എന്റെ പ്രിയ നർത്തകിമാർ


ഇന്ന് ഇൻറർനാഷനൽ ഡാൻസ് ഡേ ആണത്രെ! ഞാനൊരിക്കലും ഒരു ഡാൻസർ ആയിരുന്നില്ല. ഒരു നൃത്തച്ചുവട് പോലും തെറ്റാതെ വെക്കാൻ അറിയാത്ത ഞാൻ ഈ ഡാൻസ് ഡേയിൽ എന്നേക്കുറിച്ചല്ല പറയുന്നത്. ഡാൻസ് ഇഷ്ടമായിരുന്നെങ്കിലും സാഹചര്യങ്ങളുടെ അഭാവം മൂലം പഠിക്കാൻ പറ്റാതിരുന്ന രണ്ടു പേരെ പറ്റിയാണ്. ഏറ്റവും പ്രിയപ്പെട്ട രണ്ടു പേർ - ജീവിതത്തിൽ ഒരുപാടൊരുപാട് പ്രതികൂല സാഹചര്യങ്ങളെ നേരിട്ട് - ഇപ്പോഴും നേരിട്ടു കൊണ്ട് - തങ്ങളെക്കൊണ്ട് കഴിയുന്ന വിധം മറ്റുള്ളവരിൽ പുഞ്ചിരി പകരുന്ന രണ്ടു പേർ - അവരുടെ അനിയത്തി എന്ന ലേബലാണ് എന്നെ ഞാനാക്കുന്ന ഒരു വലിയ ഘടകം എന്ന് സ്കൂള് കാലം മുതലേ എനിക്ക് ബോധ്യമുണ്ട്.

ഓർമ്മകൾ പിറകോട്ട് പായുമ്പോള് സ്കൂളില് പാട്ടും ഡാൻസും ഒക്കെയായി സജീവമായിരുന്ന ഏടത്തിയെയാണ് കാണാനാവുക. സ്കൂൾ യുവജനോത്സവത്തിലും മറ്റും ഗ്രൂപ്പ് ഡാൻസ്, തിരുവാതിരക്കളി തുടങ്ങിയ നൃത്ത പരിപാടികളിൽ സ്ഥിരം സാന്നിദ്ധ്യമായിരുന്നു ഏടത്തി. ഇല്ലത്തെ ഞങ്ങളുടെ ഒഴിവു വേളകൾ പാട്ടുകൾ കൊണ്ട് മാധുര്യം പകർന്നിരുന്ന ഏടത്തിയ്ക്ക് പാട്ട് പഠിക്കാനുള്ള സാഹചര്യം ഒത്തു വന്നില്ല. ഞങ്ങളുടെ ചുറ്റുപാടുകളെക്കുറിച്ച് നന്നായി അറിയുന്ന ഏടത്തി പാട്ടു പഠിക്കണം എന്ന് ഒരു പക്ഷേ അച്ഛനോടോ അമ്മയോടോ പറഞ്ഞിരിക്കാനും വഴിയില്ല. അവർക്ക് പറയാതെതന്നെ ആ മോഹത്തെക്കുറിച്ച് അറിയുമായിരുന്നിരിക്കണം. പക്ഷേ അന്നൊന്നും ഒരു നിവൃത്തിയും ഇല്ലായിരുന്നു. അതിനാൽ സിനിമാപ്പാട്ടുകളും ലാളിതഗാനങ്ങളും പാടി ഏടത്തിയും തന്റെ പാട്ടു മോഹങ്ങളെ താലോലിച്ചു സന്തോഷിച്ചു.

എന്നാൽ ഡാൻസ് ഒരു വലിയ മോഹമായി ആ ഉള്ളിൽ ഉണ്ടായിരുന്നു എന്നത് വളരെയധികം കൊല്ലങ്ങൾക്ക് ശേഷമാണ് ഞാൻ തിരിച്ചറിഞ്ഞത്. സ്കൂളിലെ നൃത്ത വേദികൾ ആസ്വദിച്ചിരുന്നെങ്കിലും ശാസ്ത്രീയമായി നൃത്തം പഠിക്കാൻ പറ്റാതെ പോയതിന്റെ വേദന ആരും കാണാതെ, അറിയാതെ കുറെ കൊല്ലം കൊണ്ടു നടന്നിരിക്കണം. തീവ്രമായി ആഗ്രഹിക്കുന്നത് സാധിപ്പിക്കാൻ പ്രപഞ്ചം മുഴുവനും ഒന്നിക്കും എന്ന പോലെ ഇത്തിരി വൈകിയാണെങ്കിലും ഏടത്തിയുടെ ആഗ്രഹം പൂവണിഞ്ഞു. ഏറെ മോഹിച്ച് പഠിച്ച് ഇല്ലത്തെ അമ്പലത്തിലെ സ്റ്റേജിൽ ഒരു നാൾ മോഹിനിയാട്ടമരങ്ങേറിയപ്പോൾ കാലങ്ങളായി ആഗ്രഹിച്ച ഒരു സ്വപ്നം സഫലമായത്തിന്റെ ചാരിതാർത്ഥ്യം എനിക്ക് ആ മുഖത്ത് നിന്നും വായിച്ചെടുക്കാമായിരുന്നു. 'കരുണ ചെയ്വാൻ എന്തു താമസം കൃഷ്ണാ .. ' എന്ന് നിറഞ്ഞ സദസ്സിനു മുൻപ് മോഹിനിയാട്ടവേഷത്തിൽ ആടിയപ്പോൾ കണ്ണും മനസ്സും നിറഞ്ഞത് എന്റേത് മാത്രമായിരുന്നില്ല...

ഡാൻസ് പഠനത്തിന്റെ കാര്യത്തിൽ ദീപേടത്തി കുറച്ചു കൂടി ഭാഗ്യവതിയായിരുന്നു എന്ന് തോന്നുന്നു. കാരണം, ദീപേടത്തി എട്ടാം ക്ലാസ്സിലോ മറ്റോ പഠിക്കുമ്പോൾ സ്കൂളിൽ ഒരു ഡാൻസ് ക്ലാസ്സ് തുടങ്ങി. കലാമണ്ഡലം സരോജ ടീച്ചറുടെ ശിഷ്യയായി ആ ക്ലാസ്സിന് ചേർന്ന ദിവസം ദീപേടത്തിയ്ക്ക് അവിസ്മരണീയമായിരുന്നിരിക്കണം. അതു വരെ പഠനമെന്ന നേർ രേഖയിലൂടെ സഞ്ചരിച്ചിരുന്ന കുട്ടി പെട്ടന്നാണ് നൃത്തത്തിലേക്ക് അലിഞ്ഞു ചേർന്നത്. ആഴ്ചയിൽ രണ്ടോ മൂന്നോ ദിവസങ്ങളിലെ അരമണിക്കൂർ നേരത്തെ നൃത്ത പഠനം അവൾക്ക് മതിയായതേയില്ല. കൂടുതൽ പഠിക്കണം എന്ന അവളുടെ അതിയായ ആഗ്രഹത്തെ കണ്ടില്ലെന്ന് നടിക്കാൻ പറ്റാതെയായി. ഭാഗ്യവശാൽ ടീച്ചർ അപ്പോഴേക്കും അങ്ങാടിപ്പുറത്ത് ഒരു ക്ലാസ്സ് തുടങ്ങിയിരുന്നു. ഡാൻസ് പ്രേമിയായ കുട്ടി അവിടെ ചേരാൻ വെമ്പൽ കൊണ്ടു. ആ ക്ലാസ്സിൽ ചേർന്നതോടെ അവളുടെ വാരാന്ത്യങ്ങൾക്ക് ഒരു പ്രത്യേക ഭംഗി കൈ വന്നു..

(അപ്പോഴേക്കും സ്കൂളിലെ ഡാൻസ് ക്ലാസിലെ അരമണ്ഡലവും മുഴുമണ്ഡലവും ഒക്കെ മടുത്ത് തലവേദനയുടേയും വയറുവേദനയുടേയും ഒഴിവു കഴിവ് പറഞ്ഞ് തോടയം മുഴുമിക്കാതെ ഞാൻ എന്നെന്നേക്കുമായ് നൃത്ത പഠനത്തോട് വിടപറഞ്ഞു കഴിഞ്ഞിരുന്നു. അതോടെ ഏറ്റവുമധികം ആശ്വാസമായത് എനിക്കാണോ ടീച്ചറിനാണോ എന്ന് ഇപ്പോഴും രഹസ്യമായി തുടരുന്നു)

മറ്റെന്തിലും എന്ന പോലെ ഡാൻസ് പഠനത്തിലെ ഏറ്റവും വലിയ ഒരു പ്രശ്‌നം സാമ്പത്തികമായിരുന്നു. മാസാമാസമുള്ള ഫീസ് (അത്ര വലിയ തുകയൊന്നും അല്ലെങ്കിലും) എങ്ങനെയെങ്കിലും ശരിയാക്കിയെങ്കിലും ഇടയ്ക്കിടെ വരുന്ന പരിപാടികൾക്ക് വേണ്ട തുക കണ്ടെത്തുക വലിയ പ്രയാസം തന്നെയായിരുന്നിരിക്കണം അക്കാലങ്ങളിൽ.

അതിനാൽ അരങ്ങേറ്റം ഒരു വലിയ സംഭവം തന്നെയായിരുന്നു. ഗുരുവായൂരിൽ വെച്ചായിരുന്നു ദീപേടത്തിയുടെ അരങ്ങേറ്റം. വേറെയും ചില കുട്ടികളുടെ അരങ്ങേറ്റമായിരുന്നു അന്ന്. അത് ഏറ്റവും ഭംഗിയാക്കാൻ അച്ഛനുമമ്മയും ടീച്ചറും ബാലേട്ടനും കൂടെയുള്ളവരും ഒക്കെ ഒത്തൊരുമിച്ചു പ്രവർത്തിച്ചു. അതു കൊണ്ടു തന്നെ അതൊരു ആഘോഷവേള തന്നെയായിരുന്നു. അവിസ്മരണീയമായ മുഹൂർത്തങ്ങൾ...

ചിലങ്ക, ഡാൻസിന് വേണ്ട ഡ്രെസ്സ് ഒക്കെ ഏറ്റവും കുറഞ്ഞ ചിലവിൽ, എന്നാൽ ഒട്ടും മാറ്റു കുറയാതെ തന്നെ ഏർപ്പാടാക്കി ടീച്ചർ കൂടെത്തന്നെ നിന്നു. തൻ്റെ ശിഷ്യയിൽ കണ്ട ഉത്സാഹത്തിനെയും കഴിവിനേയും പ്രോത്സാഹിപ്പിക്കാൻ തന്നാലാവുന്നതൊക്കെയും ചെയ്യാൻ തയ്യാറായ ഒരു ഗുരുവിനെ കിട്ടിയത് പരമ ഭാഗ്യം തന്നെ. ഇന്ന് ആലോചിക്കുമ്പോൾ ഓരോ കൊച്ചു കൊച്ചു കാര്യത്തിനും ടീച്ചർ നൽകിയ പിന്തുണയും സഹകരണവും ഇല്ലായിരുന്നെങ്കിൽ നൃത്തം പഠിക്കുക എന്നത് ദീപേടത്തിയ്ക്കും ഒരു വിദൂര സ്വപ്നമായിത്തീർന്നേനെ..

അരങ്ങേറ്റത്തിന് ശേഷം കുറെ അരങ്ങുകളിൽ ഹൃദയം നിറഞ്ഞാടി. ഭാരതനാട്യം കൂടാതെ മോഹിനിയാട്ടവും കുച്ചിപ്പുടിയും പഠിച്ചു - കുറെ അരങ്ങുകളിൽ അവതരിപ്പിച്ചു. ഡാൻസ് ക്‌ളാസിൽ നിന്നും ഓടിപ്പോയെങ്കിലും കഴിയുന്നത്ര അരങ്ങുകളിൽ ഞാൻ വേദിയുടെ മുൻ നിരയിൽ തന്നെ സ്ഥാനം പിടിച്ചു. കയ്യിലെ ചെറിയ ക്യാമറയിൽ നൃത്തച്ചുവടുകൾ പകർത്തുക മാത്രമല്ല, ചെറിയ ചെറിയ പിഴവുകളും പോരായ്മകളും പ്രത്യേകം ശ്രദ്ധിക്കുകയും വിമർശിക്കുകയും ചെയ്തു. കുച്ചുപ്പുടി അവതരിപ്പിക്കുമ്പോൾ താലത്തിൽ കയറി നിന്ന് മൊന്ത തലയിൽ വെച്ചാൽ പിന്നെ അത് തിരിച്ചു നിലത്ത് വെക്കുന്നത് വരെ ശ്വാസമടക്കി നോക്കി നിന്നു... ഇന്നും നീലമേഘശരീരാ... എന്ന് കേട്ടാൽ അറിയാതെ ശ്വാസം പിടിച്ചു നിൽക്കുന്നത് ആ ഓർമയിലാവണം.


ഒരിക്കൽ ദീപേടത്തിയുടെ നൃത്തം കണ്ട ശേഷം വളരെ ആരാധ്യനായ ഒരാൾ അടയാറിലെ നൃത്തവിദ്യാലയത്തിൽ പഠിപ്പിക്കണം എന്ന് പറഞ്ഞ ഒരോർമ്മയുണ്ട്. അങ്ങാടിപ്പുറത്തെ ക്ലാസ്സ് നിർത്തലായപ്പോൾ എല്ലാ ആഴ്ചയും മഞ്ചേരിയിൽ പോയി പഠിച്ചു - കുറെ കാലം. പക്ഷേ എത്ര മോഹമുണ്ടെങ്കിലും ജീവിതത്തിന് മുന്നിൽ പലപ്പോഴും കല പിന്തള്ളപ്പെട്ടു പോകുമെന്നതാണ് ദു:ഖസത്യം. അത് തന്നെ ഇവിടെയും നടന്നു. അങ്ങനെ വിവാഹശേഷവും ഒന്ന് രണ്ട്‌ അരങ്ങുകളിൽ കളിയ്ക്കാൻ പറ്റിയെങ്കിലും പല പല കാരണങ്ങൾ കൊണ്ട് നൃത്ത പഠനം അസാദ്ധ്യമാവുകയും ദീപേടത്തി അരങ്ങുകളിൽ നിന്നൊഴിയുകയും ചെയ്തു.

അതോടെ ഞാനും നൃത്തത്തെ ശ്രദ്ധിക്കാതായി. നൃത്തയരങ്ങുകളിലേയ്ക്ക് എന്നെ ആകർഷിച്ച എന്റെ പ്രിയ നർത്തകി അരങ്ങൊഴിഞ്ഞതോടെ എന്നെ അങ്ങോട്ട് മാടി വിളിക്കുന്ന ഒന്നുമില്ലാതെയായി. ഹൃദയത്തിന്റെ ഒരു കോണിൽ മങ്ങാതെ, മാലാറ കെട്ടാതെ തെളിഞ്ഞു കാണുന്ന അരങ്ങുകളുണ്ട് - അവിടെ നൃത്തത്തിൽ ആനന്ദം കണ്ടെത്തുന്ന രണ്ടാത്മാക്കൾ ലാസ്യത്തോടെ നടനമാടുന്നത് കാണാൻ ഒന്ന് കണ്ണടച്ചാൽ മതി. പിന്നെന്തിന് ഞാൻ വേറെ അരങ്ങുകൾ തേടിപ്പോകണം?

എല്ലാവർക്കും അന്താരഷ്ട്ര നൃത്ത ദിനാശംസകൾ - എൻ്റെ കുടുംബത്തിൽ തന്നെ ഞങ്ങളുടെ പിൻ തലമുറയിൽ നല്ല കഴിവുള്ള നർത്തകിമാരുണ്ട്. അവരുടെ നൃത്തം നേരിൽ കാണുന്നത് അപൂർവങ്ങളിൽ അപൂർവ്വമാണെങ്കിലും അവരുടെ സപര്യ കാണുമ്പോൾ സന്തോഷം. അവർക്കതിന്‌ സാധിക്കുന്നു എന്നത് അതിലും സന്തോഷം. മതിവരുവോളം ചിലങ്കകെട്ടിയാടാൻ കഴിയട്ടെ.



പിൻകുറിപ്പ്: പാട്ടു പഠിക്കണമെന്ന മോഹം കുറെയേറെ കൊല്ലങ്ങൾക്ക് ശേഷം (രണ്ടു മക്കളുടെ അമ്മയായതിനു ശേഷം) സാഹചര്യമൊത്തു വന്നപ്പോൾ പൂർത്തീകരിച്ച ഏടത്തിയെപ്പോലുള്ളവർ ജീവിതത്തിൽ മാതൃകയാവുമ്പോൾ സ്വപ്നങ്ങളെ കൈയ്യെത്തി പിടിക്കാൻ എനിക്ക് വേറെ പ്രചോദനം ആവശ്യമുണ്ടോ?

Comments

വളരെക്കാലത്തിന് ശേഷ ബ്ലോഗ് വായനാപട്ടിക നോക്കിയപ്പോഴാണ് ഈ പോസ്റ്റിൽ എത്തിയത്.. നൃത്തത്തേക്കുറിച്ചു കുറെ മനസ്സിലാക്കാൻ കഴിഞ്ഞു..നന്നായി എഴുതി
അപ്പോൾ എഴുത്തിലും വായനയിലും വരയിലും 
മാത്രമല്ല  നൃത്തത്തിലും നിപുണയായിരുന്ന ഒരു സകലകാല 
വല്ലഭ തന്നെയായിരുന്നു നിഷ ..അല്ലെ 
Cv Thankappan said…
Prerippikkanum,prothsahippikkanum Aluntaavanam.
Asamsakal
Nisha said…
താങ്ക്യു :) കുറെ നാളുകൾക്ക് ശേഷം ഇവിടെ കണ്ടതിൽ സന്തോഷം. ബ്ലോഗിൽ ഇപ്പോൾ ഇടക്കാലത്തേക്കാൾ സജീവമാണ്. വായിക്കാന് നിങ്ങളൊക്കെയുണ്ടാവുന്നത് ഏറെ സന്തോഷം
Nisha said…
അയ്യോ.. ഒട്ടും അല്ല.. പാട്ടും നൃത്തവും എനിക്ക് വഴങ്ങില്ല. അതിലൊക്കെ മിടുക്കത്തികൾ എന്റെ ചേച്ചിമാരാണ്.
Nisha said…
അതെ, ശരിയാണ്. പ്രോത്സാഹിപ്പിക്കാൻ ആളുണ്ടെങ്കിൽ മിക്ക കുട്ടികളും എന്തെങ്കിലുമൊക്കെ പഠിച്ച് മിടുക്കർ ആയിത്തീരും

Popular posts from this blog

സൗഹൃദം

ദേഹാന്തരയാത്രകള്‍ - ഒരു ആസ്വാദനക്കുറിപ്പ്

കൊഴിയുന്ന പൂക്കള്‍....