മധുരം മധുരമീ ജന്മം!
ഞങ്ങളൊക്കെ പലയിടങ്ങളിലായപ്പോഴും ഒരു വിധമൊക്കെ അച്ഛന്റെ പിറന്നാളിന് ഒത്തുകൂടാൻ ശ്രമിച്ചിരുന്നുവെങ്കിലും ഈയിടെയായി പിറന്നാളിന് പാട്ടും പതിവില്ലാതെയായി. പ്രവാസജീവിതമാരംഭിച്ചതോടെ പ്രതേകിച്ചും അച്ഛന്റെ പിറന്നാളുകൾ (അമ്മയുടേയും) വീഡിയോ കോളിലെ ആശംസകളിൽ ഒതുങ്ങി എന്നതാണ് സത്യം! ഏടത്തിമാരും കുട്ടികളും പറ്റുന്ന പോലെയൊക്കെ ആ ദിവസം ഇല്ലത്ത് എത്തിച്ചേരാറുണ്ട്. ഒന്നു രണ്ടു തവണ അതും പറ്റായതായപ്പോൾ നേദിക്കാൻ പായസം വെച്ചു അതേ ഉള്ളൂ എന്ന് അമ്മ പറഞ്ഞു.
ഇത്തവണ 84 അത്യാവശ്യം നന്നായി ആഘോഷിക്കണം എന്ന് ഞങ്ങൾ മോഹം പറഞ്ഞെങ്കിലും അച്ഛന് മടി. അതൊന്നും വേണ്ട എന്ന കടുംപിടുത്തം - ഒടുവിൽ മരുമക്കളും മറ്റു ബന്ധുജനങ്ങളും ഞങ്ങൾ എന്തായാലും വരുന്നുണ്ട് എന്ന് പറഞ്ഞപ്പോൾ അച്ഛൻ മനസ്സില്ലാമനസ്സോടെ സമ്മതം മൂളി. പിന്നെ എല്ലാം വളരെ പെട്ടെന്നായിരുന്നു - ഏടത്തി കാര്യങ്ങൾക്ക് ചുക്കാൻ പിടിച്ചു. വിളിക്കേണ്ടവരുടെ ലിസ്റ്റ് തയ്യാറാക്കി - എല്ലാവരെയും ഉൾക്കൊള്ളിക്കാനും വാഹനം പാർക്ക് ചെയ്യുവാനുള്ള സൌകര്യവും ഒക്കെ കണക്കാക്കി അമ്പലത്തിലെ ഹാൾ ബുക്ക് ചെയ്തു. സദ്യ, വിളമ്പൽ തുടങ്ങിയതെല്ലാം ഏർപ്പടാക്കി.
അപ്പോഴാണ് അച്ഛന്റെ സുഹൃത്തും നാട്ടിലെ പ്രമുഖനുമായ ഡോ കൃഷ്ണദാസ് പറയുന്നത് അച്ഛനെപോലെ ഇത്ര കഴിവുള്ള ഒരാളുടെ 84 ആം പിറന്നാൾ ആഘോഷിക്കുന്നത് നാടിനും കൂടി ഒരു ആഘോഷമാവണം - അദ്ദേഹം അംഗമായുള്ള മലബാർ സൌഹൃദ വേദി അച്ഛനെ കർമശ്രേഷ്ഠ പുരസ്കാരം നല്കി ആദരിക്കുന്നുണ്ട് - ആ ചടങ്ങും പിറന്നാൾ ദിനം നടത്താം എന്നും നിർദ്ദേശിച്ചു. കാർഷിക, ചെറുകിട വ്യവസായ മേഖലകളിൽ അച്ഛൻ നടത്തിയ പ്രവർത്തനനങ്ങൾക്കുള്ള അംഗീകാരമായിട്ടാണ് ഈ പുരസ്കാരം. അർഹിക്കുന്ന അംഗീകാരം അച്ഛനെ തേടിയെത്തുന്നതിൽ പരം സന്തോഷം എന്താണുള്ളത്? അന്നേ ദിവസം ഒരു ചെറിയ പൊതു സമ്മേളനത്തിൽ വെച്ച് ആ പുരസ്കാരം അച്ഛന് നല്കാൻ അവർ തീരുമാനത്തിലെത്തി. ആവാം എന്ന് ഞങ്ങളും സമ്മതിച്ചു.
ഇങ്ങനെ വളരെ സന്തോഷം നല്കുന്ന കാര്യങ്ങൾ ഒരു വശത്ത് നടക്കുമ്പോഴും ഞങ്ങളുടെ ശ്രദ്ധ വേറെ ഒരു മഹത്തായ സംരംഭത്തിലായിരുന്നു. അച്ഛൻ പൂർത്തിയാക്കിയ ഭഗവദ്-ഗീതാ വ്യാഖ്യാനം ഈവസരത്തിൽ പ്രസിദ്ധീകരിക്കാൻ ഞങ്ങൾ തീരുമാനിച്ചുറച്ചു. മുൻപ് ഒന്നു രണ്ടു തവണ അതിനു തുനിഞ്ഞതാണെങ്കിലും അന്ന് ആ ശ്രമങ്ങളൊക്കെ വിഫലമായിരുന്നു. അച്ഛന് ഒരു വലിയ മോഹമായി അത് അവശേഷിക്കുന്നുണ്ട് എന്ന് ബോദ്ധ്യം ഞങ്ങൾക്കുണ്ട്. അത് സാക്ഷാത്കരിക്കുന്നതിന് ഇതിലും നല്ല ഒരു സന്ദർഭം വേറെ ഉണ്ടാവില്ല എന്ന് ഞങ്ങൾക്ക് തോന്നി.
കുറഞ്ഞ സമയത്തിനുള്ളിൽ പ്രസാധകരെ കണ്ടെത്താനും ഉടമ്പടിയിലെത്താനും സാധിക്കുകയില്ല എന്ന് ഉറപ്പുള്ളതിനാൽ ഞങ്ങൾ സ്വയം പ്രസിദ്ധീകരിക്കാം എന്ന് തീരുമാനിക്കുകയും ഏടത്തി മുൻകൈയ്യെടുത്ത് പ്രൂഫിങ്ങും അവസാനഘട്ട എഡിറ്റിങ്ങും പത്തു ദിവസത്തിൽ ചെയ്തു തീർത്തു. തെക്കേടത്ത് ഭട്ടതിരിപ്പാടിന്റെ സഹായം വേണ്ടുവോളം ഉണ്ടായിരുന്നു എന്നത് പ്രത്യേകം പറയാതെ വയ്യ. ഒടുവിൽ എല്ലാം ശരിയാക്കി പ്രിന്റിന് കൊടുത്ത് അക്ഷമയോടെ കാത്തിരിപ്പ് - പിറന്നാളിന് നാലു ദിവസം മുൻപ് മധുരം മധുരമീ ഹൃദയതാളം എന്ന അച്ഛന്റെ വിശേഷ ഗീതാവ്യാഖ്യാനം പുസ്തകരൂപത്തിൽ തയ്യാറായി!
ഗീത എന്നെങ്കിലും പുസ്തകമായി പുറത്തിറങ്ങിയാൽ ആദ്യത്തെ കോപ്പി ഗുരുവായൂരപ്പന് സമർപ്പിക്കണം എന്നായിരുന്നു അച്ഛന്റെ തീരുമാനം. തന്ത്രിയെ കണ്ട് സമർപ്പിക്കാമെന്ന് കരുതിയെങ്കിലും അദ്ദേഹത്തിന് ആ ദിവസങ്ങളിൽ ഒഴിവില്ലാതിരുന്നതിനാൽ നമസ്കാരമണ്ഡപത്തിൽ സമർപ്പിച്ച് പോരാം എന്ന തീരുമാനത്തിലെത്തി. കക്കാട്ടെ കിരൺ സഹായിച്ചതു കൊണ്ട് അത് ഭംഗിയായി തന്നെ നടത്താൻ പറ്റി.
അങ്ങനെ ഒടുവിൽ ആ സുദിനം വന്നെത്തി - രാവിലെ തന്നെ കുളിച്ചൊരുങ്ങി അച്ഛനേയും അമ്മയേയും നമസ്കരിച്ച് അവരുടെ അനുഗ്രഹം ഏറ്റു വാങ്ങി. അച്ഛൻ ഇടയ്ക്കൊക്കെ പറയാറുണ്ടായിരുന്നു -ആരെങ്കിലും തന്നെ ഒന്ന് വരച്ചാൽ എങ്ങനെയുണ്ടാവും എന്ന് കാണാൻ മോഹമുണ്ടെന്ന്. എന്നാൽ ഒരിക്കലും എന്നെ വരയ്ക്കൂ എന്നോ വരയ്ക്കാൻ പറ്റുമോ എന്നോ അച്ഛൻ ഇത് വരെ ചോദിച്ചിട്ടില്ല. പിറന്നാൾ ആഘോഷം ഒന്നും ഇല്ലെങ്കിലും ഒരു സമ്മാനമായിരിക്കട്ടെ എന്ന് കരുതി ഞാൻ അച്ഛന്റെ ഒരു പോർട്രെയിറ്റ് വരച്ച് ഒരു കൂട്ടുകാരിയുടെ അമ്മ വശം നാട്ടിലെത്തിച്ചിരുന്നു - എനിക്ക് പങ്കെടുക്കാൻ പറ്റിയില്ലെങ്കിലും അച്ഛന്റെ മോഹം ചെറിയ തോതിലെങ്കിലും സാധിച്ചു കൊടുക്കാൻ പറ്റുമല്ലോ എന്ന ചാരിതാർത്ഥ്യമായിരുന്നു എനിക്ക്. എന്നാൽ വിധിയുടെ വിളയാട്ടം എന്നേ പറയാനാവൂ - അന്നേ ദിവസം അവിടെയുണ്ടാവാനും അച്ഛന് പിറന്നാൾ സമ്മാനം നേരിട്ട് കൊടുക്കാനുമുള്ള സൌഭാഗ്യം എനിക്കുണ്ടായി! ചിത്രം കണ്ടപ്പോൾ അച്ഛന്റെയും അമ്മയുടേയും മുഖത്ത് കണ്ട സന്തോഷം തന്നെ ഏറ്റവും വലിയ അനുഗ്രഹം!
അധികം വൈകാതെ ഞങ്ങൾ എല്ലാവരും പിറന്നാൾ ആഘോഷം നടക്കുന്ന സ്ഥലത്തെത്തി. ഓരോരുത്തരായി ബന്ധുക്കളും പ്രിയപ്പെട്ടവരും എത്തിച്ചേർന്നു. ഒരു വിധം എല്ലാവരോടും ചെറിയ കുശലാന്വേഷണങ്ങൾ നടത്തിയപ്പോഴേയ്ക്കും പൊതു പരിപാടി തുടങ്ങാറായി. ഡോ കൃഷ്ണദാസിന്റെ അദ്ധ്യക്ഷതയിൽ നടന്ന ചടങ്ങിൽ ബഹുമാന്യനായ ശ്രീ മണ്ണൂര് രാജകുമാരനുണ്ണി അച്ഛന് കർമശ്രേഷ്ഠ പുരസ്കാരം നല്കി. തുടർന്ന് വിശിഷ്ടാതിഥികൾ അനുമോദന സംഭാഷണം നടത്തി.
അതിന് ശേഷം ഏറ്റവും ബഹുമാന്യനായ, വിശിഷ്ടവ്യക്തിത്വത്തിന്നുടമയുമായ ഡോ രാംദാസ് മധുരം മധുരമീ ഹൃദയതാളം എന്ന അച്ഛന്റെ ഗീതാവ്യാഖ്യനം പ്രൊഫസർ ജീജയ്ക്ക് നല്കി ഔദ്യോദികപ്രകാശനം നടത്തി. ഏറെ ധന്യമായ ആ മുഹൂർത്തം ഞങ്ങളുടെയൊക്കെ ജീവിതത്തിലെ ഏറ്റവും അവിസ്മരണീയമായ സന്ദർഭങ്ങളിൽ ഒന്നാണ്. ബന്ധുജനങ്ങളും പ്രിയസുഹൃത്തുക്കളും നാട്ടുകാരും അടങ്ങുന്ന ഗംഭീര സദസ്സിന്റെ മുന്നിൽ, ശ്രീ സുബ്രഹ്മണ്യസ്വാമി സവിധത്തിൽ നടന്ന ആ ചടങ്ങ് ജീവിതത്തിലെ ഏറ്റവും അനുഗ്രഹീത നിമിഷമാണ് എന്നതിൽ തർക്കമില്ല.അതിനു ശേഷവും അനുമോദന പ്രസംഗങ്ങളും മറ്റും തുടർന്നു. സ്ഥലം എം എൽ എ ശ്രീ നജീബ് കാന്തപുരം പരിപാടിയിൽ പങ്കെടുക്കുകയും അച്ഛനെ അനുമോദിച്ച് സംസാരിക്കുകയുമുണ്ടായി. ഡോ രാംദാസ്, ശ്രീ മണ്ണൂര് രാജകുമാരനുണ്ണി, പ്രൊഫ ജീജ, മലബാർ സൌഹൃദവേദി അംഗങ്ങൾ, യോഗക്ഷേമസഭ പ്രതിനിധികൾ, ബന്ധുക്കൾ, നാട്ടുകാർ എന്നിങ്ങനെ പലരും ആ അവസരത്തില് അച്ഛന് ആശംസകൾ അറിയിക്കുകയുണ്ടായി. ഒടുവിൽ അച്ഛന്റെ മറുപടിയും ഏടത്തിയുടെ നന്ദി പ്രകാശനവും കഴിഞ്ഞതോടെ പൊതുപരിപാടി പര്യവസാനിച്ചു.
അത്രയും നേരം ക്ഷമയോടെ സശ്രദ്ധം പരിപാടി കണ്ടിരുന്നത് 450 ഓളം ആളുകളായിരുന്നു - ഇത്രയും പ്രിയപ്പെട്ട ഒരു സദസ്സും സന്ദർഭവും വേറെ ഉണ്ടാവുമായിരുന്നില്ല എന്ന് കൃതാർത്ഥയോടെ വീണ്ടും ഓർക്കുന്നു. എല്ലാവരുടെയും സ്നേഹമേറ്റുവാങ്ങി അച്ഛനുമമ്മയും ആ തണലിൽ ഞങ്ങൾ മക്കളും!
മധുരം മധുരമീ ഹൃദയതാളം എന്ന അച്ഛന്റെ ഗീതാവ്യാഖ്യാനത്തെക്കുറിച്ച് പറയാതെ ഈ കുറിപ്പ് പൂർത്തിയാവില്ല. 2000-ൽ എഴുതിത്തുടങ്ങി 2001-ൽ പൂർത്തീകരിച്ച ഈ രചന (സാധന) ഏതാണ്ട് 25 കൊല്ലം കഴിഞ്ഞാണ് പുസ്തകരൂപത്തിൽ പുറത്തിറങ്ങുന്നത് - അച്ഛന്റെ ഈ തപസ്യ അച്ചടിമഷി പുരാളാൻ ഇത്രയും സമയം എടുത്തതെന്തേ എന്ന ചോദ്യത്തിന് ഉത്തരമില്ല - ഈ ഒരു അവസരത്തിൽ, ഏറ്റവും പ്രിയപ്പെട്ടവരുടെ സാന്നിദ്ധ്യത്തിൽ ആവണം എന്നുള്ളതു കൊണ്ടായിരിക്കും. അല്ലാതെ വേറെ ഒരു കാരണവും പറയാനാവുന്നില്ല. മുൻപ് ശ്രമിക്കാത്തത് കൊണ്ടുമല്ല, വേണ്ടെന്ന് വെച്ചിട്ടുമല്ല. അതിനുള്ള സമയം ഇതാണ് എന്നാവും ഈശ്വര നിശ്ചയം!!!ഇത്രയും കാലം ഈ മധുരതരമായ ഹൃദയതാളം ഞങ്ങളുടെ കുടുംബത്തിൽ മാത്രമേ തുടിച്ചിരുന്നുള്ളൂ. ഇവിടുന്നങ്ങോട്ട് അത് നിങ്ങളിലേക്കും എത്തുകയാണ്. ഭഗവത്ഗീത എന്ന കാലാതിവർത്തിയായ ഭഗവദ് വാക്യങ്ങൾ ഹൃദയത്തിൽ തൊടുന്ന ഭാഷയിൽ, സാധാരണ വായനക്കാർക്കും മനസ്സിലാവുന്ന രീതിയിൽ അവതരിപ്പിക്കപ്പെട്ടിരിക്കുന്നു. ഈ കാലത്ത് അത് നിങ്ങളിലേയ്ക്ക് എത്തണം എന്നതായിരിക്കാം നിയോഗം. മുണ്ടേക്കാട് കൃഷ്ണൻ നമ്പൂതിരി എന്ന സ്വത്വത്തിലല്ലാതെ കൃഷ്ണചൈതന്യ എന്ന പ്രത്യേക ഭാവത്തിൽ രചിച്ച ഈ പുസ്തകം ഭഗവദ് പ്രേരിതമാണ് - അനേകം പ്രശ്നങ്ങളിൽ കിടന്നുഴറുന്ന മാനവരാശിയക്ക് അതിൽ നിന്നും കരകേറാൻ ഇതൊരുപാധിയാവട്ടെ എന്നാശിയ്ക്കുന്നു. ഭഗവാൻ അർജ്ജുനന് മാർഗ്ഗനിർദ്ദേശം നല്കിയ പോലെ നമുക്കും വഴി കാട്ടട്ടെ - നമ്മുടെ ജന്മോദ്ദേശ്യം സഫലമാക്കാൻ വഴിയൊരുക്കട്ടെ എന്ന് പ്രാർത്ഥിക്കുന്നു!
PS: ഇപ്പോൾ വേറെ പുസ്തകശാലകളിലും മറ്റും പുസ്തകം ലഭ്യമല്ല എന്നതിനാൽ പുസ്തകം വേണ്ടവർ ഞങ്ങളുമായി ബന്ധപ്പെടുമല്ലോ!
Comments