വേനലും മഴയും



കുട്ടിക്കാലത്തെ വേനലോർമ്മകളിൽ പ്രധാനം അടുക്കളക്കിണറിലെ വെള്ളം കുറയുന്നതോടെ (പാറ കണ്ടു തുടങ്ങിയാൽ ആധിയാണ് - വെള്ളം വറ്റുമോ എന്ന്) ചെപ്പുകുടങ്ങളും ബക്കറ്റുമായി ഭൂതത്താൻ കിണറ്റിലേയ്ക്ക് വെള്ളം കോരാൻ പോകുന്നതാണ്. എല്ലാവരും അവരവരുടെ വലുപ്പവും ശക്തിയും അനുസരിച്ച് ബക്കറ്റുകളും കുടങ്ങളും തിരഞ്ഞെടുക്കും. അവധിക്കാലമാഘോഷിയ്ക്കാൻ ഇല്ലത്തു വരുന്ന മരുമക്കളും മറ്റു ബന്ധുക്കളുമൊക്കെ ഇതിൽ പങ്കാളികളായേ പറ്റൂ. രാവിലെയും വൈകുനേരവും തൊടിയിൽ അല്പ ദൂരെ സ്ഥിതി ചെയ്യുന്ന ഭൂതത്താൻ കിണറ്റിൽ നിന്നും വെള്ളം കോരിക്കൊണ്ടു വന്ന് അടുക്കളയിലെ ചരക്കിലോ (സദ്യയ്ക്ക് പായസമൊക്കെ ഉണ്ടാക്കാൻ ഉപയോഗിക്കുന്ന വലിയ ഓട്ടുരുളി) ചെമ്പിലോ നിറയ്ക്കണം.

ആൾമറയില്ലാത്ത ഭൂതത്താൻ കിണറ്റിൽ വേനൽക്കാലമാവുമ്പോഴേയ്ക്കും പുതിയ കയറ്റും വെള്ളം കോരാനുള്ള ബക്കറ്റും ഒക്കെ തയ്യാറായിട്ടുണ്ടാവും. രണ്ടു മരക്കാലുകൾ കിണറ്റിലേയ്ക്ക് അല്പം ചാരി നിൽക്കുന്നതിൽ അവയ്ക്കു കുറുകെ മുകളിലായി ഒരു മരക്കാല് കെട്ടിയുറപ്പിച്ചിരിയ്ക്കും. അതിൻമേലാണ് കപ്പി തൂക്കിയിടുക.     ഒരു വക്കത്ത് ഇട്ടിരിയ്ക്കുന്ന തടിക്കഷ്ണത്തിൽ ചവുട്ടി കാലുറപ്പിച്ച് വേണം വെള്ളം കോരാൻ (ആ പലകകൾക്കിടയിലൂടെ കാണുന്ന കിണർ തെല്ലൊന്നുമല്ല ഭയപ്പെടുത്തിയിട്ടുള്ളത്). അടുക്കളക്കിണറിലെ ബക്കറ്റിനേക്കാൾ വലിയ ബക്കറ്റാവും ഭൂതത്താൻ കിണറ്റിലേത്.

ആകപ്പാടെ വലിയ ഒരു കിണറാണത് (അടുക്കളക്കിണറുമായി താരതമ്യം ചെയ്യുമ്പോൾ). അതു കൊണ്ടു തന്നെ തീരെ ചെറിയ കുട്ടികൾക്ക് തനിച്ച് കിണറിനു തൊട്ടടുത്ത് പോകാനോ വെള്ളം കോരാനോ അനുവാദമില്ലായിരുന്നു (ആൾമറയോ ഒന്നും ഉണ്ടായിരുന്നില്ല താനും). മുതിർന്നവർ കോരിത്തരുന്ന വെള്ളം അവനവന്റെ കുടത്തിലോ ബക്കറ്റിലോ (മിക്കവാറും എളിയിൽ ഒരു കുടവും കൈയ്യിൽ ഒരു ബക്കറ്റും ഉണ്ടാവും) നിറച്ച് അടുക്കളയിലെ വലിയ ചെമ്പിലൊഴിയ്ക്കാൻ മാത്രമേ അവർക്ക് അനുവാദമുള്ളൂ. മുതിർന്നവർക്ക് അലിവു തോന്നിയാൽ അവർ കുട്ടികളുടെ കൈ പിടിച്ച്, ഏറെ ശ്രദ്ധിച്ച്, കിണറ്റിലേയ്ക്ക് ഒന്നെത്തി നോക്കാൻ സഹായിക്കും. അത് മിക്കപ്പോഴും വെള്ളം നിറച്ചു കഴിഞ്ഞ് ആ നേരത്തെ 'ഡ്യൂട്ടി' കഴിയുമ്പോഴാവും. നേരാംവണ്ണം ജോലി ചെയ്തില്ലെങ്കിൽ ഈ എത്തിനോട്ടം നിഷേധിയ്ക്കപ്പെടുകയും കിണറിനു ചുറ്റും കണ്ണീർക്കയമൊഴുകുകയും സാധാരണമായിരുന്നു.

എന്റെ ഓർമ്മയിലെ ആദ്യത്തെ പണിയായുധം ഒരു ചെറിയ ചെപ്പുകുടവും 10 ലിറ്ററോ മറ്റോ കൊള്ളുന്ന ഒരു നീല ബക്കറ്റുമായിരുന്നു. അതിൽ വെള്ളം നിറച്ച് അടുക്കളയെ ലക്ഷ്യമാക്കി നീങ്ങുമ്പോൾ വെള്ളം തുളുമ്പി ഉടുപ്പൊക്കെ നന്നായി നനഞ്ഞിട്ടുണ്ടാവും. വെള്ളം ഒരു കാൽ ഭാഗമെങ്കിലും വഴിയിൽ തുളുമ്പിപ്പോയിരിയ്ക്കും. 'നിറകുടം തുളുമ്പില്ല' എന്ന മഹാതത്വം പഠിയ്ക്കാൻ ഇത്തരം ഒന്നോ രണ്ടോ നടത്തമേ വേണ്ടി വന്നുള്ളുവെന്നതും ഓർക്കുന്നു.

ഇത്തിരി വലുതായപ്പോൾ ഭൂതത്താൻ കിണറ്റിൽ നിന്നും വെള്ളം കോരാൻ യോഗ്യത നേടി. ആദ്യമൊക്കെ ഞങ്ങൾ രണ്ടു പേർ ഒരുമിച്ചാണ് കയറ് വലിച്ച് കിണറ്റിൽ നിന്നും വലിയ ബക്കറ്റ് നിറയെ വെള്ളം കോരിയത്. ബക്കറ്റ് മുകളിലെത്തിയാൽ മുതിർന്നവരാരെങ്കിലും കൈ നീട്ടി ബക്കറ്റ് വലിച്ചടുപ്പിക്കും. പിന്നീട് തന്നെത്താൻ വെള്ളം കോരാൻ പ്രാപ്തയായി. ബക്കറ്റ് എത്തിപ്പിടിയ്ക്കുമ്പോൾ കാൽ വഴുക്കി കിണറ്റിൽ വീണാൽ ഭൂതത്താൻമാർ വിഴുങ്ങുമോ എന്ന പേടിയായിരുന്നു അന്നൊക്കെ. മുതിർന്നവർ ആരെങ്കിലും നോക്കി നില്ക്കുമ്പോഴല്ലാതെ വെള്ളം കോരാൻ അക്കാലത്ത് ഞാൻ ധൈര്യപ്പെട്ടിരുന്നില്ല.

കാലം കുറച്ച് കഴിഞ്ഞപ്പോൾ വീട്ടാവശ്യത്തിനുള്ള വെള്ളം നേരിട്ട് അടുക്കളയിലെ വലിയ പാത്രങ്ങളിലേയ്ക്ക് പമ്പ് ചെയ്യുന്ന സംവിധാനമുണ്ടാക്കി. എന്നാലും മിക്കപ്പോഴും കറണ്ട് ഒളിച്ചുകളിച്ചിരുന്നതിനാൽ കിണറ്റിൻ കരയിലേയ്ക്കുള്ള പോക്ക് പൂർണ്ണമായും നിലച്ചിരുന്നില്ല. ബക്കറ്റു കണക്കിന് വെള്ളം കോരി വാഴയ്ക്കും പച്ചക്കറികൾക്കും നനച്ചത് ഇന്നലെയെന്നപ്പോലെ ഓർമ്മയുണ്ട്. പിന്നീട് പൂന്തോട്ടമുണ്ടാക്കൽ ഒരു ഹരമായപ്പോൾ അതിലെ ചെടികൾക്കും വെള്ളം കോരി നനച്ചിരുന്നു...

വേനൽ കനക്കുമ്പോൾ കുളത്തിലെ വെള്ളവും വറ്റാറാവും. കുളത്തിലെ കുണ്ടിലിറങ്ങി വെള്ളം അധികമിളക്കാതെ വേണം അപ്പോൾ കുളിയ്ക്കാൻ. വെള്ളം താഴുന്ന മുറയ്ക്ക് പടവുകളിലെ ചേറൊക്കെ ചകിരി കൊണ്ടുരച്ച് വൃത്തിയാക്കും- തുണികൾ അടിച്ചു തിരുമ്പാനും കാലുരച്ച് കഴുകാനും ഓരോരുത്തരും ഓരോ കല്ലു മിനുക്കിയെടുക്കും. ചേറ് കാണുന്നതിന് മുൻപ് അവസാനത്തെ പടവ് ഒരല്പം കുണ്ടുള്ളതാണ്. അതിൽ മുങ്ങാൻ പറ്റാതായാൽ കിണറ്റിൽ നിന്നും വെള്ളം കോരി കുളിയ്ക്കണം - അല്ലെങ്കിൽ അമ്പലക്കുളത്തിലേയ്ക്കോടണം.

ചിലപ്പോൾ കുളത്തിൽ കുറച്ചൊക്കെ വെള്ളമുണ്ടെങ്കിലും തേക്കിന്റെയിലയും മറ്റും വീണ് ചീഞ്ഞ് ഒരു നാറ്റമാണ്. അല്പ നേരം വെള്ളത്തിലിറങ്ങി നിന്നാൽ വെള്ളമുണ്ടൊക്കെ നിറം മാറിത്തുടങ്ങും. ഒരു തരം മഞ്ഞ നിറമുള്ള അവ പിന്നെ കിണറ്റിലെ വെള്ളം തിളപ്പിച്ച് അതിലിട്ടു വെച്ച് വെളുപ്പിച്ചെടുക്കണം. എന്നാലും വെള്ളം കോരിക്കുളിച്ചലക്കുന്നതിനേക്കാൾ എളുപ്പമാണത്.

അങ്ങനെ പിന്നെയും കാലം കഴിഞ്ഞു. ടാങ്കും പൈപ്പുമൊക്കെ വെള്ളം സുലഭമായി വീടിന്റെ അകത്തളങ്ങളിലേയ്ക്ക് എത്തിച്ചു. വേനൽ തുടങ്ങി കുറച്ചു കഴിയുമ്പോൾ അടുക്കളക്കിണറിൽ നിന്നു സ്ഥാനം മാറി മോട്ടോർ ഭൂതത്താൻ കിണറിലെത്തും എന്ന് മാത്രം. കുടിയ്ക്കാനും വെക്കാനും ഉള്ള വെള്ളം മാത്രം അടുക്കളക്കിണറ്റിൽ നിന്നു കോരിയെടുക്കും. കറന്റ് വില്ലനാവുന്ന സന്ദർഭങ്ങളിൽ മനസ്സില്ലാ മനസ്സോടെയും കറന്റിനെ പഴിചാരിയും വെള്ളം കോരും... എന്തൊരു കഷ്ടമാണിതെന്ന് മുറുമുറുക്കും.

പിന്നെയും കുറച്ചു കാലം കഴിഞ്ഞു. മരുമക്കളും ബന്ധുക്കളും അവധിക്കാലത്ത് താമസിയ്ക്കാൻ വരാതെയായി (അപ്പോഴേയ്ക്കും എല്ലാവരും വലുതായി അവരവരുടെ പ്രാരാബ്ധങ്ങളിൽ തിരക്കായി). വേനൽ തുടങ്ങുമ്പോഴേയ്ക്കും പാറകണ്ടിരുന്ന അടുക്കളക്കിണർ കടുത്ത വേനലിലും പാറയെ ഒളിപ്പിച്ചു വെച്ചു തുടങ്ങി. ഇപ്പോൾ മുഴുവൻ സമയവും ഭൂതത്താൻ കിണറ്റിൽ നിന്നും വെള്ളമെടുക്കുന്നതിനാലാവും അതെന്ന് അഭിപ്രായപ്പെട്ടു ചിലർ. ഏയ് അതല്ല, ആളുകളുടെ എണ്ണം കുറഞ്ഞപ്പോൾ ഉപയോഗം കുറഞ്ഞതു കൊണ്ടാവും എന്ന് വേറെ ചിലർ (സത്യത്തിൽ പണ്ട് കോരിക്കൊണ്ടു വരുമ്പോൾ വെള്ളം വളരെ സൂക്ഷിച്ചേ ചിലവാക്കിയിരുന്നുള്ളു. ഇപ്പോൾ വെറുതേ ഫ്ലഷ് ചെയ്തു പോലും അതിനേക്കാൾ എത്രയോ വെള്ളം ചിലവാക്കുന്നുണ്ട്. കൂടാതെ പശുക്കളെ കുളിപ്പിയ്ക്കൽ, അവയ്ക്കുള്ള കുടിവെള്ളം, തൊഴുത്ത് കഴുകൽ, തോട്ടത്തിലെ നന തുടങ്ങി കുറേ കാര്യങ്ങൾക്ക് മുൻപത്തേക്കാൾ വെള്ളം ചിലവാക്കുന്നുണ്ട്).

അപ്പോൾ പിന്നെ വേനൽക്കാലത്ത് വെള്ളമുണ്ടാവാൻ എന്താണ് കാര്യം? അച്ഛൻ തന്നെയാണ് ഉത്തരം കണ്ടെത്തിയത്. പണ്ട് മഴക്കാലത്ത് തൊടിയിലേയ്ക്ക് ഒലിച്ചു വരുന്ന വെള്ളം മുഴുവനും ചാലുകീറി പുറത്തേയ്ക്ക് ഒഴുക്കിവിടുമായിരുന്നു. ഇപ്പോൾ കുറേ കൊല്ലങ്ങളായി തൊടിയിലേയ്ക്ക് ഒഴുകി വരുന്ന വെള്ളത്തെ മുഴുവനും പുറത്തു പോകാനനുവദിയ്ക്കാതെ മണ്ണിൽ താഴാൻ അവസരമൊഴുക്കുകയാണ്. മഴക്കാലത്ത് ചുറ്റും ചളിപിളിയാകുമെങ്കിലും വേനൽക്കാലത്ത് പണ്ടത്തെ പോലെ കിണറുകളിൽ വെള്ളം വേഗം താഴുന്നില്ല. അതു മാത്രമല്ല, ചുറ്റുവട്ടത്തും ചില കിണറുകളിൽ വേനൽക്കാലത്ത് വെള്ളം വറ്റുന്നില്ല ഇപ്പോൾ. മഴക്കാലത്ത് വെള്ളം ഒഴുക്കിക്കളയാത്തത് മൂലം വേനൽ കാലത്ത് ഭൂഗർഭജലത്തിന്റെ തോതിൽ അനുകൂല മാറ്റമുണ്ടായിരിക്കണം എന്നാണ് അച്ഛന്റെ അനുമാനം. സാമാന്യയുക്തിയ്ക്ക് നിരക്കുന്ന ഒരു അനുമാനമാണത്. ഇതെന്താ ഇവിടമൊക്കെ ചളിപിളിയായി കിടക്കുന്നത് എന്ന് വർഷക്കാലത്ത് ആളുകൾ ചോദിയ്ക്കുമ്പോൾ കുറച്ചു നാളത്തെ ഈ അസൗകര്യം വേനൽക്കാലത്ത് വെള്ളമെന്ന സൗഭാഗ്യമായി മാറുന്ന കഥ അച്ഛൻ  പറയും.

എന്നാൽ ഇക്കഴിഞ്ഞ കൊല്ലങ്ങളിൽ മണ്ണും ചെളിയും കുത്തിയൊലിച്ച് വന്ന് മുറ്റവും വഴിയുമെല്ലാം പാടം പോലെയായപ്പോൾ യാതൊരു നിവൃത്തിയുമില്ലാതെ മനസ്സില്ലാമനസ്സോടെ അവിടെയൊക്കെ ടൈൽ പാകേണ്ടി വന്നു. ഏറെ സങ്കടത്തോടെ ആ തീരുമാനമറിയിച്ചപ്പോൾ വികാരഭരിതയായി ഞാനെതിർത്തു.  വേറെ ഒരു പോംവഴിയുമില്ലാത്തതിനാലാണ് എന്ന് ആശ്വസിയ്ക്കാൻ ശ്രമിച്ചെങ്കിലും അവിടുത്തെ ടൈൽ പാകിയ മുറ്റമെനിയ്ക്ക് ഇന്നും സങ്കല്പിയ്ക്കാൻ കഴിയുന്നില്ല. വെള്ളമൊലിച്ചു പോയി വീണ്ടും പഴയപോലെ വരൾച്ച വരുമെന്ന് ഭയന്നു ഞാൻ. എന്നാൽ അപ്പുറത്ത് തൊടിയിൽ  ഒരു വലിയ മഴ സംഭരണിയുണ്ടാക്കി അച്ഛൻ ആ ആശങ്കകളെയും തൂത്തെറിഞ്ഞു. ഇത്തവണ നാട്ടിൽ പോകുമ്പോൾ ടൈൽ വിരിച്ച മുറ്റമെന്നെ നീറ്റുമെങ്കിലും തൊടിയിലെ മഴ സംഭരണി എന്നെ തണുപ്പിയ്ക്കുമെന്ന ആശയിലാണ് ഞാൻ.

എന്നാൽ ഇപ്പോഴീ പഴങ്കഥ പറയാൻ കാരണം അതൊന്നുമല്ല. മഴ തകൃതിയായി ചെയ്യുന്ന വർഷക്കാലത്ത് നിങ്ങളും നിങ്ങളുടെ വീട്ടിലും പരിസരങ്ങളിലും വെള്ളത്തിന് ഭൂമിയിലേയ്ക്കിറങ്ങാൻ അവസരം കൊടുക്കൂ. മഴവെള്ള സംഭരണവും മറ്റും ഭൂഗർഭജലനിരപ്പ് നിലനിർത്താൻ / ഉയർത്താൻ സഹായകമായാൽ ഒരുപക്ഷേ അടുത്ത വേനലുകളിൽ ജലക്ഷാമം നമ്മെ വല്ലാതെ വലയ്ക്കില്ലായിരിക്കാം. ഇപ്പോൾ പെയ്യുന്ന വെള്ളം മുഴുവനും ഒഴുക്കി കളഞ്ഞ്, അയ്യോ വെള്ളമില്ല എന്ന് അപ്പോൾ  വിലപിയ്ക്കുന്നതിനേക്കാൾ നല്ലതാവില്ലേ അത്?

Comments

Popular posts from this blog

സൗഹൃദം

കൊഴിയുന്ന പൂക്കള്‍....

സ്നേഹം