തുഞ്ചന്‍പറമ്പ് ബ്ലോഗ് മീറ്റ് - ഒരു പിടി നല്ല ഓര്‍മ്മകള്‍
ഇതാദ്യമായാണ് ഞാന്‍ ഒരു ബ്ലോഗ് മീറ്റില്‍ പങ്കെടുത്തത്. മീറ്റിന്
പോകുമ്പോള്‍ അവിടെ കണ്ടുമുട്ടാവുന്ന പലരേയും പേര് പറഞ്ഞാലെങ്കിലും ഞാന്‍
തിരിച്ചറിയും എന്ന ഒരു തോന്നലുണ്ടായിരുന്നു. ബ്ലോഗിംഗ് രംഗത്ത് അത്ര
സജീവമല്ലെങ്കിലും ചുരുക്കം ചില ചര്‍ച്ചകളിലും മറ്റും പങ്കു ചേരാനും പലരുമായി
സംവദിക്കാനും കഴിഞ്ഞിട്ടുണ്ട്. ജോലിത്തിരക്കും മറ്റുമായപ്പോള്‍ എഴുത്ത് നന്നേ കുറഞ്ഞു.
വായനയും... അതില്‍ നിന്നെല്ലാം ഒരു മാറ്റം വരണം, എഴുതണം, അതിലേറെ വായിക്കണം
എന്നൊക്കെ നിനച്ചിരിക്കുന്ന നേരത്താണ് തുഞ്ചന്‍ പറമ്പിലെ മീറ്റിന്റെ കാര്യങ്ങള്‍
അറിയുന്നതും കഴിയുമെങ്കില്‍ പങ്കെടുക്കണം എന്ന്‍ തീരുമാനിക്കുകയും ചെയ്തത്. എന്നാലും
മീറ്റിന് ഏതാനും ദിവസങ്ങള്‍
ബാക്കിയുള്ളപ്പോള്‍ വരെ ഒരു തീരുമാനത്തിലെത്താന്‍ എന്തുകൊണ്ടോ മടിച്ചിരുന്നു.
മീറ്റിന് മൂന്നാലു ദിവസങ്ങള്‍ ബാക്കി നില്‍ക്കേ സാബു (കൊട്ടോട്ടി) വിളിക്കുകയും
തീര്‍ച്ചയായും വരണം എന്ന്‍ ഒരിക്കല്‍ കൂടി നിര്‍ബന്ധിക്കുകയും ചെയ്തപ്പോള്‍
അന്നത്തെ എറണാകുളം യാത്ര വൈകീട്ടത്തേയ്ക്ക് മാറ്റുകയും രാവിലെ തുഞ്ചന്‍ പറമ്പില്‍
എത്തുകയും ചെയ്തു.
അന്‍വര്‍ ഇക്കാക്കും അബ്സാറിനുമൊപ്പം |
അവിടെ എത്തിയപ്പോള്‍
ആദ്യം കണ്ടത് ‘അബസ്വരനെ’ തന്നെ! രണ്ടുമൂന്നു കൊല്ലങ്ങളായി ഓണ്‍ലൈനില്‍ സ്ഥിരം
ആശയവിനിമയം നടത്താറുണ്ടായിരുന്നെങ്കിലും ഇതാദ്യമായാണ് നേരില്‍ കാണുന്നത്.
അപരിചിതത്വം ഒട്ടുമില്ലെങ്കിലും ഔപചാരികമായി പരിചയപ്പെട്ടു. പിന്നെ കണ്ടത് ഷെരിഫ്
ഇക്കയെ ആണ്. ഓണ്‍ലൈനില്‍ കണ്ടു പരിചയിച്ച മുഖങ്ങളില്‍ ഒന്ന് – ശകലം ശങ്കയോടെയാണ്
ആള്‍ അത് തന്നെയല്ലേ എന്ന് പറഞ്ഞത്. രജിസ്ട്രേഷന്‍ ഡെസ്കില്‍ എത്തിയപ്പോള്‍
പലരെയും കണ്ടു – മിക്കവരും പരിചയമില്ലാത്തവര്‍. അപ്പോഴാണ് അന്‍വര്‍ ഇക്ക അവിടെ
എത്തിയത്. പല തവണ ഫോണില്‍ സംസാരിച്ചിട്ടുണ്ടെങ്കിലും ഇക്കയെ നേരിട്ട് കാണുന്നത്
ഇതാദ്യം! സന്തോഷത്തോടെ ഹസ്തദാനം ചെയ്ത് സൌഖ്യം അന്വേഷിച്ചു. അതിനിടയില്‍ സുധര്‍മ്മ
ടീച്ചര്‍ വന്നു മനസ്സിലായില്ലേ എന്ന് ചോദിച്ചപ്പോള്‍ ‘.... ആളല്ലേ’ എന്ന്‍
ചോദിച്ചു. ‘അല്ല ഞാന്‍ സുധര്‍മ്മയാണ്’ എന്ന്‍ ടീച്ചര്‍ പറഞ്ഞപ്പോള്‍ ദിവസവും
കാണുന്ന മുഖങ്ങളില്‍ ഒന്ന് മനസ്സിലാകാതെ പോയതിലെ ജാള്യത എന്റെ മുഖത്ത്!
കാര്യപരിപാടികള്‍
ലളിതമായിരുന്നു. അകാലത്തില്‍ നമ്മെ വിട്ടുപോയ ബ്ലോഗര്‍മാരെ, പ്രത്യേകിച്ചും പലര്‍ക്കും
പ്രിയങ്കരനായിരുന്ന മനോരാജിനെ ഓര്‍മ്മിച്ചു കൊണ്ട് പരിചയപ്പെടുത്തല്‍ തുടങ്ങി. എല്ലാവരും
സ്വയം പരിചയപ്പെടുത്തി. പേരുകളും മുഖങ്ങളും ഒരുമിച്ചപ്പോള്‍ മനസ്സിലെ പല രൂപങ്ങളും
കൂടുതല്‍ തെളിഞ്ഞു. ഒപ്പം എത്ര കുറച്ച് ആളുകളെ മാത്രമേ എനിക്കറിയൂ എന്ന സത്യവും! എന്റെ
ഊഴം വന്നപ്പോള്‍ എന്ത് പറയണം എന്നറിയില്ലായിരുന്നു... ഒടുവില്‍ ഇ-മഷിയുടെ കാര്യം
പറഞ്ഞപ്പോള്‍ സ്വന്തം കാര്യം പറയാനും സ്വന്തം ബ്ലോഗിന്‍റെ കാര്യം പറയാനും ഞാന്‍
മറന്നു! എന്‍റെ അടുത്തിരുന്നിരുന്ന രൂപ പറഞ്ഞപ്പോഴാണ് ഇക്കാര്യങ്ങളൊക്കെ ഞാന്‍ പറയാതെ ബാക്കിവെച്ചു എന്ന്‍ അറിഞ്ഞത്!
ഒന്നിലും പതറാതെ ... |
എന്നാല്‍ ജയചന്ദ്രന്‍
മാഷ് തന്റെ അനുഭവം പറഞ്ഞപ്പോഴും, അന്‍വര്‍ബാബു തന്റെ കാര്യം പറഞ്ഞപ്പോഴും ഓണ്‍ലൈന്‍
കൂട്ടായ്മകളുടെ ശക്തിയും വ്യാപ്തിയും എത്രത്തോളം ഉണ്ട് എന്ന്
ആശ്ചര്യപ്പെടാതിരിക്കാന്‍ കഴിഞ്ഞില്ല. മാലിയിലെ ജയിലില്‍ നിന്ന് മോചിതനാവുന്നതില്‍
സോഷ്യല്‍ മീഡിയ വഹിച്ച പങ്കിനെക്കുറിച്ച് മാഷ് പറഞ്ഞപ്പോള്‍ അതിന്റെ ഒരു ചെറിയ
അംശമാണല്ലോ ഞാനും എന്ന് തോന്നി. വിവിധ കൂട്ടായ്മകളുടെ സഹായത്തോടെ വീട് വെക്കാനും
ചികിത്സിക്കാനും ഒക്കെ കഴിഞ്ഞ കാര്യങ്ങള്‍ അന്‍വര്‍ പറഞ്ഞപ്പോള്‍ ആ സ്വപ്നങ്ങള്‍ക്ക്
നിറം പകരാന്‍ ഒരു ചെറിയ വര്‍ണ്ണപ്പൊട്ട് എന്റെ വകയും ഉണ്ടായിരുന്നല്ലോ എന്ന തോന്നല്‍
ചാരിതാര്‍ത്ഥ്യം പകര്‍ന്നു. അന്‍വറിനെ കണ്ടതാണ് ഈ മീറ്റിലെ നല്ല നിമിഷങ്ങളില്‍
ഒന്ന്! സോഷ്യല്‍ മീഡിയയും ഓണ്‍ലൈന്‍ കൂട്ടായ്മകളും വെറും നേരംപോക്ക് മാത്രമല്ല,
നമ്മുടെ ജീവിതത്തിനു അര്‍ത്ഥം പകരുന്ന പല കാര്യങ്ങളും അതിലൂടെ നടക്കും എന്നതിന്
തെളിവാണ് ഈ രണ്ടു പേരും എന്ന് എനിക്ക് തോന്നുന്നു.
ഉവ്വ്, ഇത്തരം വേദികളില്‍
പരസ്പരം പഴിചാരലും ആരോപണങ്ങളും അടിപിടികളും വിവാദങ്ങളും എല്ലാം ഉണ്ട് – ശരിയാണ്.
എന്നാല്‍ അത് മാത്രമല്ല ഇവിടെയുള്ളത്. നമ്മുടെ കയ്യിലുള്ള ഒരു മാദ്ധ്യമത്തെ
നല്ലതായോ ചീത്തയായോ നമുക്ക് ഉപയോഗിക്കാം എന്നേ പറയാനുള്ളൂ. അമിതമായ ഗ്രൂപ്പിസം
സ്പര്‍ദ്ധ വളര്‍ത്തും എന്നത് ശരിയാണ്. എന്നാല്‍ മിക്കപ്പോഴും ഗ്രൂപ്പുകള്‍
തമ്മിലുള്ള ആരോഗ്യപരമായ മത്സരം എഴുത്തിനേയും മറ്റും മെച്ചമാക്കിയിട്ടുണ്ട് താനും.
പലപ്പോഴും വ്യക്തിപരമായി തീരുന്നിടത്താണ് ഈ മത്സരങ്ങള്‍ അസഹനീയവും അതിര് വിട്ടതും
ആയി മാറുന്നത്.
എന്തായാലും ഔപചാരികമായ
പരിചയപ്പെടലിനു ശേഷം ഫോട്ടോ സെഷനും ഊണിനും മുന്‍പുള്ള വളരെ ചെറിയ ഒരിടവേളയില്‍
ചിലരുമായി വിശദമായ പരിചയപ്പെടല്‍ തരപ്പെട്ടു... ബഷീര്‍ സി. വി, ബീന ചേച്ചി,
നിരക്ഷരന്‍, മനു നെല്ലായ, ഷാജി ഷാ, ശ്രുതി, പ്രിയ അങ്ങനെ പലരുമായി സംസാരിക്കാന്‍
സാധിച്ചു. മനോജേട്ടനെ ഇത് രണ്ടാം വട്ടമാണ് കാണുന്നത്. ഇതിനു മുന്പ് വിഡ്ഢിമാന്‍റെ
പുസ്തകപ്രകാശനത്തിന് പോയപ്പോള്‍ കണ്ടിരുന്നെങ്കിലും പരിചയപ്പെടാന്‍ കഴിഞ്ഞില്ല.
ഇത്തവണ എന്തായാലും അതിനു സാധിച്ചു. അതു പോലെ തന്നെ വിധു ചോപ്ര കണ്ണൂര്‍, ഉസ്മാന്‍
പള്ളിക്കരയില്‍ എന്നിവരെയും പരിചയപ്പെട്ടു.
മീറ്റില് പങ്കെടുത്തവര്‍ |
സംഗീതും സംഗീതും ഉട്ടോപ്യനും |
കൂടാതെ ദക്ഷിണേന്ത്യയിലെ
മുന്തിയ വിഎഫ്എക്സ്-കാരനായ പിള്ളേച്ചന്‍, പല്ലുഡോക്ടറാണെങ്കിലും മികച്ച
ഫോട്ടോഗ്രാഫര്‍ എന്നറിയപ്പെടുന്ന ഉട്ടോപ്യനും, മലയാളം ബ്ലോഗേഴ്സ് അഡ്മിന്‍
ആയിരുന്ന ബെഞ്ചിയുമായും ഒക്കെ സംസാരിക്കുവാന്‍ സാധിച്ചു. തമാശപറഞ്ഞും മറ്റും ആ
നിമിഷങ്ങള്‍ സുന്ദരങ്ങളായി... എല്ലാവരേയും ഒന്നിച്ചു നിര്‍ത്തി ഫോട്ടോ എടുത്തു.
അതുപോലെ തന്നെ ചെറിയ ചെറിയ കൂട്ടങ്ങളും പലയിടത്തും പല പോസുകളിലും ഫോട്ടോകള്‍
എടുത്തുകൊണ്ടിരുന്നു... ഉച്ചയൂണ്‍ തയ്യാറായി എന്ന അറിയിപ്പു കിട്ടിയതോടെ എല്ലാരും
ഊട്ടുപുര ലക്ഷ്യമാക്കി നടന്നു.
അന്‍വര്‍ ഇക്കയും സാബുവും
ഡോ ആര്‍ കെ തിരൂരും സംഗീതുമാരും ബാസിയും റഫീക്കും മുനീറുമെല്ലാം വിളമ്പാനും മറ്റും
ഉല്സാഹത്തോടെ ഓടി നടക്കുന്നുണ്ടായിരുന്നു. ആദ്യത്തെ പന്തിയില്‍ തന്നെ
വിഭവസമൃദ്ധമായ സദ്യ കഴിച്ച് മടങ്ങാന്‍ ഒരുങ്ങി – നിറഞ്ഞ മനസ്സോടെ! എല്ലാവരോടും
യാത്ര പറഞ്ഞു മടങ്ങുമ്പോള്‍ ഏറെ കാലമായി കാണാതിരുന്ന ചിലരെ വീണ്ടും കണ്ട
സംതൃപ്തിയായിരുന്നു എന്റെയുള്ളില്‍. കൂട്ടിനു വന്ന പ്രിയതമനും ഒട്ടും വിരസത
അനുഭവപ്പെടാത്ത ഒരു നല്ല അനുഭവമായിരുന്നു ഈ മീറ്റ്.
തിരിച്ചെത്തി ഫേസ്ബുക്കില്‍
നോക്കിയപ്പോള്‍ മീറ്റ് പരാജയമാണ് നഷ്ടമാണ് എന്നൊക്കെയുള്ള ധ്വനിയില്‍ ചില
പോസ്റ്റുകളും മറ്റും കണ്ടു. ആരോപണങ്ങളും പ്രത്യാരോപണങ്ങളും മാത്രമല്ല, ഇതിലൊന്നും
പങ്കെടുക്കാത്ത ആളുകളുടെ വക കമന്റുകളും. സത്യത്തില്‍ അതൊക്കെ കണ്ടപ്പോള്‍ സങ്കടം
തോന്നി. അതില്‍ പങ്കെടുത്ത ആളുകള്‍ക്ക് സന്തോഷത്തിന്‍റെ കുറെ നിമിഷങ്ങള്‍
പ്രദാനംചെയ്ത മീറ്റ് പരാജയമാണ് പ്രഹസനമാണ് എന്നൊക്കെ വിധിയെഴുതാന്‍ ചിലരെങ്കിലും
ധൃതി കാണിച്ചില്ലേ? കഴിഞ്ഞ വര്‍ഷത്തെക്കാള്‍ ആളുകള്‍ കുറവാണ്, നടത്തിപ്പുകാര്‍ക്ക്
നഷ്ടം വന്നു എന്നൊക്കെയാണ് അവരുടെ ചില വാദങ്ങള്‍. വരാമെന്ന് ഉറപ്പു പറഞ്ഞ ആളുകള്‍
വന്നില്ലെങ്കില്‍ അതിനു സംഘാടകര്‍ എന്ത് പിഴച്ചു?
ബെഞ്ചി, അന്‍വര്‍ ഇക്ക, അബ്സാര്‍ എന്നിവരോടൊപ്പം |
തുഞ്ചന്‍ പറമ്പില്‍
മീറ്റില്‍ പങ്കെടുത്ത ആള്‍ എന്ന നിലയില്‍ ഞാന്‍ ഏറെ സന്തോഷവതിയാണ്. ഏറെ കാലമായി
കാണണം, പരിചയപ്പെടണം എന്ന്‍ കരുതിയ കുറെ ആളുകളെ കാണാനും അവരുമായി അല്‍പ നേരം
പങ്കുവയ്ക്കാനും കഴിഞ്ഞു എന്നത് എന്നെ സംബന്ധിച്ചിടത്തോളം വലിയ കാര്യമാണ്. മീറ്റില്‍ പങ്കെടുത്ത ബഹുഭൂരിഭാഗം ആളുകള്‍ക്കും മീറ്റിനെ
കുറിച്ചാലോചിക്കുമ്പോള്‍ ഉള്ളില്‍ സന്തോഷം തന്നെയാവും തോന്നുക എന്നാണ് എനിക്ക്
തോന്നുന്നത്. എന്‍റെ ഒരേയൊരു സങ്കടം അവിടെ വെച്ച് കാണാമെന്ന് കരുതിയ പലരെയും
കാണാന്‍ കഴിഞ്ഞില്ല എന്നതാണ്. പിന്നെ മുഴുവന്‍ സമയവും മീറ്റില്‍ പങ്കെടുക്കാന്‍
കഴിഞ്ഞില്ല എന്നതും ഒരു നിരാശയായി മനസ്സില്‍ അവശേഷിക്കുന്നു. അതിനാല്‍ തന്നെ
അടുത്ത തവണ ഒരു മീറ്റുണ്ട് എന്നറിഞ്ഞാല്‍ ഒരു വിധം നിവൃത്തിയുണ്ടെങ്കില്‍ ഞാന്‍
അവിടെ എത്തിയിരിക്കും എന്ന്‍ പറയേണ്ടിയിരിക്കുന്നു.
ഇത്തരം ഒരു സംരഭത്തിന്
മുന്‍കൈയെടുത്ത സാബുവിന് നന്ദി! ഒപ്പം ഈ മീറ്റിന്‍റെ വിജയത്തിനായി പ്രവര്‍ത്തിച്ച
ആര്‍ കെ തിരൂര്‍, അബ്സാര്‍, മുനീര്‍ എന്നിവര്‍ക്കും. ബ്ലോഗിലേക്ക് മടങ്ങുവാന്‍ ഒരു
ചെറിയ പ്രചോദനം കാത്തിരിക്കുന്ന പലര്‍ക്കും ഈ മീറ്റ് പ്രോത്സാഹനമാവുമെന്നാണ്
എനിക്ക് തോന്നിയത്. അങ്ങനെയെങ്കില്‍ ബ്ലോഗില്‍ വായനക്കാരും എഴുത്തുകാരും
സജീവമാകുന്ന നാളുകള്‍ വിദൂരമല്ല എന്ന പ്രത്യാശയോടെ ഞാനും ബ്ലോഗിലേക്ക് തിരച്ചു
വരുന്നു...
ബ്ലോഗ് മീറ്റിനെ കുറിച്ചുള്ള ഹൃദ്യമായൊരു വിവരണം
ReplyDeleteതീര്‍ച്ചയായും പാഠങ്ങള്‍ ഉള്‍കൊണ്ടുകൊണ്ട് കരുത്തരാകാനും,ഊര്‍ജ്ജസ്വരാകാനും ബ്ലോഗര്‍മാര്‍ക്ക് കഴിയുമാറാകട്ടെ!
ആശംസകള്‍
അതേ തങ്കപ്പേട്ടാ, ഒരു പുതിയ ഊര്‍ജ്ജം എല്ലാവര്‍ക്കും കൈവരട്ടെ!
Deleteശരിയാണ്..
ReplyDeleteമധുരമൂറുന്ന അനുഭവങ്ങള്...
ശ്ശെ.. ന്നാലും ഇങ്ങനൊരു പോസ്റ്റിടുമെന്ന് ആദ്യെ പറയായിരുന്നെങ്കില് ഞാനും ഫോട്ടോക്ക് നിന്നുതന്നെനെ.. :D
:)
Deleteസാരമില്ല, അടുത്ത മീറ്റിലാവാം, എന്തേയ്?
ബ്ലോഗേര്‍സ് മീറ്റിന്റെ സര്‍വ്വ ഉള്‍ത്തുടിപ്പുകളും പകര്‍ത്തിയ ഒരു പോസ്റ്റ്. കൂടാതെ ഇത്രയും നല്ലൊരു സംരഭത്തിനെതിരെയുള്ള ആരോപണങ്ങള്‍ക്കെതിരായുള്ള വ്യാകുലതകളും."കായ്ക്കുന്ന മാവിനേ കല്ലെറിയൂ" എന്ന പൊതു തത്വം മനസ്സിലാക്കി ഇത്തരം സൌഹൃദ സദസ്സുകള്‍ ഇനിയും ഉണ്ടാവട്ടെ എന്ന് മനസ്സുകൊണ്ട് പ്രാര്‍ത്ഥിക്കുന്നതോടൊപ്പം ബ്ലോഗിന്റെ അണിയറ പ്രവര്‍ത്തകര്‍ക്കും അതു പോലെ ഇ-മഷിയുടെ ചുക്കാന്‍ പിടിക്കുന്ന നിഷേച്ചിക്കും പ്രത്യേക അഭിനന്ദനങ്ങള്‍ അറിയിക്കുന്നു. നന്ദി !
ReplyDeleteനന്ദി ഫിറോസ്! മീറ്റില്‍ പങ്കെടുത്ത മിക്കവര്‍ക്കും അതൊരു നല്ല അനുഭവം ആണെന്നിരിക്കേ എന്തു കൊണ്ട് ഇതിനെതിരെ ശബ്ദങ്ങള്‍ ഉയര്‍ന്നു എന്ന ചോദ്യത്തിന് ഫിറോസ് പറഞ്ഞതാവാം കാരണം.
Deleteമഷി എന്നും മായാതെ നില്ക്കാന്‍ നിങ്ങളൊക്കെ നല്‍കുന്ന പിന്തുണ സ്നേഹപൂര്‍വ്വം ഏറ്റുവാങ്ങുന്നു.
മീറ്റിൽ പങ്കെടുക്കാൻ കഴിഞ്ഞില്ല - ഓർക്കാപുറത്തുകിട്ടിയ പണികൾ കാരണം...
ReplyDeleteനല്ല വിവരണം... :)
നന്ദി!
Deleteഎനിക്ക് കഴിഞ്ഞ മീറ്റിനു പങ്കെടുക്കാന്‍ കഴിയാത്തതിലെ ദുഃഖം ഈ മീറ്റില്‍ മാറിക്കിട്ടി. അടുത്ത മീറ്റില്‍ താങ്കള്‍ക്കും പങ്കെടുക്കാന്‍ കഴിയട്ടെ എന്നാശംസിക്കുന്നു.
Dear Nishecheeeeee Meettil pankedukkan kazhiyaththathil valare ere vedanayund prathekichu ente eshtabhajangale miss chaithathil
ReplyDeletenalla vivaranam ashamasakl dear checheeeeee
നന്ദി ഷംസുദ്ദീന്‍! അടുത്ത മീറ്റില്‍ അവരെയൊക്കെ കാണാനാകും എന്ന്‍ പ്രതീക്ഷിക്കാം ...
Deleteമനോജ്ഞമായ ആഖ്യാനം. അനുമോദനം.
ReplyDeleteനന്ദി! മീറ്റില്‍ വെച്ച് താങ്കളെ നേരില്‍ പരിചയപ്പെടാന്‍ സാധിച്ചതില്‍ സന്തോഷം!
Deleteമീറ്റിൽ പങ്കെടുക്കാൻ കഴിഞ്ഞില്ല ... മീറ്റിലെ വിവരങ്ങൾ അറിഞ്ഞു സന്തോഷിക്കുന്നു
ReplyDeleteഅടുത്ത തവണ പങ്കെടുക്കാനാവും എന്നാശിക്കാം, അല്ലേ?
Deleteപങ്കെടുത്ത പുതിയ ബ്ലോഗ്ഗര്‍മാരില്‍ നിന്നും വളരെ നല്ല അഭിപ്രായമാണ് കേട്ടത്. നിഷയുടെ ഈ പോസ്റ്റും അത് ശരി വെക്കുന്നു... കൂട്ടായ്മയിലെ നന്മ മാത്രം മനസ്സില്‍ സൂക്ഷിച്ച് മറ്റെല്ലാം നമുക്ക് മറക്കാം... നന്ദി നിഷ :) And special congrats for you & the team behind E-Mashi
ReplyDeleteഅതേ മുബീ...മുന്‍വിധികളുമായി ആളുകള്‍ പ്രതികരിക്കുമ്പോഴാണ് പലപ്പോഴും ഇങ്ങനെയുള്ള ചില സ്വരങ്ങള്‍ ഉയര്‍ന്നു കേള്‍ക്കുന്നത്. അവിടെ എത്തിച്ചേര്‍ന്നവര്‍ക്ക് യാതൊരുവിധ അസൌകര്യങ്ങളും ഉണ്ടായില്ല, എല്ലാം നല്ല നിലയില്‍ തന്നെ നടന്നു. അപ്പോള്‍ പിന്നെ അതിലെ നന്മ തന്നെയല്ലേ മികച്ചു നില്‍ക്കുക?
Deleteഇ-മഷിക്ക് പിന്നില്‍ അക്ഷീണം പ്രവര്‍ത്തിക്കുന്ന എല്ലാവര്ക്കും വേണ്ടി ആശംസകള്‍ സന്തോഷപൂര്‍വ്വം സ്വീകരിക്കുന്നു! :)
വരണമെന്ന് കരുതിത്തന്നെ ഇരുന്നതാണു.വയ്യാതായിപ്പോയി..
ReplyDelete80 ഇൽ അധികം ആൾക്കാർ പങ്കെടുത്തെന്ന് പറഞ്ഞ് കേട്ട മീറ്റ് പരാജയമാണെന്ന് പറയുന്നവർ ഭ്രാന്തന്മാർ ആയിരിക്കും.
ഇപ്പോള്‍ സൌഖ്യം തന്നെ എന്ന് കരുതുന്നു.
Deleteപഴയ മീറ്റുകളില്‍ ഇതിലും കൂടുതല്‍ ആളുകള്‍ ഉണ്ടായിരുന്നുവത്രേ! അതാവാം അവര്‍ അങ്ങനെ പറഞ്ഞത്. ആളുകളെ എണ്ണത്തേക്കാള്‍ അവര്‍ക്കവിടെ നിന്നും ലഭിച്ച അനുഭവങ്ങള്‍ ആണ് ഇത്തരം ഒരു പരിപാടിയുടെ വിജയത്തിന്‍റെ മാനദണ്ഡം എന്നെനിക്ക് തോന്നി അത്രമാത്രം!
അടുത്ത തവണ താങ്കള്‍ക്കും പങ്കെടുക്കാന്‍ കഴിയട്ടെ എന്നാശംസിക്കുന്നു!
Meet vijayamaanu
ReplyDeleteMeet vijayamaanu
Meet vijayamaanu
enikkathre parayaanulloo.. ;)
അതേ!
Deleteഅതേ!
അതേ!
എനിക്കും ഇത്രയേ പറയാനുള്ളൂ :D
ബ്ലോഗർ സംഗമത്തെക്കുറിച്ചുള്ള എന്റെ ഹൃദയവികാരങ്ങളുംകൂടിയാണ് നിഷയുടെ വരികളിൽ ഞാൻ കണ്ടത്. ഗ്രൂപ്പുകളിലൊന്നും താല്പര്യമില്ലെങ്കിലും എല്ലാ ഗ്രൂപ്പുകളിലും പ്രവർത്തിക്കുന്ന സമാനമനസ്ക്കരുമായി സൗഹൃദം നിലനിർത്തണമെന്നും സംവദിക്കണമെന്നും ഞാനും ആഗ്രഹിക്കുന്നു. അതിനു കിട്ടുന്ന എല്ലാ അവസരങ്ങളും ഉപയോഗിക്കാനും താല്പര്യമുണ്ട്. നിഷയുടെ കുറിപ്പിനു നന്ദി.
ReplyDeleteനന്ദി ഉസ്മാനിക്ക! സൌഹൃദങ്ങള്‍ക്ക് അതിരുകളില്ല. സമാനമനസ്കരുമായുള്ള സംവാദത്തിനു അനേകം അവസരങ്ങള്‍ താങ്കള്‍ക്ക് ലഭിക്കട്ടെ എന്നാശംസിക്കുന്നു!
Deleteഇങ്ങളെ കാണണം കാണണം എന്നുണ്ടായിരുന്നു. എന്തായാലും വൈകിയെങ്കിലും കണ്ടതില്‍ ഒരുപാട് സന്തോഷം.
ReplyDeleteഎന്തായാലും ഇങ്ങള്‍ മീറ്റിലേക്ക് കയറിയപ്പോള്‍ ആദ്യം കണ്ടത് എന്റെ മോന്തായം അല്ലേ... അപ്പൊ പിന്നെ ഇങ്ങടെ മീറ്റ് എങ്ങിനെ അടിപൊളി ആകാതിരിക്കും. ;)
ഹ ഹ ഹ - ലിങ്കേറു കിട്ടാതെ രക്ഷപ്പെട്ടത് മഹാഭാഗ്യം എന്ന് ഞാനും!
Deleteഅബസ്വരനെ കണ്ടത്തില്‍ ഞമ്മക്കും പെരുത്ത് സന്തോഷമുണ്ട്! മീറ്റ് അടിപൊളി ആക്കിയതിന് നന്ദി! :)
നല്ല പരിചയമുള്ള എന്നാല്‍ നേരിട്ട് കണ്ടില്ലാത്തവരെ നേരെ കാണുമ്പോള്‍ ഉണ്ടാകുന്ന മാനസ്സികമായ ആഹ്ലാദം വളരെ വലുതാണ്. മുന്പ് രണ്ടുമൂന്നു മീറ്റുകളില്‍ പങ്കെടുത്തിരുന്നു എന്നതിനാല്‍ അവിടെ നിന്ന് ലഭിക്കുന്ന തൃപ്തി പോസ്റ്റ് വായിച്ചപ്പോള്‍ ലഭിച്ചു. ഞാന്‍ വിചാരിക്കുന്നത് പോലെയാകണം എല്ലാം നടക്കേണ്ടത് അതാണ് ശരി എന്ന ചിന്തകളാണ് പലപ്പോഴും പ്രശ്നങ്ങള്‍ ഉണ്ടാക്കുന്നത്. ചെയ്യുന്ന പ്രവൃത്തിയോട് ആത്മാര്‍ത്ഥത വന്നാല്‍ അവിടെ വാശിക്ക് സ്ഥാനമില്ല. കേള്‍ക്കുന്നവര്‍ക്ക് നല്ലതെന്ന് തോന്നാവുന്ന വാക്കുകള്‍ വിളിച്ചു പറയാന്‍ ഒന്നും ചെയ്യാതെ ഇരിക്കുന്നവര്‍ക്ക് എളുപ്പമാണ്. എന്തെങ്കിലും ചെയ്യുമ്പോള്‍ മാത്രമാണ് അതിലെ കുറ്റം കണ്ടെത്താന്‍ കഴിയുന്നത്. തമ്മില്‍ കാണാതെ ഒരു പരിപാടി ആസൂത്രണം ചെയ്യുമ്പോള്‍ ചില പ്രായോഗിക ബുദ്ധിമുട്ടുകള്‍ സംഭവിക്കുക സ്വാഭാവികമാണ്.
ReplyDeleteഅതേ രാംജിയേട്ടാ! മനസ്സിന്‍റെ സന്തോഷം തന്നെയാണ് വലുത്.
Deleteനമ്മുടെ ശരികള്‍ എല്ലാവരുടേയും ശരികള്‍ ആവണം എന്നില്ലല്ലോ. പിന്നെ ആര്‍ക്കും എപ്പോഴും ഒരു ബുദ്ധിമുട്ടും ഇല്ലാതെ ചെയ്യാവുന്ന കാര്യം കുറ്റവും കുറവും കണ്ടെത്തുക എന്നതാണ്. താങ്കള്‍ പറഞ്ഞ പോലെ ഒന്നും പ്രവര്‍ത്തിക്കാതെ മറ്റുള്ളവരെ കുറ്റപ്പെടുത്താന്‍ വളരെ എളുപ്പമാണ്. കാര്യത്തോടടുക്കുമ്പോള്‍ അറിയാം അതിന്റെ ബുദ്ധിമുട്ട്!
നിഷേച്ചീ.. ലബ്യുട്ടാ.. നാട്ടില്‍ ഉണ്ടായിരുന്നുവെങ്കില്‍ എന്ന് ആശിച്ച ദിവസമായിരുന്നു കഴിഞ്ഞത് :(. അടുത്ത ബ്ലോഗ് മീറ്റിനെങ്കിലും പങ്കെടുക്കാന്‍ പറ്റണെയെന്നു ആത്മാര്‍ത്ഥമായി ആഗ്രഹിക്കുന്നു!
ReplyDeleteപലരും, പങ്കെടുത്തവര്‍ നല്ലത് എന്ന് പറഞ്ഞു കേട്ടപ്പോള്‍, പങ്കെടുക്കാത്തവര്‍ കാടടച്ചു വെടി വെക്കുന്നത് കണ്ടു ചിരിയാണ് വന്നത്. കഴിച്ചവനെക്കാള്‍ കണ്ടവന് രുചി അറിഞ്ഞത് പോലെ! :)
(ഇമഷി പറഞ്ഞു സ്വന്തം കാര്യം മറന്നു എന്നതില്‍ നിഷേച്ചി ആയത്കൊണ്ട് തന്നെ എനിക്കൊരു അതിശയവുമില്ല :) )
:) അതെന്നേ... ഇതൊരു പരാജയമായിരുന്നു എന്ന്‍ വരുത്തിത്തീര്‍ക്കാന്‍ ആരൊക്കെയോ ധൃതി കൂട്ടി... പങ്കെടുത്തവരുടെ അഭിപ്രായത്തില്‍ മീറ്റ് ഒരു പരാജയം അല്ലായിരുന്നു. ആളുകളുടെ എണ്ണം മാത്രമല്ലല്ലോ മാനദണ്ഡം!
Deleteസത്യത്തില്‍ ബ്ലോഗിനെപ്പറ്റി പറയാന്‍ തന്നെയാണ് പോയത്. എന്നാല്‍ മൈക്ക് കയ്യില്‍ കിട്ടിയപ്പോള്‍ മനസ്സില്‍ വന്നത് ഇ-മഷിയുടെ കാര്യം മാത്രമാണ്. അതങ്ങനെ പറ്റിപ്പോയി :D
പറയാന്‍ തോന്നിയ കാര്യങ്ങളൊക്കെ ഇതില്‍ പറഞ്ഞുവല്ലോ. നന്ദി
ReplyDeleteഅതേ, അതാണുണ്ടായത് :)
Deleteനമ്മുടെ നിഘണ്ടുവില്‍ പരാജയമെന്ന ഒരു വാക്ക് ഇല്ല. എല്ലാം വിജയങ്ങള്‍ മാറ്റ്രം. അതിന്റെ പെര്‍സന്റേജ് മാത്രം വ്യത്യാസപ്പെടുന്നുവെന്നേയുള്ളു!!
ReplyDeleteഅതെന്നെ! പ്രത്യേകിച്ചും ഇങ്ങനത്തെ കാര്യങ്ങളില്‍.
Deleteമാത്രം എന്ന് തിരുത്തി വായിക്കണം
ReplyDeleteഓക്കേ അജിത്തേട്ടാ!
Deleteമീറ്റിനെപ്പറ്റിയുള്ള പോസ്റ്റിൽ മാത്രം ഒതുക്കരുത് ബ്ലോഗിങ്ങ്. ശക്തമായി എഴുതിക്കൊണ്ടേയിരിക്കുക. ആശംസകൾ !!!
ReplyDeleteമനോജേട്ടനെ പരിചയപ്പെട്ടത് മീറ്റിലെ നല്ല ഓര്‍മകളില്‍ ഒന്നാണ്. ബ്ലോഗിങ്ങ് വീണ്ടും ഉഷാറാക്കാനുള്ള ശ്രമത്തിലാണ്.
Deleteസത്യസന്ധ്യമായ വിലയിരുത്തലിനും സംതൃപ്തി നിറഞ്ഞ ഈ പോസ്റ്റിനും നന്ദി...... മീറ്റിനു ശേഷമുള്ള ഫേസ്ബുക്ക് ചർച്ചകൾ കണ്ട് മനസ്സുമടുത്തിരിക്കുകയായിരുന്നു. എവിടെനിന്ന് ആര് എങ്ങനെ പറഞ്ഞാലും അതിന്റെ ഒരുതലക്കലെ കുരുക്ക് എന്റെ കഴുത്തിലാണെന്നത് അവർ സൗകര്യപൂർവ്വം മറന്നു. വളരെ നല്ല നിലയിൽ നടന്ന മീറ്റിനെ ഏറ്റവും മോശമായി ചിത്രീകരിക്കാനാണ് കൂടുതൽ പേരും ശ്രമിച്ചതെന്നു തോന്നി. എന്തായാലും എല്ലാ ഫേസ്ബുക്ക് ഗ്രൂപ്പുകളിൽ നിന്നും പുറത്തേക്കിറങ്ങി. ഇനി ഒരുമീറ്റും സംഘടിപ്പിക്കാനില്ല എന്ന തീരുമാനവുമെടുത്തു. ആരെങ്കിലും വിളിച്ച് ഒരു നല്ല വാക്ക് പറയുമെന്നു പ്രതീക്ഷിച്ചു. അതുമാത്രം ഉണ്ടായില്ല.....
ReplyDeleteസാബൂനെ വിളിക്കണം എന്ന് കരുതിയതാണ്. യാത്രകള്‍ക്കിടയില്‍ വിട്ടുപോയതാണ്. ക്ഷമിക്കുമല്ലോ!
Deleteകുറ്റം പറയാനുള്ളവര്‍ എന്തൊക്കെയായാലും കുറ്റം പറയും. അവര്‍ക്ക് അത് തന്നെയാണ് പണി. ആരോപണങ്ങളിലും കുറ്റങ്ങളിലും കഴമ്പുണ്ടോ എന്ന്‍ സ്വയം വിലയിരുത്തുക. ഉണ്ടെങ്കില്‍ അതിനുള്ള പ്രതിവിധികള്‍ ചെയ്യുക. ഇല്ലെങ്കില്‍ തള്ളിക്കളയുക.
മീറ്റില്‍ പങ്കെടുത്ത ആളുകളുടെ പ്രതികരണത്തില്‍ നിന്നും മീറ്റ് നല്ല രീതിയില്‍ തന്നെ നടന്നു എന്നല്ലേ മനസ്സിലാവുന്നത്? അപ്പോള്‍ മറിച്ചുള്ള വാര്‍ത്തകള്‍ എങ്ങനെയുണ്ടായി എന്നൂഹിക്കാമല്ലോ!
ഒരു നല്ല സംഘാടകന്‍ എന്ന്‍ സാബുവിന് അഭിമാനിക്കാം. നമുക്കിനിയും മീറ്റുകള്‍ വേണം. അതിനു താങ്കളെപ്പോലെയുള്ളവരും. ഒരു ബ്രേക്ക് എടുത്തിട്ട് തിരിച്ചു വരിക.
എനിക്ക് മീറ്റ് ഇഷ്ടായി.. വളരെ സന്തോഷവും ഉണ്ടായി.. ചേച്ചിയെപ്പോലെ ആദ്യായിട്ടാണ് മീറ്റില്... :)
ReplyDeleteഷബ്നയെ കണ്ടു എന്നല്ലാതെ പരിചയപ്പെടാന്‍ സാധിച്ചില്ല. അത് അടുത്ത മീറ്റില്‍ ആവാമല്ലേ?
Deleteവിഡ്ഢിമാന്‍ ഉണ്ടായിരുന്നില്ലേ?
ReplyDeleteവിധു ചോപ്ര കണ്ണൂര്‍ ആരുടെയോ ഫെയ്ക്ക് ആയിരിക്കും എന്നാണ് ഇതുവരെ കരുതിയിരുന്നത്. ദൃക്സാക്ഷികളെ കണ്ടെത്തിയതില്‍ സന്തോഷം.
ഇല്ല, വിഡ്ഢിമാന്‍ ഉണ്ടായിരുന്നില്ല.
Deleteവിധു ചോപ്ര ഫെയ്ക്ക് അല്ല :)
അടുത്ത തവണ കാണാം ല്ലേ....????????
ReplyDeleteഅങ്ങനെ കരുതാം... :)
Deleteഎന്തായാലും നാലാള്‍ കൂടുന്നിടത്ത് ഒരു പോസിറ്റീവ് എനര്‍ജി ഉണ്ട്. സൌഹൃദ കൂട്ടായ്മ സാഹിത്യം എഴുത്ത് ഒക്കെയാകുമ്പോള്‍ അതിന് മാധുര്യമേറും.
ReplyDeleteഅത് ശരിയാണ് ജോസ്.
Delete(വിഭിന്ന ആശയക്കാര്‍ , വ്യത്യസ്ത ശൈലിക്കുടമകള്‍, വ്യത്യസ്ത സ്വഭാവക്കാര്‍ ...... എഴുത്തില്‍ കടിച്ചു കീറുന്ന ബ്ലോഗര്‍മാര്‍ എല്ലാം മറന്നു ഒന്നിച്ചു കൂടുന്ന , പരിചയപ്പെടുന്ന , പരിചയം പുതുക്കുന്ന , ആസ്വദിക്കുന്ന ഒരു പരിപാടിയില്‍ പങ്കെടുക്കാന്‍ സാധിക്കുക എന്നത് ഭാഗ്യമാണ് . മറ്റുള്ളതൊക്കെ നമുക്ക് വിടാം )
ReplyDeleteഅടുത്ത ബ്ലോഗ് മീറ്റ് ഖത്തറില്‍ വച്ച് നടത്തുകയാണെങ്കില്‍ തീര്‍ച്ചയായും പങ്കെടുക്കുന്നതാണ് :)
അതേ, നന്മകള്‍ മാത്രം നെഞ്ചോട് ചേര്‍ക്കാം.
Deleteഖത്തറില്‍ വെച്ച് നടത്തുന്ന മീറ്റിന് പങ്കെടുക്കാന്‍ കഴിയില്ലെന്ന് ഖേദപൂര്‍വ്വം അറിയിക്കുന്നു :)
എല്ലാവർക്കും ഒത്തു കൂടാനും തമ്മിൽ പരിചയപ്പെടാനും സാധിച്ചില്ലേ? അതാണ്, അത് മാത്രം ആണ് ഇതിൻറെ വിജയം.
ReplyDeleteനിഷയുടെ വാക്കുകളിൽ തുടിയ്ക്കുന്ന ആ സന്തോഷം. അത് ഇതിന്റെ വിജയം വിളിച്ചോതുന്നു.
സാബു ആണ് സംഘാടകൻ എന്ന് മനസ്സിലായി. അദ്ദേഹത്തിന് എല്ലാവിധ ആശംസകളും.
നന്ദി! ഈ നല്ല വാക്കുകള്‍ക്ക്. തീര്‍ച്ചയായും മീറ്റ് വിജയം തന്നെയായിരുന്നു...
Deleteവരാൻ സാധിക്കാഞ്ഞതിൽ വിഷമം ഉണ്ട് ... അന്ന് വന്ന എല്ലാവർക്കും എന്റെ ആശംസകൾ
ReplyDeleteഅടുത്ത തവണ പങ്കെടുക്കാന്‍ സാധിക്കട്ടെ എന്നാശംസിക്കുന്നു!
Deleteമീറ്റിനെക്കുറിച്ച് ഉള്ള പോസ്റ്റുകളില്‍ മികച്ച ഒരെണ്ണം. നിഷചേച്ചിയെ കണ്ടതിലും വളരെ സന്തോഷം. :)
ReplyDeleteനന്ദി ഉട്ടോ! കണ്ടതില്‍ എനിക്കും ഏറെ സന്തോഷമുണ്ട് കേട്ടോ!
Deleteപിന്നെ, അന്നെടുത്ത ഫോട്ടോസ് ഒക്കെ ഉഗ്രനായിട്ടുണ്ട്! എന്റെയും ചില നല്ല ഫോട്ടോസ് കിട്ടി :)
ഇത് വായിച്ചപ്പോള്‍ പങ്കെടുത്തപോലെ തോന്നുന്നു.ആശംസകള്‍
ReplyDeleteനന്ദി, ഈ നല്ല വാക്കുകള്‍ക്ക്!
Delete