എൻ്റെ കൂട്ടുകാരികൾ

കഴിഞ്ഞ കുറച്ചു ദിവസങ്ങളായി ഞാന്‍ എന്റെ ഫ്രണ്ട് ലിസ്റ്റിലുള്ള സ്ത്രീകളെക്കുറിച്ചങ്ങനെ ആലോചിക്കുകയായിരുന്നു. അവരില്‍ വളരെക്കുറച്ചു പേരെ മാത്രമേ ഞാന്‍ നേരിട്ട് കണ്ടിട്ടുള്ളൂ. എന്നിരുന്നാലും ഇന്റര്‍നെറ്റ് എന്ന വിശാല ലോകത്തില്‍ അവരെ ഞാന്‍ കാണാതെ കണ്ടു. അവരുമായി സംവദിച്ചു, അവരെക്കുറിച്ചോര്‍ത്ത് അഭിമാനിച്ചു. അവരുടെ സന്തോഷത്തില്‍ സന്തോഷിച്ചു. അവരുടെ ദു:ഖത്തില്‍ വേദനിച്ചു. അവരോടൊപ്പം ചിരിക്കാനും ചിലപ്പോൾ കരയാനും നെടുവീർപ്പിടാനും അവരെ മനസ്സുകൊണ്ട് ചേർത്തു പിടിയ്ക്കാനും എനിക്ക് കഴിഞ്ഞിട്ടുണ്ട്.

എന്റെ ചുറ്റിലുമുള്ള അവരിൽ നിന്നും ഞാൻ ഏറെ കാര്യങ്ങൾ പഠിക്കുന്നുണ്ട്. അവരുടെ വിശേഷങ്ങൾ പറഞ്ഞാൽ തീരില്ല. പല മേഖലയിലും അവർ തിളങ്ങുന്നത് കാണുമ്പോൾ എന്റെ മനസ്സും എന്തെന്നില്ലാത്ത സന്തോഷം കൊണ്ട് നിറയും. 

പേരെടുത്തു പറയാൻ ഒത്തിരിപ്പേരുണ്ട്...നല്ലൊരു ഫോട്ടോഗ്രഫറും  പക്ഷി നിരീക്ഷകയും ഒരനിയത്തിയോടെന്ന പോലെ വാത്സല്യവും തോന്നുന്ന സംഗീതയെ പറ്റിയാവട്ടെ ആദ്യം. ഞങ്ങളൊരുമിച്ചു പോയിട്ടുള്ള യാത്രകൾ വളരെക്കുറവാണ്. എങ്കിലും സംഗീതയുമൊന്നിച്ചുള്ള യാത്രകൾ എനിക്ക് വളരെ പ്രിയപ്പെട്ടതാണ്. സംഗീതയുടെ ഫോട്ടോകൾ മിക്കതും പ്രത്യേകതയുള്ളതാവും. മറ്റാരും കാണാത്ത കാഴ്ചകൾ സംഗീത തൻ്റെ ക്യാമറയിൽ പകർത്തും. ചിലപ്പോഴെങ്കിലും ഞങ്ങൾ കണ്ട കാഴ്ചകൾ ഒന്നു തന്നെയാണോ എന്ന് ഞാൻ ആശ്ചര്യപ്പെടാറുണ്ട്. സൂക്ഷ്മനിരീക്ഷണവും കൂടുതൽ മെച്ചപ്പെടാനുള്ള ആഗ്രഹവും സംഗീതയെ മറ്റുള്ളവരിൽ നിന്നും വ്യത്യസ്തയാക്കുന്നു. ഞങ്ങളുടെ ഒന്നിച്ചുള്ള അടുത്ത യാത്ര ഉടനെയൊന്നും ഉണ്ടാവില്ലെന്നറിയാമെങ്കിലും ഞാൻ അതിനായി കാത്തിരിക്കുന്നു...

അതു പോലെ തന്നെ നല്ലൊരു ഫോട്ടോഗ്രഫറും യാത്രാപ്രേമിയും പക്ഷിനിരീക്ഷകയുമൊക്കെയാണ് പുഷ്പ ടീച്ചർ. പുഷ്പയുടെ ഓരോ യാത്രയും ചിത്രവും ഏറെ കൗതുകത്തോടെയാണ് ഞാൻ കാണാറുള്ളത്. ഉള്ളിലെ കുട്ടിയെ സ്വതന്ത്രയാക്കി അവർ ഓരോ പ്രവർത്തിയും വളരെ സന്തോഷത്തോടെയും ആവേശത്തോടെയും ചെയ്യുമ്പോൾ ആ ഊർജ്ജവും സന്തോഷവും കുറച്ചെങ്കിലും എന്നിലേയ്ക്ക് പകരുന്ന പോലെ തോന്നാറുണ്ട്.  ഒരിക്കൽ പുഷ്പയോടൊപ്പം ഒരു യാത്ര പോകണം. ആ ആനന്ദവും ഊർജ്ജവും നേരിൽ കണ്ടറിയണം...

ഇതേ പോലെ ഒരു യാത്രാപ്രേമിയാണ് ദീപ ടീച്ചർ. ദീപയുടെ യാത്രകളും ഏറെ വ്യത്യസ്തമാണ്. വയനാടൻ മലകളും ഹിമാലയ നിരകളുമൊക്കെ നടന്നു കയറിയ ദീപയിലും അടങ്ങാത്ത യാത്രാമോഹം  കണ്ടിട്ടുണ്ട്. ഓരോ യാത്രയെക്കുറിച്ചുള്ള സ്വപ്നവും അതിന്റെ സാക്ഷാത്‍കാരവും അവരുടെ ഉള്ളിൽ നിറയ്ക്കുന്ന സന്തോഷത്തിന്റെ ഒരംശം എന്നിലും വന്നു നിറയാറുണ്ട്. ഞങ്ങൾ ഒന്നിച്ചൊരു യാത്ര ഒരിക്കൽ ഉണ്ടാവും എന്ന് മനസ്സ് പറയുന്നു.

ശ്രീദേവിയും ഒരു നല്ല ഫോട്ടോഗ്രഫർ ആണ്. അവരുടെ ഫോട്ടോകൾക്ക് ഒരു പ്രത്യേക ഭംഗിയുണ്ട്.  ഞാനവരെ പരിചയപ്പെടുന്നത് ഫേസ്ബുക്കിലെ ഒരു പാട്ടു കൂട്ടായ്മയിൽ വെച്ചാണ്.  ശ്രീദേവിയുടെ ഏറ്റവും വലിയ പ്രത്യേകതയായി തോന്നിയത് ഗ്രൂപ്പിൽ ഓരോരുത്തർക്കും അവർ നൽകുന്ന വ്യക്തിഗത ശ്രദ്ധയാണ്. ആ ഗ്രൂപ്പിൽ സജീവമല്ലാതിരുന്നിട്ടു പോലും അവർ എന്നെ ഓർക്കുന്നുണ്ട് എന്നത് എന്നെ പലപ്പോഴും ആശ്ചര്യപ്പെടുത്തിയിട്ടുണ്ട്. 

വൈൽഡ് ലൈഫ് ഫോട്ടോഗ്രഫിയിലും പക്ഷിനിരീക്ഷണത്തിലും ഞാൻ ഏറ്റവും ബഹുമാനിക്കുന്നതും ഉറ്റു നോക്കുന്നതും ജെയ്‌നിയെയാണ്.  ഈ മേഖലയിൽ ഇന്ത്യയിലെ ഏറ്റവും മികവുള്ള ആളുകളിൽ മുൻപന്തിയിൽ തന്നെ ജെയ്‌നിയുണ്ട്. എന്നാൽ അതിന്റേതായ യാതൊരു  പരിവേഷവുമില്ലാത്ത, എപ്പോഴും സഹായിക്കാൻ തയ്യാറുള്ള ജെയ്‌നിയോട് ഒരുപാടിഷ്ടം.

പരിസ്ഥിതി പ്രേമിയായ ഫൗസിയയെ ഒരിക്കൽ വാഴച്ചാലിൽ പക്ഷി സർവ്വേ സമയത്താണ് പരിചയപ്പെട്ടത്. അന്ന് അത്രയൊന്നും സംസാരിച്ചില്ലെങ്കിലും ഇപ്പോൾ ഞങ്ങൾ നല്ല സുഹൃത്തുക്കളായിരിക്കുന്നു. പക്ഷികൾ, മൃഗങ്ങൾ, മരങ്ങൾ, പൂമ്പാറ്റ, പാമ്പ്,  പരിസ്ഥിതി എന്ന് തുടങ്ങി പ്രകൃതിയിലെ എല്ലാ കാര്യങ്ങളും ഫൗസിയയെ വളരെ ആവേശം കൊള്ളിയ്ക്കാറുണ്ട് എന്ന് എനിക്ക് തോന്നാറുണ്ട്... പുതിയ കാര്യങ്ങൾ വിശദമായി അറിയാനുള്ള  ആഗ്രഹം ഫൗസിയയെ പോലെ  വേറെ ആരിലും ഈയടുത്ത് ഞാൻ കണ്ടിട്ടില്ല. നല്ല വാർത്തകൾ പങ്കുവെയ്ക്കാൻ മുൻപന്തിയിലും ഫൗസിയ തന്നെ!

ചുറ്റിലും നടക്കുന്ന സങ്കടങ്ങൾ ഒപ്പിയെടുത്ത് വാക്കിലൂടെ നമ്മളിലേക്ക് പകർന്നു നൽകാൻ എച്ച്മുവിനോളം കഴിവുള്ള എഴുത്തുകാർ കുറവാകും. ചിലപ്പോഴെങ്കിലും എച്ച്മുവിന്റെ എഴുത്തിലെ സങ്കടക്കടലിൽ മുങ്ങിത്താണാൽ ഒന്ന് കരയ്‌ക്കെത്താൻ ഞാൻ വിഷമിക്കാറുണ്ട്. അതു കൊണ്ട് അപൂർവ്വം ചിലപ്പോൾ ഞാൻ എച്ച്മുവിനെ വായിക്കാതിരിക്കാറുമുണ്ട്. എന്നാലും എച്ച്മുവിന്റെ അമ്മീമ്മയും അമ്മയും എനിക്ക് പ്രിയപ്പെട്ട ആരോ ആണെന്നു തോന്നിയിട്ടുണ്ട്. എച്ച്മുവിനെപ്പോലെ, സഹജീവികളുടെ വേദന ഇത്രയും വ്യക്തമായി കാണാനാകുന്നവർ നമ്മുടെയിടയിൽ കുറവാണെന്നു തോന്നുന്നു.  എച്ച്മുവിന് സ്നേഹത്തിൽ പൊതിഞ്ഞ ഒരായിരം ഉമ്മ. 

ഷബ്‌നയെ തുഞ്ചൻ പറമ്പിലെ ബ്ലോഗ് മീറ്റിൽ വെച്ച് കണ്ട ഒരോർമ്മ! അതോ അതൊരു സ്വപ്നമായിരുന്നുവോ? എന്തായാലും ഒരു പുഞ്ചിരിയിൽ ഒതുങ്ങി ഞങ്ങളുടെ പരിചയപ്പെടൽ എന്ന് തോന്നുന്നു. സ്വാതന്ത്ര്യത്തിനായ് കൊതിയ്ക്കുന്ന, കൂട്ടിലടയ്ക്കപ്പെട്ട ഒരു കിളിയെപ്പോലെയാണവൾ എന്ന്  പലപ്പോഴും തോന്നിയിട്ടുണ്ട്. സ്വന്തം ചിറകിന്റെ ശക്തി മനസ്സിലായപ്പോൾ ആകാശം തൊട്ടു പറന്നുയർന്ന ഒരു കിളി. നിറങ്ങളുടെ ലോകത്ത് അവൾ ചിറകു വിറച്ചു പറക്കുന്നത് കാണുമ്പോൾ അവളുടെ കൂടെ പറക്കുന്ന അതേ ആവേശമാണെനിയ്ക്കും. ഒരു ചിത്രകാരിയെന്ന നിലയിൽ ഷബ്‌ന വളരെയധികം മുന്നോട്ട് പോയിട്ടുണ്ട്. ഇനിയും മുന്നോട്ട് പോകുമെന്നു തന്നെ എൻ്റെ മനസ്സ് പറയുന്നു... 

ചിരിയ്ക്കുന്ന മുഖവും പോസിറ്റിവ് ചിന്തയുമാണ് ആർഷയുടെ മുഖമുദ്ര. വലിയ കാര്യങ്ങളും കുഞ്ഞു കാര്യങ്ങളും തനതു ശൈലിയിൽ ആർഷ അവതരിപ്പിക്കുന്നത് ഏറെ താത്പര്യത്തോടെയാണ് വായിക്കാറ്.  എല്ലാവരോടുമുള്ള നിസ്സീമമായ സ്നേഹമാണ് ആർഷയെ  മറ്റുള്ളവരിൽ നിന്നും വ്യത്യസ്തയാക്കുന്നത് എന്ന് തോന്നുന്നു. ചേച്ചിയമ്മ എന്ന വിശേഷണം ആർക്കുമങ്ങനെ  എളുപ്പം കിട്ടാവുന്ന ഒന്നല്ലല്ലോ...

പ്രിയയെ പരിചയപ്പെട്ടത് എങ്ങനെയെന്ന് ഓർമ്മയില്ല. സങ്കൽപ്  എന്നാൽ പ്രിയയും പ്രിയ എന്നാൽ സങ്കൽപ്പും  ആണിപ്പോൾ.  സ്ത്രീകൾക്ക് തങ്ങളുടെ കഴിവ് പ്രദർശിപ്പിക്കുന്നതിനും സ്വയം പര്യാപ്തത നേടുവാനും ഒരു താങ്ങായി സങ്കൽപ്  നില കൊള്ളുമ്പോൾ അതിന്റെ പിന്നിൽ പ്രിയയുടെ നിശ്ചയദാർഢ്യവും  പോസിറ്റിവിറ്റിയുമാണ്. വേണമെങ്കിൽ ഒരു സാധാരണക്കാരനും ഒരു വലിയ മാറ്റം കൊണ്ടുവരാനാവും എന്നതിന് പ്രിയ ഒരു വലിയ ഉദാഹരണമാണ്. 

ആരെയും കൊതിപ്പിക്കുന്ന യാത്രകളും ഫോട്ടോകളും കൊണ്ട് മോഹിപ്പിയ്ക്കുന്നതിൽ ലതേച്ചിയും ജയേച്ചിയും ഒട്ടും പിറകിലല്ല. അവരുടെ ഉത്സാഹവും കഴിവും എന്നെപ്പോലുള്ളവർക്ക് ആവേശം തന്നെയാണ്. 

ദീപ ഗോപാൽ, ഷീന ഭരതൻ, ജിജി,  അലീഷ തുടങ്ങിയവർ വരയിലൂടെയും നിറങ്ങളിലൂടെയും ആനന്ദിപ്പിക്കുമ്പോൾ രൂപ, സൂനജ, ഹർഷ, പ്രിയ, ഗിരിജേടത്തി, ജ്യോതിർമയി ഏടത്തി തുടങ്ങിയവർ വരികളിലൂടെ മോഹിപ്പിക്കുന്നു. 

ശാരി, കാർത്തിക, ജിലു, സുധർമ്മ ടീച്ചർ, ഈദ് തുടങ്ങിയവർ തങ്ങളുടെ നിലപാടുകൾ നിർഭയം പറയുമ്പോൾ അവ പറയാൻ പറ്റാത്തവർക്കു വേണ്ടി കൂടിയാണ് അവരത് പറയുന്നത് എന്ന് തോന്നും. 

ഇനിയുമുണ്ട് ഏറെ പേർ എന്റെ സൗഹൃദ വലയത്തിൽ - ചിലപ്പോൾ അനുമോദങ്ങളായും അഭിപ്രായങ്ങളായും ലൈക്കായും ചുരുക്കം ചിലപ്പോൾ എതിരഭിപ്രായമായും തങ്ങളുടെ സാമിപ്യം എന്നെ അറിയിക്കുന്നവർ. ഒരു വിധത്തിലല്ലെങ്കിൽ വേറൊരു വിധത്തിൽ എനിക്ക് ആത്മവിശ്വാസവും അറിവും പകർന്നു നൽകുന്നവർ. അവർക്കെല്ലാം സ്നേഹം. 

ഓഫ് ലൈനിൽ ഉള്ളവരെക്കുറിച്ചും ഒരു വാക്ക് പറയാതിരുന്നാൽ നീതികേടാകും. ജീവിതത്തിലെ പ്രതികൂല സാഹചര്യങ്ങളെയും ദുഃഖങ്ങളെയും അവർ തരണം ചെയ്യുന്നത് കാണുമ്പോൾ അവരേക്കാളും വലിയ ഹീറോ ഈ ലോകത്തില്ലെന്നു തോന്നും. അങ്ങനെ നോക്കിയാൽ എൻ്റെ ചുറ്റുമുള്ള ഓരോ വനിതകളും എനിക്ക് പ്രചോദനമാണ്. അതു തന്നെയാണ് ഈ വനിതാ ദിനത്തിൽ അവരോട് പറയാനുള്ളതും. നിങ്ങൾ ഓരോരുത്തരും നിങ്ങളുടെ ജീവിതത്തിലെ ഹീറോ ആണ്. അത് തിരിച്ചറിയുക. സ്വാഭിമാനത്തോടെയും ആത്മവിശ്വാസത്തോടെയും മുന്നേറുക. ജീവിതം മനോഹരമാണ്... അതിനെ സ്നേഹിക്കുക - അത് നിങ്ങളെയും തിരിച്ചു സ്നേഹിക്കും. 

എല്ലാവർക്കും വനിതാദിനാശംസകൾ! 


Comments

© Mubi said…
വനിതാരത്നങ്ങള്‍ക്ക് സ്നേഹാശംസകള്‍...
Nisha said…
താങ്ക്യു മുബി. പരാമർശിയ്ക്കാൻ വിട്ടു പോയ പലരുമുണ്ട്. മുബിയും അക്കൂട്ടത്തിൽ പെടും. മുബിയുടെ യാത്രാവിവരണങ്ങൾ വായിച്ചാൽ ഒപ്പം യാത്ര പോയ പ്രതീതിയാണ്. പലപ്പോഴും എല്ലാം വായിക്കാൻ കഴിയുന്നില്ല എന്ന സങ്കടമേയുള്ളു.

Popular posts from this blog

സൗഹൃദം

ദേഹാന്തരയാത്രകള്‍ - ഒരു ആസ്വാദനക്കുറിപ്പ്

കൊഴിയുന്ന പൂക്കള്‍....