അദ്ധ്യാപക ദിനം !
ഒരദ്ധ്യാപക ദിനം കൂടി കടന്നു പോയിരിയ്ക്കുന്നു... ഫേസ് ബുക്കിലും മറ്റും എല്ലാവരും തങ്ങളുടെ അധ്യാപകരെക്കുറിച്ച് ഏറെ സ്നേഹത്തോടെയും ആദരവോടെയും ഓര്‍മ്മിച്ചത് കണ്ടു. ഞാനും എന്‍റെ അദ്ധ്യാപകരേയും ഗുരുസ്ഥാനീയരെയും ആ ദിനത്തില്‍ പ്രത്യേകം ഓര്‍ത്തിരുന്നുവെന്നത് സത്യം തന്നെ. അവരില്‍ പലരെയും ഞാന്‍ അന്ന് മാത്രമല്ല, ഒരു വിധം എല്ലാ ദിവസങ്ങളിലും ഓര്‍ക്കാറുണ്ട് എന്നത് വേറെ ഒരു സത്യം!!!
സി. റോസ് മേരി |
രാധാകൃഷ്ണന്‍ സാര്‍ / പി ടി സാര്‍ |
ഉയര്‍ന്ന ക്ലാസ്സുകളില്‍ എത്തിയപ്പോഴും അദ്ധ്യാപകര്‍
എല്ലാവരും ഏറെ സ്നേഹത്തോടെയും കാരുണ്യത്തോടെയും മാത്രമേ പെരുമാറിയിരുന്നുള്ളൂ.
അതിനൊരപവാദം സോഷ്യല്‍ പഠിപ്പിച്ച സന്തോഷ് സാര്‍ ഒരിയ്ക്കല്‍ തീര്‍ത്തും അപ്രതീക്ഷിതമായി കയര്‍ത്ത വേള മാത്രമാണ് (അത് സുഖകരമുള്ള ഒരോര്‍മ്മയല്ലാത്തതിനാല്‍ ഇവിടെ പറയുന്നില്ല)!!! പി. ടി. സാറാണ് മറക്കാന്‍ പറ്റാത്ത വേറൊരു അദ്ധ്യാപകന്‍ ; അദ്ദേഹമില്ലാത്ത സ്കൂള്‍ ആത്മാവില്ലാത്ത ശരീരം മാത്രമാണെന്ന് തോന്നിയിട്ടുണ്ട്, പലപ്പോഴും! വരയുടെ മാസ്മര ലോകത്തേയ്ക്കു എന്നെ കൊണ്ട് പോയ ബാബു സാര്‍ , മലയാള വ്യാകരണം രസകരമായി പകര്‍ന്നു തന്ന ഗിരിജ മിസ്സ്, പല പല നല്ല കാര്യങ്ങളും പറഞ്ഞു തന്നിരുന്ന സിസ്റ്റര്‍ റോസ് മേരി, എന്നിങ്ങനെ എത്രയോ അദ്ധ്യാപകര്‍ ഇന്നത്തെ എന്നെ വാര്‍ത്തെടുക്കുന്നതില്‍ മുഖ്യ പങ്കു വഹിച്ചിരിയ്ക്കുന്നു!!! കോളേജ് ജീവിതത്തിലും ഇങ്ങനെയുള്ള അദ്ധ്യാപകര്‍ എന്‍റെ ജീവിതത്തെ ഏറെ സ്വാധീനിച്ചിരിയ്ക്കുന്നു; അവരെയെല്ലാം സ്നേഹാദരവോടെയല്ലാതെ എനിക്ക് സ്മരിയ്ക്കാന്‍ കഴിയില്ല തന്നെ!!!
അജോയ് സാര്‍ |
ഇവരെല്ലാവരും ഇപ്പോഴും ഇപ്പോഴും എന്‍റെ മനസ്സിലുണ്ടെങ്കിലും ഇവര്‍ ആരുമായും ഇപ്പോള്‍ സമ്പര്‍ക്കം ഇല്ലെന്നു തന്നെ പറയാം... പക്ഷേ അജോയ് സാറിന്റെ കാര്യം അങ്ങനെയല്ല! അദ്ദേഹവുമായി ഇന്നും ഞാന്‍ സംസാരിക്കുന്നു, ഫേസ് ബുക്കിലൂടെ പരസ്പരം വിവരങ്ങള്‍ കൈമാറുന്നു... എം ബി എ-ക്ക് ചേര്‍ന്നപ്പോള്‍ അജോയ് സാര്‍ എന്ന ഫിനാന്‍സ് അദ്ധ്യാപകന്‍ ഞങ്ങളെ ധനകാര്യം പഠിപ്പിച്ചത് എത്ര രസകരമായിട്ടായിരുന്നു!!! ഞങ്ങള്‍ മൂന്നു മലയാളികളുണ്ടായിരുന്നു ക്ലാസ്സില്‍ - സാറും മലയാളിയാണെന്ന് അറിഞ്ഞത് അല്പം കഴിഞ്ഞായിരുന്നു...അവിടെയുണ്ടായിരുന്ന രണ്ടു കൊല്ലക്കാലം ഒരു ജ്യേഷ്ഠസഹോദര സ്ഥാനത്തായിരുന്നു അദ്ദേഹത്തെ കണ്ടിരുന്നത്.; എന്ന് കരുതി ഞങ്ങളോട് ഒട്ടും പക്ഷപാതം അദ്ദേഹം കാണിച്ചിരുന്നില്ല താനും! അത് കൊണ്ട് തന്നെ ഞങ്ങളുടെ ബാച്ചിലെ എല്ലാവര്‍ക്കും സാര്‍ പ്രിയങ്കരനായി മാറി. ഫിനാന്‍സിനെക്കുറിച്ച് ഒന്നുമറിയാതിരുന്ന പലരും അതിനെ അറിയാനും ഇഷ്ടപ്പെടാനും തുടങ്ങി. എല്ലാവരെയും ഒരേപോലെ കാണാനും ഉത്സാഹഭരിതരാക്കാനുമുള്ള സാറിന്‍റെ കഴിവ് ഒന്ന് വേറെത്തന്നെയാണ്.!!.!... അതുകൊണ്ടാവാം പഠിച്ചിറങ്ങി ഒരു ദശകം കഴിഞ്ഞിട്ടും അദ്ദേഹം ഇപ്പോഴും ഞങ്ങളില്‍ പലര്‍ക്കും പ്രിയങ്കരനായിരിയ്ക്കുന്നത്!!!
ഇന്നും അദ്ദേഹത്തിന്‍റെ മെസ്സേജ് ഉണ്ടായിരുന്നു - എന്‍റെ ബ്ലോഗിനെ കുറിച്ചും, അതിന് സഹായകരമാവുന്ന വിവരങ്ങളെക്കുറിച്ചും പറയാന്‍;ഇത്തരം നല്ല അദ്ധ്യാപകരുടെ ശിഷ്യയാവാനുള്ള ഭാഗ്യമെനിയ്ക്ക് സിദ്ധിച്ചതില്‍ ഞാന്‍ കൃതാര്‍ത്ഥയാണ്! ആ സൌഭാഗ്യത്തില്‍ ഞാന്‍ ഏറെ ആനന്ദിയ്ക്കുകയും ചെയ്യുന്നു... ഒരിയ്ക്കല്‍ എന്നെക്കുറിച്ചോര്‍ത്ത് അവര്‍ക്കും അഭിമാനിയ്ക്കാനുള്ള അവസരമുണ്ടാവുമെങ്കില്‍ അതിലും വലിയ ഗുരുദക്ഷിണ വേറെയൊന്നില്ലെന്നു ഞാന്‍ വിശ്വസിയ്ക്കുന്നു!!!!
ചിത്രങ്ങള്‍ക്ക് കടപ്പാട്: സുധീര്‍ മോഹന്‍, പ്രവീണ്‍ കുമാര്‍ , അജോയ് കുമാര്‍ - നിങ്ങളുടെ പ്രത്യക്ഷമായ സമ്മതം കൂടാതെയാണ് ഈ ചിത്രങ്ങള്‍ ഇവിടെ ഉപയോഗിച്ചതെങ്കിലും, ഒരു നല്ല കാര്യത്തിനായതിനാല്‍ അപ്രിയമൊന്നും ഉണ്ടാവില്ല എന്ന് വിശ്വസിയ്ക്കുന്നു!!!
Comments
ആശംസകള്‍
തീര്‍ച്ചയായും വരാം നിങ്ങളുടെ ഗുരു സ്മരണകളിലേയ്ക്ക് ...
ആ സ്മരണ എന്നും ഉണ്ടാവട്ടെ എന്ന പ്രാര്‍ത്ഥന ഒപ്പമുണ്ട്!
അന്ധകാരത്തില്‍ നിന്നും അറിവിന്റെ പ്രകാശത്തിലേക്ക് നയിക്കുന്നവനാണ് ഗുരു .. ഗുരുക്കന്മാരെ കുറിച്ചുള്ള ഈ ഓര്‍മ കുറിപ്പും വായനയില്‍ വെളിച്ചം വിതറി...
ആശംസകളോടെ
പക്ഷെ, അത്തരം ആളുകള്‍ താരതമ്യേന കുറവാണെന്ന് തോന്നുന്നു... ശ്രീജിത്ത് പറഞ്ഞത് പോലെ ചീത്തയെ മറന്ന് നല്ലതിനെ മാത്രം ഓര്‍മ്മിയ്ക്കാം... താങ്കളുടെ മനോജ് സാറിനെ പോലെയുള്ളവര്‍ ഇനിയുമിനിയും ഉണ്ടാവട്ടെ!
നല്ല വാക്കുകള്‍ക്കും ഓര്‍മ്മച്ചിന്തുകള്‍ക്കും നന്ദി!
ഈ അടുപ്പം വലിയൊരനുഗ്രഹം തന്നെ!!! അതെന്നും കൂടെയുണ്ടാവണമെന്ന പ്രാര്‍ത്ഥനയും എന്നുമുണ്ട്!
അറിവിന്റെ പ്രകാശം പകര്‍ന്നു തന്ന ഗുരുഭൂതരെ മറന്നാല്‍ സ്വയം മറന്നതിന് തുല്യമാവില്ലേ? അവര്‍ പറഞ്ഞു തന്ന നന്മയാണ് ഇപ്പോഴും എന്നില്‍ വെളിച്ചം പകരുന്നത്...
ആശംസകള്‍ക്കും നല്ല വാക്കുകള്‍ക്കും നന്ദി!
അധ്യാപക ജോലിയുടെ സംശുദ്ധത നഷ്ടപ്പെട്ട് കൊണ്ടിരിക്കുന്ന ഒരു സ്ഥിതി വിശേഷത്തിലൂടെയാണ് നാം കടന്ന് പോകുന്നത്..മാതാ പിതാ ഗുരു ദൈവം എന്ന വാക്യത്തെ ബലപ്പെടുത്തിയിരുന്ന പഴയ കാഴ്ചപ്പാടുകൾക്ക് മേൽ കപടതയുടെ മുഖം മൂടികൾ വീണു കൊണ്ടിരിക്കുന്നു.... ഈ ഓർമ്മക്കുറിപ്പിനാശംസകൾ നിഷ
ഈ ഗുരുക്കന്മാരെ ഓർമ്മിച്ചു കൊണ്ടുള്ള പോസ്റ്റ്,എഴുത്ത് ഗംഭീരമായിട്ടുണ്ട്. ആശംസകൾ.
തസ്മൈ ശ്രീ ഗുരവേ നമ:
എനിയ്ക്ക് അദ്ധ്യാപകരോടെന്നും ബഹുമാനമാണ്
ഗുരുക്കന്മാരെപ്പറ്റി മുമ്പെഴുതിയ ഒരു പോസ്റ്റ്:
http://yours-ajith.blogspot.in/2011/01/blog-post_20.html
ഗുരുസ്ഥാനിയരില്‍ ഏറേ പ്രീയപെട്ട ചിലരുമുണ്ട് ..
കാര്യമറിയാതെ ഒരുപാട് വിഷമിപ്പിച്ചവരുമുണ്ട് ..
എങ്കിലും ഇന്നും ഉള്ളില്‍ ഉള്ള ഒരു മുഖമുണ്ട് " വേണി ടീച്ചറുടെ "
ടീച്ചറമ്മ എന്ന് ഇപ്പൊഴും സ്നേഹമൊടെ വിളിക്കുന്ന ഒരമ്മ ..
സ്നേഹം മാത്രമറിയുന്ന ഒരു പാവം , ഈ പൊസ്റ്റിലൂടെ
ചില ഓര്‍മകളേ തട്ടിയുണര്‍ത്തുവാന്‍ കഴിഞ്ഞൂ ..
നമ്മേ വാര്‍ത്തെടുത്തവരെ മറക്കാതിരിക്കുവാന്‍ നമ്മുക്കാകട്ടെ ..
എന്തായാലും പഠന കാലത്തെ അനുഭവങ്ങള്‍ ഇവിടെ ഓര്‍മിക്കാന്‍ ശ്രമിച്ചതില്‍ സന്തോഷമുണ്ട്. വീണ്ടും കാണാം.....
നല്ല വാക്കുകള്‍ക്ക് നന്ദി!
അദ്ധ്യാപകര്‍ തീര്‍ച്ചയായും ആദരണീയരാണ് - കാലത്തിന്‍റെ കുത്തൊഴുക്കില്‍ അതൊരിയ്ക്കലും നഷ്ടപ്പെടില്ല!
നിങ്ങളുടെ സഹധര്‍മിണിയും അനേകായിരം കുരുന്നുകളുടെ ജീവിതത്തില്‍ അറിവിന്‍റെ വെളിച്ചം പകര്‍ന്നു അവരെ ഉത്തമ പൌരന്മാരാവാന്‍ പ്രാപ്തരാക്കട്ടെ!