മരണമെത്തുമ്പോള്‍
പാതിജീവന്‍ മിടിക്കുമെന്‍ ഹൃത്തിലുയരും
പുത്ര ദു:ഖമറിയാഞ്ഞതെന്തേ നീ?
മരണമെന്നരികില്‍ വന്നണഞ്ഞ വേളയില്‍
എന്തിനെന്നെ വിട്ടകന്നു പോയ് നീ?
രോഗമെന്‍ മേനിയെ കാര്‍ന്നു തിന്നെങ്കിലും
നിനക്കായെന്‍ ഹൃദയം ഞാന്‍ കാത്തു വെച്ചു;
വേദനകളെന്നസ്ഥിയില്‍ തുളഞ്ഞിറങ്ങുമ്പോഴും
നിന്‍ മുഖമോര്‍ത്തു ഞാന്‍ പുഞ്ചിരിച്ചിരുന്നു....
ഇനിയെന്നെക്കാണാന്‍ നീ വരില്ലെന്നറികിലും,
നിന്നെയൊരു നോക്കു കണ്ടീടുവാന്‍ വ്യര്‍ത്ഥമാ-
യെന്‍ മനം കൊതിപ്പൂ; നിന്നെക്കാണാതിന്നു ഞാന്‍
മരിക്കിലെന്നാത്മാവിനു ശാന്തിയില്ലെന്നോതുന്നു ചിലര്‍ ...
എങ്കിലുമോമനേ നീ കരയേണ്ട; കുഞ്ഞിളം പൈതലായി
പുഞ്ചിരി തൂകി നില്‍പ്പൂ നീയെന്നുള്ളിലിപ്പോള്‍ ;
ആ ചിരിയെന്നുള്ളില്‍ നിറഞ്ഞിരിക്കും കാലമത്രയും
ഒരു ചിതയുമെന്നെ പൊള്ളിക്കുകയില്ല - ഞാന്‍ മരിച്ചാലും....
ജീവന്‍ നല്‍കി ഞാന്‍ നിനക്കെന്നാകിലും,
സ്വപ്നം കാണാന്‍ കരുത്തേകിയെന്നാകിലും
പിച്ച വെച്ചു നിന്നെ ഞാന്‍ നടത്തിയെന്നാകിലും
ഉച്ചിയില്‍ കൈവച്ചനുഗ്രഹിച്ചീടുമെന്നാളുമെങ്കിലും,
ഇനി ഞാന്‍ മരിച്ചെന്നു കേട്ടാലും നീ വന്നിടേണ്ട
കണ്ണീര്‍ക്കയങ്ങള്‍ തീര്‍ത്തതില്‍ മുങ്ങിടേണ്ട;
നിന്‍ മോഹന സ്വപ്നങ്ങളില്‍ അമ്മയൊരു
വേദനയായ് നിറഞ്ഞിടാതിരിക്കട്ടെയൊരിക്കലും
ഞാന്‍ മരിച്ചു മണ്ണടിയുമ്പോഴെനിക്കായ്
സ്മാരകമൊന്നും പണിയേണ്ടതില്ല നീ...
അഗ്നിയിലൊരുപിടി ചാരമായ് മാറിയോരെന്‍
ചിത്രത്തെ മുഖപുസ്തകത്താളുകളില്‍ പൂജിക്കേണ്ട;
സ്നേഹത്തോടെ നീയുരിയാടാത്ത വാക്കുകള്‍ -
ക്കൊണ്ടതിന്‍ മതിലുകള്‍ നീ നിറച്ചിടേണ്ടിനിയും;
മനസ്സിനൊരു ചെറു കോണില്‍ പോലുമെന്നെ നീ
നനുത്തോരോര്‍മ്മയായ് കാത്തിടേണ്ടിനിയൊരു നാളും!
Picture Courtesy: Google Images
Comments
സ്നേഹത്തോടെ നീയുരിയാടാത്ത വാക്കുകള്‍-
ക്കൊണ്ടതിന്‍ മതിലുകള്‍ നീ നിറച്ചിടേണ്ടിനിയും....
ഉള്ളില്‍ തിങ്ങിവിങ്ങും വരികള്‍.
നന്നായിരിക്കുന്നു കവിത
ആശംസകള്‍
അമ്മയുടെ ആത്മഗതവും നന്നായി, ട്ടോ...:) ആശംസകള്‍
കവിത നന്നായി എന്നറിഞ്ഞതില്‍ സന്തോഷം.
എനിക്കും ഇഷ്ടായി.. ഞാനിപ്പോ ഇത് വായിച്ചു കേള്‍പ്പിച്ച എന്‍റെ സുഹൃത്ത് ദിവ്യക്കും ഇഷ്ടമായി.. :)
സ്നേഹപൂർവ്വം ...
ശുഭാശംസകൾ ....
കവിത ഇഷ്ടം !! ആശംസകള്‍