മഴയെ പ്രണയിച്ചവൾ
പണ്ടൊരു പെൺകുട്ടിയുണ്ടായിരുന്നു - മഴ പെയ്താൽ മനം തുള്ളുന്ന ഒരുവൾ. മഴത്തുള്ളികളെ പ്രണയിച്ചവൾ. മുറ്റത്ത് ആർത്തലച്ചു പെയ്യുന്ന മഴയിലേയ്ക്ക് ഓടിയിറങ്ങി മഴയിൽ കുതിർന്ന് ആനന്ദപുളകിതയായവൾ...
നടവഴിയിലെ പടവുകളിലൂടെ മുറ്റത്തേയ്ക്ക് ഒലിച്ചിറങ്ങുന്ന മഴവെള്ളത്തിൽ മറ്റാരും കാണാത്ത വെള്ളച്ചാട്ടങ്ങളെ കണ്ടവൾ. മഴത്തുള്ളികൾ 'ബ്ലും' 'ബ്ലും' എന്ന ശബ്ദത്തിൽ ഭൂമിയിൽ വന്നു പതിയ്ക്കുമ്പോൾ ഹൃദയത്തിൽ പെരുമ്പറ കൊട്ടിയിരുന്നവൾ... മഴ വെളളത്തിൽ എത്ര കളിച്ചാലും മതിവരാത്തവൾ. ചെളിവെള്ളം തെറുപ്പിച്ചാനന്ദിച്ച അനുസരണക്കേടിന്റെ സമ്മാനം തുടയിൽ തിണർപ്പായി, കണ്ണിൽ നിന്നും കണ്ണീരായി ഒലിച്ചിറങ്ങുമ്പോഴും ഉള്ളിൽ ആഹ്ലാദം തൂകിയവൾ...
ഇടിനാദം മുഴക്കിയും മിന്നൽക്കൊള്ളി മിന്നിച്ചും ആകാശം പേടിപ്പെടുത്താൻ നോക്കുമ്പോൾ രാത്രിമഴയോട് കിന്നാരം പറഞ്ഞ് ചിരിച്ചവൾ. വീടുറങ്ങുമ്പോൾ രാത്രിയുടെ നിശബ്ദതയെ ഭേദിച്ചു വരുന്ന രാമഴയുടെ കിളിക്കൊഞ്ചൽ കേട്ടുറക്കത്തിൽ നിന്നുണർന്ന് ജനലിലൂടെ കൈ നീട്ടിയവളെ കൊഞ്ചിച്ചവൾ...
ഒരു ചെറിയ ചാറ്റൽ മഴയുടെ കാലൊച്ച കേൾക്കുമ്പോൾ പതുങ്ങിച്ചെന്നവളുടെ പെയ്ത്ത് ശക്തിയാർജ്ജിയ്ക്കുന്നതും നോക്കിയിരുന്നിട്ടുള്ളതെത്ര തവണയെന്ന് അവൾക്കു തന്നെ നിശ്ചയമില്ലാത്ത ഒരു പെൺകുട്ടി... കുളത്തിന്റെയാഴങ്ങളിലും നടവഴിയിൽ പരന്നൊഴുകുന്ന ചെറുപുഴകളിലും കിണറ്റിലെ നിറഞ്ഞ ജലപ്പരപ്പിലും മഴയെ വിവിധ നിറത്തിലും ഭാവത്തിലും കണ്ടവൾ...
കാലത്തിന്റെ പ്രവാഹം ആ പെൺകുട്ടിയിലും മാറ്റങ്ങൾ വരുത്തി.. മഴയെ അവൾ മറന്നില്ലെങ്കിലും പിന്നീടവൾ പണ്ടത്തെപ്പോലെ മഴയിൽ നനഞ്ഞതേയില്ല. പകരമവൾ തന്റെ കുഞ്ഞിന് മഴയെ പരിചയപ്പെടുത്തി. അവൻ മഴയുടെ സ്പർശനമേറ്റ് മനം നിറഞ്ഞാടിയപ്പോൾ കാലങ്ങൾക്കപ്പുറം അവളും മഴയിൽ നൃത്തം വെയ്ക്കുകയായിരുന്നു ..
Comments