക്കാൻ ആവശ്യപ്പെട്ടു. അത് ചേച്ചിക്കുള്ളതാണ് എന്ന് പറഞ്ഞിട്ടും സിസ്റ്റർക്ക് വിശ്വാസക്കുറവ്. പാല് കുടിക്കാതിരിക്കാനുള്ള സൂത്രമാണ് എന്ന് കരുതി അവർ അവളെ അത് നിർബന്ധിച്ച് കുടിപ്പിച്ചു. 

സ്വതവേ തന്നെ പാല് അത്ര ഇഷ്ടമല്ലാത്ത അമ്മിണിക്കുട്ടിയുടെ കണ്ണ് നിറഞ്ഞു വന്നു.  തൊണ്ടയിൽ നിന്നും ഏങ്ങലുകളായി വരാൻ വെമ്പി നിലക്കുന്ന കരച്ചിലടക്കി വല്ല വിധേനയും അവൾ പാൽ കുടിച്ചു. കുഞ്ഞേടത്തിയുടെ ക്ലാസ്സ് അന്ന് ഇത്തിരി വൈകിയാണ് വിട്ടത് എന്നത് കൊണ്ട് അമ്മിണിക്കുട്ടി പാല് കുടിച്ച് തീർത്ത ശേഷമാണ് കുഞ്ഞേടത്തി രംഗത്ത് എത്തിയത്. എത്തിയ ഉടനെ ഫ്ലാസ്കിൽ പാലില്ലെന്ന് കണ്ട കുഞ്ഞേടത്തിയും കരച്ചിലിന്റെ വക്കത്തായി.

അമ്മിണിക്കുട്ടി 'വേണംച്ചിട്ട്' പാലു മുഴുവൻ കുടിച്ചതാണ് എന്ന് കുഞ്ഞേടത്തിയുടെ ക്ലാസ്സിലെ ആയയോട് പരാതി പറഞ്ഞു കരയാൻ തയ്യാറായി. അവർ വന്ന് കാര്യം അന്വേഷിച്ചപ്പോഴാണ് സംഗതികൾ മനസ്സിലായത്. പതിവിലധികം പാല് കുടിച്ച് വയറു നിറഞ്ഞതു കൊണ്ടും ഇഷ്ടമല്ലാത്ത കാര്യം ചെയ്യേണ്ടി വന്നതിലെ സങ്കടം കൊണ്ടും അമ്മിണിക്കുട്ടിയും കരച്ചിലിന്റെ വക്കത്താണ്. എന്തായാലും തന്റെ പങ്ക് പാലും കൂടി അമ്മിണിക്കുട്ടി കുടിച്ചതു കൊണ്ട് കുഞ്ഞേടത്തി അമ്മിണിക്കുട്ടിയോട് കൂട്ടു വെട്ടി. 

(അന്ന് വൈകുന്നേരം ഇല്ലത്ത് പരാതികളുടെ പൂരമായിരുന്നു. അമ്മിണിക്കുട്ടി തനിക്കുള്ള പാലും കൂടി കുടിച്ചുവെന്ന് കുഞ്ഞേടത്തിയും കുടിച്ചതല്ല കുടിപ്പിച്ചതാണ് എന്ന് അമ്മിണിക്കുട്ടിയും. പാല് കിട്ടാത്തതിന്റെ സങ്കടത്തിൽ കുഞ്ഞേടത്തി കരച്ചിലോട് കരച്ചിൽ - അധികം പാല് കുടിക്കേണ്ടി വന്നതിലും അതു കൊണ്ട് കുഞ്ഞേടത്തി വിശന്നിരിക്കേണ്ടി വന്നതിലുമുള്ള  സങ്കടം കൊണ്ട് അമ്മിണിക്കുട്ടിയും അലറിക്കരയാൻ തുടങ്ങി. ഒക്കെ കണ്ടും കേട്ടും വല്യേടത്തിയും അമ്മയും ചിരിയോട് ചിരിയും..)        

സ്കൂളിൽ ഉച്ചയൂണ് കഴിഞ്ഞുള്ള നിർബന്ധിത ഉറക്കം ഏറ്റവും മടുപ്പുണ്ടാക്കുന്ന സംഗതിയാണ്. ചെറിയ ഡെസ്ക്കിൽ തല വെച്ചു കിടക്കാൻ ഒരു രസവും ഇല്ല. പുറത്ത് പോയി ഓടിക്കളിക്കാൻ തന്നെയാണ് രസം. ഇനി അഥവാ ഉറങ്ങിയെങ്കിൽ തന്നെ ഒന്ന് ഉറക്കം പിടിച്ചു വരുമ്പോഴേക്കും ഉറക്കമുണർത്തും.. അതിനാൽ മിക്ക ദിവസവും കുട്ടികൾ എല്ലാവരും വെറുതെ തല ഡെസ്കിൽ വെച്ച് ഉറക്കം നടിക്കുകയാണ് പതിവ്. എല്ലാവരും ഉറങ്ങിയോ എന്ന് ഇടയ്ക്കിടെ തല ഉയർത്തി നോക്കും. ആരെങ്കിലും കണ്ണു തുറക്കുന്നുണ്ടോ എന്ന് ഇടംകണ്ണിട്ട് നോക്കും.. അങ്ങനെ ആ സമയം എങ്ങനെയെങ്കിലും കഴിച്ചു കൂട്ടും..    

ക്ലാസ്സിലിരിക്കുമ്പോൾ കുട്ടികൾ ഇടയ്ക്കിടെ 'മേ ഐ ഗോ റ്റു ടൊയ്ലറ്റ്' എന്ന് ചോദിച്ച് ടീച്ചറെ ഇടയ്ക്കിടെ ശല്യപ്പെടുത്തും. മഴക്കാലത്ത് എല്ലാവർക്കും  മൂത്രശങ്ക കൂടുതലാണ്. ഒരു ദിവസം അമ്മിണിക്കുട്ടിയ്ക്ക് മൂത്രശങ്ക മാത്രമല്ല ഉണ്ടായത്. അതോടെ ആകെ പരിഭ്രമമായി. സ്കൂളിൽ മൂത്രമൊഴിക്കുക അപ്പിയിടുക തുടങ്ങിയ വാക്കുകളൊക്കെ ഉറക്കെ പറഞ്ഞാൽ എല്ലാരും കൂടി കളിയാക്കി ചിരിക്കലാണ്. അതിനൊക്കെ പകരം കോഡ് വാക്കുകളാണ് ഉപയോഗിക്കുക - നമ്പർ വൺ, ടൂ എന്നൊക്കെയേ പറയാവൂ. എന്നാൽ ചില വിരുതർ മുള്ളാൻ പോണം എന്നൊക്കെ പറയാറുണ്ട് താനും. 

ഇന്റർവെൽ ബെല്ലടിച്ചതും അമ്മിണിക്കുട്ടി ടോയ്ലറ്റിനെ ലക്ഷ്യമാക്കി ഓടി. വേറെ ആരെങ്കിലും എത്തുന്നതിന് മുൻപ് കക്കൂസിൽ പോവാൻ പറ്റിയില്ലെങ്കില് കാര്യം അബദ്ധമാവും എന്നറിയാം. ഓടി കയറി കാര്യം സാധിച്ചപ്പോഴേക്കും ആരോ വന്ന് വാതിൽ തുറന്നു. അപ്പിയിടാനുള്ള ധൃതിയിൽ കക്കൂസിലെ  വാതിൽ ശരിക്കും അടയ്ക്കാൻ മറന്ന കാര്യം അപ്പോഴാണ് അമ്മിണിക്കുട്ടി അറിഞ്ഞത്. എന്തായാലും അന്നത്തെ ദിവസം ആകെ നാണക്കേടായി - കുറെ കുട്ടികൾ ഓരോരുത്തരായി വന്ന് എത്തിനോക്കി കളിയാക്കി ചിരിച്ചുകൊണ്ട് ഓടിപ്പോയി.. പതിവില്ലാത്ത ബഹളം കേട്ട് 'ആയ' വന്നപ്പോൾ എല്ലാവരും ഓടിപ്പോയി. വല്ലാത്തൊരു ജാള്യതയോടെ ക്ലാസ്സിലേക്ക് നടന്നു പോകുമ്പോഴും അടക്കിച്ചിരിയുടെ അകമ്പടിയോടെ പലയിടത്തുനിന്നും 'ഷെയിം ഷെയിം പപ്പി ഷെയിം' എന്ന് കേൾക്കാമായിരുന്നു.. 

തിരിച്ച് ക്ലാസ്സിലെത്തിയ അമ്മിണിക്കുട്ടിക്ക് സ്കൂളിനോട് തന്നെ ദേഷ്യം തോന്നി. ഇതിലിത്ര ചിരിക്കാൻ എന്തിരിക്കുന്നു? എല്ലാവരും പതിവുള്ളതല്ലേ? താൻ ഉടുപ്പിൽ മൂത്രമൊഴിക്കുകയോ അപ്പിയിടുകയോ ചെയ്തില്ലല്ലോ... മിസ്സിനോട് പരാതി പറഞ്ഞാലോ എന്നാലോചിച്ചുവെങ്കിലും വേണ്ടെന്ന് വെച്ച് ആരോടും മിണ്ടാതെ പതുക്കെ ഡെസ്ക്കിൽ തല വെച്ച്  കിടന്നു. അറിയാതെ നിറഞ്ഞു വന്ന കണ്ണുകൾ ആരും കാണാതെ ഉടുപ്പിൽ പിൻ ചെയ്തു വെച്ച കർച്ചീഫിൽ തുടച്ച്, കരയാതിരിക്കാൻ കണ്ണുകൾ ഇറുക്കെപ്പിടിച്ച് അങ്ങനെ എത്ര നേരം ഇരുന്നുവെന്ന് അവൾക്കറിയില്ല... തുടരും.. )

Comments

Unknown said…
Hello Nisha, Happy to read the series after a small gap.
As usual, well naratted.
-Sudheer
Nisha said…
Thank you very much! Happy to know you enjoyed it

Popular posts from this blog

സൗഹൃദം

കൊഴിയുന്ന പൂക്കള്‍....

ദേഹാന്തരയാത്രകള്‍ - ഒരു ആസ്വാദനക്കുറിപ്പ്