നഷ്ടപെടുന്ന പൊതുസ്ഥലങ്ങള്‍!. ..
ആദ്യമേ തന്നെ പറയട്ടെ - സഹ ബ്ലോഗര്‍ (ഒട്ടും നിസ്സാരനല്ലെങ്കില്‍ കൂടിയും) നിസാരന്‍ എന്ന പേരില്‍ എഴുതുന്ന നിസാറിന്‍റെ പൊതു ഇടം നഷ്ടപെടുന്ന കുട്ടികള്‍ എന്ന ലേഖനവും ഈ എഴുത്തിനു പ്രചോദനമായി.
മലയാളക്കര ആകെ മാറിയിരിയ്ക്കുകയാണ്... പച്ചപ്പു വിരിച്ച നെല്‍ പാടങ്ങളും അവയ്ക്കു നെടുകെയും കുറുകെയും ഓടുന്ന വരമ്പുകളും, തലയുയര്‍ത്തി നില്‍ക്കുന്ന കേരവൃക്ഷങ്ങളും, കാറ്റിലാടുന്ന തെങ്ങോലകളും, തെളിഞ്ഞ വെള്ളം നിറഞ്ഞു നില്‍ക്കുന്ന കുളങ്ങളും, ഗൃഹാതുരത്വം ഉണര്‍ത്തുന്ന തുടിയൊച്ച കേള്‍ക്കാറുള്ള കിണര്‍ വക്കുകളും, അങ്ങു ദൂരെ വരെ ഓടിയോടിക്കളിയ്ക്കാനുള്ള മുറ്റങ്ങളും, അലസമായ് പ്രകൃതിയോടു ചേര്‍ന്നു നടക്കാനുതകുന്ന തൊടി(പറമ്പു)കളും ഇന്ന് കാണാനേയില്ല...
എന്‍റെ കുട്ടിക്കാലത്ത് പറമ്പിലും കുളത്തിലും പാടത്തും തോട്ടിലും മേട്ടിലുമൊക്കെ ഞങ്ങള്‍ ശങ്കയില്ലാതെ ഓടിക്കളിയ്ക്കുമായിരുന്നു... പൊരിവെയിലത്തും കോരിച്ചൊരിയുന്ന മഴയിലും കുട്ടികള്‍ വീടിന്നകത്ത് കുത്തിയിരിയ്ക്കാറില്ല ... മഴവെള്ളത്തില്‍ കളിച്ചും, ഉച്ചവെയിലില്‍ വാടിയും, കുട്ടിക്കാലം ഏറെ രസകരമായ ഒരാഘോഷമായി കൊണ്ടാടി. സ്കൂളുകളിലും വിശാലമായ മുറ്റമുണ്ടായിരുന്നു - ഓടിയും ചാടിയും ബാല്യങ്ങള്‍ ഏറെ സന്തോഷത്തോടെയാണ് വളര്‍ന്നു വന്നിരുന്നത്...
ഇപ്പോള്‍ സ്ഥിതിയാകെ മാറി! ഗ്രാമങ്ങള്‍ നഗരങ്ങളായി, വയലുകള്‍ നിന്നിരുന്ന സ്ഥലത്ത് കെട്ടിടങ്ങള്‍ ഉയര്‍ന്നു പൊങ്ങി....വിശാലമായ പറമ്പുകള്‍ കഷ്ണങ്ങളാക്കി മുറിച്ചു വിറ്റ കൂട്ടത്തില്‍ പുരയിടങ്ങളിലെ കുളങ്ങളും കിണറുകളും നികത്തി അവിടെയും മാളികകള്‍ പണിയാന്‍ നാമോരുരുത്തരും മത്സരിയ്ക്കുന്നു... ഇനി വല്ല പൊതു കുളങ്ങളും നികത്താതെയുണ്ടെങ്കില്‍ അവയെല്ലാം പല വിധത്തില്‍ മലിനമായി ആര്‍ക്കും വേണ്ടാതെ ശോച്യാവസ്ഥയില്‍ കിടന്ന് പതുക്കെ മരിച്ചു കൊണ്ടിരിയ്ക്കുന്നു...
നഗരത്തിലെ സൗകര്യങ്ങളെ കരുതി അവിടേയ്ക്കു കൂടുമാറിയ നമ്മുടെ മക്കളാകട്ടെ,കോണ്‍ക്രീറ്റ് കെട്ടിടങ്ങളിലെ ചുവരുകള്‍ക്കുള്ളില്‍ ബന്ധിതരാക്കപ്പെടുന്നു.വലിയ വലിയ ഫ്ലാറ്റുകളില്‍ അധികമാരും ഉപയോഗിയ്ക്കാത്ത നീന്തല്‍ക്കുളങ്ങളുണ്ട്, ജിംനേഷ്യമുണ്ട്, പാര്‍ട്ടി ഹാളുകളുമുണ്ട് - ഇല്ലാത്തത് കുട്ടികള്‍ക്ക് ഓടിക്കളിച്ചു വളരാനുള്ള മുറ്റവും കളിസ്ഥലങ്ങളും!!! ഉള്ള സ്ഥലത്ത് അവരെന്തെങ്കിലും കളിച്ചാല്‍ ഉടനെ വരികയായി പരാതി - കാറ് കേടാക്കി, ചില്ലുടച്ചു എന്നിങ്ങനെ! ഫലമോ? മണ്ണും വെയിലും വെള്ളവും തൊടാതെ വീടിന്‍റെ നാലു ചുവരുകള്‍ക്കുള്ളില്‍ ബാല്യം തടവിലാക്കപ്പെടുന്നു... ടി വി യും കംപ്യുട്ടറുകളും വീഡിയോ ഗെയ്മുകളും മാത്രമായി അവരുടെ ജീവിതം ചുരുങ്ങുന്നു. കൂട്ടുകൂടാനും രസിയ്ക്കാനും അവര്‍ക്കറിയാതെയാവുന്നു...
സ്കൂളുകളിലും ഇപ്പോള്‍ മുറ്റങ്ങള്‍ കുറഞ്ഞു വരുന്നു. കൂടുതല്‍ കുട്ടികളെ ഉള്‍ക്കൊള്ളിയ്ക്കാനും വേണ്ടി അവിടെയും കെട്ടിട സമുച്ചയങ്ങള്‍ ഉയരുന്നു... ഈ വ്യഗ്രതയില്‍ പലപ്പോഴും മുറ്റങ്ങളാണ് ഇല്ലാതാവുന്നത്. കുട്ടികള്‍ക്ക് കളിച്ചു വളരാന്‍ മുറ്റമില്ലാത്ത സ്കൂളുകള്‍ വിദ്യാര്‍ഥികളുടെ ശാരീരിക-മാനസിക വികാസങ്ങള്‍ക്ക് തടസ്സമാണെന്നു ഞാന്‍ വിശ്വസിയ്ക്കുന്നു.
നാടിന്‍റെ സ്ഥിതിയും വ്യത്യസ്തമല്ല - കുളങ്ങളും കിണറുകളും അപ്രത്യക്ഷമായതോടെ ജീവ ജലം പോലും പലര്‍ക്കും ചോദ്യ ചിഹ്നമാണ്... മഴപെയ്യുമ്പോള്‍ വെള്ളപ്പൊക്കം; മഴ നിന്നാല്‍ വരള്‍ച്ച എന്നൊരു സ്ഥിതിയിലാണ് കേരളമിപ്പോള്‍!..!..! മഴപെയ്യുമ്പോള്‍ ഭൂഗര്‍ഭജലത്തിന്‍റെ അളവ് കൂടേണ്ടതാണ് - പക്ഷെ വെള്ളത്തിനു ഭൂമിക്കടിയിലേയ്ക്ക് പോകാന്‍ വഴിയെവിടെ? അതെല്ലാം നാം കോണ്‍ക്രീറ്റ് ചെയ്തടച്ചില്ലേ? ജല സംഭരണികളായ കുളം, കിണര്‍, കായല്‍, തോട്, പുഴ എന്നിവയെല്ലാം നാം നികത്തുകയോ നശിപ്പിക്കുകയോ ചെയ്യുന്നു... പിന്നെ എങ്ങിനെ വരള്‍ച്ചയുണ്ടാവാതിരിയ്ക്കും???
പണ്ടത്തെ ഗ്രാമങ്ങളുടെ അവിഭാജ്യഘടകമായിരുന്നു അമ്പലങ്ങളും അമ്പലപ്പറമ്പുകളും... ആ പറമ്പുകള്‍ ഏതെങ്കിലും ഒരു വിഭാഗത്തിന്‍റെ സ്വകാര്യ സ്വത്തായിരുന്നില്ല... ആ ഗ്രാമത്തിലെ മുഴുവന്‍ കുട്ടികളുടേയും കളിസ്ഥലവും സാമ്രാജ്യവുമായിരുന്നു... അവിടെ ആര്‍ക്കും കളിക്കാം കൂട്ടുകാരൊത്ത് കളിപറഞ്ഞ് ഉല്ലസിയ്ക്കാം; പക്ഷെ ഇന്നോ? ആ പറമ്പുകളും പലപ്പോഴും കുട്ടികള്‍ക്ക് അന്യമായി മാറുന്നു - സമൂഹത്തില്‍ ഇന്ന് പടര്‍ന്നു പിടിച്ചിട്ടുള്ള വിഭാഗീയ ചിന്തയും സങ്കുചിത ചിന്തകളും നമ്മുടെ സാമൂഹ്യ ജീവിതത്തിനെയാകെ മാറ്റി മറിച്ചിരിയ്ക്കുന്നു - കാലം പോവും തോറും വിശാലമാവേണ്ട മനസ്സുകള്‍ ഓരോനാളുകള്‍ കഴിയും തോറും തന്നിലേയ്ക്കു ചുരുങ്ങി സ്വാര്‍ത്ഥതയില്‍ ലയിച്ചു തീരുന്നു...
ഇതിനൊക്കെ എന്താണ് പരിഹാരം? ആദ്യമായി വേണ്ടത് അവബോധമാണ്. കുറച്ചു നേരത്തെ സുഖത്തിനും സൗകര്യത്തിനും വേണ്ടി നാം ഇല്ലാതാക്കുന്നത് കാലാകാലമായി നമുക്ക് നന്മകള്‍ നല്‍കിയ പലതുമാണെന്ന ബോധം! നമ്മുടെ ചുറ്റുപാടുകളില്‍, നമ്മുടെ പരിധിയില്‍ വരുന്നവയെങ്കിലും നശിപ്പിയ്ക്കാതെയും പറ്റുമെങ്കില്‍ സംരക്ഷിച്ചും നമുക്ക് മുന്നേറാം... വീട് വെയ്ക്കുമ്പോള്‍ കിണര്‍, കുളങ്ങള്‍, പാടം തുടങ്ങിയവ നശിപ്പിയ്ക്കാതിരിയ്ക്കുക ... പറ്റുമെങ്കില്‍ വീട് വയ്ക്കുമ്പോള്‍ കിണറും അതിന്‍റെ ഭാഗമാക്കുക; മഴക്കാലത്ത് വെള്ളം ഭൂമിയിലേയ്ക്കിറങ്ങിപ്പോകാന്‍ വഴിയൊരുക്കുക.. മഴവെള്ള സംഭരണികള്‍ സംരക്ഷിയ്ക്കുക; ജലം, മണ്ണ്, വായു എന്നിവ നമ്മളായി മലിനമാക്കാതിരിക്കാന്‍ ശ്രമിയ്ക്കുക എന്നിങ്ങനെ ചെറിയ ചെറിയ കാര്യങ്ങള്‍ നാം ചെയ്താല്‍ ഒരുപക്ഷേ അത് നാളേയ്ക്കു ഒരു മുതല്‍ക്കൂട്ടാകും.
അതോടൊപ്പം തന്നെ നാമെല്ലാം ഒന്നാണ് എന്ന വിശാല ചിന്തയും പരിപോഷിപ്പിയ്ക്കേണ്ടിയിരിയ്ക്കുന്നു. ജാതി, മതം എന്നിവയുടെ ചട്ടക്കൂടുകള്‍ മാനവ സമൂഹത്തിന്‍റെ മൊത്തമായ നന്മയ്ക്കെതിരാണെങ്കില്‍ അവയ്ക്കപ്പുറമുള്ള പൊതു നന്മയെക്കുറിച്ചു ചിന്തിയ്ക്കാനുള്ള മനസ്സ് നാം ഉണ്ടാക്കിയെടുക്കണം. ചിലര്‍ക്കെങ്കിലും അത് സാദ്ധ്യമായാല്‍ നമ്മുടെ ജീവിതവും നാടും മെച്ചപ്പെടും എന്ന ശുഭാപ്തി വിശ്വാസം എന്നിലുണ്ട്!
Comments
നല്ല ചിന്ത...
പിള്ളേരുടെ കളി നിര്‍ത്താന്‍ ആരെങ്കിലും അവിടെ മണ്ണടിച്ച് കൂന കൂട്ടി ഉപയോഗ ശൂന്യമാക്കിയിടും.....
നശിച്ച പിള്ളേരുടെ കളി നിര്‍ത്താന്‍...
ഇതൊക്കെ നമ്മുടെ നാട്ടില്‍ കണ്ടു വരുന്ന കാര്യങ്ങളാ.....
നല്ല ചിന്തകള്‍
മനസ്സിലിപ്പൊഴും തങ്ങി നില്പ്പുണ്ട് ,
പലരും അറിയാതെ പൊകുന്ന ചിലതായിരുന്നു അത് ....
ഇവിടെ മറ്റൊരു മുഖം കണ്ടു , നമ്മുടെ കുട്ടികള്‍ ..
പുതിയ തലമുറ , പുറത്തിറങ്ങുന്നുണ്ടൊ ?
അവരെ ഇറങ്ങുവാന്‍ നാം അനുവദിക്കുന്നുണ്ടൊ ?
ചെരുപ്പിടാതെ മണ്ണില്‍ ചവിട്ടി നടക്കുവാന്‍ നാം അവരൊട്
ഒരിക്കലെങ്കിലും പറഞ്ഞു പൊയിട്ടുണ്ടൊ ?
വിഷമയമാണിപ്പൊള്‍ പ്രകൃതി പൊലും .. അല്ലേ ..?
ആര്, എപ്പൊള്‍ , എങ്ങനെ .. ആക്കിയെടുത്തൂ ...
അവിടെ മതമോ , വര്‍ണ്ണമോ , ജാതിയോ ഇല്ല ..
പൈസ ഉണ്ടാക്കുന്ന വ്യഗ്രതയില്‍ , സ്വന്തം കീശ വീര്‍പ്പിക്കുവാന്‍
വേണ്ടീ എന്തും ചെയ്യുവാന്‍ മനുഷ്യന്‍ പ്രാപ്തനായിരിക്കുന്നു ..
എന്നിട്ട് , ബാക്കി എല്ലാ കാര്യങ്ങളിലും മതവും ജാതിയും
കടന്നു വരുകയും ചെയ്യും , ഇതാണ് ഇന്നത്തേ അവസ്ഥ ..
കുളത്തിലൊ പുഴയിലോ കുളിക്കാന്‍ പൊയാല്‍ കുട്ടികള്‍ മരണപെടുകയാണ് ..
ഒന്ന് കുഞ്ഞിലേ നീന്താന്‍ അവന് അറിയില്ല , രണ്ട് നാം തന്നെ നമ്മുടെ
മാളികകള്‍ പണിയുവാന്‍ എടുത്ത ചുഴികള്‍ മരണകയമാകുന്നു ..
സ്കൂളില്‍ , ഒരു ഉരവ് പൊലും പറ്റാതിരിക്കാന്‍ രക്ഷിതാക്കളില്‍
നിന്നും ഡോണേഷന്‍ വാങ്ങീ അറക്ക പൊടി മണലിനൊപ്പൊം ഇടുന്നു ..
ഇങ്ങനേ വളര്‍ന്നു വരുന്ന " സങ്കരയിനം " കുട്ടികള്‍ക്ക് എന്തു മൂല്യവും -
നന്മയുമാണ് പകര്‍ത്തുവാന്‍ കഴിയുക , അല്ലെങ്കില്‍ എന്താണ് നാം -
അവര്‍ക്ക് പകര്‍ന്നു കൊടുക്കുന്നത് ? അമ്പലവും പൂരവും ഒക്കെ
ഒരു നാടിന്റെ ഉല്‍സവങ്ങളായിരുന്നു , ഇന്നത് മറ്റ് പലതിന്റെ കാഴ്ചകളാണ് ..
പാടവും , പറമ്പുകളും , മുറ്റവും , പൂക്കളങ്ങളും , തോടും , പുഴയുമില്ലാതെ
ഒറ്റ കസേരയില്‍ ചലിക്കുന്ന ലോകം വിരല്‍ തുമ്പില്‍ തീര്‍ത്ത് , നിര്‍ജീവമായ
ഒരു തലമുറ സൃഷ്ടിക്കപെടുന്നു , പരിക്ഷാ വിജയങ്ങളുടെ ശതമാനം കൂടുന്നു
മനസ്സ് എന്നത് തളാര്‍ന്നു പൊകുന്ന , നന്മയില്ലാത്ത ഒരു സമൂഹം
രൂപ പെട്ടുവരുന്നത് ആകുലത സൃഷ്ടിക്കുന്നു .. എന്തു ചെയ്യുവനാകും ..
ആരു കേള്‍ക്കും , ആര്‍ക്ക് വേണം , മതത്തിനു വേണ്ടി ആളേക്കൂട്ടാനും
ഘോര ഘോര പ്രസംഗം നടത്താനും , രാഷ്ട്രീയ കൊടികള്‍ പിടിക്കാനും
ധൃതി കൂട്ടുന്നവരൊക്കെ നാളെയുടെ ഭവിഷത്ത് അറിയാതെ പൊകുന്നുവോ
അതൊ മനപൂര്‍വം വിസ്മരിക്കുന്നുവോ , അവനവന് മാത്രമായി ഒതുങ്ങി പൊകുന്നവന്റെ
ജന്മം എത്ര ഭീകരമാണ് .. ഒട്ടേറെ പറയാനുണ്ട് , ജോലി ബാക്കി കിടക്കുന്നു
തല്‍ക്കാലം നിര്‍ത്തുന്നു , വരികള്‍ ഒരു മനസ്സിനെയെങ്കിലും മാറ്റിയിരുന്നെങ്കില്‍
എന്നു നമ്മുക്ക് വെറുതേ ആശിക്കാം അല്ലേ ...
ഇത്തിരി വ്യതസ്തമായി ചിന്തിക്കുന്നതിനാലാവാം എന്‍റെ കുട്ടികളോട് നിങ്ങള്‍ മഴ നനഞ്ഞോളൂ പുറത്തു പോയി കളിയ്ക്കണം, നീന്തല്‍ പഠിയ്ക്കണം എന്നൊക്കെ പറയാന്‍ പറ്റുന്നത്... വര്‍ഷത്തില്‍ ഒന്ന് രണ്ടു തവണയെങ്കിലും എന്‍റെ ഗ്രാമത്തില്‍ പോയി അവിടുത്തെ തറവാട്ടു വീട്ടില്‍ താമസിയ്ക്കാനും ആ ചുറ്റുപാടുകള്‍ ആസ്വദിയ്ക്കാനും അവര്‍ക്ക് കഴിയുന്നുണ്ടെന്നതും ഒരു ഭാഗ്യം തന്നെ...
താങ്കള്‍ പറഞ്ഞത് പോലെ ഇനിയും ഒട്ടേറെ പറയാനുണ്ട്; ഒരു മനസ്സെങ്കിലും മാറി ചിന്തിച്ചാല്‍ അതു ഒരു വലിയ കാര്യം തന്നെ!!!
വലിയ വലിയ വാചകങ്ങളില്‍ പലതും എഴുതിക്കൂട്ടാനും വാചക കസര്‍ത്തുകള്‍ കൊണ്ട് വേദികള്‍ മുഖരിതമാക്കാനും അല്ലാതെ ഒരു മുള്ള് എടുത്തു കളയാന്‍ പോലും ആരും തയ്യാറല്ല എന്നതാണ് നഗ്നമായ സത്യം.
ഒരു അനുഭവം പറയട്ടെ...
നാട്ടില്‍ മൂന്നു വര്ഷം മുന്‍പേ പ്രൈമറി ഹെല്‍ത്ത് സെന്റര്‍ (എടക്കഴിയൂര്‍) )മാലിന്യക്കൂമ്പാരം ആയപ്പോള്‍ അതൊന്നു നേരെയാക്കാന്‍ കുറെ നടന്നു. അധികാരികള്‍ കൈ മലര്‍ത്തിയപ്പോള്‍ സാമൂഹ്യപ്രവര്‍ത്തകര്‍ എന്ന് സ്വയം വിളിക്കുന്ന കുറെ ആളുകളുടെ അടുത്ത് ചെന്നു. ഞങ്ങളുടെ കൂടെ അതൊന്നു ശരിയാക്കിയെടുക്കാന്‍ സയായത്തിനു വിളിക്കുകയുണ്ടായി അവരെ...
സാമൂഹിക പ്രതിബദ്ധത എന്ന് മിനുട്ടില്‍ നൂറു വട്ടം നാവിട്ടലക്കുന്ന അവന്മാര്‍ പറഞ്ഞ മറുപടി , "ഇതൊക്കെ നോക്കാന്‍ നാട്ടില്‍ പഞ്ചായത്തും മുനിസിപ്പാലിടീം ഉണ്ടെന്നാരുന്നു." ( ദിവസങ്ങള്‍ക്കു മുന്പ് മാലിന്യ പ്രശ്നത്തെ ഘോരഘോരം പ്രസംഗിച്ചു വോട്ടു തെണ്ടിയന്മാര്‍ ആണെന്ന് ഓര്‍ക്കണം )
അവസാനം ഞങ്ങള്‍ ആറു പേര്‍ ചേര്‍ന്ന് മണിക്കൂറുകള്‍ (ഓര്‍മ്മ ശരിയാണെങ്കില്‍ രാവിലെ ഒന്‍പതു മുതല്‍ വൈകിട്ട് നാലര വരെ കൈക്കോട്ടും പുല്‍ വെട്ടിയും ഉന്തുവണ്ടിയും ഒക്കെയായി ) കഷ്ടപ്പെട്ട് സ്ഥലം വൃത്തിയാകി സുന്ദരമാക്കിയപ്പോള്‍ ലവന്മാര്‍ വന്നു പത്ര ഫോട്ടോഗ്രാഫര്‍മാരെയും കൊണ്ട്.
പക്ഷെ പത്രത്തില്‍ വന്ന വാര്‍ത്തയിലും ചിത്രങ്ങളിലും ഒന്നും അവിടെ ജോലി ചെയ്തവന്റെ പേരോ പടമോ ഇല്ലായിരുന്നു.
അവന്‍ ചെയ്തോളും ഇവന്‍ ചെയ്തോളും എന്ന് ചിന്തിക്കാതെ നാം മുന്നിട്ടിറങ്ങിയാല്‍ സഹായിക്കാന്‍ അഞ്ചു പേരെങ്കിലും കൂടെ കാണും എന്നത് എന്റെ അനുഭവം...! അല്ലാതെ ആരെയെങ്കിലും കാത്തിരുന്നാല്‍ നമ്മുടെ വീട്ടില്‍ നിന്നും അയല്‍പക്കത് നിന്നും ആമ്പുലന്‍സ് ഹോസ്പിടലിലേക്ക് കുതിക്കുന്നത് വരെ ആ കാത്തിരിപ്പ് നീളുക തന്നെ ചെയ്യും...!
ഒരപേക്ഷയുണ്ട്, ഈ ലേഖനം വായിക്കുന്നവര്‍ അവരവരുടെ സ്ഥലങ്ങളില്‍ പ്രാവര്‍ത്തികമാക്കാവുന്ന കാര്യങ്ങളെ കുറിച്ച് ചിന്തിക്കുക, അത് പ്രാവര്‍ത്തികമാക്കാന്‍ ശ്രമിക്കുക.. അത്രേയുള്ളൂ.. ഇതിനൊരു പോംവഴി എന്ന് മനസിലാക്കുക..!
ഓരോ പ്രവാസിയുടെയും ഹൃദയങ്ങളില്‍ അലയടിക്കുന്ന ഒരേ ഒരു ശബ്ദമാണ് “എന്റെ ഗ്രാമം”. മധുര സ്മരണകളുടെ നിര്‍വൃതിയില്‍ അലിഞ്ഞ് ഞാന്‍ ആ വഴിയിലൂടെ നടന്നു നീങ്ങി. വഴിയോരങ്ങളില്‍ പരിചയം പുതുക്കി എന്റെ നാട്ടുകാര്‍..
ഒരു ഗ്രാമീണ നിഷ്കളങ്കതയുടെ യഥാര്‍ത്ഥ മുഖം ഞാനവരില്‍ കണ്ടു. മുന്നോട്ട് മുന്നോട്ട് പോകവേ എന്റെ പ്രതീക്ഷകള്‍ക്ക് മങ്ങലേറ്റു തുടങ്ങി. നെല്‍വയലുകള്‍ എവിടെ?. എന്റെ കണ്ണുകള്‍ക്ക് വിശ്വസിക്കാന്‍ കഴിഞ്ഞില്ല.
ഇന്നവിടെ വയലുകളില്ല കൃഷിയില്ല കുളങ്ങളില്ല.
പ്രകൃതിയുടെ ശാലീന സൗന്ദര്യത്തെ മനുഷ്യന്റെ സ്വാര്‍ത്ഥ താല്‍പര്യങ്ങള്‍ക്ക് വേണ്ടി വൈരൂപ്യമാക്കിയത് കണ്ടപ്പോള്‍ സത്യത്തില്‍ സങ്കടം തോന്നിപ്പോയി.
ആ മഞ്ഞ നിറത്തിലുള്ള മണ്ണ്മാന്തി യന്ത്രത്തിന്റെ പരാക്രമങ്ങള്‍ അന്നുമെനിക്കവിടെ കാണാന്‍ കഴിഞ്ഞു.
പണ്ടുള്ള ആ സൗന്ദര്യം ഇന്ന് പടുകൂറ്റന്‍ കെട്ടിടങ്ങള്‍ക്ക് വഴിമാറിക്കൊണ്ടിരിക്കുന്നു. ജീവിതത്തിന്റെ തീക്ഷണതയില്‍ എരിഞ്ഞു തീരുന്ന പ്രവാസിക്ക് തന്റെ ചുടുനിശ്വാസത്തോടൊപ്പം പങ്കു വെക്കാന്‍ ഗ്രാമത്തിന്റെ ഓര്‍മ്മകള്‍ ആ ഓര്‍മ്മകള്‍ക്ക് മാത്രം മരണമില്ല.
ഇതൊക്കെ എഴുതിയും പറഞ്ഞും മാധ്യമപ്രവര്‍ത്തകര്‍ക്കൊക്കെ മടുത്ത് കാണും. ആര് കേള്‍ക്കാന്‍.
തോടും കുളവും മുറ്റവുമായി പഴയ തലമുറയുടെ ജീവിതവും ഒതുങ്ങിപ്പോയില്ലേ...- ഹിഹി
......
രാഷ്ട്രീയക്കാരുടെ കാര്യം പറയുകയാണെങ്കില്‍ ബഹു ഭൂരിപക്ഷവും പത്രത്തില്‍ വാര്‍ത്ത വരാനും തങ്ങളുടെ ഇല്ലട്ടാത്ത കേമത്തം കാണിയ്ക്കാനും മത്സരിയ്ക്കുന്ന ഒരു കൂട്ടം ആള്‍ക്കാര്‍ എന്ന് പറയാം... നാടിന്‍റെയും നാട്ടാരുടേയും നന്മയാണു അവര്‍ കണക്കാക്കുന്നതെങ്കില്‍ നാം ഇവിടെയിരുന്നു ഈ വാക്കുകള്‍ കുറിയ്ക്കേണ്ടിവരില്ലായിരുന്നു ...
നമ്മുടെ കണ്ണും കയ്യും എത്തുന്നിടം സംരക്ഷിയ്ക്കാനായാല്‍ തന്നെ നാട് വളരെയേറെ നന്നാവും...
എന്തായാലും നിങ്ങളുടെയും കൂട്ടുകാരുടെയും ശ്രമത്തിനു ഏറെ വൈകിയാണെങ്കിലും ഒരു വലിയ സല്യൂട്ട്!!! ഇത്തരം സാമൂഹ്യ പ്രതിബദ്ധതയുള്ള ഒരു ജനത വളര്‍ന്നു വികസിയ്ക്കട്ടെ എന്നാശിയ്ക്കുന്നു...
ശാരി പറഞ്ഞതു പോലെ നാമോരോരുത്തരും അതിനു ശ്രമിയ്ക്കണം. സ്വാര്‍ത്ഥതയേറിയ ഇക്കലാത്ത് ഇത് ഏറെ വിഷമകരമാവാം. പക്ഷേ അസാദ്ധ്യമല്ല എന്ന് തന്നെയാണ് എന്‍റെ വിശ്വാസം!
ഗള്‍ഫില്‍ മാത്രമല്ല കേട്ടോ, നാട്ടിലും ഇപ്പൊ അതൊക്കെ തന്നെയാണ് സ്ഥിതി! കൂട്ടുകൂടാനും കൂട്ടരൊത്തു കളിയ്ക്കാനും അറിയാത്ത നമ്മുടെ മക്കളുടെ ബാല്യം എത്ര നിറം മങ്ങിയതാണ്!!!
കോമകള്‍ ആവശ്യമില്ല, അല്ലെ? വാക്കുകള്‍ക്ക് പ്രാധാന്യം കിട്ടാന്‍വേണ്ടിയാണ് അങ്ങിനെ ചെയ്തത്. ഒഴിവാക്കാം, വിരോധമില്ല!