Posts

ഇനിയൊന്നുറങ്ങണം...

Image
ഇനിയൊന്നുറങ്ങണമെനി- ക്കൊരിക്കലും ഉണരാതിരിക്കാന്‍..... പൊട്ടിവിടരും പുലരിയുടെ നിശ്ശബ്ദത കവരും ഘടികാര- ത്തിന്നലര്‍ച്ച കേട്ടിനിയെനിക്ക് ഉണരേണ്ടൊരു പുലരിയിലും... രാവും പകലുമില്ലാതെയോടി- ത്തളര്‍ന്നോരെന്‍ മനസ്സും ദേഹവും നിത്യമാമുറക്കത്തിലേക്കൊന്നു വഴുതി വീണീടുന്ന നേരം, വിളിച്ചുണര്‍ത്തരുതെന്നെ നിങ്ങള്‍ വീണ്ടുമീയവനിയില്‍ കിടന്നുഴറുവാന്‍.... ... വ്യാകുല ചിന്തകളേതുമില്ലാതെ, വ്യസനം പകരും സ്വപ്നങ്ങളില്ലാതെ, ഇനിയൊന്നുറങ്ങണമെനി- ക്കൊരിക്കലും ഉണരാതിരിക്കാന്‍......... എന്നെയുണര്‍ത്താതിരിക്കൂ നീയുണ്ണീ നിന്‍ കിളിക്കൊഞ്ചലാല്‍; വേണ്ട പ്രിയനേ, നീയിനിയെന്‍ മൂര്‍ദ്ധാവില്‍ ചുംബിച്ചുണര്‍ത്തീടേണ്ടാ... ഇനി ഞാനൊന്നുറങ്ങീടട്ടെ നിന്‍ ബലിഷ്ഠമാം കരങ്ങളിലൊതുങ്ങി സീമന്തരേഖയില്‍ മായാതുറങ്ങുന്ന സിന്ദൂരപ്പൊട്ടുപോലെ ഞാനുറങ്ങട്ടെ... ഇനിയും ഉണരാതിരിക്കാന്‍ ഒരിക്കല്‍ ഞാനുറങ്ങിടട്ടെ!!! ചിത്രത്തിനു കടപ്പാട്: ഗൂഗിള്‍ ഇമേജ്  

ഓര്‍മ്മകള്‍

Image
ദു:ഖത്തിന്‍ കരിമുകിലുകള്‍ പേമാരിയായ് പെയ്തിറങ്ങി; നേരത്തോടുനേരമിരമ്പിയലറി, പെയ്തിട്ടും പെയ്തിട്ടുമൊഴിയുന്നില്ല... കൊള്ളിയാന്‍ മിന്നിയതാ- കാശത്തോപ്പിലല്ലീ മനസ്സില്‍ ; ഇടിയല്ലത് നിങ്ങള്‍ കേട്ടതീ നെഞ്ചിന്‍ വിങ്ങലുകളത്രേ! കാലമെത്ര കഴിഞ്ഞാലും  മാരിയെത്ര പൊഴിഞ്ഞാലും അണയാത്ത ജ്വാലയായ് കാറ്റിലുലയാതെ നില്‍ക്കും ദഹിപ്പിക്കാനാവില്ലയീയോര്‍മ്മകളെ അഗ്നിപര്‍വ്വതത്തോളം വളര്‍ന്ന, വിസ്മൃതിയില്‍ കരിഞ്ഞുണങ്ങാത്ത, കാരിരുമ്പ് പോലുള്ളോര്‍മകളെ... നേര്‍ത്തുപോകുമെന്‍ ശ്വാസ- ഗതികളൊരുന്നാളെങ്കിലും പേര്‍ത്തു പോകില്ലയുള്ളില്‍ നിന്നുടെ സൗരഭ്യം പരത്തും ഓര്‍മ്മകള്‍ .... ചിത്രത്തിന് കടപ്പാട്: ഗൂഗിള്‍ ഇമേജ് 

കൂട്ടുകാരെയോര്‍ത്ത്

Image
അറിയാത്തൊരു നൊമ്പരത്തില്‍ നെഞ്ചകം നുറുങ്ങുന്നു, ഇതു വരെ കാണാത്തൊരു കൂട്ടിനെയോര്‍ത്ത്... മനസ്സിലൊരു മഴവില്‍ വിരിയുന്നു, മാംഗല്യത്തിന്‍ മധുരം നുകരുവാനൊരുങ്ങുമിരു ജീവനെയോര്‍ത്ത്... ആശങ്ക തന്‍ ചിറകടിയൊച്ചകള്‍ മുഴങ്ങുന്നുവെന്നുള്ളില്‍ നിനച്ച സന്ദേശം കിട്ടാത്തതോര്‍ത്ത്... കരളില്‍ കദനം നിറയുന്നു, അകലെ നിന്നെത്തിയൊരു സ്നേഹത്തിന്റെ സൗഖ്യമറിയാത്തതോര്‍ത്ത്... കണ്ണുകള്‍ നിറയുന്നു, കൂട്ടത്തില്‍ കളിപറഞ്ഞു നടന്നവര്‍ തിണ്ണം കൊമ്പുകള്‍ കോര്‍ത്തതോര്‍ത്ത്... ഹൃദയം നിറയുന്നു ചുറ്റിലും സ്നേഹത്തിന്‍ പാലാഴി വിതറും മനസ്സുകളെയോര്‍ത്ത്... മോദത്താല്‍ തുടിക്കുന്നെന്‍ ഹൃദന്തം സ്നേഹാദരങ്ങള്‍ നല്കിയൊരീ കൂട്ടിന്‍ ഭാഗമെന്നോര്‍ത്ത്... ആഹ്ലാദിക്കുന്നു ഞാന്‍ ഒരമ്മതന്‍ മക്കളായ്‌ പിറന്നില്ലെങ്കിലും എന്റേതായി മാറിയവരെയോര്‍ത്ത്... നമിക്കുന്നു ശിരസ്സാദരാല്‍ ഞാനെന്‍ജീവനഴകേകിയ സര്‍വ്വശക്തി തന്‍ കാരുണ്യമോര്‍ത്ത്...

സൗഹൃദം

Image
കേട്ടുമറന്നോരീണമെന്‍ മനസ്സാം തംബുരുവില്‍ നിന്നു താനെയുയരവേ,  എന്തിനെന്നറിയാതെയെന്‍ മിഴി- കളൊരുമാത്ര സജലങ്ങളായ്! കാലരഥമേറി ഞാനേറെ ദൂരം പോയ്‌ കാണാകാഴ്ചകള്‍ തന്‍ മാധുര്യവുമായ്; ഒടുവിലൊരു പന്ഥാവിന്‍ മുന്നിലെത്തിയന്തിച്ചു-  നില്‍ക്കേ കേട്ടു,ഞാനായീണം വീണ്ടും. നിന്നോര്‍മ്മകളെന്നില്‍ നിറഞ്ഞ നേരം നിന്‍ പുഞ്ചിരിയെന്നില്‍ വിടര്‍ന്ന നേരം കൌമാരത്തിന്‍ കൈപിടിച്ചിന്നു ഞാന്‍ കാലത്തിന്‍ വഴികളിലൂടൊന്ന്‍ തിരിഞ്ഞു നടന്നു... ഇല്ലില്ല കോലാഹലമൊന്നുപോലുമവിടെ, വീണില്ല സൌഹൃദത്തേന്‍മരത്തിന്‍ ചില്ല ആയിരം കൈനീട്ടി വിടര്‍ന്നു നില്‍പ്പൂണ്ടിപ്പോഴും സ്നേഹാമൃതം തൂകി സുഹൃത്താമൊരരയാല്‍ !!! ചിത്രത്തിന് കടപ്പാട് : ഗൂഗിള്‍ ഇമേജ്

ഉണ്ണിയ്ക്കായ്

Image
ഉണ്ണീ നീയുണര്‍ന്നീടുക വേഗമിപ്പോള്‍  ഇന്നു നിന്റെയാട്ടപ്പിറന്നാളല്ലോ കര്‍ക്കിടകക്കാറുകള്‍ നീങ്ങിയാ മാനത്ത് അര്‍ക്കനിതായിപ്പോള്‍ പുഞ്ചിരിപ്പൂ... സ്നാനത്തിനാശു ഗമിച്ചീടുക നീയ്യെന്നിട്ടാ- ത്തേവരെയും പോയ്‌ വണങ്ങി വരൂ! നെറ്റിയില്‍ ചന്ദനക്കുറിയോടൊപ്പമമ്മ നല്കിടാം ഉമ്മകളായിരങ്ങള്‍ ; മാറോടുചേര്‍ത്തു പുണര്‍ന്നീടാം നിന്നെ ഞാന്‍ ഓമനയാമുണ്ണീ നീയോടിവായോ.. നിന്‍ കണ്ണില്‍ വിടരുന്നോരാനന്ദപ്പൂത്തിരി- യെന്നുള്ളില്‍ സ്നേഹക്കടലായ് മാറി, നെറുകയില്‍ കൈവെച്ചു ഞാനിതാ നേരുന്നു ആയൂരാരോഗ്യ സൗഭാഗ്യങ്ങളും നന്മതന്‍ നിറകുടമായ് വാഴുകയെന്നുടെ- യോമനക്കുട്ടാ നീയെന്നുമെന്നും പാരിലെ പീഡകള്‍ നിന്നെ വലയ്ക്കാതെ പാരം ഞാന്‍ കാത്തീടാമാവുവോളം... സദ്‌ബുദ്ധിയെന്നും നിന്‍ മതിയിലുണരുവാന്‍ സച്ചിതാനന്ദനെ വണങ്ങിടുന്നു... ഉണ്ണീ നീ വാഴ്കയാമോദമോടെന്നാളും ഉള്ളം നിറഞ്ഞു ഞാനനുഗ്രഹിപ്പൂ...

വ്യാഴവട്ടം

Image
ഞാനില്‍ നിന്നും നമ്മളിലേക്ക് നടന്നടുത്ത കാലം, സ്വപങ്ങള്‍ക്കനേകം ചിറകുകള്‍ മുളച്ച കാലം ഹൃദയം തുടിക്കുന്നത് നിനക്കു മാത്രമായ കാലം എന്നില്‍ നീയും നിന്നില്‍ ഞാനുമായ കാലം സ്നേഹത്തിന്‍ ഭാവങ്ങള്‍ തൊട്ടറിഞ്ഞ കാലം വിരഹത്തിന്‍ മുള്ളുകള്‍ പതിഞ്ഞ കാലം അമ്മതന്‍ ഉള്ളം പൊള്ളുമെന്നറിഞ്ഞ കാലം പിള്ള തന്‍ ചിരിയില്‍ മതി മറന്ന കാലം ബന്ധങ്ങള്‍ ബന്ധനങ്ങളായി മാറാത്ത കാലം ചിന്തകളെല്ലാമൊന്നായ് ശക്തിയാര്‍ജ്ജിച്ച കാലം സമയരഥചക്രങ്ങള്‍ അതിവേഗമുരുണ്ട കാലം വെള്ളിയിഴകളും ചുളിവുകളും പതിഞ്ഞ കാലം മധുരമാം ഓര്‍മ്മകള്‍ സമ്മാനിച്ചതും ഈ കാലം മരണമാം സത്യത്തെ തുറന്നു കാട്ടിയതുമീ കാലം നീറുമെന്‍ മനസ്സിന് കൂട്ടായ് നീ മാറിയതുമീ കാലം പറയാതെ പറഞ്ഞതും, കൈമാറിയതുമീ കാലം എന്റെ കരളില്‍ നീയലിഞ്ഞു ചേര്‍ന്ന കാലം നീയില്ലാതെ ഞാനില്ലെന്നതറിഞ്ഞ കാലം... ലോകം പറയുന്നു ഒരു വ്യാഴവട്ടമാണീ കാലം ഞാന്‍ പറയുന്നുവെന്‍ മുഴു ജീവിതമാണീ കാലം...

കഥയും കളിയും

Image
വള്ളുവനാട്ടിലെ ഒരു സാദാ ഗ്രാമത്തിലായിരുന്നു ഞാന്‍ എന്‍റെ ബാല്യം ചെലവിട്ടത്. കേരളത്തിലെ ഏതൊരു ഗ്രാമം പോലെയും അവിടെയും നിറയെ പാടങ്ങളും, കുന്നുകളും, അങ്ങിങ്ങായി വീടുകളും, ഒരു സ്കൂളും, മദ്റസയും, കുറെ മൈതാനങ്ങളും, ചില കൊച്ചു കടകളും പിന്നെ ഗ്രാമത്തിന്‍റെ ഹൃദയ ഭാഗത്ത് ഒരമ്പലവും ഉണ്ടായിരുന്നു - അവയില്‍ പാടങ്ങളും മൈതാനങ്ങളും ഇപ്പോള്‍ മിക്കവാറും ഇല്ലാതായിരിക്കുന്നു; കുന്നുകളും അംഗഭംഗം വന്ന നിലയിലാണ്.  സ്കൂള്‍, മദ്റസ, വീടുകള്‍ എന്നിവ പൂര്‍വ്വാധികം തലയെടുപ്പോടെ ഇപ്പോഴും നില്‍ക്കുന്നു. അമ്പലവും അമ്പലക്കുളവുമൊക്കെ പഴയപടി തന്നെ - കാലത്തിനനുസരിച്ച് ചെറിയ ചെറിയ മാറ്റങ്ങള്‍ ഉണ്ടെന്നതൊഴിച്ചാല്‍ അവിടെ പറയത്തക്ക മാറ്റങ്ങള്‍ ഒന്നും കാണില്ല. എങ്കില്‍ പോലും ഏറ്റവും അധികം മാറ്റം വന്നിട്ടുള്ളത് ആ പരിസരത്തിനാണ് എന്നെനിക്ക് തോന്നുന്നു... ചിത്രത്തിനു കടപ്പാട്: മാനസി മുണ്ടേക്കാട് അന്നൊക്കെ അമ്പലത്തിന് കഷ്ടകാലമായിരുന്നു (അതേ, ദൈവങ്ങള്‍ക്കും ചിലപ്പോള്‍ കഷ്ടകാലം വരുമത്രേ!!!). മുന്‍ തലമുറ പകര്‍ന്നു നല്‍കിയ വിശ്വാസങ്ങളും ആചാരങ്ങളും വലിച്ചെറിഞ്ഞ് വിപ്ലവത്തിന്‍റെയും മാറ്റത്തിന്റെയും പുറകെ ഒരു തലമുറ പോയപ്പോള്‍ അനാ