ബിർക്നൗവിലേയ്ക്ക്

ഭാഗം ഒന്ന് വായിക്കാൻ ഇവിടെ ക്ലിക് ചെയ്യുക

മരണ കവാടം 
ഔഷ്‌വിറ്റ്സ് -1ൽ നിന്നും ബസ്സിൽ ഒരഞ്ചു മിനിറ്റേ വേണ്ടൂ ഔഷ്‌വിറ്റ്സ് -2 എന്ന ബിർക്നൗലേയ്ക്ക്. ബസ്സിറങ്ങി വിറയ്ക്കുന്ന കാലോടെയും വിങ്ങുന്ന ഹൃദയത്തോടെയും ചിത്രങ്ങളിലൂടെ ഏറെ പരിചിതമായ ആ കവാടം ലക്ഷ്യമാക്കി നടന്നു. ദൂരെ നിന്നേ കാണാം ആ കെട്ടിടം...

രാക്ഷസമുഖം
രണ്ടുമൂന്നു മിനിറ്റ് നടത്തത്തിനൊടുവിൽ അതിനു മുന്നിലെത്തി. ഭീമാകാരമായ വായ പൊളിച്ചു മനുഷ്യരെ വിഴുങ്ങാൻ വെമ്പി നിൽക്കുന്ന ഒരു സത്വത്തെ ഓർമ്മിപ്പിച്ചു മുൻവശത്തു നിന്നുള്ള കാഴ്‌ച! വിദ്വേഷത്തിൻ്റെ നീണ്ട നാവെന്ന പോലെ റെയിൽപാളങ്ങൾ ആ വായിൽ നിന്നും നീണ്ടു വരുന്നു. കുട്ടിക്കാലത്തു വായിച്ച പുസ്തകങ്ങളിലെ രാക്ഷസൻ വായും പൊളിച്ചു നിൽക്കുന്നതാണെന്നു തോന്നി.

വേഗം കുറച്ചു ഫോട്ടോ എടുത്ത് ഗൈഡിൻറെ അടുക്കലേയ്ക്ക് ഓടിയെത്തി. അപ്പോഴേയ്ക്കും അയാൾ അവിടുത്തെ ചരിത്രം പറഞ്ഞു തുടങ്ങിയിരുന്നു. ഔഷ്‌വിറ്റ്സ് -1ൽ സ്ഥലം തികയാതെ വന്നപ്പോൾ നിർമ്മിച്ചതാണ് ബിർക്നൗവിലെ കോൺസെൻട്രേഷൻ ക്യാമ്പ്. (ക്യാമ്പിന്റെ മതിലകത്തേയ്ക്ക് നീണ്ടു പോകുന്ന റെയിൽ പാത ചെന്നവസാനിക്കുന്നത് ഗ്യാസ് ചേമ്പറിനു മുന്നിലാണ്). യൂറോപ്പിന്റെ നാനാഭാഗത്തു നിന്നും റെയിൽ മാർഗ്ഗം എത്തിച്ചു കൊണ്ടിരുന്ന ജൂതന്മാരും മറ്റു തടവുകാരും ഇവിടെ രാപ്പകലില്ലാതെ കൊല്ലപ്പെട്ടുകൊണ്ടിരുന്നു.

ക്യാമ്പിലെ കാഴ്ചകള്‍
ഇത് പോലെയുള്ള വാഗണ്‍കളിലാണ് ആളുകളെ കുത്തിനിറച്ചു കൊണ്ടുവന്നിരുന്നത്
കവാടം കഴിഞ്ഞു അകത്ത് ചെന്നപ്പോൾ വല്ലാത്തൊരു സങ്കടം പിടികൂടി. എൻ്റെ ദുഃഖം  കണ്ടിട്ട് കൂടെകരയാനെന്ന പോലെ മഴയും ശക്തി പ്രാപിച്ചു തുടങ്ങിയിരുന്നു. ഒരു വിശാലമായ മൈതാനത്തെ പലതായി തിരിച്ചു കൊണ്ടാണ് ബാരക്കുകൾ. ഒരു ഭാഗം ചൂണ്ടിക്കാട്ടി ജിപ്സികളെ തടവിലിട്ടത് അവിടെയായിരുന്നു എന്ന് ഗൈഡ് പറഞ്ഞു. കെട്ടിടങ്ങൾ മിക്കതും തകർന്നവയാണ്. പലയിടത്തും ചെറിയ ചില അവശിഷ്ടങ്ങൾ മാത്രമേ കാണാനുള്ളൂ. (പരാജയം ഉറപ്പായപ്പോൾ നാസികൾ തന്നെ പലതും തകർത്തു. ബാക്കി പലതും സഖ്യസേനയുടെ ആക്രമണത്തിലും നശിച്ചു).


ആദ്യം ചെന്നു നിന്നത് തടവുകാർ വന്നിറങ്ങിയ പ്ലാറ്റ്‌ഫോമിലാണ്. അവിടെ നിന്നാണ് കുട്ടികളും വൃദ്ധരും രോഗികളും അവശരും ഒക്കെ ക്രിമറ്റോറിയത്തിലേയ്ക്കും യുവാക്കളും ശാരീരികക്ഷമതയുള്ളവരും ബാരക്കുകളിലേയ്ക്കും പറഞ്ഞയക്കപ്പെട്ടിരുന്നത്. (നിമിഷ നേരത്തേയ്ക്ക് മനസ്സിന്റെ തിരശ്ശീലയിൽ ഞാൻ ആ കാഴ്‌ച നേരിട്ട് കണ്ടപോലെ...)  ക്രിമറ്റോറിയത്തിൽ നിന്നുയരുന്ന പുകയും മനുഷ്യമാംസം കരിയുന്ന ദുർഗന്ധവും അറിയുമ്പോൾ മാത്രമേ ഭൂരിഭാഗം പേരും തങ്ങളുടെ  വിധി എന്താണ് എന്നുള്ള  ദയനീയ സത്യം മനസ്സിലാക്കിയിരുന്നുള്ളു. അത് വരെയും അവർ പുതിയ ജീവിതത്തിൻറെ ഒരു ചെറിയ പ്രതീക്ഷ ബാക്കിവെച്ചിരുന്നിട്ടുണ്ടാവും.

സ്മാരകം 
സ്മാരകത്തിന്റെ മറ്റൊരു ചിത്രം
പിന്നെ ഞങ്ങൾ ചെന്ന് നിന്നത് ഹോളോകോസ്റ് മെമ്മോറിയലിലിനു മുന്നിലാണ്. തകർക്കപ്പെട്ട ക്രിമെറ്റോറിയങ്ങൾക്ക് നടുവിൽ നിൽക്കുന്ന ഈ സ്മാരകം കാണുമ്പോൾ ഇതെന്ത് ഇങ്ങനെ ഒരു ശിൽപം എന്ന് തോന്നും. പ്രത്യേകിച്ച് ഒരു രൂപമോ ഭാവമോ ഇല്ലാതെ കുറെ കല്ലുകൾ നിരത്തി വെച്ചത് പോലെയേ തോന്നൂ. ഇത്തരമൊരു സ്മാരകത്തിന് നാം പ്രതീക്ഷിക്കുന്ന ഗാംഭീര്യമോ  ഗഹനതയോ അനുഭവപ്പെടില്ല. എന്നാൽ അതിലെ ശിലകളെ വെറും കല്ലുകളായി  കാണാതെ അവിടെ പൊഴിഞ്ഞു പോയ ജീവനുകളുടെ പ്രതിനിധികളായി നോക്കിയാൽ ഇതിലും അനുയോജ്യമായ ഒരു സ്മാരകം ഇല്ലെന്നും നമുക്ക് തോന്നിപോകും. അതിനു മുന്നിലെ ശിലാഫലകത്തിൽ ഇങ്ങനെ കുറിച്ചിരിക്കുന്നു:

"FOR EVER LET THIS PLACE BE A CRY OF DESPAIR AND A WARNING TO HUMANITY, WHERE THE NAZIS MURDERED ABOUT ONE AND A HALF MILLION MEN, WOMEN AND CHILDREN MAINLY JEWS FROM VARIOUS COUNTRIES OF EUROPE. AUSCHWITZ-BIRKENAU 1940-1945"
ശിലാഫലകം
സ്മാരകത്തിനു മുന്നിലവസാനിക്കുന്ന റയില്‍ പാളം, ദൂരെ കവാടം കാണാം  
ഇതേ കാര്യം 22 ഭാഷകളിൽ ഈ സ്മാരകത്തിന് മുന്നിൽ നമുക്ക് കാണാം. (1986 മുതൽ 1990 വരെ അവിടെ ഇങ്ങനെയായിരുന്നു എഴുതിയിരുന്നത്: "FOUR MILLION PEOPLE SUFFERED AND DIED HERE AT THE HANDS OF THE NAZI MURDERERS BETWEEN THE YEARS 1940 AND 1945." പോളണ്ടിലെ കമ്മ്യൂണിസ്ററ് ഭരണക്കാലത്ത് മതത്തെക്കുറിച്ചു പറയുന്നത് അനുവദനീയം അല്ലാത്തതിനാലാണ് ജൂതന്മാരുടെ കാര്യം പഴയ ഫലകത്തിൽ പറയാത്തത്. 1995 -ലാണ് ഈ സന്ദേശം ഇപ്പോൾ കാണുന്ന പോലെ മാറ്റിയത്.)

റെയിൽ പാളം വന്നവസാനിക്കുന്നത് ഈ സ്മാരകത്തിന് മുന്നിലാണ്. തകർന്നടിഞ്ഞ പഴയ ക്രിമെറ്റോറിയത്തിന്റെ അവശിഷ്ടങ്ങൾക്ക് നടുവിൽ നില കൊള്ളുന്ന ഈ സ്മാരകം കാലം കരുതി വെച്ച നീതിയുടെ ഒരു പ്രതീകം കൂടിയാണെന്ന് നമുക്ക് സമാധാനിക്കാൻ ശ്രമിക്കാം.


തകര്‍ത്ത ക്രിമെറ്റൊറിയത്തിലൊന്ന്
ഈ സ്മാരകത്തിന് ഒരു വശത്തായായിരുന്നു  1944-ൽ സോണ്ടോ കമാൻഡോകൾ തകർത്ത ക്രിമെറ്റോറിയം. അന്നത്തെ സോണ്ടോവിപ്ലവം പരാജയപ്പെട്ടെങ്കിലും ആ ക്രിമെറ്റോറിയം തകർത്തത് വഴി കുറച്ചു ജീവനെങ്കിലും രക്ഷപ്പെട്ടിരിക്കാം. 


ചാരം നിക്ഷേപിച്ചിരുന്ന കുഴി - ശിലാഫലകം 
മൂന്നാം നമ്പർ ക്രിമറ്റോറിയത്തിനു സമീപമാണ് ചാരകുഴി. ആളുകളെ കൊന്ന് ശവശരീരം കത്തിച്ചു കഴിയുമ്പോൾ അവരുടെ ചാരം തൊട്ടടുത്ത കുളങ്ങളിലാണ് നിക്ഷേപിച്ചിരുന്നത്. മൂന്നാലു ഫലകങ്ങൾ ആ സ്ഥലത്തെ അടയാളപ്പെടുത്തുന്നു.

ഇതൊക്കെ കണ്ടപ്പോൾ 'ഔഷ്വിറ്റ്സിലെ ചുവന്ന പോരാളി'യെ ഓർമ വന്നു. റെഡ്‌വിനും പോളും ഹെബറും ഒക്കെ അവിടെ എന്നെ നോക്കി നിൽക്കുന്ന പോലെ തോന്നി. ഒരു കനത്ത നിശ്വാസം എന്നിൽ നിന്നും ഞാനറിയാതെ തന്നെ പുറപ്പെട്ടു...


വളരെ വലിയ ഒരു പ്രദേശമാണ് ബിർക്നൗവിലെ ക്യാമ്പിന്റേത്. ഓരോ തരം തടവുകാർക്കും (രാഷ്ട്രീയത്തടവുകാർ, ജിപ്സികൾ, സ്വവർഗ്ഗരതിക്കാർ, സ്ത്രീകൾ, ഹംഗറി, ചെക്കോസ്ലോവാക്കിയ തുടങ്ങിയ രാജ്യങ്ങളിൽ 
നിന്നുള്ള തടവുകാർ തുടങ്ങി) പ്രത്യേകം ബാരക്കുകൾ ഉണ്ടായിരുന്നു. ഇത് കൂടാതെ എസ്‌ എസ് ഓഫീസർമാരുടെ താമസസ്ഥലം (അതിപ്പോൾ ഒരു പള്ളിയായി മാറിയിരിക്കുന്നു എന്ന് തോന്നുന്നു), പമ്പ്ഹൌസ്‌, ക്രിമെറ്റോറിയം, റൂം കാനഡ  എന്നറിയപ്പെട്ടിരുന്ന തടവുകാരിൽ നിന്നും പിടിച്ചെടുത്ത വിലപ്പെട്ട സാധനങ്ങൾ  തരം തിരിക്കുകയും സൂക്ഷിക്കുകയും ചെയ്തിരുന്ന സ്ഥലം, അടുക്കള, ആശുപത്രി, തുടങ്ങി പലതും അവിടെ പ്രവർത്തിച്ചിരുന്നു. ഞങ്ങൾ ചെന്ന സമയത്ത് മഴ പെയ്ത് ആകെ നനഞ്ഞു കുഴഞ്ഞ നിലയിലായിരുന്നു നിലമൊക്കെ. തണുപ്പ് കൂടുമ്പോൾ ആ പ്രദേശം മുഴുവനും മഞ്ഞു മൂടും. അസഹ്യമായ തണുപ്പും മറ്റും സഹിച്ചു കൊണ്ട് യാതൊരുവിധ സൗകര്യങ്ങളും വേണ്ടത്ര ഭക്ഷണം പോലുമില്ലാതെ ആ ആളുകൾ നരകിച്ചു ജീവിച്ച കാര്യമോർക്കുമ്പോൾ ആ തണുപ്പിലും എന്റെ ഹൃദയം പൊള്ളുകയായിരുന്നു. ക്യാമ്പിന്റെ അതിർത്തികളിൽ നിശ്ചിത അകലങ്ങളിൽ സ്ഥിതിചെയ്യുന്ന കാവൽ ഗോപുരങ്ങളിൽ നിന്നും ഒരു വെടിയുണ്ട എൻ്റെ നേർക്കും ഏതു നിമിഷവും പറന്നു വന്നേയ്ക്കാം എന്ന് ഒരു നിമിഷം എനിക്ക് തോന്നി. ഫോട്ടോ എടുക്കാനായി നിന്നത് കൊണ്ട് പിന്നിലായിപ്പോയ ഞാൻ വേഗം തന്നെ ഓടി ഞങ്ങളുടെ സംഘത്തിന്റെ ഒപ്പമെത്തി.

പിന്നെ ഞങ്ങൾ പോയത് ഡെത്ത് ബാരക്ക് എന്നറിയപ്പെടുന്ന ഒരു ബാരക്കിലേക്കാണ്. 1944 -1945 കാലമായപ്പോഴേയ്ക്കും ബിർക്നൗ മരണത്തിന്റെ ഒരു ഫാക്ടറി തന്നെ ആയി മാറിയിരുന്നു. 24  മണിക്കൂറും പ്രവർത്തിച്ചിട്ടും ഗ്യാസ് ചേമ്പറുകൾ തികയാതെ വന്നു. തടവിലാക്കപ്പെട്ടവരുടെ ആരോഗ്യസ്ഥിതി മോശമാകുമ്പോൾ ഗ്യാസ് ചേമ്പറുകളിലേയ്ക്ക് അവരെ പറഞ്ഞയക്കുകയായിരുന്നു പതിവ്. പക്ഷേ മറ്റിടങ്ങളിൽ നിന്നും ആളുകൾ കൂട്ടത്തോടെ എത്തിയപ്പോൾ ഇത്തരം തടവുകാരെ ഗ്യാസ് ചേമ്പറിൽ  അയക്കാൻ വൈകി തുടങ്ങി. അത്തരം ആളുകളെ മറ്റൊരു ബാരക്കിലേക്ക് മാറ്റും. അവിടെ അവർക്ക് ഒന്നും കിട്ടില്ല -ഭക്ഷണം പോലും. എന്തായാലും മരിയ്ക്കാൻ  പോകുന്നവർക്ക് ഭക്ഷണം കൊടുക്കുന്നത് പാഴ്വേലയാണല്ലോ. അങ്ങനെ ഈ ബാരക്കിലുള്ളവർ അസുഖം വന്നും വിശന്നും പെരുച്ചാഴി പുഴു തുടങ്ങിയവയുടെ ആഹാരമായും ഒക്കെ നരകിച്ചു നരകിച്ചു മരിക്കാതെ മരിച്ചു കൊണ്ടിരുന്നു - ഇഞ്ചിഞ്ചായി....


ഡെത്ത് ബാരക്ക്
ഉള്‍വശം 
ബങ്കറുകള്‍
ആ ബാരക്കുകൾ അന്നത്തെ അതേ പോലെ തന്നെയാണ് ഇന്നും നില നിർത്തിയിട്ടുള്ളത്. അതിനകത്തു കയറിയാൽ മനുഷ്യത്വം ബാക്കിയുള്ള ആർക്കും ഒരു നടുങ്ങൽ  അനുഭവപ്പെടും. അത്ര ശോചനീയമാണ് അവിടുത്തെ അവസ്ഥ. വെളിച്ചമില്ല, വേണ്ടത്ര സ്ഥലമില്ല. 300 പേർക്കുള്ള ബാരക്കിൽ 1000-ൽ അധികം ആളുകളായിരുന്നു തിങ്ങിഞെരുങ്ങി കഴിഞ്ഞിരുന്നത്. മരിച്ചാൽ പോലും ആരും തിരിഞ്ഞു നോക്കില്ല. ജീവനോടെ ഇരിക്കുമ്പോൾത്തന്നെ എലികളും മറ്റും മനുഷ്യരെ ഭക്ഷിക്കുന്ന അവസ്ഥ....

എല്ലാം കണ്ട് മരവിച്ച മനസ്സോടെ മുറ്റത്തു വന്നു നിന്നപ്പോൾ ഗൈഡിനോട്  ചോദിക്കാതിരിക്കാനായില്ല - ഹോളോകോസ്റ്റ് നടന്നട്ടില്ല, അതൊരു മിഥ്യ ആണെന്ന് പറയുന്നവർ ഇവിടെ വരാറുണ്ടോ? ഒരു ചിരിയാണ് ആദ്യം - ഉണ്ട് എന്ന ഉത്തരം പിറകെ വന്നു. അവരോട് എങ്ങനെയാണ് പ്രതികരിച്ചത്? ഇതൊക്കെ കണ്ടിട്ടും നിങ്ങൾക്ക് വിശ്വാസമായില്ലെങ്കിൽ എങ്ങനെ വിശ്വസിപ്പിക്കും എന്നറിയില്ല. ഞങ്ങൾ ഇത് ഒരു മ്യൂസിയമായി വെക്കുന്നത് തന്നെ വരും തലമുറ ഇതൊന്നും നടന്നിട്ടില്ല, കെട്ടുകഥയാണ് എന്ന് പറയാതിരിക്കാനും ഇങ്ങനെ ഒരു ചരിത്രം വീണ്ടും ആവർത്തിക്കാതിരിക്കാനുമാണ്. എന്നിട്ടും ഇത് പോലെ വിചിത്രമായ പ്രതികരണങ്ങൾ കേൾക്കാറുണ്ട്.  

ഒരാൾ പറഞ്ഞത് ഇത്രയധികം ആളുകളെ കൊന്നൊടുക്കിയത് നന്നായി. മനുഷ്യന്മാരുടെ എണ്ണം കൂടിയിട്ട് ലോകത്തിൽ പ്രശ്‌നമൊഴിഞ്ഞ നേരമില്ല എന്നൊക്കെയാണ്. ഇങ്ങനെ ഓരോന്ന് പറയുന്നവരോട് എന്ത് പറയാനാണ്???

എനിയ്ക്കും ഉത്തരമുണ്ടായില്ല... എന്തായാലും നിങ്ങൾ ഇതൊക്കെ കണ്ടതല്ലേ, നിങ്ങളുടെ ആളുകളോട് ഇതേപ്പറ്റി പറയൂ - ഭാവിയിൽ ഇത്തരമൊരു കറ മനുഷ്യരാശിയുടെ മേൽ പടരരുത്. അതിന് ഈ കഥകൾ ലോകം അറിയുക തന്നെ വേണം. പ്രത്യേകിച്ചും വംശവെറിയും അസഹിഷ്ണുതയും കൂടിക്കൂടി വരുന്ന ഈ കാലത്ത്. അയാള്‍ പറഞ്ഞു നിര്‍ത്തി. 

അതു കൊണ്ടു കൂടിയാണ് കേള്‍ക്കാന്‍ സുഖകരമാല്ലെങ്കിലും ഈ യാത്രയെക്കുറിച്ചു ഞാൻ നിങ്ങളോട് പറയുന്നത്. എന്നെങ്കിലും ആരോടെങ്കിലും അകാരണമായി, അല്ലെങ്കിൽ അയാൾ നിങ്ങളിൽ നിന്നും വ്യത്യസ്തനാണ്‌ എന്നത് കൊണ്ട് മാത്രം വെറുപ്പും വിരോധവും നിങ്ങൾക്ക് തോന്നിയിട്ടുണ്ടെങ്കിൽ ഓർക്കുക, അത്തരം അകാരണമായ വെറുപ്പിൽ നിന്നാണ് ലോകം കണ്ട ഏറ്റവും കിരാതമായ നരഹത്യകളിൽ ഒന്ന് പിറന്നത്. ഒരു നിമിഷം ശാന്തമായി ആലോചിക്കുക - നിങ്ങൾ വെറുക്കുന്നയാൾ ശരിക്കും അതർഹിക്കുന്നുവോ? അതോ വെറും മുൻവിധികളും തെറ്റുദ്ധാരണകളുമാണോ നിങ്ങളുടെ വെറുപ്പിനാധാരം? ആണെങ്കിൽ നിങ്ങളും നാസികളും തമ്മിൽ വലിയ അന്തരമൊന്നുമില്ല. അപ്പോൾ പിന്നെ ഈ പോക്ക് എങ്ങോട്ടാവും എന്ന് ചരിത്രം നമുക്ക് കാണിച്ചു തന്നിട്ടുണ്ട്. അതാവർത്തിക്കാതെ നോക്കാനുള്ള ബാദ്ധ്യതയെങ്കിലും  നമുക്കില്ലേ?  

Comments

Unknown said…
വളരെ നന്നായി എഴുതിയട്ടുണ്ട്.
ക്രൂരതകൾ എല്ലാ കാലത്തും ഉണ്ടായിട്ടുണ്ട്.
പക്ഷേ ഇതിന്റെ magnitude ഉം ഒപ്പം തന്നെ പൈശാചികതയും കൂടി ആകുമ്പോൾ "ഇത്" മറക്കുവാൻ ആഗ്രഹിക്കുന്ന ഒന്നായി മാറുന്നു.
മനുഷ്യന്റെ സ്വത്വം ക്രൂരതയാണെന്ന് ചിലരെങ്കിലും കണ്ടതോ, കേട്ടതോ അഥവാ അനുഭവിച്ച തോ ആയതിന്റെ പേരിൽ പറഞ്ഞാൽ കുറ്റം പറയാൻ കഴിയുകയില്ല.
ഇത്തരം സ്ഥലങ്ങൾ സന്ദർശിക്കുകയും മറ്റുള്ളവരെ എഴുത്തിലൂടെ അതിന്റെ പ്രാധാന്യം മനസ്സിലാക്കി കൊടുക്കുകയും ഇവിടെ ചെയ്തിരിക്കുകയും ആണ്.
അഭിനന്ദനങ്ങൾ.

Popular posts from this blog

സൗഹൃദം

കൊഴിയുന്ന പൂക്കള്‍....

ദേഹാന്തരയാത്രകള്‍ - ഒരു ആസ്വാദനക്കുറിപ്പ്